അപ്പന്‍, അമ്മ, രണ്ടു മക്കള്‍.
സന്തുഷ്ടകുടുംബം.
മക്കളില്‍ മൂത്തവന്‍ കിരണ്‍. പതിന്നാലു വയസ്സ്. ഒമ്പതില്‍ പഠിക്കുന്നു. രണ്ടാമത്തേത് ഹണി. വയസ് പന്ത്രണ്ട്. ഏഴാം ക്ലാസ്സില്‍.
അധ്യാപകന്‍ മൂത്തവനിട്ടിരിക്കുന്ന നിലവാരം 'തീരെ മോശം' എന്നാണ്. നാട്ടുകാര്‍ അവനെ മന്ദബുദ്ധി എന്നേ വിളിക്കൂ. ക്ലാസില്‍ മാത്രമല്ല, നാട്ടിലും വീട്ടിലും ഒരു ഉറക്കംതൂങ്ങിയാണവന്‍. അല്പമെങ്കിലും ഭേദമെന്നു പറയാന്‍ രണ്ടു കാര്യങ്ങളേ ഉള്ളൂ. പുറത്തു കൂട്ടുകൂടി കളിച്ചു നടക്കാനും വീട്ടില്‍ ഭക്തകാര്യങ്ങളില്‍ ശ്രദ്ധിക്കാനും. പ്രാര്‍ത്ഥനയിലും തപ്പിത്തടഞ്ഞാണെങ്കിലും ബൈബിള്‍ വായിക്കാനും താത്പര്യം കാണിക്കുന്നതുകൊണ്ട് ഒരിക്കല്‍ വികാരിയച്ചന്‍ വിളിച്ചുനിര്‍ത്തി കുറെ ഉപദേശിച്ചു. ക്രിസ്തുനാഥന്റെ ഒരടിയോളം ഉയരമുള്ള ഒരു പ്രതിമ അവനു കൊടുക്കുകയും ചെയ്തു. ആ പ്രതിമ സ്വന്തം മുറിയിലെ ടീപ്പോയിന്മേല്‍ അലങ്കരിച്ചു പ്രതിഷ്ഠിക്കാനും കിരണ്‍ മറന്നില്ല.
ഹണി നേരത്തേ എഴുന്നേറ്റു പഠിക്കാനിരിക്കും. കിരണാകട്ടെ എട്ടുമണിക്കേ ഉറക്കമുണരൂ. അതും അമ്മ നാലു തവണ വന്നു ബഹളംവച്ചു വിളിച്ചുകഴിയുമ്പോള്‍.
''നീ പെങ്ങളെ കണ്ടു പഠിക്കെടാ മരത്തലയാ... അങ്ങേ വീട്ടിലെ മനൂനെ നോക്ക്... അവരെക്കാളൊക്കെ മൂത്തവനല്ലേ നീയ്... എന്നിട്ടെന്താ നീ മാത്രം ഇങ്ങനെയൊരു പൊട്ടനായിപ്പോയത്...? കാശിനു കൊള്ളാത്ത പടുമൊള...!!''
അമ്മയുടെ ശകാരം അങ്ങനെ നീണ്ടുപോകും. പിന്നെ അപ്പന്റെ വക.
''പിള്ളേരാണെങ്കില്‍ പറഞ്ഞാലനുസരിക്കണം. അല്ലെങ്കില്‍ സ്വയം തോന്നണം. ഈ നാണംകെട്ടവന് ഇതു രണ്ടുമില്ല. ഭൂമിക്കു ഭാരമായിട്ട് എന്തിനിങ്ങനെ നടക്കുന്നോ... മരമാക്കാന്‍...!!''
''നീ എന്തിനാടാ മന്ദബുദ്ധീ... ഇതൊക്കെ കേട്ടോണ്ട് ജീവിക്കുന്നെ...? നിന്നെക്കാളൊക്കെ മിടുക്കരായ എത്രയോ പേരാ ആത്മഹത്യ ചെയ്യുന്നെ?''
ആ ചോദ്യം നാട്ടുകാരുടെ വക. ജീവിതത്തെ വെറുക്കാന്‍ ഇതില്‍പരം എന്തു പ്രേരണയാണ് ആ കൗമാരചിന്തകളിലേക്ക് എറിഞ്ഞിട്ടുകൊടുക്കാന്‍ ലോകത്തിനുള്ളത്...?
കിരണ്‍ ആരോടും ഒന്നിനും മറുപടി പറയാറില്ല. മനസ്സിനെ കുത്തിക്കീറുന്ന പരിഹാസങ്ങള്‍ക്കൊടുവിലും അവന്‍ വേദന കടിച്ചൊതുക്കി കഴിയുന്നു. ഹണിക്കു മാത്രം ഏട്ടനോടു സഹതാപമാണ്.
''ഏട്ടാ, കുറെക്കൂടി ഉഷാറായിക്കൂടേ ഏട്ടന്...?'' ഇടയ്‌ക്കൊക്കെ അവള്‍ അവനോടു ചോദിക്കാറുമുണ്ട്. ദയനീയമായ ഒരു നോട്ടം മാത്രമാണ് മറുപടി.
