കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനുമായി സര്‍ക്കാര്‍ നിര്‍ദേശിച്ച ജെ. ബി. കോശി കമ്മീഷന്‍ വിശദമായ പഠനറിപ്പോര്‍ട്ട് 2023 മേയ് 17 ന് സര്‍ക്കാരിനു സമര്‍പ്പിച്ചു. കേരളത്തിലെ ലക്ഷക്കണക്കിനു ക്രൈസ്തവര്‍ ഏറെ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്റെ ശിപാര്‍ശകള്‍ അഞ്ചു മാസമായിട്ടും സര്‍ക്കാരിന്റെ പെട്ടിയില്‍ പൂട്ടിവച്ചിരിക്കുന്നതല്ലാതെ വെളിച്ചം കാണാത്തതില്‍ ദുരൂഹതയുണ്ട്.
മതന്യൂനപക്ഷങ്ങള്‍ ആരൊക്കെ?
സ്വാതന്ത്ര്യം പ്രാപിച്ച് 45 വര്‍ഷത്തിനുശേഷം 1992 ലാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഏതെന്നു പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളെ മതന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ചു. പിന്നീട് ജൈനരും ഇക്കൂടെ വന്നു. ഇങ്ങനെ ആറ് ന്യൂനപക്ഷമതവിഭാഗങ്ങളാണ് ഔദ്യോഗികമായി ഇന്ത്യയിലിന്നു നിലവിലുള്ളത്. തുടര്‍ന്നിങ്ങോട്ട് ന്യൂനപക്ഷക്ഷേമവകുപ്പുകള്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുകള്‍ എന്നിവ നിലവില്‍വന്നു. 2005 ല്‍ ന്യൂനപക്ഷക്ഷേമത്തിനായി പ്രധാനമന്ത്രിയുടെ 15 ഇന പദ്ധതികള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്കും വിധവകള്‍ക്കും യുവാക്കള്‍ക്കുംമാത്രമല്ല, മതന്യൂനപക്ഷവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കെല്ലാമായി കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. സംസ്ഥാനങ്ങളിലാകട്ടെ, ന്യൂനപക്ഷക്ഷേമവകുപ്പും മന്ത്രിമാരും ന്യൂനപക്ഷകമ്മീഷനും വന്നു.
സച്ചാര്‍ പഠനറിപ്പോര്‍ട്ട്
ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചു. സച്ചാര്‍ കമ്മിറ്റി ഇന്ത്യയിലെ ബീഹാര്‍, ബംഗാള്‍, മധ്യപ്രദേശ്, യു.പി., ഗുജറാത്ത് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ പഠനം നടത്തി. 2006 നവംബറില്‍ കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ടും ക്ഷേമപദ്ധതി നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. തുടര്‍ന്ന്, പ്രധാനമന്ത്രിയുടെ 15 ഇന ന്യൂനപക്ഷക്ഷേമപദ്ധതികളില്‍ ഈ റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങളുംകൂടി ഇടംനേടുകയും ചെയ്തു. 6 മതന്യൂനപക്ഷവിഭാഗങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പഠനം നടത്തിയത് മുസ്ലീം മതവിഭാഗത്തിന്റെ കാര്യത്തില്‍മാത്രമാണെങ്കിലും സര്‍ക്കാര്‍ ഖജനാവില്‍ പണം ചെലവിടുന്നത് ഒരു മതവിഭാഗത്തിനുമാത്രമാകുന്നത് ഭരണഘടനാലംഘനമാണ്. വാസ്തവത്തില്‍ ഇതിനെ വെള്ളപൂശാനാണ് എല്ലാ മതന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമായുള്ള പ്രധാനമന്ത്രിയുടെ 15 ഇന ക്ഷേമപദ്ധതികളില്‍ത്തന്നെ സച്ചാര്‍ നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ചത്. പക്ഷേ, പിന്നീട് സംഭവിച്ചതെന്ത്? ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ഒന്നടങ്കം ഒരു മതവിഭാഗത്തിന്റെ കുത്തകയായി മാറിയെന്നുമാത്രമല്ല, ന്യൂനപക്ഷമെന്നാല്‍ 6 ന്യൂനപക്ഷവിഭാഗങ്ങളില്‍ ഭൂരിപക്ഷം മാത്രമായി അട്ടിമറിക്കപ്പെട്ടു.
കേരളത്തിന്റെ ന്യൂനപക്ഷപ്രേമം
കേന്ദ്രസര്‍ക്കാരിന്റെ മതന്യൂനപക്ഷക്ഷേമപദ്ധതികള്‍ കേരളത്തിലെ എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കുമായി എങ്ങനെ നടപ്പിലാക്കാമെന്നല്ല, മുസ്ലീംമതവിഭാഗത്തിനായുള്ള സച്ചാര്‍ പഠനറിപ്പോര്‍ട്ട് എങ്ങനെ നടപ്പിലാക്കാമെന്നാണ് വി. എസ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഇടതുപക്ഷസര്‍ക്കാര്‍ 2008 ല്‍ എടുത്ത തീരുമാനം. സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ഇടതുപക്ഷ അനുകൂലികളായ മുസ്ലീം സമുദായനേതാക്കളെ
ക്കൂടി ഉള്‍പ്പെടുത്തി പാലൊളി കമ്മിറ്റിയും രൂപീകരിച്ചു. ഇവിടെ പലരും തിരിച്ചറിയാത്ത ചില യാഥാര്‍ഥ്യങ്ങളുണ്ടണ്ട്. 1. സച്ചാര്‍ കമ്മിറ്റി പഠനം നടത്തിയത് ബംഗാള്‍, ബീഹാര്‍ ഉള്‍പ്പെടെയുള്ള മുസ്ലീം സമൂഹം ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന പിന്നാക്കാവസ്ഥയുള്ള സംസ്ഥാനങ്ങളിലാണ്. 2. സച്ചാര്‍ കേരളത്തില്‍ പഠനം നടത്തിയിട്ടില്ലെന്നുമാത്രമല്ല, മതസംവരണത്തിലൂടെ കേരളത്തിലെ മൂസ്ലീം സമൂഹം വളര്‍ച്ച നേടിയിരിക്കുന്നതും പിന്നാക്കാവസ്ഥ അതിജീവിച്ചിരിക്കുന്നതിന്റെ സൂചനകളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 3. ഇനി ഒരു മതവിഭാഗത്തിനുവേണ്ടിയുള്ള ശിപാര്‍ശകളാണെങ്കിലത് ആറു മതവിഭാഗങ്ങളുള്ള ന്യൂനപക്ഷങ്ങളുടെയെല്ലാം ലേബലില്‍ ഒരു കൂട്ടര്‍മാത്രമായി സര്‍ക്കാര്‍ ഖജനാവിലെ സമ്പത്ത് തട്ടിയെടുക്കുന്നതു ന്യായമോ? 4. അവസരോചിതമായി സര്‍ക്കാര്‍ തലങ്ങളില്‍ ഇടപെടല്‍ നടത്തി സര്‍ക്കാരിന്റെ ക്രൈസ്തവവിരുദ്ധസമീപനങ്ങളെ കൃത്യമായി ചൂണ്ടിക്കാട്ടാനും ചോദ്യം ചെയ്യാനും ക്രൈസ്തവരുള്‍പ്പെടെ ഇതര മതന്യൂനപക്ഷങ്ങളും ഒരു പരിധിവരെ പരാജയപ്പെട്ടുവെന്നതും പരമാര്‍ഥം.
ചോദ്യം ചെയ്തത് തെറ്റോ?
