പാര്‍ലമെന്റ് പാസ്സാക്കിയ വൈദ്യുതിനിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങളിലും മാറ്റം വന്നിട്ടുണ്ട്. വൈദ്യുതിഭേദഗതി ചട്ടം 2022 പ്രകാരം വൈദ്യുതി പോയി മൂന്നു മിനിറ്റിനുള്ളില്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കണം. ദിവസത്തില്‍ ഒന്നിലേറെ ത്തവണ വൈദ്യുതി നഷ്ടപ്പെട്ടാലും കേടായ മീറ്ററുകള്‍ മാറ്റിവയ്ക്കാന്‍ വൈകിയാലും വോള്‍ട്ടേജുക്ഷാമം ഉണ്ടായാലും വൈദ്യുതിബില്‍തര്‍ക്കം നിശ്ചിതസമയത്തിനകം പരിഹരിച്ചില്ലെങ്കിലും നഷ്ടപരിഹാരത്തിന് ഉപഭോക്താവിന് അവകാശമുണ്ടായിരിക്കും. താത്കാലിക വൈദ്യുതികണക്ഷന് അപേക്ഷിച്ചു നാല്പത്തിയെട്ടു മണിക്കൂറിനകവും പുതിയ വൈദ്യുതികണക്ഷന്‍ നഗരങ്ങളില്‍ ഏഴു ദിവസത്തിനകവും
മുനിസിപ്പാലിറ്റികളില്‍ പതിനഞ്ചുദിവസത്തിനകവും ഗ്രാമങ്ങളില്‍ മുപ്പതുദിവസത്തിനകവും നല്‍കണമെന്നു നിയമത്തില്‍ പറയുന്നു. എന്നാല്‍, കേരളത്തിലെ ഉപഭോക്താവിന് ഇതില്‍ എന്തെങ്കിലും ലഭിക്കുന്നുണ്ടോ?കേരളത്തിന്റെ വൈദ്യുതിയുപയോഗത്തിന്റെ മുപ്പതുശതമാനം ഇവിടുത്തെ ജലസ്രോതസ്സുകളില്‍നിന്നു കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. മറ്റൊരു മുപ്പതുശതമാനം കേന്ദ്രസര്‍ക്കാര്‍നിലയങ്ങളില്‍നിന്നുള്ളതാണ്. പിന്നീട് ആവശ്യം വരുന്ന വൈദ്യുതി സ്വകാര്യവൈദ്യുതി ഉത്പാദകക്കമ്പനികളില്‍നിന്നു വാങ്ങുന്നു. ഇപ്രകാരം പുറത്തുനിന്നു വാങ്ങാന്‍ തീരുമാനിച്ച വൈദ്യുതി, ചട്ടങ്ങള്‍ പാലിക്കാതെയാണ് കരാറുണ്ടാക്കിയതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയിലാണ് കെ.എസ്.ഇ.ബി. എത്തിപ്പെട്ടിരിക്കുന്നത്. വൈദ്യുതിനിയമം 2003 ന്റെ 62, 63 റെഗുലേഷന്‍പ്രകാരമാണ് വൈദ്യുതി വാങ്ങല്‍ നടക്കുന്നത്. 62 പ്രകാരമാണ് വൈദ്യുതി വാങ്ങുന്നതെങ്കില്‍ നിരക്കുനിശ്ചയിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. 63 പ്രകാരമാണെങ്കില്‍ ബോര്‍ഡ് ക്വട്ടേഷന്‍ വിളിച്ച് കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്നവര്‍ക്കു നല്‍കണം. 2014-15 ല്‍ ഇപ്രകാരം 850 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ടെന്നു കണക്കാക്കി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ വിളിക്കുന്നതിനുമുമ്പുതന്നെ കള്ളക്കളി ആരംഭിച്ചുവെന്നു പിന്നീടു നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.
2014 മാര്‍ച്ച് 15 ന് 450 മെഗാവാട്ടിനും ഏപ്രില്‍ 24 ന് 400 മെഗാവാട്ടിനുമുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ഒന്നാമത്തെ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് എന്ന കമ്പനി 200 മെഗാവാട്ട് വൈദ്യുതി, യൂണിറ്റിന് 3.60 രൂപപ്രകാരമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, രണ്ടാമത്തെ ടെന്‍ഡറില്‍ ഇതേ കമ്പനി 150 മെഗാവാട്ട്‌സിന് ആവശ്യപ്പെട്ട നിരക്ക് 4.29 രൂപയാണ്. ഒറ്റ ടെന്‍ഡറായിരുന്നെങ്കില്‍ 350 മെഗാവാട്ട് വൈദ്യുതി 3.60 രൂപയ്ക്കു ലഭിച്ചേനെ. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് സബ്‌സിഡിനിരക്കില്‍ നല്‍കുന്ന കല്‍ക്കരി ഉപയോഗിച്ചാണ് ഈ കമ്പനികള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. മാര്‍ച്ചുമാസത്തെ ടെന്‍ഡറില്‍ കമ്പനി ഫിക്‌സഡ്‌കോസ്റ്റായി ചെലവാകുന്നത് 2.74 രൂപയും തൊട്ടടുത്ത മാസം ഇതേ ഇനത്തിലെ ചെലവ് 3.43 രൂപയുമായി കാണിച്ചിരിക്കുന്നത് നീതിബോധമുള്ള ഒരു വ്യക്തിക്കും അംഗീകരിക്കാന്‍ കഴിയാത്തതാണ്. കമ്പനികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 850 മെഗാവാട്ടിന്റെ കരാര്‍ രണ്ടാക്കി ടെന്‍ഡര്‍ ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ഇതു വെളിവാക്കുന്നു. ഇരുപത്തിയഞ്ചു വര്‍ഷത്തെ കരാര്‍ കാലയളവില്‍ ഒരു യൂണിറ്റിന് 69 പൈസ വച്ച് വരുന്ന വ്യത്യാസം കോടാനുകോടികളായി മാറും.
സുപ്രീംകോടതിവിധി അനുസരിച്ചും കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചും കേരളഫിനാന്‍ഷ്യല്‍ റൂള്‍പ്രകാരവും ഒരു ടെന്‍ഡറില്‍ എല്‍ വണ്‍ ആയി ക്വാട്ട് ചെയ്ത കമ്പനിയുമായിട്ടു മാത്രമേ എഗ്രിമെന്റില്‍ ഏര്‍പ്പെടാവൂ. എല്‍ വണ്‍ കമ്പനിക്ക് ടെന്‍ഡറില്‍ ആവശ്യപ്പെട്ടയത്രയും വൈദ്യുതി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ആവശ്യമായ യൂണിറ്റിന് എല്‍ടുവുമായി കരാറില്‍ ഏര്‍പ്പെടാം. അവര്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന നിരക്കില്‍നിന്ന് എല്‍ വണ്‍ നല്‍കിയ നിരക്കിലേ എഗ്രിമെന്റ് വയ്ക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. എന്നാല്‍, ഒന്നാമത്തെ ടെന്‍ഡറില്‍ എല്‍ ടുവുമായി വന്ന ജാംബു വാ കമ്പനി 115 മെഗാവാട്ട് വൈദ്യുതിക്ക് അവര്‍ രേഖപ്പെടുത്തിയ 4.15 രൂപയ്ക്കുള്ള എഗ്രിമെന്റു വച്ചു. ഇതു നിയമലംഘനമാണെന്ന് പകല്‍പോലെ വ്യക്തം. ഒന്നാമത്തെയും രണ്ടാമത്തെയും ടെന്‍ഡര്‍ എഗ്രിമെന്റുകള്‍ ഒപ്പുവച്ചിരിക്കുന്നത് 2014 ഡിസംബര്‍ 29 നാണ്. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇതേ കാലത്ത് ഈ വിതരണക്കമ്പനികള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രായിലും എട്ടുമുതല്‍ പതിനഞ്ചുവര്‍ഷത്തേക്കുള്ള കരാറില്‍ ഏര്‍പ്പെട്ടത് മൂന്നു രൂപയില്‍ താഴെമാത്രം ഫിക്‌സഡ് ഡിപ്പോസിറ്റ് വാങ്ങിയാണ്.
ഡാബ് (Design Build Finance Operation 8 own) വ്യവസ്ഥയില്‍ ഒരു മെഷീനില്‍നിന്ന് ഒരേസമയം രണ്ടു ഫിക്‌സഡ് കോസ്റ്റ് നിശ്ചയിക്കാന്‍ കഴിയില്ല. ജിന്‍ഡാല്‍ കമ്പനി ഛത്തീസ്ഗഡ് പ്ലാന്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വ്യത്യസ്ത ടെന്‍ഡറുകളില്‍ 69 പൈസയുടെ മാറ്റം ഉണ്ടായിരുന്നു. പ്രസ്തുത കമ്പനിയുടെ ആദ്യ ടെന്‍ഡറിന് റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കി. രണ്ടാമത്തേത് നിയമവിധേയമല്ലെന്നു കണ്ട് ക്യാന്‍സല്‍ ചെയ്തു. അല്ലാതെ വൈദ്യുതി വാങ്ങാനുള്ള എല്ലാ കരാറുകളും ക്യാന്‍സല്‍ ചെയ്തിട്ടില്ല.
രണ്ടാമത്തെ ടെന്‍ഡറില്‍ എല്‍ വണ്‍ ആയിട്ടുള്ള ബാല്‍കോയുടെ 110 മെഗാവാട്ടിനും അംഗീകാരം നല്‍കി. അല്ലാതെ പ്രചരിപ്പിക്കപ്പെടുന്നതുപോലെ എല്ലാ കരാറുകളും റദ്ദു ചെയ്തിട്ടില്ല. സാധാരണ ഉപഭോക്താക്കളുടെ ഇടയില്‍ റെഗുലേറ്ററി കമ്മീഷനെ പുകമറയില്‍ നിറുത്താന്‍ ബോര്‍ഡിലെ തത്പരകക്ഷികള്‍ നടത്തുന്ന പ്രചാരണം അപലപനീയമാണ്. ഇക്കൂട്ടര്‍തന്നെയായിരുന്നു ബോര്‍ഡിനെ നല്ല നിലയില്‍ നയിച്ചുകൊണ്ടിരുന്ന ചെയര്‍മാന്‍ ഡോ. ബി. അശോകിനെ തല്‍സ്ഥാനത്തുനിന്നു മാറ്റാന്‍ ചരടുവലിച്ചതും.
സ്വതന്ത്രവിപണിയില്‍ വൈദ്യുതിയുടെ വില നിശ്ചയിക്കപ്പെടുന്നത് സമയത്തെ ആശ്രയിച്ചാണ്. വൈദ്യുതിയുടെ ആവശ്യകത ഒരു ദിവസത്തില്‍ത്തന്നെ സമയാധിഷ്ഠിതമായി മാറിക്കൊണ്ടിരിക്കും. അതായത്, രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയും തുടര്‍ന്ന് രാത്രി പതിനൊന്നു മണിവരെയും രാത്രി 11 മുതല്‍ രാവിലെ ആറു മണിവരെയും ഈ ആവശ്യകതയില്‍ കാര്യമായ വ്യത്യാസം ഉണ്ടാകും. ആവശ്യകത കുറഞ്ഞ സമയങ്ങളില്‍ വിപണിയില്‍ ആവശ്യകതയേക്കാള്‍ വളരെ കൂടുതല്‍ വൈദ്യുതി ലഭ്യമാകുന്നതുകൊണ്ട് വിലയും കുറയും. വൈദ്യുതിയുടെ ആവശ്യകത കുറഞ്ഞ സമയം നോക്കി തെര്‍മല്‍ പ്ലാന്റുകളിലെ ഉത്പാദനം നിറുത്തിവയ്ക്കുക പ്രായോഗികമല്ല. ഈ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി നഷ്ടത്തിലും കമ്പനികള്‍ വില്ക്കാന്‍ തയ്യാറാകും.
