•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

രക്ഷയുടെ സദ്വാര്‍ത്ത

ഡിസംബര്‍ 10  മംഗളവാര്‍ത്തക്കാലം രണ്ടാം ഞായര്‍

ഉത്പ 3:8-24   ജറെ 33:14-26 
വെളി 5:1-5     ലൂക്കാ 1:26-38

മംഗളവാര്‍ത്തക്കാലം രണ്ടാം ഞായറാഴ്ചത്തെ വായനകളിലെ പ്രധാന പ്രമേയം രക്ഷയുടെ സന്ദേശമാണ്. ഒന്നാമത്തെ വായനയില്‍ ഹാവായോടുള്ള രക്ഷയുടെ സന്ദേശവും (ഉത്പ. 3:8-24), രണ്ടാം വായനയില്‍ ഇസ്രായേല്‍ജനത്തിനു നല്‍കുന്ന രക്ഷയുടെ വാഗ്ദാനവും (ജറെ. 33:14-26), മൂന്നാം വായനയില്‍ യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായുള്ള മിശിഹായെക്കുറിച്ചുള്ള പരാമര്‍ശവും (വെളി. 5:1-5); സുവിശേഷത്തില്‍ രക്ഷകനായ ഈശോയുടെ ജനനത്തെക്കുറിച്ചുള്ള മറിയത്തോടുള്ള മംഗളവാര്‍ത്തയുമാണ് പ്രതിപാദ്യവിഷയങ്ങള്‍.
ഉത്പ. 3:8-24 :- പ്രലോഭകന്റെ സ്വരത്തിനു ചെവികൊടുത്തപ്പോള്‍ ദൈവസ്വരത്തെ തിരസ്‌കരിച്ച ആദിമാതാപിതാക്കന്മാര്‍ക്കു ദൈവം ശിക്ഷ നല്‍കുകയും പിന്നീട് രക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവസ്വരത്തെ, ദൈവകല്പനയെ ലംഘിച്ചവര്‍ അവിടുത്തെ സാന്നിധ്യം അടുത്തുവന്നപ്പോള്‍ ഏറെ അകലേക്കു നീങ്ങാന്‍ പരിശ്രമിച്ചു. ദൈവത്തിന്റെ വാക്കുകള്‍ക്കു വില കല്പിക്കാതെ തന്നിഷ്ടം ചെയ്യുന്നവര്‍ക്കുണ്ടാകുന്ന പരിണതഫലങ്ങള്‍ ഇവിടെ വിവരിക്കുന്നുണ്ട്: ലജ്ജ തോന്നുക, ഭയം ഉണ്ടാകുക, ദൈവത്തില്‍നിന്ന് അകന്നുപോകുക (3:10), പഴിചാരുക/കുറ്റപ്പെടുത്തുക സ്വയം ന്യായീകരണം നടത്തുക (3:12-13). പാപത്തിന്റെ തിക്തഫലങ്ങളാണിവ.
ദൈവകല്പനകളെ ലംഘിക്കുന്നവര്‍ സ്വയം ശിക്ഷ ചോദിച്ചുവാങ്ങുകയാണ് (3:14-18). സര്‍പ്പം സാത്താന്റെ പ്രതീകമാണ്. സര്‍പ്പത്തിന് അഞ്ചു ശിക്ഷകളാണു വിധിച്ചിരിക്കുന്നത്: ശപിക്കപ്പെട്ടതാണ്, മണ്ണില്‍ ഇഴഞ്ഞുനടക്കും, പൊടി തിന്നും, മനുഷ്യകുലവുമായി ശത്രുതയുണ്ടാകും, തല തകര്‍ക്കപ്പെടും. 
സ്ത്രീക്കുള്ള ശിക്ഷകള്‍ മൂന്നാണ്: ഗര്‍ഭാരിഷ്ടതകള്‍ വര്‍ദ്ധിക്കും, പ്രസവവേദനയുണ്ടാകും, പുരുഷന്‍ അവളെ ഭരിക്കും. സഹനങ്ങള്‍ സ്ത്രീക്ക് കൂടപ്പിറപ്പാകുമെന്നാണു സൂചന. 
