ലാലിറ്റീച്ചര്‍ ക്ലാസിലെത്തിയപ്പോള്‍ അതുവരെ കളിയും ചിരിയും കലപില വര്‍ത്തമാനവുമായി കഴിഞ്ഞിരുന്ന കുട്ടികള്‍ ബഹുമാനത്തോടെ എഴുന്നേറ്റു കൈകള്‍കൂപ്പി ഗുഡ്‌മോണിങ് പറഞ്ഞു.
കുട്ടികളുടെ ഹോംവര്‍ക്കിന്റെ ബുക്കുകള്‍ മേശപ്പുറത്ത് അടുക്കിവച്ചിരിക്കുന്നു. റ്റീച്ചര്‍ ഓരോ ബുക്കെടുത്തു പരിശോധിച്ചുതുടങ്ങി. ഒരു ബുക്കു തുറന്നുനോക്കിയപ്പോള്‍ അതു ശൂന്യം. ഒന്നും എഴുതിയിട്ടില്ല.
റ്റീച്ചര്‍ക്കു വല്ലാത്ത ദേഷ്യം തോന്നി.
''സിന്ധു! സ്റ്റാന്റപ്''
സിന്ധു കുറ്റബോധത്തോടെ എഴുന്നേറ്റുനിന്നു.
''ഒറ്റദിവസവും ഹോംവര്‍ക്ക് ചെയ്യില്ല. യാതൊന്നും പഠിക്കില്ല. എന്തിനാ നീ വരുന്നതു ക്ലാസിലേക്ക്? എന്തെങ്കിലും ചോദിച്ചാല്‍ കണ്ണുമിഴിച്ചുനില്‍ക്കും, അല്ലെങ്കില്‍ വാ പൊളിച്ചു നില്‍ക്കും, അതുമല്ലെങ്കില്‍ കുന്തം വിഴുങ്ങിയപോലെ നില്‍ക്കും.''
ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി.
സിന്ധു കുറ്റബോധത്തോടെ തല താഴ്ത്തി നില്ക്കുകയാണ്.
''ആഴ്ചയില്‍ രണ്ടുവട്ടം ഞാന്‍ ബുക്കുകള്‍ കറക്ട് ചെയ്യാറുണ്ട്. നിന്റെ ബുക്കു നോക്കുമ്പോള്‍ അതുമാത്രം ശൂന്യം. എന്താ നിനക്കു പറയാനുള്ളത്? എന്തേ ഹോംവര്‍ക്ക് ചെയ്യാത്തത്?''
''സമയം കിട്ടിയില്ല.''
''ഈ കുട്ടികള്‍ക്കെല്ലാം സമയം കിട്ടിയല്ലോ. നിനക്കുമാത്രം എന്താ? കടക്കു പുറത്ത്!''
സിന്ധു പകച്ചു മിഴിച്ചുനില്ക്കുകയാണ്.
''യൂ ഗെറ്റൗട്ട് ഫ്രം ദിസ് ക്ലാസ്.'' റ്റീച്ചറുടെ ഉഗ്രശാസനം. സിന്ധു നിറമിഴികളോടെ തലതാഴ്ത്തി പുറത്തുപോയി നിന്നു. സഹപാഠികള്‍ സഹതാപത്തോടെ നോക്കി.
ക്ലാസ്സുകഴിഞ്ഞ് മണിയടിച്ചു. ലാലിറ്റീച്ചര്‍ സിന്ധുവിനെ ദേഷ്യത്തോടെ നോക്കിയിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
താഴെയെത്തിയപ്പോള്‍ 'റ്റീച്ചറേ' എന്ന വിളി കേട്ടു ലാലിറ്റീച്ചര്‍ തിരിഞ്ഞുനോക്കി. അതു സിന്ധുവായിരുന്നു.
''എന്താ കുട്ടീ?'' ദേഷ്യം ശമിക്കാതെയുള്ള ചോദ്യം.
''ഞാനും അമ്മയും വീടിന്റെ പുറകിലുള്ള മാവിന്‍ചോട്ടിലായിരുന്നു ഇന്നലെ രാത്രി ഉറങ്ങിയത്. അതാ ഹോംവര്‍ക്ക് ചെയ്യാതിരുന്നത്.''
ഇതും പറഞ്ഞു സിന്ധു ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി. റ്റീച്ചര്‍ വല്ലാതായി. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി റ്റീച്ചര്‍ സിന്ധുവിനെ സ്റ്റാഫ് റൂമിലേക്കു കൂട്ടിക്കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
തികഞ്ഞ മദ്യപനും വഴക്കാളിയുമാണ് ആ കുട്ടിയുടെ അച്ഛന്‍. ഈയിടെയായി മദ്യപാനം കൂടി. രാത്രി കുടിച്ചുവന്ന് അമ്മയെ മര്‍ദിക്കും. തടയാന്‍ ശ്രമിക്കുന്ന സിന്ധുവിനും കിട്ടും തല്ല്. പാതിരാത്രിയോടെ അയാള്‍ ഉറങ്ങിയശേഷമാണ് അമ്മയും മകളും കുഞ്ഞനുജനും വീടിനകത്തേക്കു കയറുന്നത്. അതുവരെ അവര്‍ മൂന്നുപേരും പിറകിലെ മാവിന്‍ചുവട്ടില്‍.
സിന്ധുവിന്റെ സങ്കടം റ്റീച്ചറുടെ മനസ്സിനെ വല്ലാതെ നോവിച്ചു. ഈ കുട്ടി എങ്ങനെ പഠിക്കും? എങ്ങനെ ഹോംവര്‍ക്കു ചെയ്യും?
കാര്യമറിയാതെ സിന്ധുവിനെ ശിക്ഷിച്ചതിലും ശകാരിച്ചതിലും റ്റീച്ചര്‍ക്കു കുറ്റബോധം തോന്നി.
ഒരുദിവസം സിന്ധുവിന്റെ വീട്ടിലേക്ക് ലാലിറ്റീച്ചര്‍ പോയി. അച്ഛനും അമ്മയുമുണ്ടായിരുന്നു. റ്റീച്ചര്‍ ചെന്നത് ഇഷ്ടമായില്ലെന്ന് അച്ഛന്റെ മുഖഭാവം വിളിച്ചുപറഞ്ഞു.
''സിന്ധുവിന്റെ അച്ഛനാണല്ലേ? എന്താ പേര്?''
''രാഘവന്‍.''
''അമ്മയുടെ പേര്?''
''ദേവകി.''
''മക്കളെവിടെ?''
''അവര് പച്ചക്കറി വാങ്ങാന്‍ പോയതാ.''
''രാഘവേട്ടാ! ഞാന്‍ വന്നതു സിന്ധുവിനെപ്പറ്റി പറയാനാ. അവള്‍ മിടുക്കിയായിരുന്നു. നന്നായി പഠിക്കുമായിരുന്നു. പക്ഷേ, കുറച്ചുദിവസമായിട്ട് ഒന്നും പഠിക്കുന്നില്ല. ഹോം വര്‍ക്കു ചെയ്യുന്നില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നില്ല. ഇങ്ങനെ പോയാല്‍ ആ കുട്ടിയുടെ ഭാവി നശിക്കും.''
''റ്റീച്ചറ് ഇരിക്ക്'' ദേവകിയുടെ സ്വരം.
''ഇരിക്കുന്നില്ല. ഇന്നു ഞായറാഴ്ചയല്ലേ. പള്ളിയില്‍ പോയി മടങ്ങുകയാ. അക്കൂട്ടത്തില്‍ ഇവിടെയൊന്നു കയറാമെന്നു കരുതി. രാഘവേട്ടാ, സിന്ധുവിനോടു കുത്തിക്കുത്തി ചോദിച്ചപ്പോള്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് അവള്‍ ചിലതെല്ലാം പറഞ്ഞു. രാഘവേട്ടന്‍ മനസ്സുവച്ചാലേ ഈ കുടുംബം രക്ഷപ്പെടുകയുള്ളൂ. നിങ്ങള്‍ക്കും ഈ കുടുംബത്തിനുംവേണ്ടി മനംനൊന്തു പ്രാര്‍ഥിച്ചിട്ടാണ് ഞാന്‍ വരുന്നത്. ചിലതെല്ലാം ഉപേക്ഷിക്കൂ രാഘവേട്ടാ. ഈ കുടുംബം ഒരു സ്വര്‍ഗമാകും.''
റ്റീച്ചറുടെ മുഖത്തേക്ക് ഒന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
റ്റീച്ചര്‍ കൂടുതലെന്തോ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ രാഘവന്‍ ഇറങ്ങിപ്പോയി.
''റ്റീച്ചറു വന്നതും പറഞ്ഞതുമൊന്നും പുള്ളിക്കാരന് ഇഷ്ടമായിട്ടില്ല.''
''സാരമാക്കേണ്ട. എല്ലാം നേരേയാവും. നിങ്ങള്‍ ഈശ്വരനോടു നന്നായി പ്രാര്‍ഥിക്ക്.''
അപ്പോഴേക്കും സിന്ധുവും കുഞ്ഞനുജനും വന്നു. റ്റീച്ചറെ കണ്ടപ്പോള്‍ അവള്‍ക്ക് എന്തെന്നില്ലാത്ത ആശ്ചര്യം. അധികം താമസിയാതെ റ്റീച്ചര്‍ പോയി.
ആഴ്ചകള്‍ രണ്ടു മൂന്നു നീങ്ങി. ഒരു ദിവസം രാവിലെ ലാലിറ്റീച്ചര്‍ സ്‌കൂളിലേക്കു വരുന്നതും നോക്കി സിന്ധു വഴിയില്‍ കാത്തുനിന്നു. മ്ലാനമായ മുഖം.
റ്റീച്ചറെ കണ്ടയുടനെ സങ്കടത്തോടെ സിന്ധു പറഞ്ഞു: ''ഞാനിനി സ്‌കൂളിലേക്കു വരുന്നില്ല. പഠിത്തം നിര്‍ത്ത്വാ.''
''പഠിത്തം നിര്‍ത്തുകയോ'' അമ്പരപ്പോടെ റ്റീച്ചറുടെ ചോദ്യം.
''അച്ഛന്‍ ആശുപത്രിയിലാ. വീണു കയ്യൊടിഞ്ഞു. നെറ്റി പൊട്ടി. വീട്ടില്‍ ആരുമില്ല. അമ്മ അച്ഛന്റെ അടുത്താ. അവര്‍ക്കു ചോറു വയ്ക്കാനും കൊണ്ടുപോയി കൊടുക്കാനും അനുജനെ നോക്കാനും ഞാന്‍ വീട്ടിലു വേണം. അതുകൊണ്ടു ഞാനിനി സ്‌കൂളില്‍ വരുന്നില്ല.''
വിതുമ്പലോടെയാണവള്‍ അത്രയും പറഞ്ഞത്.
''അതൊക്കെ നമുക്കു പിന്നെ തീരുമാനിക്കാം.'' ഇത്രയും പറഞ്ഞ് റ്റീച്ചര്‍ സ്‌കൂളിലേക്കു പോയി.
റ്റീച്ചര്‍ കാര്യങ്ങള്‍ പിന്നെ അന്വേഷിച്ചു. രാഘവന്‍ കുടിച്ചു ലക്കുകെട്ട് ആടിയാടി നടന്ന് അടിതെറ്റി ഒരു കാനയില്‍ വീണെന്നും ഒരു കൈ ഒടിഞ്ഞെന്നും നെറ്റിയില്‍ മാരകമായ മുറിവേറ്റെന്നും ചില സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചുവെന്നും അറിഞ്ഞു.
കുറെ നാളുകള്‍ നീങ്ങി. റ്റീച്ചര്‍ സിന്ധുവിന്റെ കുടുംബത്തിനുവേണ്ടി ദൈവത്തോടു നിത്യവും പ്രാര്‍ഥിച്ചു. പള്ളിയില്‍ ദിവ്യബലിയില്‍ സംബന്ധിക്കുമ്പോഴും കുടുംബപ്രാര്‍ഥനയിലും ആ കുടുംബത്തെ ഓര്‍ത്തു.
ഒരു ദിവസം റ്റീച്ചര്‍ രാഘവനെ കാണാന്‍ ആശുപത്രിയില്‍ പോയി. ഒടിഞ്ഞ കൈ ബാന്റേജിട്ടിരിക്കുന്നു. നെറ്റിയിലെ മുറിവ് ഉണങ്ങിത്തുടങ്ങി.
റ്റീച്ചറെ കണ്ടപ്പോള്‍ രാഘവന്റെ മുഖം കുറ്റബോധത്താല്‍ താഴ്ന്നു. ദേവകി ദുഃഖഭാരത്തോടെ റ്റീച്ചറെ വണങ്ങി. ദേവകി കുറേക്കൂടി ക്ഷീണിതയായി കാണപ്പെട്ടു.
''രാഘവേട്ടാ, സുഖമായോ?''
''ഒരുവിധം.''
''ഒരു ദിവസം ഞാനിവിടെ വന്നിരുന്നു. അന്ന് ഐ.സി.യുവിലായിരുന്നു. അതിരിക്കട്ടെ, ഡോക്ടര്‍ എന്തു പറഞ്ഞു?''
''ഇന്നോ നാളെയോ ഡിസ്ചാര്‍ജ് ചെയ്യാമെന്നു പറഞ്ഞിരിക്ക്യാ.''
''മോളേ, ഡോക്ടറു പറഞ്ഞതൊക്കെ ശരിയാ. ഇവിടന്നു പേരുവെട്ടി പോണെങ്കില്‍ രൂപയെത്ര വേണമെന്നാ വിചാരം? അതിന് എവിടെയാ രൂപ? പുരവാടക കൊടുത്തിട്ടുതന്നെ അഞ്ചെട്ടു മാസമായി. എല്ലാം ഗ്രഹപ്പിഴ! എല്ലാം ഓര്‍ക്കുമ്പോ എത്രയുംവേഗം മരിച്ചുപോയാ മതീ.''