സമയമനുസരിച്ചു വിലവ്യത്യാസം വരുന്നതുപോലെ സീസണ്‍ അനുസരിച്ചും വിലയില്‍ മാറ്റമുണ്ടാകും. കേരളത്തില്‍ വേനല്‍ തുടങ്ങുന്ന മാര്‍ച്ചു മുതല്‍ മേയ് അവസാനംവരെ വൈദ്യുതിയുടെ ആവശ്യകത കൂടുന്നതുകൊണ്ട് വിലയും വര്‍ദ്ധിക്കും. മണ്‍സൂണ്‍ ആരംഭിച്ചാല്‍ ജലസേചനത്തിനായുള്ള വൈദ്യുതിയുടെ ഉപഭോഗം അയല്‍സംസ്ഥാനങ്ങളില്‍ കുറയുന്നതുകൊണ്ട് വിപണിയില്‍ വൈദ്യുതിലഭ്യത കൂടുകയും വില കുറയുകയും ചെയ്യും. അതായത്, കേരളത്തിന്റെ വൈദ്യുതി ആവശ്യകത ശരാശരി 2500 മെഗാവാട്ട് മുതല്‍ 5000 മെഗാവാട്ട് വരെ എത്താറുണ്ട്. 1980 ല്‍ തമിഴ്‌നാട്ടിലെ മൊത്തം വൈദ്യുതിയുടെ ഉപയോഗത്തില്‍ ഇരുപതുശതമാനമായിരുന്നു വ്യാവസായികവിഹിതം. ഇപ്പോള്‍ അത് അറുപതുശതമാനം വര്‍ദ്ധിച്ചു. കേരളത്തില്‍ അറുപതു ശതമാനത്തില്‍നിന്ന് ഇരുപതു ശതമാനമായി കുറഞ്ഞു.
ഇന്ത്യയൊട്ടാകെ 3,05,894 കോടിയുടെ വൈദ്യുതിനവീകരണമാണ് റിവാബ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീമില്‍ (ആര്‍ഡിഎസ്എസ്) നടപ്പാക്കുന്നത്. ഇതില്‍ 1.50 കോടിയും 25 കോടി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനാണ്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നിരാകരിച്ചു വൈദ്യുതി നവീകരണം നടപ്പാക്കാനാകില്ല. 8000 കോടി രൂപ ചെലവാകുമെന്നു കണക്കാക്കിയിരിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഇപ്പോള്‍ കേരളം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ 3800 കോടി രൂപ കേന്ദ്ര സബ്‌സിഡി ലഭിക്കും. ലോകനിലവാരത്തിലുള്ള വൈദ്യുതി വിതരണസംവിധാനം ട്രേഡു യൂണിയന്‍ താത്പര്യത്തിന്റെ പേരില്‍ വേണ്ടെന്നു വച്ചാല്‍ നഷ്ടം ഉപഭോക്താക്കള്‍ക്കുതന്നെ.
പീക് സമയത്തെ വൈദ്യുതി ഉപയോഗത്തെ നിയന്ത്രിക്കാനും വൈദ്യുതിയുടെ സമയനിഷ്ഠമായ വില ഉപഭോക്താവില്‍നിന്ന് ഈടാക്കാനും ഉതകുന്ന TOU/TOD താരിഫ് ഘടനകള്‍ കൃത്യമായും സുതാര്യമായും നടപ്പാക്കാന്‍ സഹായകമായ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ വൈകുന്നേരം ആറുമുതല്‍ പത്തുവരെ ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് അപേക്ഷിക്കുമ്പോള്‍ പുച്ഛമാണു തോന്നുക.