''ഞാനിങ്ങനെ ഒരു മണ്ടൂസായിപ്പോയത് എന്റെ കുറ്റമാണോ ഹണീ... എന്നെ ഓര്‍ത്ത് നീ വെഷമിക്കരുത്... പഠിച്ചു മിടുക്കിയാകുമ്പോള്‍ ഈ ഏട്ടനെ മറക്കാതിരുന്നാല്‍ മതി'' എന്നൊക്കെ അര്‍ത്ഥം വരുന്ന നോട്ടം. എന്നാലും അവനു കുഞ്ഞുപെങ്ങളോടു പരിഭവമില്ല. പരാതിയില്ല. കാരണം, അവന്‍ അവളെ അത്രയേറെ ഇഷ്ടപ്പെടുന്നു.
അങ്ങനെയിരിക്കെയാണ് ജീവിതത്തിന്റെ സമസ്തമേഖലകളെയും ഒന്നൊന്നായി അടച്ചുപൂട്ടിക്കൊണ്ട് മഹാമാരി നാടാകെ പടര്‍ന്നത്. വിദ്യാലയങ്ങള്‍ തുറക്കായതോടെ കുഞ്ഞുമക്കള്‍ വീട്ടകങ്ങളില്‍ ബന്ധനസ്ഥരായി. ആളൊഴിഞ്ഞ ക്ലാസ്സുമുറികളും ആരവമില്ലാത്ത കളിക്കളങ്ങളും വിരഹദുഃഖത്തിന്റെ വേദനയില്‍ ലോകചരിത്രത്തിന്റെ ഭാഗമായി. കുരുന്നുമുഖങ്ങളില്‍ പ്രകടമായിരുന്ന പ്രസരിപ്പും പ്രസന്നതയും എവിടെയോ പോയിമറഞ്ഞു. പകരം വീട്ടിലെ മുറികളില്‍ ചടഞ്ഞുകൂടുന്ന മുരടിപ്പും ബോറടിയും. അതിനിടയില്‍ ഓണ്‍ലൈനില്‍ പഠനം. ഇവയെപ്പറ്റിയൊക്കെ ചിന്തിക്കാന്‍പോലും കിരണിന് ആകുമായിരുന്നില്ല. അവന്‍ പഠനത്തെ വെറുത്തു. ഓണ്‍ലൈനില്‍ ഹണി സഹായത്തിനു വന്നെങ്കിലും അവന്‍ കൂട്ടാക്കിയില്ല. മക്കളുടെ ഉന്നമനം ലാക്കാക്കി അന്യായമായ വില കൊടുത്ത് ടെലിവിഷനും മൊബൈല്‍ ഫോണുമൊക്കെ വാങ്ങിക്കൊടുത്ത അപ്പനമ്മമാരുണേ്ടാ സഹിക്കുന്നു? അമ്മയുടെ ആക്രോശം:
''പോയിരുന്നു പഠിക്കെടാ...!''
''എനിക്കറിയില്ലമ്മേ...!''
''ആഹാ..! പിന്നെ ഈ കാശെല്ലാം മൊടക്കിച്ചതെന്തിനാ..? അപ്പനിങ്ങുവരട്ടെ...! കടിഞ്ഞൂപ്പൊട്ടന്റെ തലയ്ക്കിട്ട് ഇന്നു രണെ്ടണ്ണം തരീക്കുന്നൊണ്ട്...!''
അതു കേട്ടതേ കിരണ്‍ ചങ്കുപൊട്ടി കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിട്ടു.
അമ്മയുടെ ഉള്ളില്‍ ഒരു മിന്നല്‍പ്പിണര്‍...!
ഒരമ്മ പഠിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ തൂങ്ങിമരിച്ച മകനെപ്പറ്റി കേട്ടിട്ടുണ്ട്. കിരണ്‍ വല്ല കടുംകയ്യും കാണിച്ചാലോ...! ദൈവമേ...!!
''എടാ മോനേ... അമ്മ വെറുതേ പറഞ്ഞതാ...! എന്റെ മോന്‍ കതകുതൊറക്ക്..!''
ഓടിയെത്തിയ ഹണിയും പരിഭ്രാന്തിയോടെ വിളിച്ചുകരഞ്ഞു:
''ഏട്ടാ... ഈ കതകൊന്നു തൊറക്കേട്ടാ...! ഏട്ടാ...''
കിരണ്‍ വാതില്‍ തുറന്നില്ല. ബഹളംകേട്ട് കയറിവന്ന അപ്പനും വേവലാതിയായി. പിന്നീട് ഒന്നും നോക്കിയില്ല.
ഒറ്റച്ചവിട്ട്..!!
വാതില്‍ തുറന്നു. അപ്പോള്‍ കണ്ട കാഴ്ച.
നിലത്തു ചമ്രം പടിഞ്ഞിരിക്കുന്ന കിരണ്‍ ടീപ്പോയിലിരിക്കുന്ന ക്രിസ്തുനാഥന്റെ പ്രതിമയില്‍ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചുകരയുന്നു. അമ്മയ്ക്കു സഹിച്ചില്ല. ഓടിച്ചെന്നു മകനെ കോരിയെടുത്തുകൊണ്ടു പറഞ്ഞു:
''അമ്മയോടു ക്ഷമിക്കു മോനേ...!!''