പുരുഷനുള്ള ശിക്ഷകള്‍ പലവിധമാണ്: മണ്ണ് ശപിക്കപ്പെട്ടതാകും, കഠിനാധ്വാനം ചെയ്യേണ്ടിവരും, പൊടിയിലേക്കു മടങ്ങും, അനുദിനജീവിതത്തില്‍ മനുഷ്യനു സര്‍പ്പത്തോടുള്ള  ശത്രുതയുടെയും സ്ത്രീയുടെ പ്രസവസംബന്ധമായ വേദനകളുടെയും മനുഷ്യമരണത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തില്‍ വിശുദ്ധ ഗ്രന്ഥകാരന്റെ ദൈവശാസ്ത്രപരമായ വ്യാഖ്യാനമാണ് ഈ വായനകളില്‍ നിഴലിക്കുന്നത്. ദൈവവാക്കു ലംഘിക്കുന്നവര്‍ക്കു ശിക്ഷ ലഭിക്കുമെന്നു തീര്‍ച്ച. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല തകര്‍ക്കുമെന്ന ദൈവത്തിന്റെ വാക്കുകള്‍ ഹവ്വായ്ക്ക് ആശ്വാസകരമാണ്. രക്ഷാകരചരിത്രത്തില്‍ അനാവരണം ചെയ്യപ്പെടാന്‍പോകുന്ന രക്ഷയുടെ വാഗ്ദാനമാണ് ഈ വാക്യത്തില്‍ (3:16) അടങ്ങിയിരിക്കുന്നത്. സര്‍പ്പത്തിന്റെ തല തകര്‍ക്കുന്നവന്‍ മിശിഹായാണ്.
ജറെ. 33:14-26:- തെറ്റുചെയ്ത് ദൈവത്തില്‍നിന്ന് അകന്നുപോയ ജനത്തോടു കരുണ കാണിക്കുന്നവനാണു ദൈവം. നല്‍കപ്പെട്ട രക്ഷ അവര്‍ കൈതട്ടിക്കളഞ്ഞിട്ടും അവരെ രക്ഷിക്കാന്‍ വീണ്ടുംവരുന്ന ദൈവം കാരുണ്യത്തിന്റെ പ്രതീകമാണ്. ദാവീദിന്റെ ഭവനത്തില്‍നിന്ന് നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും എന്ന ദൈവവചനം രക്ഷകനായി മിശിഹായെ അവിടുന്നു നല്‍കുമെന്ന സൂചനയാണ്. മിശിഹാ നീതിയും ന്യായവും നടത്തുന്നവനാണ്. മിശിഹായിലൂടെയാണ് എല്ലാവര്‍ക്കും രക്ഷ ലഭിക്കുന്നത്.
വെളി. 5:1-5:- സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തിന്റെ വലതുകരത്തിലിരിക്കുന്ന ഒരു ചുരുളും അതിനെക്കുറിച്ചുള്ള വിവരണങ്ങളുമാണ് ഈ വചനഭാഗത്തുള്ളത്. ഈ ചുരുള്‍ മുദ്ര വച്ചിരിക്കുന്നത്  ഏഴു മുദ്രകള്‍കൊണ്ടാണ്. പൂര്‍ണതയുടെ സംഖ്യയായ ഏഴിന്റെ ഉപയോഗം ഇവിടെ സൂചിപ്പിക്കുന്നത് ചുരുളിനുള്ളിലെ ഉള്ളടക്കം അതിശ്രേഷ്ഠവും പരമരഹസ്യവുമാണെന്നാണ്. ഈ ഏഴു മുദ്രകള്‍വച്ച് മുദ്രിതമായിരിക്കുന്ന ചുരുളു  തുറന്ന് അതിലെ ഉള്ളടക്കം വായിക്കാനും നടപ്പാക്കാനും അതിശ്രേഷ്ഠനായ ഒരാള്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ. തിന്മയെ പൂര്‍ണമായി ഉന്മൂലനം ചെയ്തുകൊണ്ട് രക്ഷാകര്‍മം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിയെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഈ ദൗത്യം നിര്‍വഹിക്കാന്‍ സ്വര്‍ഗത്തിലോ ഭൂമിയിലോ ഉള്ള ഒരു മാലാഖയ്ക്കും മനുഷ്യനും സാധ്യമല്ലതാനും. ഈ സാഹചര്യത്തില്‍ ദൈവദൂതന്‍ ചുരുള്‍ നിവര്‍ത്താനും അതിലെ സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിവുള്ള സര്‍വശക്തനായ മിശിഹായെ അവതരിപ്പിക്കുകയാണ്. യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരും ആയിട്ടാണ് മിശിഹായെ  ഇവിടെ അവതരിപ്പിക്കുന്നത്.