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പായാല്‍ ഏതാണ്ട് 3000 ത്തോളം മീറ്റര്‍ റീഡര്‍മാരുടെ തസ്തിക ആവശ്യമില്ലാതെവരും. റീഡര്‍മാര്‍ എഴുതിക്കൊണ്ടുപോകുന്ന റീഡിങ് കണക്കുകൂട്ടി ബില്ല് അയയ്ക്കുന്ന ക്ലര്‍ക്കുമാരുടെ തസ്തികള്‍ക്കും പ്രസക്തിയില്ലാതെയാകും. നിലവിലുള്ള ഒരു ജീവനക്കാരനെയും പിരിച്ചുവിടാതെ മറ്റു ജോലികളുടെ ഉത്തരവാദിത്വം ഏല്പിച്ചാലും ഭാവിയില്‍ ഇതേ തസ്തികയില്‍ നിയമനം ഉണ്ടാകില്ലെന്നും പലര്‍ക്കും പ്രമോഷന്‍സാധ്യത കുറയുമെന്നുമുള്ളതിനാലാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ യൂണിയനുകള്‍ എതിര്‍ക്കുന്നത്. തൊണ്ണൂറുകളില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിലെ ജീവനക്കാരുടെ റേഷ്യോ പന്ത്രണ്ടില്‍നിന്ന് ബസ് ഒന്നിന് എട്ടെങ്കിലും ആക്കിയില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും മുടങ്ങുമെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ യൂണിയനുകള്‍ എതിര്‍ക്കുകയായിരുന്നു. ഇന്ന് ബസ് ഒന്നിന് ഏഴു ജീവനക്കാരായി കുറച്ചെങ്കിലും മുന്‍കാലസാമ്പത്തികബാധ്യതമൂലം ശമ്പളവും പെന്‍ഷനും കെ.എസ്.ആര്‍.ടി.സിയില്‍ മുടങ്ങുന്നത് വൈദ്യുതിബോര്‍ഡിലെ യൂണിയനുകള്‍ക്കുള്ള മുന്നറിയിപ്പാണ്. ട്രാക്ടര്‍ എത്തിയപ്പോഴും കമ്പ്യൂട്ടര്‍ വന്നപ്പോഴുമൊക്കെ എതിര്‍ത്തവര്‍ പിന്നീട് അതിന്റെ പ്രചാരകരായതുപോലെ ഇപ്പോള്‍ കിട്ടാവുന്ന സബ്‌സിഡികള്‍ നഷ്ടപ്പെടുത്തിയശേഷം വീടുതോറും കയറിയിറങ്ങി റീഡിങ് എടുക്കാന്‍ ഞങ്ങളുടെ ആത്മാഭിമാനം സമ്മതിക്കില്ലെന്ന് ഇന്നു സ്മാര്‍ട്ട്മീറ്ററിനെ എതിര്‍ക്കുന്നവര്‍ വരുംകാലങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതു നാം കേള്‍ക്കേണ്ടിവരും.
വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉറപ്പിക്കാനായി രൂപീകരിച്ച പെന്‍ഷന്‍ഫണ്ടില്‍ ആവശ്യമായ തുക കണ്ടെത്താനോ, അതിന്റെ നിലവിലെ ഫണ്ടും അതിനായി സര്‍ക്കാര്‍ അനുവദിച്ച ഉറവിടങ്ങളും വകമാറ്റി ചെലവാക്കിയിട്ടും അതിനെതിരേ ചെറുവിരല്‍പോലും അനക്കാനോ മിനക്കെടാത്തസംഘടനകള്‍ 2003 ലെ നിയമമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നു പ്രചരിപ്പിക്കുന്നത് രാഷ്ട്രീയംമാത്രമാണ്. ഈ നിലയില്‍ മുമ്പോട്ടു പോയാല്‍ 2024 ആകുമ്പോഴേക്കും വിരമിച്ച ജീവനക്കാരുടെ പെന്‍ഷനുവേണ്ടി കെ.എസ്.ആര്‍.ടി.സി.ക്കാരെപ്പോലെ പ്രകടനവും ധര്‍ണയുമൊക്കെ ആയി തെരുവിലിറങ്ങേണ്ടിവരും.