മാറിമാറി കേരളം ഭരിച്ച ഭരണ സംവിധാനങ്ങളുടെ ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയാതിപ്രസരവുംമൂലം തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയുടെ മുകളില്‍ കയറിനിന്ന് വികസനത്തിന്റെ വീരവാദം മുഴക്കുന്നവര്‍ക്കുനേരേ വിരല്‍ ചൂണ്ടാതെ നിവൃത്തിയില്ല. ദൈവത്തിന്റെ സ്വന്തംനാടിന്റെ നാശത്തിലേക്കുള്ള വഴികളില്‍ മനംനൊന്ത് ആത്മാഭിമാനം മാത്രമല്ല, ജീവിതംപോലും പ്രതിസന്ധിയിലാകുന്ന ജനങ്ങളുടെ ദുരവസ്ഥ നേര്‍ക്കാഴ്ചയാകുന്നു. രാഷ്ട്രീയനേതൃത്വങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണകവചമൊരുക്കുന്നതിനും സുഖലോലുപതയ്ക്കുംവേണ്ടി ഒരു ജനസമൂഹത്തെയൊന്നാകെ നടുക്കടലിലേക്കു തള്ളിവിടുന്ന അധികാരധാര്‍ഷ്ട്യം എത്രനാള്‍ നാം സഹിക്കണം? കേരളസമൂഹത്തിന്റെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഭരണവീഴ്ചകളിലെ സത്യങ്ങളും വസ്തുതകളുമെന്ത്?
കടമെടുത്തു കഴിയുന്നവര്‍
ഒരാവശ്യത്തിന് കടമെടുക്കുക പുത്തരിയല്ല. ലഭിക്കുന്ന വരുമാനം നിത്യച്ചെലവിനു തികയാതെ വരുമ്പോള്‍ താത്കാലികനിലനില്പിനായി വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരുകളും ലഭ്യമാകുന്ന ഉറവിടങ്ങളില്‍ ധനസഹായം അഭ്യര്‍ഥിക്കുകയും നിശ്ചിതശതമാനം പലിശയ്ക്ക് തിരിച്ചടവുവ്യവസ്ഥകളോടെ കടമെടുക്കുകയും ചെയ്യുന്നത് നാട്ടുനടപ്പിന്റെ ഭാഗമാണ്. എന്നാല്‍, കടമെടുക്കാന്‍പോലും സാധിക്കാത്ത അഥവാ ലഭ്യമല്ലാത്ത തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയില്‍ നാമെന്തു ചെയ്യും? വികസനം മുരടിക്കുന്നതിലുമുപരി ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയജനപ്രതിനിധികള്‍ക്കും ശമ്പളം നല്കാന്‍പോലും സാധിക്കാത്ത ദയനീയാവസ്ഥ നേരിടുമ്പോള്‍ അതിജീവനത്തിനുവേണ്ടി അധികാരികള്‍ മുണ്ടുമുറുക്കിയുടുക്കാന്‍ ശ്രമിക്കാതെ കടംവാങ്ങി ധൂര്‍ത്തുനടത്തുന്ന ഭരണപരാജയത്തിന്റെ ഇരകളാകുകയാണ് ഈ നാട്ടിലെ സാധാരണജനത.
ക്ഷേമപെന്‍ഷനുകള്‍ മുടങ്ങി. പണം ആവശ്യപ്പെട്ടുള്ള വിവിധ വകുപ്പുകളുടെ ഫയലുകള്‍ അലമാരകളിലിരുന്നു ചിതലരിക്കുന്നു. ട്രഷറി നിയന്ത്രണങ്ങള്‍, താറുമാറായ വിവിധ പദ്ധതികള്‍, ഇനി ശമ്പളവും മുടങ്ങുന്ന സ്ഥിതിവിശേഷം. വികസനങ്ങളാകട്ടെ കടലാസുകളിലും കമ്പ്യൂട്ടറുകളിലും. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ജനങ്ങളെ വിഡ്ഢികളാക്കി വാചകക്കസര്‍ത്തിനും ന്യായീകരണത്തിനുമപ്പുറം നടപ്പിലാകാത്ത പദ്ധതികള്‍ ഒട്ടനവധി. എന്നിട്ടും വേണ്ടത്ര ഗൗരവത്തോടെ പ്രശ്‌നങ്ങളെ സമീപിക്കാനും സാമ്പത്തികനിയന്ത്രണങ്ങളിലൂടെ നാടിനെ ചേര്‍ത്തുനിറുത്താനുമുള്ള ശ്രമങ്ങള്‍ ശുഷ്‌കം.
വരുമാനവഴികളിലെ ചോര്‍ച്ചകള്‍ കണ്ടെത്താനോ പുതിയ വരുമാനമാര്‍ഗങ്ങള്‍ തെളിക്കുവാനോ സാധിക്കാത്ത ഭരണനിഷ്‌ക്രിയത്വം നാമിന്ന് അഭിമുഖീകരിക്കുന്നു. ഓവര്‍ഡ്രാഫ്റ്റിലൂടെ നിത്യച്ചെലവു നടത്തുന്ന ഗതികെട്ട അവസ്ഥ സംസ്ഥാനത്തിന്റെ അഭിമാനംപോലും പണയപ്പെടുത്തുന്നു. ജൂലൈമാസത്തില്‍ത്തന്നെ വീണ്ടും 2000 കോടി രൂപ കടമെടുത്ത് ഓവര്‍ഡ്രാഫ്റ്റ് അതിജീവിക്കാനാണ് ശ്രമം. ഈ കടമെടുപ്പാകട്ടെ ജനങ്ങളെ നന്നാക്കാനോ വികസനപ്രവര്‍ത്തനങ്ങള്‍ക്കോ അല്ല, ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ശമ്പളം കൊടുക്കാന്‍ മാത്രം.
ഭരണം ശമ്പളം നല്കാന്‍ മാത്രമോ?
ഓണക്കാലത്ത് ഉദ്യോഗസ്ഥര്‍ക്കു ബോണസും ശമ്പളവും കൊടുക്കാന്‍വേണ്ടി കേരളംപോലും തീറെഴുതാന്‍ സര്‍ക്കാരിനു മടിയില്ല. അതേസമയം,
കേരളത്തിന്റെ കാര്‍ഷികസമ്പദ്ഘടനയുടെ നട്ടെല്ലായ നെല്‍കര്‍ഷകരില്‍നിന്ന് കഴിഞ്ഞവര്‍ഷം വാങ്ങി അരിയാക്കി വിപണിയിലെത്തിച്ചു വിറ്റതും ജനങ്ങള്‍ വാങ്ങി ഭക്ഷിച്ചതുമായ നെല്ലിന്റെ പണംപോലും കര്‍ഷകര്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. തേങ്ങാസംഭരണവും നിലച്ചു. റബറിന്റെ വിലത്തകര്‍ച്ചയില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാപദ്ധതിയും മുടങ്ങി. കാര്‍ഷികവിലത്തകര്‍ച്ചയില്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനതയും വഴിമുട്ടിനില്‍ക്കുന്ന ദയനീയത കാണാനോ സഹായമേകാനോ സര്‍ക്കാരിനാകുന്നില്ല. പ്രവാസികളുടെ പണംകൊണ്ടു ജീവിക്കുന്ന സംസ്ഥാനത്തിന് ആ വാതിലും ഭാവിയില്‍ അടയുന്ന സ്ഥിതിവിശേഷം. ജന്മം നല്കിയ നാടിനെ നശിച്ച നാടെന്നു വിളിച്ചുപറഞ്ഞു നാടുവിട്ടോടുന്ന യുവത്വം. ഭാവിയില്‍ സംസ്ഥാനത്തിന്റെ സാമൂഹികസാമ്പത്തിക വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന തകര്‍ച്ചയുടെ ആഴവും ഭീകരതയും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ദീര്‍ഘവീക്ഷണമില്ലാത്ത ഭരണകര്‍ത്താക്കള്‍ക്കാകുന്നില്ല. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധി സാധാരണജനജീവിതത്തെ സാരമായി ബാധിച്ചിട്ടും സര്‍ക്കാര്‍ ഇടപെടാതെ ഒളിച്ചോടുന്നു. ന്യായവിലയ്ക്കു ഭക്ഷ്യസാധനങ്ങള്‍ ജനങ്ങള്‍ക്കു നല്കാന്‍ ഉത്തരവാദിത്വപ്പെട്ട സപ്ലൈക്കോ കടക്കെണിയിലും കെടു
കാര്യസ്ഥതയിലും മുങ്ങിത്താഴുക മാത്രമല്ല വന്‍ ബാധ്യതയ്ക്കു നടുവിലുമാണ്. ഇതെങ്ങനെയെന്ന ചോദ്യം ഉദ്യോഗസ്ഥത്തട്ടിപ്പിന്റെ മറുപുറത്തിലേക്കു വിരല്‍ചൂണ്ടും. 549 കോടി രൂപ സപ്ലൈക്കോ വിതരണക്കാര്‍ക്കു കൊടുക്കാനുണ്ടെന്നാണു കണക്കുകള്‍. അങ്ങനെയെങ്കില്‍ വിറ്റ സാധനങ്ങളുടെ പണം എവിടെപ്പോയി എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷേ, അതിനും സര്‍ക്കാരിന് ഉത്തരമില്ല.
ഭരിക്കുന്നതു രോഗികളോ?
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടു രണ്ടുവര്‍ഷവും രണ്ടുമാസവും ഇതിനോടകം പിന്നിട്ടു. മന്ത്രിമാരുടെമാത്രം ചികിത്സാച്ചെലവുകളുടെ കണക്കുകള്‍ കേട്ടാല്‍ ജനം ഞെട്ടും. എംഎല്‍എമാരുള്‍പ്പെടെ മറ്റു ജനപ്രതിനിധികളുടെ വേറെ. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കുമുമ്പു ലഭിച്ച കണക്കുകള്‍പ്രകാരം രണ്ടുവര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് 31.76 ലക്ഷം രൂപ.
മന്ത്രിമാരായ കൃഷ്ണന്‍കുട്ടി 31.31 ലക്ഷം രൂപ, ദേവര്‍ കോവില്‍ 4,04,020, ആന്‍ണി രാജു 3,99,492, ശിവന്‍കുട്ടി 8,85,497, ആര്‍ ബിന്ദു 93,378, ശശീന്ദ്രന്‍ 2,44,865 ഇങ്ങനെ പോകുന്നു ചികിത്സാച്ചെലവുകണക്കുകള്‍. നാടു ഭരിക്കുന്നവര്‍ ലക്ഷങ്ങള്‍ മുടക്കി ചികിത്സിക്കേണ്ട രോഗികളാണല്ലോ എന്നോര്‍ത്തു ദുഃഖം തോന്നുന്നു. നികുതിയും ജിഎസ്ടിയും മാത്രമല്ല മദ്യമൊഴുക്കിയും ലോട്ടറിവിറ്റും സാധാരണക്കാരനെ ചൂതുകളിപ്പിച്ചും ഖജനാവിലെത്തുന്ന പണം രോഗത്തിന്റെ പേരില്‍ വീതംവച്ചെടുക്കുന്ന ഇത്തരം തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ ആര്‍ക്കുസാധിക്കും? ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണു കേരളത്തിലേതെന്ന് അവകാശവാദമുന്നയിക്കുന്നവര്‍, ചികിത്സയ്ക്കായി വിദേശത്തേക്കു വണ്ടികയറുന്നു. നേതൃത്വങ്ങളുടെ ഇത്തരം കാപട്യം തിരിച്ചറിയാന്‍ പൊതുസമൂഹത്തിന് ഇനിയുമാകുന്നില്ല.
കേന്ദ്രത്തിനെ പഴിചാരി എത്രനാള്‍?
എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ പഴിചാരി ഉത്തരവാദിത്വങ്ങളില്‍നിന്നും ഭരണപരാജയങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഇടതുപക്ഷതന്ത്രത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണം തരണം, അരി തരണം, പണി തരണം തുടങ്ങി മുദ്രാവാക്യങ്ങളുതിര്‍ത്തു മുഷ്ടിചുരുട്ടി തെരുവിലിറങ്ങുമ്പോള്‍ ഓര്‍മിക്കേണ്ടതു സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം മാറിമാറി അധികാരത്തിലെത്തിയവര്‍ ഈ നാടിനെ എവിടെ ചെന്നെത്തിച്ചുവെന്നതാണ്.
ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളും കേരളത്തിന്റെ അയല്‍സംവിധാനങ്ങളും വികസനക്കുതിപ്പില്‍ മുന്നേറുമ്പോള്‍ പ്രവാസിപ്പണത്തില്‍ മാത്രം ശരണപ്പെട്ട് പരസ്പരം രാഷ്ട്രീയപ്പോരില്‍ വികസനത്തെ പിറകോട്ടടിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഇടതുവലതുമുന്നണികള്‍ക്കുണ്ട്. നെല്‍കൃഷി 7.14 ലക്ഷം ഹെക്ടറില്‍നിന്ന് 1.78 ലക്ഷം ഹെക്ടറിലേക്ക് 66 വര്‍ഷത്തിനുള്ളില്‍ നിലംപരിശായെങ്കില്‍ ഉത്തരവാദിയാര്? ആഗോള സാങ്കേതിക വിദ്യാഭ്യാസമുന്നേറ്റത്തെ തടഞ്ഞുനിറുത്തി തകര്‍ത്തവരിന്ന് കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നതിലെന്തര്‍ത്ഥം? ആഗോളകമ്പനികളും വ്യവസായികളും സഹ്യനുള്ളിലേക്കു കടന്നുവരാതെ മതിലുകള്‍ തീര്‍ത്ത് ഇവിടെ സമരസംഘര്‍ഷഭൂമികളും അവകാശസമരങ്ങളും നടത്തി മലയാളിയുടെ വികസനസങ്കല്പങ്ങളെ തകര്‍ത്തവര്‍ക്ക് കേന്ദ്രത്തെ പഴിചാരാന്‍ എന്തവകാശം? വിദ്യാര്‍ത്ഥിസമരത്തിലൂടെ ഉന്നതവിദ്യാഭ്യാസമേഖലയെ കുഴിച്ചുമൂടിയവര്‍ക്കു മറുപടി നല്കി പുതുതലമുറ നാടുവിട്ടോടുന്നത് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടാണോയെന്നു രാഷ്ട്രീയാന്ധതബാധിച്ച കേരളസമൂഹം ഉള്ളുതുറന്നു ചിന്തിക്കണം.
ജനങ്ങള്‍ വിഡ്ഢികളല്ല
ജീവിതം വഴിമുട്ടി തകര്‍ച്ച നേരിടുമ്പോള്‍ നികുതിദായകരായ ജനങ്ങള്‍ സര്‍ക്കാരിനോടു കണക്കു ചോദിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അധികാരകേന്ദ്രങ്ങളുടെ ഭരണപാളിച്ചകളും ധനവിനിയോഗനിര്‍വഹണത്തിന്റെ വീഴ്ചകളും പൊതുസമൂഹം രാഷ്ട്രീയത്തിനതീതമായി ചോദ്യം ചെയ്യുന്നില്ലെങ്കില്‍ സ്വന്തം നിലനില്പുപോലും അവതാളത്തിലാകും. സര്‍ക്കാരിന്റെ പ്രഖ്യാപിതപദ്ധതികളും അതിനായി വകയിരുത്തുന്ന പണത്തിന്റെ വിനിയോഗവും എന്തു ഫലമുണ്ടാക്കുന്നുവെന്നു പഠിക്കേണ്ടതാണ്.
ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ ജനങ്ങളുടെമേല്‍ അധികനികുതിഭാരം അടിച്ചേല്പിക്കുന്നത് ഭരണനൈപുണ്യമല്ല. ഇതിനായി ഇതര ധനാഗമമാര്‍ഗങ്ങള്‍ കണ്ടെത്തുകയാണു വേണ്ടത്. പെട്രോള്‍, മദ്യം, വെള്ളം, കെട്ടിടം, ഭൂമി എന്നീ തലങ്ങളില്‍ നികുതി വര്‍ധിപ്പിച്ച് വരുമാനം കൂട്ടി രക്ഷപ്പെടാമെന്ന ചിന്തയുടെ കാലംകഴിഞ്ഞെന്നു മാത്രമല്ല ഇതൊരു ശാശ്വതപരിഹാരവുമല്ല. മറിച്ച്, വ്യക്തതയുള്ള ആസൂത്രണമാണ് ഇനിയുള്ള നാളുകളില്‍ കേരളത്തിനു വേണ്ടത്. ആഗോള മത്സരക്ഷമത കൈവരിക്കാനും ആഗോളവിപണികള്‍ കീഴടക്കി മുന്നേറാനും അതോടൊപ്പം പുതുതലമുറയെ സ്വന്തം നാടിനോടു ചേര്‍ത്തുനിറുത്താനും പറ്റിയ എന്തു പദ്ധതികളാണ് നമുക്കുള്ളത്? നമ്മുടെ വികസനാസൂത്രണങ്ങളും വികസനപരിപാടികളും വിദ്യാഭ്യാസപദ്ധതികളും ഈ ലക്ഷ്യംവച്ചുള്ളതാകണം. കാരണം, കേരളജനത അറിവും പഠനവുമുള്ളവരാണ്; വിഡ്ഢികളല്ല.
വിദ്യാഭ്യാസപ്രതിസന്ധികള്‍
കേരളത്തിന്റെ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധികളുടെ ആഴം അളക്കാനോ അംഗീകരിക്കാനോ മാറ്റങ്ങള്‍ക്കു തയ്യാറാകാനോ വിദ്യാഭ്യാസവിദഗ്ദ്ധരോ രാഷ്ട്രീയഭരണനേതൃത്വങ്ങളോ ശ്രമിക്കുന്നില്ല. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പതിനായിരക്കണക്കിനു സീറ്റുകളാണ് പഠിക്കാന്‍ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്. 147 അഫിലിയേറ്റഡ് കോളജുകളുള്ള കേരള യൂണിവേഴ്‌സിറ്റിയില്‍ മാത്രം 2022-23 അധ്യയനവര്‍ഷം വിവിധ ഡിഗ്രി കോഴ്‌സുകളില്‍ 11,800 സീറ്റുകള്‍ കാലിയായിരുന്നു. ഇതില്‍ 817 സീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി മാറ്റിവച്ചതും. എംജി യൂണിവേഴ്‌സിറ്റിയുടെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. 2023-24 ലെ ഈ അഡ്മിഷന്‍സമയത്തും സ്ഥിതി വീണ്ടും അതീവഗുരുതരം. പ്രത്യേകിച്ച് പരമ്പരാഗതവിഷയങ്ങളില്‍ പഠിക്കാന്‍ ആളില്ല. അതേസമയം കാലത്തിന്റെ സാധ്യതകള്‍ കണ്ടെത്തി മാറ്റങ്ങള്‍ക്കു വിദ്യാഭ്യാസവിദഗ്ദ്ധര്‍ തയ്യാറാകുന്നുമില്ല. പണിതരാത്ത പഠനത്തിന് ഞങ്ങളെ കിട്ടില്ലെന്നുള്ള പുതുതലമുറയുടെ കാഴ്ചപ്പാട് പ്രതീക്ഷ നല്കുന്നുവെന്നുമാത്രമല്ല സ്വന്തം മണ്ണില്‍ തളച്ചിടാന്‍ തങ്ങളെ വിട്ടുകൊടുക്കില്ലെന്നുള്ള അവരുടെ വാശിയും അന്വര്‍ത്ഥമാകുന്നതാണ് ആനുകാലിക ആഗോള കുടിയേറ്റം. ഫലമോ, ബുദ്ധിയുള്ള പുതുതലമുറ നാടുവിടുന്നു. ഇതിന്റെ മറ്റൊരു പ്രത്യാഘാതമായി തൊഴില്‍ നഷ്ടപ്പെടുന്ന അധ്യാപകരുടെ എണ്ണവും കൂടും. സര്‍ക്കാര്‍ ശമ്പളത്തില്‍ കയറിപ്പറ്റിയാല്‍ അതും ഒരു യൂണിയനില്‍ അംഗവുംകൂടിയായാല്‍ ഞങ്ങളെ ആരും തൊടില്ലെന്നുള്ള ധാര്‍ഷ്ട്യം ഇനി അധ്യാപകര്‍ക്കും വേണ്ട. പഠിക്കാന്‍ കുട്ടികളില്ലാത്തപ്പോള്‍ അധ്യാപകന്റെ പ്രസക്തിയെന്ത്? ഇത് ഉന്നതവിദ്യാഭ്യാസമേഖലയിലെമാത്രം പ്രശ്‌നമെന്നു പറഞ്ഞു പരിഹസിക്കാന്‍ വരട്ടെ. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രാഥമികവിദ്യാഭ്യാസമേഖലയിലും പഠിക്കാന്‍ കുട്ടികളില്ലാതെ പ്രതിസന്ധി വ്യാപിക്കും. ഇവ പ്രധാനമായും രണ്ടു കാരണങ്ങളാലാണ്. വ്യക്തികള്‍ നാടുവിടുമ്പോള്‍ കുടുംബങ്ങളും അവരോടൊപ്പം ചേരുന്ന കുടിയേറ്റപ്രക്രിയയാണ് ഇന്നത്തേത്. അതിനാല്‍ത്തന്നെ ജനസംഖ്യാശോഷണമുണ്ടാകും. മറ്റൊന്ന് ആറും അതിലേറെയും മക്കളുള്ള കുടുംബങ്ങളില്‍നിന്ന് രണ്ടു മക്കളിലേക്കും മക്കള്‍ വേണ്ടാത്ത ജീവിതശൈലിയിലേക്കും മാറ്റം സംഭവിക്കുന്നതും കാണാതെ പോകരുത്. ഇതെല്ലാം സൃഷ്ടിക്കുന്ന സാമൂഹിക അസന്തുലിതാവസ്ഥയുടെ ആഴങ്ങള്‍ വളരെ വലുതാണ്.
ഭീകരവാദം ശക്തിപ്പെടുന്നുവോ?
വടക്ക് കാശ്മീരില്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദ അജണ്ടകള്‍ തെക്ക് കേരളത്തില്‍ ശക്തിപ്പെടുന്നുവെന്നതിന്റെ റിപ്പോര്‍ട്ടുകളും അനുഭവങ്ങളും മുഖവിലയ്‌ക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നില്ല. സംസ്ഥാനമറിയാതെതന്നെ കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് ഭീകരവാദം അമര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാനത്തിടപെടുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ചില സംഘടനകളെ നിരോധിക്കുകയും ചെയ്തു. മയക്കുമരുന്നിന്റെ ഏറ്റവും വലിയ ഇറക്കുമതിവിതരണകേന്ദ്രമായി കേരളം മാറിയിരിക്കുന്നു. പെരുകുന്ന കൊലപാതകങ്ങള്‍, തകരുന്ന കുടുംബബന്ധങ്ങള്‍, ആത്മഹത്യകള്‍, നഷ്ടപ്പെടുന്ന യുവത്വങ്ങള്‍, മതവര്‍ഗീയതയുടെ വോട്ടുബാങ്ക്, ഭീകരവാദ സ്ലീപ്പിങ് സെല്ലുകള്‍, തെരുവിലെ അക്രമങ്ങള്‍, വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ മറവിലെ വര്‍ഗീയ അജണ്ടകള്‍. നമ്മുടെ ഈ നാടിന്റെ യാത്ര നാശത്തിന്റെയും തകര്‍ച്ചയുടെയും വഴികളിലൂടെയാണ്. മാറ്റങ്ങള്‍ക്കു തയ്യാറാകുന്നില്ലെങ്കില്‍ നഷ്ടങ്ങളുടെ പെരുകുന്ന കണക്കുകള്‍ നമ്മെ കീഴടക്കും.
ജനജീവിതം ദുസ്സഹം
കേരളത്തിലെ സാധാരണജനതയുടെ ജീവിതം ഇന്ന് ഏറെ ദുസ്സഹമാണ്. രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒഴികെയുള്ള ജനസമൂഹം ജീവിതം കൂട്ടിമുട്ടിക്കാനാവാതെ ഏറെ ആശങ്കയില്‍ കഴിയുന്നു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ഒരുവശത്ത്. കര്‍ഷകരാകട്ടെ കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്നു. അതിനിടയിലാണ് അടിച്ചേല്പിക്കുന്ന നികുതിഭാരങ്ങളും. വിലക്കയറ്റം 30 മുതല്‍ 300 ശതമാനം വരെയെത്തി. കുടുംബബജറ്റുകള്‍ താളംതെറ്റുന്നു. കെട്ടിടനികുതി വര്‍ധിപ്പിച്ചു. ഇന്ധനവിലയില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സംസ്ഥാനമായി കേരളം മാറി. വൈദ്യുതി സര്‍ചാര്‍ജ് യൂണിറ്റിന് 18 പൈസ കൂട്ടി. വെള്ളക്കരം മൂന്നു മടങ്ങു വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായവില കൂട്ടി. കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസ് കൂട്ടി. കാലഹരണപ്പെട്ട ഭൂനിയമങ്ങളും സര്‍ക്കാര്‍ അടിച്ചേല്പിക്കുന്നു. കൃഷിഭൂമി ബഫര്‍ സോണാക്കുന്നു. വന്യജീവിയക്രമങ്ങള്‍ പെരുകുന്നതിനോടൊപ്പം ജീവനെടുക്കപ്പെടുന്ന മനുഷ്യജന്മങ്ങളുടെ കണക്കും പെരുകി. സാധാരണ ജനങ്ങള്‍ക്കു ജീവിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ പ്രതികരണശേഷി നഷ്ടപ്പെട്ട നിസ്സംഗതയുമായി എത്രനാള്‍ നമുക്കു ജീവിക്കാനാവും? ഒരു ദിവസമെങ്കില്‍ ഒരുദിവസം സിംഹത്തെപ്പോലെ ഗര്‍ജിക്കാന്‍ കേരളത്തിലെ സാധാരണ ജനത്തിനാകുമോ? ഈ അവസ്ഥ തുടര്‍ന്നാല്‍ ആ ദിവസങ്ങള്‍ വിദൂരമല്ല.