കൊച്ചി: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും സര്‍ക്കാരും സമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെ ആദരിക്കുക, സംരക്ഷിക്കുക, ശക്തീകരിക്കുക എന്നീ നിലപാടുകള്‍ ഉണ്ടായിരുന്ന സ്ത്രീപക്ഷ പ്രാധാന്യമുള്ള ഒരു സംസ്‌കാരമാണ് കഴിഞ്ഞ നാളുകളില്‍ നമുക്കുണ്ടായിരുന്നത്. എന്നാല്‍, ഇന്ന് സ്ത്രീകള്‍ക്കെതിരായി സംഘടിതവും ലജ്ജാകരവുമായ അതിക്രമങ്ങള്‍ പതിവു കാഴ്ചകളായി മാറുന്നു.
കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ വച്ച് ഡ്രൈവറിന്റെ പീഡനത്തിനിരയായതും, രോഗവിമുക്ത സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യവകുപ്പു ദ്യോഗസ്ഥന്‍ തടവില്‍വച്ച് നിഷ്ഠുരമായി പീഡിപ്പിച്ചതും സാക്ഷരകേരളത്തിന് നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്ന കുറ്റകൃത്യങ്ങളല്ല. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് കാസര്‍ഗോഡ് ജില്ലയില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവവും കൊല്ലത്ത് ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പുകടിയേല്പിച്ച് കൊലപ്പെടുത്തിയ സംഭവവും പത്തനംതിട്ടയില്‍ ഫോറസ്റ്റ് അധികൃതരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട മത്തായിയുടെ ഭാര്യയ്ക്കു നീതി ലഭിക്കാന്‍ ഏകദേശം നാല്പത് ദിവസങ്ങള്‍ സമരം ചെയ്യേണ്ടിവന്നതും സമൂഹമനഃസാക്ഷിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്.
ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാമാന്യജനതയ്ക്കുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് ഓണദിനസന്ദേശം നല്‍കിയ കത്തോലിക്കാ സന്ന്യാസിനികൂടിയായ പ്രധാനാധ്യാപികയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ചതും, ആ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും, അവര്‍ ക്രൂരമായ അവഹേളനങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നതും കേരളചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. പല വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും സംഘടിതമായ ആക്രമണങ്ങളും അവഹേളനങ്ങളും നേരിടുന്ന കേരളത്തിലെ സന്ന്യാസിനിമാര്‍ക്കുവേണ്ടി സമൂഹമനഃസാക്ഷി ഉണരേണ്ടതുണ്ട്. ഇതുപോലുള്ള അതിക്രമങ്ങള്‍ക്കെതിരേ ശരിയായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ സൗകര്യപൂര്‍വ്വം നിശ്ശബ്ദത പുലര്‍ത്തുന്ന സാംസ്‌കാരികനായകരും, മനുഷ്യാവകാശ - വനിതാകമ്മീഷനുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ കേരള കത്തോലിക്കാസഭയുടെ ആശങ്ക അറിയിക്കുന്നതോടൊപ്പം, പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും കെസിബിസി ഐക്യജാഗ്രതാകമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു.