എന്തൂട്ടാടാ ചെക്കാ രാവിലെതന്നെ തൊടങ്ങിയോ നിന്റെ ഓരോ കോപ്രായങ്ങള്‍. എടാ നശൂലമേ പത്തില്‍ തോറ്റ നീ ഈ കുണ്ടാമണ്ടിയൊക്കെ വെച്ച് എന്തുണ്ടാക്കാനാടാ കുഴിമടിയാ? ആ നേരം പത്തക്ഷരം പഠിച്ചിരുന്നെങ്കില്‍ അപ്പുറത്തെ വീട്ടിലെ ആരതീടെ മോന്റെകൂടെ നിനക്കും പോകാമായിരുന്നില്ലേ കോളേജിലേക്ക്. ഇങ്ങനെ ഒരു മണ്ടനായിപ്പോയല്ലോ എന്റെ ഭഗവാനേ ഈ ചെക്കന്‍. നോക്കിക്കോ ഒരു ദിവസം ഞാനിതൊക്കെ എടുത്ത് ഒരേറു കൊടുക്കും ആ തോട്ടിലേക്ക്. അതോടെ തീരും നിന്റെ ഈവട്ട്.
ഉമ്മറത്തിരുന്നു പേപ്പര്‍ വായിക്കുന്ന സോമന്‍, ഭാര്യ സുമതി മോനോടു കയര്‍ക്കുന്നതു കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: എടീ സുമതിയേ, നീ ഇതിപ്പോ എന്തൂട്ടാ പറേണ്. അവന്‍ ചെയ്യുന്നത് എന്താണെന്നു നിനക്കറിയോ? എടീ മണ്ടീ ഇതു കമ്പ്യൂട്ടര്‍യുഗമാണ്, കമ്പ്യൂട്ടര്‍. അവന്‍ അവിടുന്നും ഇവിടുന്നും കൂട്ടുകാരോട് ഓരോന്നു ചോദിച്ചുകൊണ്ടു വന്ന് ചില പരീക്ഷണങ്ങള്‍ നടത്താണ്. പരീക്ഷയില്‍ തോറ്റു എന്നു കരുതി ജീവിതത്തില്‍ മണ്ടനായിക്കൊള്ളണം എന്നില്ലല്ലോ? സ്വന്തം മക്കളെ ഇങ്ങനെ തരം താഴ്ത്തി പറയാതെടീ. അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവിനെ ഒന്നു തിരിച്ചറിയാന്‍ ശ്രമിക്കയല്ലേ വേണ്ടത്? നിനക്കില്ലാതെ പോയതും അതാണല്ലോ എന്നു പറഞ്ഞു സോമന്‍ വീണ്ടും ഉറക്കെ ചിരിക്കാന്‍ തുടങ്ങി.
ചിരി കണ്ട് അരിശം മൂത്ത ഭാര്യ ഉമ്മറത്തേക്ക് കലിതുള്ളിക്കൊണ്ടോടി വന്നു പറഞ്ഞു: ...ദേ മനുഷ്യാ, ഞാനൊരു കാര്യം പറഞ്ഞേക്കാം. ഇങ്ങളെപ്പോലെ ഈ ചെക്കന്‍ ഇപ്പം ആകണ്ട. വല്യ കാര്യത്തില് പറയൂലോ ഞാന്‍ പണ്ടത്തെ പത്താം ക്ലാസ്സ്‌കാരനാ എന്നൊക്കെ. എന്നിട്ടിപ്പോ എന്തുണ്ടായി? തനി നാടന്‍പണിക്കല്ലേ ഇങ്ങള് പോണത്. ചുമ്മാ രാവിലെതന്നെ അങ്ങ് കേറി ചൊറിയാന്‍ വരല്ലേ പറഞ്ഞേക്കാം. എന്താ പറഞ്ഞേ ഞാനൊരു മണ്ടിയാണെന്നോ? അതേ.... അതോണ്ടാണല്ലോ എനിക്കീ ഗതിവന്നത്. അല്ലെങ്കില്‍ ഇതുപോലെ ഒരെണ്ണത്തിനെ ഞാന്‍ കെട്ടുമായിരുന്നോ? വല്ലവന്റെയും കൂടെ സുഖമായി കഴിയേണ്ടതിനു പകരം ഇവിടെ ക്കിടന്നു നരകിക്കുന്നു.
ഉമ്മറത്ത് അച്ഛനും അമ്മയും ഓരോന്നു പറഞ്ഞു കശപിശ കൂടുന്നതു കണ്ട് ക്ഷമകെട്ട മകന്‍ അങ്ങോട്ടേക്കു വന്നു: ദേ അമ്മേ... ഒന്നു നിര്‍ത്തുന്നുണ്ടോ? എന്തൂട്ടാ അച്ഛാ ഇത്? രാവിലെതന്നെ തുടങ്ങിയോ?