ക്രൈസ്തവര്‍ നേരിടുന്ന നീതിനിഷേധങ്ങളുടെ വസ്തുതകള്‍ തുറന്നുപറയുമ്പോള്‍ അതിനെ ബോധപൂര്‍വം വര്‍ഗീയതയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഭിന്നിപ്പിന്റെയും ഭീകരവാദ അജണ്ടകളുടെയും വക്താക്കളാണ്. ഭാരതസമൂഹത്തെ ഭിന്നിപ്പും വിഘടനവാദങ്ങളുമില്ലാതെ എന്നും യോജിപ്പിച്ചുനിര്‍ത്തുകയും ജനകീയപ്രശ്‌നങ്ങളില്‍ പൊതുസമൂഹമെന്ന വിശാലകാഴ്ചപ്പാടില്‍ ഇടപെടലുകള്‍ നടത്തുകയുമാണ് ക്രൈസ്തവസമൂഹത്തിന്റെ എക്കാലത്തെയും നിലപാടുകളും കാഴ്ചപ്പാടുകളും. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് വിദ്യാഭ്യാസ ആരോഗ്യ ആതുരശുശ്രൂഷാമേഖലയിലെ ക്രൈസ്തവസമൂഹത്തിന്റെയും സഭകളുടെയും ശുശ്രൂഷകള്‍. ജാതിയും മതവും വര്‍ഗവും വര്‍ണവും നോക്കാതെയുള്ള ഈ ശുശ്രൂഷകളുടെ ഗുണഫലങ്ങള്‍ സമൂഹമൊന്നാകെ അനുഭവിക്കുമ്പോള്‍, സര്‍ക്കാര്‍ഖജനാവിലെ പണം ഒരു മതവിഭാഗംമാത്രമായി തട്ടിയെടുക്കുന്ന സ്ഥിതിയാണ്. കാലങ്ങളായി സര്‍ക്കാര്‍ തുടര്‍ന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാത വിവേചനത്തിനെതിരേ ഹൈക്കോടതിവിധി വന്നപ്പോള്‍ ക്രൈസ്തവര്‍ ഉയര്‍ത്തിയ നീതിനിഷേധം സത്യമാണെന്നും ഭരണഘടനാവിരുദ്ധനടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാലമത്രയും തുടര്‍ന്നതെന്നും തെളിഞ്ഞു. എന്നിട്ടും അതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന സര്‍ക്കാര്‍സമീപനം അധികാരകേന്ദ്രങ്ങളുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതാണ്.
ഇരുമുന്നണികളും ഒറ്റക്കെട്ട്
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന്റെമാത്രം സംരക്ഷകരായി മാറുന്നതിന്റെ പരമ്പരകളാണ് കേരളത്തില്‍ കാലങ്ങളായി അരങ്ങേറിയത്. രാഷ്ട്രീയാഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ചില മതസമൂഹങ്ങളെ പ്രീണിപ്പിക്കുവാന്‍ കേരളം ഭരിച്ച ഇരുമുന്നണികളും കൈകോര്‍ത്തുവെന്നതാണ് മറ്റൊരു സത്യം. വിവിധ റീത്തുകളും സഭകളുമായി ഭിന്നിച്ചുനില്‍ക്കുന്ന ക്രൈസ്തവരെക്കാള്‍ അംഗസംഖ്യ കൂടിയവരും യോജിച്ചുപ്രവര്‍ത്തിക്കുന്നവരുമായ മുസ്ലീം സമുദായത്തെ കൂടെനിര്‍ത്താനുള്ള വോട്ടുബാങ്കുരാഷ്ട്രീയമാണ് ഇരുമുന്നണികളും ഇന്നലെകളില്‍ കളിച്ചതും ഇന്നു തുടരുന്നതും. സ്വന്തം നിലനില്പുപോലും ചോദ്യം ചെയ്തിട്ടും ഒരുമയുടെയും സ്വരുമയുടെയും വഴികള്‍ തേടാന്‍ വിവിധ ക്രൈസ്തവനേതൃത്വങ്ങള്‍ തയ്യാറാകാതെയിരിക്കുന്നതും ഭാവിയില്‍ വലിയ തകര്‍ച്ചയ്ക്കിടനല്‍കും.