ഇന്നത്തെ സുവിശേഷത്തിന്റെ (ലൂക്കാ 1:26-38) പ്രധാന പ്രമേയം ദൈവപുത്രനായ ഈശോയുടെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള  ഗബ്രിയേല്‍മാലാഖയുടെ അറിയിപ്പും അതിനോടുള്ള പരിശുദ്ധമറിയത്തിന്റെ പ്രത്യുത്തരവുമാണ്. മാനുഷികകാഴ്ചപ്പാടില്‍ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ ദൈവത്തിനു സാധ്യമാണെന്നും ആത്മാവിന്റെ നിറവ് ഒരു വ്യക്തിയെ ദൈവപുത്രനാക്കി മാറ്റുന്നുവെന്നുമുള്ള ചിന്തകള്‍ ഇന്നത്തെ സുവിശേഷഭാഗം പങ്കുവയ്ക്കുന്നുണ്ട്.
ആദ്യത്തെ രണ്ടു വാക്യങ്ങളിലൂടെ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളെ സുവിശേഷകന്‍ അവതരിപ്പിക്കുകയാണ്. (മ) മറിയത്തിന് ഒരു പുത്രന്‍ ജനിക്കുമെന്നുള്ള അറിയിപ്പു നല്‍കുന്ന ഗബ്രിയേല്‍ ദൈവദൂതന്‍, (b) അറിയിപ്പു സ്വീകരിക്കുന്ന മറിയം. 'ദൈവമാണ് എന്റെ ശക്തി' എന്നര്‍ഥമുള്ള പേരോടുകൂടിയ ഗബ്രിയേല്‍ദൈവദൂതന്‍ മറിയത്തിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്ന മാലാഖയാണ്. ഗബ്രിയേല്‍മാലാഖ  ദൈവത്താല്‍ അയയ്ക്കപ്പെട്ടതാണ്. ഗ്രീക്കുഭാഷയിലെ apo tou Theou ((അപ്പോ തു തെയോ) എന്ന പ്രയോഗം ഗബ്രിയേല്‍മാലാഖയുടെ വരവിന്റെ ഉറവിടം സൂചിപ്പിക്കുന്നു: ദൈവത്തില്‍നിന്ന്. തുടര്‍ന്നുള്ള എല്ലാ സംഭവങ്ങളും ദൈവികമാണെന്നും ദൈവപ്രേരിതമാണെന്നുമുള്ളതാണ് സൂചന. 
രണ്ടാമത്തെ കഥാപാത്രം മറിയമാണ്. ലൂക്കാ സുവിശേഷകന്‍ മറിയത്തെ വിശേഷിപ്പിക്കുന്നത് ''കന്യക'' എന്നാണ്. 'കന്യക', 'കളങ്കമില്ലാത്തവള്‍', 'പതിവ്രത' തുടങ്ങിയ അര്‍ഥങ്ങളുള്ള ഗ്രീക്കുഭാഷയിലെ parthenos (പാര്‍ത്തെനോസ്) എന്ന പദമാണ് മറിയത്തെ വിളിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. മറിയത്തിന്റെ ശ്രേഷ്ഠതയെ കുറിക്കുന്നതാണ് ഈ പദം. ഈ സുവിശേഷഭാഗത്തിലെ പ്രധാന കഥാപാത്രമല്ലെങ്കിലും 'യഹോവ കൂട്ടിച്ചേര്‍ക്കട്ടെ' എന്നര്‍ഥമുള്ള പേരോടുകൂടിയ, മറിയവുമായി വിവാഹനിശ്ചയം ചെയ്തിരിക്കുന്ന, 'ജോസഫ്' എന്ന വ്യക്തിയെയും പരാമര്‍ശിക്കുന്നുണ്ട്.
ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി! കര്‍ത്താവു നിന്നോടുകൂടെ! (1:28). ദൈവത്താല്‍ അയയ്ക്കപ്പെട്ട മാലാഖയുടെ അഭിവാദനം ദൈവികമാണ്. രണ്ട് അഭിവാദനങ്ങളാണ് മാലാഖാ നല്‍കുന്നത്. ഇവ മറിയത്തിന്റെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. മറിയം ദൈവത്തിന്റെ കൃപ സമൃദ്ധമായി നിറഞ്ഞവളാണ്.  കൃപ ചൊരിയുക, ധാരാളമായി അനുഗ്രഹിക്കുക തുടങ്ങിയ അര്‍ഥങ്ങള്‍ വരുന്ന kecharitomene ( (കെക്കരിതോമെനെ)-þbestow favour upon, favour highly, bless -  എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ദൈവകൃപ ധാരാളമായി  നല്‍കപ്പെട്ടവളാണ് പരിശുദ്ധ മറിയം. അക്കാരണത്താലാണ്  മറിയത്തോട് ആനന്ദിക്കാന്‍ ദൈവദൂതന്‍ പറയുന്നത്. 'സ്വസ്തി' എന്നു മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളchairo (കൈറോ)  rejoice, be glad, hailþ എന്ന പദത്തിന്റെ അക്ഷരാര്‍ഥത്തിലുള്ള ധ്വനി 'സന്തോഷിക്കുക' എന്നാണ്.  ദൈവകൃപയുടെ നിറവാണ് ഒരു വ്യക്തിയെ സന്തോഷവാനാക്കുന്നത്.
രണ്ടാമത്തെ അഭിവാദനം 'കര്‍ത്താവു നിന്നോടുകൂടെ'  (The Lord is with you)  എന്നതാണ്. പഴയനിയമത്തിലെ  ഒരു അഭിവാദനശൈലിയാണിത് (റൂത്ത് 2:4; ജോഷ്വ 1:9). രക്ഷാകരചരിത്രത്തില്‍ പ്രത്യേകമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ വിളിക്കപ്പെടുന്നവര്‍ക്കുള്ള കര്‍ത്താവിന്റെ വാഗ്ദാനമാണിത്. കര്‍ത്തൃശുശ്രൂഷകരുടെ സവിശേഷത ദൈവം അവരുടെ പ്രവര്‍ത്തനങ്ങളില്‍ ശക്തിയും തുണയുമായി  കൂടെയുണ്ടെന്നുള്ളതാണ്. കര്‍ത്താവ് മറിയത്തിന്റെ കൂടെയുണ്ടെന്നുള്ള മാലാഖയുടെ അഭിവാദനം മറിയത്തിന്റെ ഭാവി ശുശ്രൂഷകളെയും അവളുടെ ശ്രേഷ്ഠതയെയും ധ്വനിപ്പിക്കുന്നു. കൂടാതെ, കര്‍ത്താവു മറിയത്തോടു കൂടെയുള്ളതുകൊണ്ടാണ് അവള്‍ കൃപ നിറഞ്ഞവളായി വിളിക്കപ്പെടുന്നത്.
ഈ വചനംകേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥമെന്ന് അവള്‍ ചിന്തിച്ചു (1:29). ദൈവദൂതന്റെ അഭിവാദനം മറിയത്തില്‍ ഉളവാക്കുന്ന പ്രതികരണമാണ് 29-ാം വാക്യത്തില്‍ പ്രതിപാദിക്കുന്നത്: (മ) മറിയം അസ്വസ്ഥയായി, (യ) അവള്‍ ചിന്തിച്ചു. 'സംഭ്രമിപ്പിക്കുക','ചിന്താക്കുഴപ്പം സൃഷ്ടിക്കുക' , 'അമ്പരപ്പിക്കുക' തുടങ്ങിയ അര്‍ഥങ്ങളുള്ള diatarasso (ഡിയാതറാസ്സോ) എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ദൈവദൂതന്റെ ദര്‍ശനത്തെക്കാളുപരി ദൂതന്‍ പറഞ്ഞ വാക്കുകളുടെ ഉള്ളടക്കമാണ് മറിയത്തെ അമ്പരപ്പിക്കുന്നത്. ദൈവദൂതന്റെ വാക്കുകളുടെ തീവ്രതയാണ് മറിയത്തിന്റെ ഉള്ളിലെ ചിന്തകളെ ഉണര്‍ത്തിയത്. 'ധ്യാനിക്കുക', 'യുക്തിവിചാരം നടത്തുക', ചര്‍ച്ച ചെയ്യുക തുടങ്ങിയ അര്‍ഥങ്ങളുള്ള dialogizomai (ദിയലോഗീസോമായി) എന്ന പദം മറിയത്തിന്റെ ഉള്ളിലെ ശക്തമായ ചിന്തകളെ സൂചിപ്പിക്കുന്നു.
ദൂതന്‍ അവളോടു പറഞ്ഞു: ''മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു...'' (1:30-33). ചിന്താനിമഗ്‌നയായ മറിയത്തോട് ദൈവദൂതന്റെ മറുപടിയാണിത്. ദൈവത്തിന്റെ പക്കല്‍ കൃപ (charis - ഖാരിസ് = grace)  കണ്ടെത്തിയിരിക്കുന്നതിനാല്‍, ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതിനാല്‍ മറിയത്തിനു തെല്ലും അസ്വസ്ഥത വേണ്ടായെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍ ഓര്‍മിപ്പിക്കുകയാണ്. തുടര്‍ന്നുള്ള വചനത്തില്‍ മറിയം എപ്രകാരം ദൈവസന്നിധിയില്‍ 'കൃപ' കണ്ടെത്തിയെന്നു സുവിശേഷകന്‍ വ്യക്തമാക്കുന്നു. 'രക്ഷകന്‍' (saviour)  'കര്‍ത്താവു രക്ഷിക്കുന്നു' എന്നര്‍ഥമുള്ള ഈശോ എന്നു പേരുള്ള ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിലൂടെയും അവനു ജന്മം നല്‍കുന്നതിലൂടെയും അവനു ദൈവം നല്‍കിയിരിക്കുന്ന പേരു നല്‍കുന്നതിലൂടെയും മറിയം ദൈവസന്നിധിയില്‍ കൃപ കണ്ടെത്തുന്നു.
മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ (1:34). മറിയത്തിന്റെ യുക്തിസഹമായ ഒരു സംശയമാണിവിടെ അവതരിപ്പിച്ചിരിക്കുന്നത്. ചിന്താകുലയായ മറിയത്തിന്റെ (1:29) മാനുഷികതലത്തിലുള്ള പുനര്‍ചിന്തയാണിത്. 'അറിയുന്നില്ലല്ലോ' എന്ന പ്രസ്താവന പുരുഷനുമായുള്ള സംസര്‍ഗത്തെയാണു സൂചിപ്പിക്കുന്നത്. 
ദൂതന്‍ മറുപടി പറഞ്ഞു: ''പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും (1:35). മാനുഷികമായി ചിന്തിക്കുന്ന മറിയത്തിനുള്ള ദൈവദൂതന്റെ മറുപടിയാണിത്. പരിശുദ്ധാത്മാവിന്റെ ആഗമനത്താലാണ്, അത്യുന്നതന്റെ ശക്തിയാലാണ്  മറിയം ഈശോയെ ഗര്‍ഭം ധരിക്കുന്നത്. പരിശുദ്ധാത്മാവ്, അത്യുന്നതന്റെ ശക്തി എന്നീ പ്രയോഗങ്ങള്‍ 'അമാനുഷിക ഇടപെടലി'നെയാണു സൂചിപ്പിക്കുന്നത്. ഈശോയുടെ ജനനം ദൈവികമാണ് എന്നതാണ് ഇതിന്റെ ധ്വനി.
മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! (1:38). ദൈവദൂതന്റെ മംഗളവാര്‍ത്തയ്ക്കുള്ള മറിയത്തിന്റെ ഹൃദ്യമായ മറുപടിയാണിത്. മറിയത്തിന്റെ സ്വയം സമര്‍പ്പണമാണ് ഈ വാക്കുകളില്‍ നിഴലിക്കുന്നത്.

Login log record inserted successfully!