ഓ അപ്പൊ എനിക്കാണോ കുറ്റം? എടാ നിന്റെ അച്ഛന്‍ പറഞ്ഞത് നീ കേട്ടില്ല അല്ലേ? അല്ലെങ്കിലും എല്ലാക്കാര്യത്തിലും അച്ഛനും മോനും ഒന്നാണല്ലോ? എനിക്കാണല്ലോ ഇപ്പോ വിവരമില്ലാു പോയത്.
എന്റെ പൊന്നമ്മേ, അതും ഇതും പറഞ്ഞു ചുമ്മാ ഒടക്കല്ലേ? അയല്‍വാസികള്‍ എന്തു വിചാരിക്കും? അവര്‍ പറയും ദേ കണ്ടില്ലേ ആ പയ്യന്‍ തോറ്റതിന്റെ പേരില്‍ അവിടെ എന്നും വഴക്കാണെന്ന്. തോറ്റ എനിക്കാണെങ്കിലോ ഒരു കൂസലും ഇല്ല. നിങ്ങക്ക് ഇതൊന്നും മനസ്സിലാവുന്നില്ലല്ലോ. അതേയ്... പിന്നെ രണ്ടാളോടും ഞാനൊരു കാര്യം പറഞ്ഞേക്കാം. ഇനി ഇതിന്റെ പേരില്‍ ഒരു വഴക്കും ഈ വീട്ടില്‍ വേണ്ട. ജീവിതത്തില്‍ എന്താകണം എന്ന് ഞാനാണു തീരുമാനിക്കുക. അല്ലാതെ അടുത്ത വീട്ടിലെ മക്കളെപ്പോലെ ആകണമെന്നു പറഞ്ഞ് ഇവിടെക്കിടന്നു വാശി പിടിക്കല്ലേ.
നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല എന്നു പറഞ്ഞു സുമതി അടുക്കളയിലേക്കു പോയി.
പാതിവായിച്ച പേപ്പര്‍ വീണ്ടും സോമന്‍ വായിക്കാന്‍ തുടങ്ങി. വായനയ്ക്കിടയില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയ വാര്‍ത്ത കണ്ട് ഞെട്ടി. ''പത്താംക്ലാസ്സ് റിസള്‍ട്ടിന്റെ കുരുക്കില്‍ ജീവനൊടുക്കി.'' ഇന്നലെ മുതല്‍ കാണാതായ തോപ്പുംപടിയിലെ കൊച്ചുണ്ണിയുടെ മകന്‍ ഒടിയന്‍കുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. പത്തില്‍ തോറ്റതിനെത്തുടര്‍ന്ന് വീട്ടിലുണ്ടായ വഴക്കാണ് ഇത്തരമൊരു കടുംകൈക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു കണ്ടെടുത്ത മരണക്കുറിപ്പില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.
കസേരയില്‍നിന്ന് മെല്ലെ എഴുന്നേറ്റു പേപ്പര്‍ ഉമ്മറത്തെ ഉത്തരത്തില്‍ തിരുകിയശേഷം സുമതിയോടു പറഞ്ഞു... എടീ കുളിക്കാന്‍ കുറച്ചു ചൂടുവെള്ളം എടുക്ക്. കുളിച്ചിട്ട് ഒന്ന് കൊച്ചുണ്ണിയുടെ വീടുവരെ പോകണം.
കുളിക്കാന്‍ പോകുന്ന പോക്കില്‍ മകനോടു പറഞ്ഞു. എടാ നിനക്ക് ഇഷ്ടമുള്ളതു പഠിക്കാം അതിനാരും തടസ്സം നില്‍ക്കില്ല.
പഠനകാര്യത്തില്‍ മക്കളുടെമേല്‍ ഓരോന്ന് അടിച്ചേല്പിക്കുന്നത് സ്വയം വരുത്തുന്ന ആപത്താണെന്ന് ഇന്നത്തെ അച്ഛനമ്മമാര്‍ക്ക് ഇനിയെന്നു മനസ്സിലാകും എന്നു പിറുപിറുത്തുകൊണ്ട് കുളിമുറിയിലേക്കു നടന്നു.
അരിശം മാറാത്ത സുമതി അപ്പോഴും അടുക്കളയില്‍ പാത്രങ്ങളോടു മല്ലിടുന്നുണ്ടായിരുന്നു.
പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റതിന്റെ കൂസലൊന്നുമില്ലാത്ത മകന്‍ ഉമ്മറത്തിരുന്നുകൊണ്ട് തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.