അനീതിയുടെ കണക്കുകള്‍
2011 ല്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരില്‍ മഞ്ഞളാംകുഴി അലി ന്യൂനപക്ഷക്ഷേമവകുപ്പ് ഭരിച്ചപ്പോള്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ന്യൂനപക്ഷപ്രമോട്ടര്‍മാരെ നിയമിക്കുന്ന ഉത്തരവിറക്കുകയും തൊള്ളായിരത്തോളം പ്രമോട്ടര്‍മാരെ നിയമിക്കുകയും ചെയ്തു. ഇതില്‍ നൂറില്‍താഴെ പേര്‍മാത്രം ക്രൈസ്തവര്‍. കേരളജനസംഖ്യയില്‍ 26 ശതമാനം വരുന്നവരില്‍നിന്ന് 800 പേര്‍. 18 ശതമാനത്തില്‍നിന്ന് 100 പേര്‍. ഇതെന്തു ന്യായമെന്ന ചോദ്യം സ്വാഭാവികമല്ലേ? ഇതിനെതിരേ ശബ്ദിക്കുകമാത്രമല്ല, നിയമപോരാട്ടത്തിലേക്കും കടന്നു. വിവിധ ക്രൈസ്തവസംഘടനകളും ഉണര്‍ന്നെഴുന്നേറ്റു. അവസാനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് ഈ നിയമനങ്ങള്‍ മരവിപ്പിച്ചു. പഞ്ചായത്തുകളും നഗരസഭകളുമായി നൂറ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുള്ള മലപ്പുറം ജില്ലയില്‍ 150 പ്രമോട്ടര്‍മാര്‍ എന്നത് മറ്റൊരു തമാശയായ സത്യം.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന കോച്ചിങ് സെന്ററുകള്‍ 'കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലീം യൂത്ത്' എന്ന പേരിലാണ് കേരളത്തില്‍ ആരംഭിച്ചത്. സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു പണമിറക്കി ഒരു മതവിഭാഗത്തിനുമാത്രമായി നല്‍കുന്നതു ശരിയോ? ഇതെന്തു കാട്ടുനീതി? ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തിരുത്തല്‍ വന്നു.
ന്യൂനപക്ഷമെന്നതിന്റെ അളവുകോല്‍ ജനസംഖ്യയാണ്. ജനസംഖ്യയില്‍ കുറവുള്ളവര്‍ക്കും കുറയുന്നവര്‍ക്കുമാണ് ക്ഷേമപദ്ധതികള്‍ വേണ്ടത്. മൈക്രോ മൈനോരിറ്റികളുടെ സംസ്‌കാരവും പാരമ്പര്യവും പൈതൃകവുമാണു നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത്. അതിനുദാഹരണമാണ് ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന പാഴ്‌സികള്‍ക്കുള്ള പ്രത്യേക ക്ഷേമപദ്ധതികള്‍. പക്ഷേ, മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനെ ന്യൂനപക്ഷത്തിലെ പിന്നാക്കക്കാര്‍ക്കുള്ള പദ്ധതിയായി പ്രഖ്യാപിച്ചത് വലിയ തെറ്റ്. കേരളത്തിലാകട്ടെ പിന്നാക്കസംവരണത്തിന്റെ പേരില്‍ ഒരു മതവിഭാഗമൊന്നാകെ സംവരണം നേടുന്നു. ന്യൂനപക്ഷക്ഷേമപദ്ധതികള്‍ കൈവശപ്പെടുത്തുന്നു. ജനസംഖ്യാനുപാതംപോലും അട്ടിമറിക്കുന്നു. മാറിമാറി സംസ്ഥാനം ഭരിച്ചവരെല്ലാം ഇതിനു കുടപിടിച്ച് ഓശാന പാടുന്നു.
ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളില്‍ വിവേചനം, ന്യൂനപക്ഷ ധനകാര്യസ്ഥാപനങ്ങളില്‍ ഇരട്ടനയം എന്നിങ്ങനെ സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ കറിവേപ്പിലയാക്കി വലിച്ചെറിയാന്‍ ശ്രമിച്ചപ്പോള്‍ സംസ്ഥാനത്തുടനീളമുണ്ടായ പ്രതിഷേധക്കൊടുങ്കാറ്റാണ് ക്രൈസ്തവരുടെ വിദ്യാഭ്യാസ സാമ്പത്തിക മേഖലകളെക്കുറിച്ചു പഠിക്കാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനും ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായ മൂന്നംഗക്കമ്മിറ്റിയെ പ്രഖ്യാപിക്കുന്നതിനു നിര്‍ബന്ധിതമാക്കിയത്.
ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍
സംസ്ഥാനസര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടര്‍ച്ചയായി നേരിടുകയും വിവിധ ന്യൂനപക്ഷക്ഷേമപദ്ധതികളില്‍നിന്ന് ക്രൈസ്തവരെ ആസൂത്രിത അജണ്ടയുടെ ഭാഗമായി ബോധപൂര്‍വം പുറന്തള്ളുകയും ഭരണഘടനാപരമായി. നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങളില്‍നിന്ന് ഭരണസംവിധാനങ്ങള്‍ ഒളിച്ചോടുകയും ചെയ്തപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റ കേരളക്രൈസ്തവസമൂഹം ഒറ്റക്കെട്ടായി ന്യൂനപക്ഷക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് പൊതുഭരണവകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ 2020 നവംബര്‍ 5 ന് ജസ്റ്റിസ് ജെ. ബി. കോശി ചെയര്‍മാനായ മൂന്നംഗ കമ്മീഷനെ നിയമിച്ചു. 2021 ഫെബ്രുവരി 9 ന് കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ചു വ്യക്തത വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. 2021 ജൂലൈ 30 നുള്ളില്‍ സംസ്ഥാനത്തെ വിവിധ ക്രൈസ്തവവിഭാഗങ്ങളില്‍നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും തുടര്‍ന്ന്, വിവിധ കേന്ദ്രങ്ങളില്‍ സിറ്റിങ് നടത്തുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് 2021 ഫെബ്രുവരി 9 ലെ ഉത്തരവുകളിലുണ്ടെങ്കിലും കോവിഡ് പ്രതിസന്ധികളും സര്‍ക്കാരില്‍നിന്നു കമ്മീഷനു നല്‍കേണ്ട അനുബന്ധ ക്രമീകരണങ്ങളുടെ കാലതാമസവുംമൂലം റിപ്പോര്‍ട്ട് വൈകി രണ്ടര വര്‍ഷത്തിനുശേഷം സര്‍ക്കാരിനു സമര്‍പ്പിച്ചു.
ക്രൈസ്തവര്‍ പങ്കുവച്ചത്
ജെ. ബി. കോശി കമ്മീഷന്‍ സര്‍ക്കാരിന്റെമുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്ന ക്രൈസ്തവപഠനറിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്ത് എന്നതിനെക്കുറിച്ച് കമ്മീഷനോ, സര്‍ക്കാരോ പൊതുസമൂഹത്തില്‍ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊതുഭരണവകുപ്പില്‍നിന്നു ന്യൂനപക്ഷക്ഷേമവകുപ്പിനു കൈമാറിയിരിക്കുന്നുവെന്ന അനൗദ്യോഗികമായ അറിവുകളുണ്ട്.
കാര്‍ഷികമലയോരതീരദേശമേഖലയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തികത്തകര്‍ച്ച, ജീവിതപ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസപ്രതിസന്ധികള്‍, കോച്ചിങ് സെന്ററുകളിലെ വിവേചനം, സ്‌കോളര്‍ഷിപ്പുകളിലെ നീതിനിഷേധം തുടങ്ങി ക്രൈസ്തവര്‍മാത്രമല്ല പൊതുസമൂഹമൊന്നാകെ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും കമ്മീഷന്‍മുമ്പാകെ പരാതികളും നിര്‍ദേശങ്ങളും എത്തിച്ചു. 4.88 ലക്ഷം പരാതികളും നിര്‍ദേശങ്ങളും ലഭിച്ചുവെന്നും അഞ്ഞൂറോളം ക്ഷേമപരിഹാരശിപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചുവെന്നുമാണ് ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ അനൗദ്യോഗികമായി നല്‍കിയ സൂചനയെങ്കിലും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പുമന്ത്രി നിയമസഭയില്‍ റോജി എം. ജോണ്‍ എം.എല്‍.എ. ചോദിച്ച ചോദ്യത്തിന് 255 നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചതെന്നും വകുപ്പ് ഇവ ചര്‍ച്ച ചെയ്യുകയാണെന്നും പറയുന്നു. ഇതിന്റെ സത്യമെന്ത്? എങ്കില്‍പ്പിന്നെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്ത്? ഇതാണോ ജനാധിപത്യഭരണം? സര്‍ക്കാരിന്റെ ഒളിച്ചുകളി ആര്‍ക്കുവേണ്ടി?