''ശ്യോ, അങ്ങനെയൊന്നും പറയല്ലേ! ബില്ലു കിട്ടിയോ? എത്ര രൂപയാ അടയ്‌ക്കേണ്ടത്?''
''നേഴ്‌സ് പറഞ്ഞതു മൂവായിരം രൂപ അടയ്ക്കണമെന്നാ.'' ദേവകിയുടെ മറുപടി.
ലാലിറ്റീച്ചര്‍ തന്റെ ഹാന്‍ഡ്ബാഗ് തുറന്ന് അതില്‍നിന്നു മൂവായിരം രൂപയെടുത്തു രാഘവനു നീട്ടി. ''ഇന്നു ശമ്പളം കിട്ടിയ ദിവസമാണ്. പണമടച്ചോളൂ.''
രാഘവന്‍ നിറഞ്ഞുതുളുമ്പിയ മിഴികളോടെ, വിറയാര്‍ന്ന കൈകൊണ്ട് അതു വാങ്ങി. എന്നിട്ട് റ്റീച്ചറെ നിമിഷനേരം ഉറ്റുനോക്കി പെട്ടെന്നു പൊട്ടിക്കരഞ്ഞു. ദേവകിയും വല്ലാതായി.
''എന്തിനാ കരയുന്നത്?''
''ഞാന്‍... ഞാന്‍ പഠിച്ചു... എല്ലാം പഠിച്ചു... ഇല്ല... ഇനിയില്ല... എന്റെ കുടി ഞാന്‍ നിര്‍ത്തി.'' റ്റീച്ചറിന്റെ കൈയിന്മേല്‍ പിടിച്ചിട്ടു പറഞ്ഞു: ''ഇതു സത്യം.''
ദേവകിയുടെ മുഖത്ത് ആശ്ചര്യത്തിന്റെ സൂര്യവെളിച്ചം. പശ്ചാത്താപത്തിന്റെ ഈ സ്വരം കേട്ടു റ്റീച്ചര്‍ സ്വയം പറഞ്ഞു: ''എന്റെ പ്രാര്‍ഥന ദൈവം കേട്ടു. എല്ലാ അനുഗ്രഹങ്ങളും നിങ്ങള്‍ക്കുണ്ടാകും. ഇരുട്ടു മാറി, പ്രകാശം പരക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാനൊന്നു പറഞ്ഞോട്ടെ. സിന്ധുവിനെ എല്ലാ ദിവസവും വൈകിട്ട് എന്റെ വീട്ടിലേക്കു പറഞ്ഞയച്ചോളൂ. അവള്‍ക്ക് ഞാന്‍ ട്യൂഷനെടുക്കാം. പഠിക്കാന്‍ മിടുക്കിയാണ്. അവള്‍ ഉന്നതവിജയം നേടിക്കാണാന്‍ എനിക്കാഗ്രഹമുണ്ട്.''
ദേവകി പറഞ്ഞു: ''അതൊക്കെ റ്റീച്ചറിനു ബുദ്ധിമുട്ടല്ലേ?''
''എന്തു ബുദ്ധിമുട്ട്. എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്. അമ്മ മാത്രമേ വീട്ടിലുള്ളൂ. സിന്ധുവില്‍ വലിയൊരു ഭാവി ഞാന്‍ കാണുന്നു. ശരി, ഞാനിറങ്ങട്ടെ. നാളെമുതല്‍ അവളോടു ക്ലാസില്‍ വരാന്‍ പറയൂ.''
രാഘവനെ നോക്കി റ്റീച്ചര്‍ പറഞ്ഞു: ''ഞാന്‍ ഏറെ സന്തോഷത്തോടെയാണ് പോകുന്നത്. രാഘവേട്ടന്‍ ഒരു പുതിയ മനുഷ്യനായി.''
കൈകള്‍ വീശി റ്റീച്ചര്‍ യാത്ര പറഞ്ഞിറങ്ങി.
രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം രാഘവനും ദേവകിയും രണ്ടു മക്കളും റ്റീച്ചറുടെ വീട്ടിലെത്തി. സിന്ധുവിന്റെ കൈയില്‍ ഒരു കേക്കുണ്ടായിരുന്നു, റ്റീച്ചറിന് സമ്മാനിക്കാന്‍. അന്നു ലാലിറ്റീച്ചറിന്റെ ജന്മദിനമായിരുന്നു.