പാലാ: രണ്ടായിരത്തി നാല്പത്തിയേഴോടെ ഇന്ത്യയെ വികസിതരാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നടപ്പാക്കുന്ന ''അമൃതകാല്‍ വിമര്‍ശ് - വികസിതഭാരതം 2047'' പദ്ധതിക്ക് പാലാ സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളജ് വേദിയായി. രാജ്യത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആതിഥ്യം വഹിക്കുന്ന പ്രസ്തുത പരിപാടിയുടെ ഭാഗമാകാന്‍ സെന്റ് ജോസഫിനു സാധിച്ചത് എടുത്തുപറയത്തക്ക നേട്ടമായി. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ സമിതിയും (എഐസിടിഇ) ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. വ്യത്യസ്ത വിഷയങ്ങളില്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്ന പ്രഭാഷണ - ചര്‍ച്ചാവേദിയാണ് ഇതിലൂടെ നടപ്പാക്കുന്നത്.
'ഭാവി സാങ്കേതികവിദ്യയ്‌ക്കൊപ്പം' എന്ന വിഷയമാണ് പാലാ സെന്റ് ജോസഫില്‍ നടന്ന പരിപാടിയില്‍ ചര്‍ച്ച ചെയ്തത്. അമേരിക്കന്‍ ടെലഫോണ്‍ & ടെലഗ്രാഫ് കമ്പനിയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനീയറായ റോബിന്‍ പണിക്കരാണ് പ്രഭാഷണവും ചര്‍ച്ചയും നടത്തിയത്. ക്ഷണിക്കപ്പെട്ട സദസ്സിനൊപ്പം രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ ഓണ്‍ലൈനില്‍ പ്രസ്തുത പ്രഭാഷണത്തിന്റെ ഭാഗമായി.
സാങ്കേതികവിദ്യ എവിടെവരെ എത്തിനില്‍ക്കുന്നുവെന്നതും അതിന്റെ വളര്‍ച്ചാഘട്ടവും പ്രഭാഷണത്തിന്റെ ഭാഗമായി. ഭാവിയില്‍ സാങ്കേതികവിദ്യ നമ്മെ എങ്ങനെയാവും സ്വാധീനിക്കുക എന്ന വിഷയം ഗഹനമായി ചര്‍ച്ച ചെയ്യപ്പെട്ടു. നിര്‍മിതബുദ്ധിയുടെ വരവോടെ മനുഷ്യരുടെ സ്വകാര്യത നഷ്ടപ്പെട്ടുവെന്ന് റോബിന്‍ പണിക്കര്‍ നിരീക്ഷിച്ചു. ശബ്ദത്തിലൂടെയും കാഴ്ചകളിലൂടെയും നല്‍കുന്ന ഡാറ്റകള്‍ സ്വീകരിച്ച് എല്ലാ മനുഷ്യരിലേക്കും അവരുടെ താത്പര്യം ക്രോഡീകരിച്ച് സ്വാധീനം ചെലുത്താന്‍ കഴിയുന്ന പരസ്യങ്ങള്‍ നല്‍കാന്‍ നിര്‍മിതബുദ്ധിക്കു സാധിക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യന്ത്രസഹായത്തോടെയുള്ള പഠനം ഭാവിയില്‍ വരുന്നത് ആളുകളുടെ ജോലിഭാരവും ജോലി ദൈര്‍ഘ്യവും കുറയ്ക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ദൂരെയുള്ള എല്ലാത്തരത്തിലുള്ള വസ്തുക്കളെയും വീട്ടുപകരണങ്ങളെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ നിയന്ത്രിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ അമേരിക്കയ്ക്കും യൂറോപ്പിനുംശേഷം ഇന്ത്യയിലും സാധാരണമാകുന്ന അവസ്ഥ ഉടന്‍ സംജാതമാകുമെന്നും റോബിന്‍ പണിക്കര്‍ പറഞ്ഞു. ഭാവിയിലെ മനുഷ്യന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന പ്രധാന ഘടകമായി സാങ്കേതികവിദ്യ മാറുമെന്ന കണ്ടെത്തലാണ് ഇതുവഴി ഉരുത്തിരിഞ്ഞത്. നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍വഴി നാം ലോകത്തിന്റെ മുമ്പില്‍ തുറന്നു കാണിക്കപ്പെടുകയാണെന്നും കേവലം ഒരു ഫോട്ടോ ലഭിച്ചാല്‍ ആരുടെയും ഡീപ് ഫേക്ക് വീഡിയോ നിര്‍മിക്കാമെന്നതും ആശങ്കയുളവാക്കൂന്നതാണെന്ന് റോബിന്‍ നിരീക്ഷിച്ചു.
പരിപാടിയില്‍ മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മധുകുമാര്‍ എസ്, മോഡറേറ്റര്‍ പ്രൊഫ. ശബരിനാഥ്, വകുപ്പു മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.