യ നല്ലൊരു മൃഗം എന്നു ചൊല്ലാത്തവരും പഠിക്കാത്തവരുമില്ല. നായയുടെ യജമാനസ്‌നേഹം അവര്‍ണനീയംതന്നെ. ഓമനകളായ കൊച്ചുപപ്പിക്കുട്ടികള്‍ മുതല്‍ കടുവയെപ്പോലും കിടുകിടാ വിറപ്പിക്കാന്‍ പോന്നത്ര ഭീമാകാരന്മാര്‍ വരെയടങ്ങിയ നായകള്‍ രൂപത്തിലും ഭാവത്തിലും എത്രയെത്രയിനങ്ങളാണ്!
നല്ല നായ്ക്കള്‍ നാടിനും വീടിനും സംരക്ഷകരെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, അവര്‍ യജമാനന്റെ വരുതിയില്‍ നില്‍ക്കുന്നവരായിരിക്കണം. നായകള്‍ നാഥനില്ലാതെ തെരുവിലിറങ്ങി വെറും ''പട്ടി''കളായി അധഃപതിക്കുമ്പോഴാണ് അതൊരു സാമൂഹികദുരന്തമായി മാറുന്നത്. നമ്മുടെ നാട് ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അതുതന്നെ. തെരുവുപട്ടികളെ ഉന്മൂലനം ചെയ്യാന്‍ ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിനുപോലും കഴിയാത്തവിധം നിയമത്തിന്റെ ചങ്ങലകളാല്‍ പൂട്ടപ്പെട്ടിരിക്കുകയാണ്. ജനരോഷം ഭയന്ന് നായകളെ പിടികൂടി വന്ധ്യംകരണം ചെയ്യുന്നതാണ് ഏതു സര്‍ക്കാരും ചെയ്യുന്ന ഏകകലാപരിപാടി. കഷ്ടംതന്നെ! പട്ടികടിയേറ്റവരില്‍ മരിച്ചവരുടെ എണ്ണമേ അധികൃതരുടെ കൈവശമുള്ളൂ. ഈ വര്‍ഷംതന്നെ ഇതിനോടകം ആറുപേരായി. എന്നാല്‍, നായകളുടെ കടിയേറ്റ് ഗുരുതരപരിക്കുകളേറ്റുവാങ്ങിയവര്‍ എത്രയോ അധികമാണ്!
മനുഷ്യജീവന് ഇതുപോലെ വിലയില്ലാതായ കാലം ഇതിനുമുമ്പുണ്ടായിട്ടില്ല. അശ്രദ്ധമായ ഡ്രൈവിങും മരണപ്പാച്ചിലും തല്ലിപ്പൊളി വഴികളും മൂലം ചരമഗതി പ്രാപിക്കുന്നവര്‍ ഒരു വശത്ത്. കാട്ടില്‍ നിന്നിറങ്ങിവരുന്ന പന്നിയും പോത്തും ആനയും പോലുള്ള 'അവതാരങ്ങള്‍' തീര്‍ക്കുന്ന മരണനൃത്തങ്ങള്‍ വേറെ. ഇതിനിടയിലാണ് പട്ടികളുടെ വിളയാട്ടം! തെരുവുനായയ്ക്ക് ഭക്ഷണം കൊടുത്ത വകയില്‍ കിട്ടിയ കടിയേറ്റ് പേയിളകി കൊച്ചിയില്‍ ഒരു വീട്ടമ്മ മരിച്ചിട്ട് നാളുകളായതേയുള്ളൂ. ഇതിനൊക്കെ ആര് ഉത്തരം പറയും? മാധ്യമങ്ങള്‍ ഇതിനെതിരേ എത്ര ശബ്ദിച്ചാലും ബധിരകര്‍ണങ്ങളിലാണതു പതിയുന്നതെന്നു വന്നാല്‍ ആര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും? എന്തായാലും ദീപനാളം എഡിറ്റോറിയല്‍ 'ഇവിടെ സ്വാതന്ത്ര്യം നരനോ നായ്ക്കള്‍ക്കോ?' (നാളം - 16) അവസരോചിതമായിരുന്നു. അഭിനന്ദനങ്ങള്‍!
ബാബു ജോസഫ് ഇടപ്പള്ളി
ചെവിയോര്‍ക്കുമോ നിങ്ങള്‍?
ജോസ് വഴുതനപ്പിള്ളിയുടെ ലേഖനം 'ചെവിയോര്‍ക്കുമോ നിങ്ങള്‍ പരസ്പരം?' (നാളം 8) ഏറെ പ്രസക്തിയുള്ളതായി അനുഭവപ്പെട്ടു. മറ്റുള്ളവരെ ശ്രവിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമായി നമുക്കു തോന്നും. എന്നാല്‍, ഒരു നല്ല ശ്രോതാവായിരിക്കുകയെന്നത് ഉന്നതമായ ഒരു മാനുഷികഗുണമാണ്.
തന്നെ കേള്‍ക്കാനാരുമില്ലാതെ ഏകാന്തദുഃഖം അനുഭവിക്കുന്ന അനേകര്‍ നമുക്കു ചുറ്റുമുണ്ട്. അതിനു പ്രായഭേദമൊന്നുമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധമാതാപിതാക്കള്‍വരെ ആ നിര നീളുന്നു. ഒരു വാക്കുകൊണ്ട്, അല്ലെങ്കില്‍ നോക്കുകൊണ്ടുപോലും നമുക്കൊരാളെ ആശ്വസിപ്പിക്കാന്‍ കഴിയും. പങ്കിടാന്‍ ആരുമില്ലാത്ത ഹൃദയവേദനയുമായി ചങ്കുപൊട്ടി മരിച്ചവരും ആത്മഹത്യയില്‍ അഭയം പ്രാപിച്ചവരും എത്രയാണ്?
തിരക്കിനിടയില്‍ നാമിതൊന്നും ചിന്തിക്കാറില്ല. അവനവനുതന്നെ ചുമക്കാന്‍ ഭാരങ്ങള്‍ ഏറെയാണ്. പിന്നെയല്ലേ, മറ്റുള്ളവരുടെ കാര്യമെന്നാവും പലരുടെയും ന്യായം. ശരിതന്നെ. എന്നാലും മറ്റുള്ളവര്‍ക്കു നാം ചെവികൊടുക്കുന്നെങ്കില്‍ മനസ്സിലാകും, നമ്മുടേത് അത്ര വലിയ ഭാരമല്ലെന്ന്. അല്ലെങ്കില്‍ നമ്മെപ്പോലെ ദുഃഖിക്കുന്നവര്‍ വേറെയുമുണ്ടല്ലോ എന്നൊരാശ്വാസം നമുക്കനുഭവിക്കാന്‍ കഴിയും. ഇനി മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ സമയമില്ലാത്തവര്‍ക്ക് അല്പം അനുകമ്പയെങ്കിലും മറ്റുള്ളവരോടു കാണിച്ചുകൂടേ? എത്ര നിര്‍ദയമായാണ് പലപ്പോഴും നാം മറ്റുള്ളവരോടു പെരുമാറുന്നത്? അധികാരവും പണവും കൊണ്ടു തലയ്ക്കു മത്തുപിടിച്ചവര്‍ സാധുക്കളുടെ മുതുകത്തു കയറിനിന്നു കോലം തുള്ളുന്ന കാഴ്ച നാം എത്രനാളായി കാണുന്നു!
പ്രിയമുള്ളവരേ, മനസ്സു മരവിച്ചവരാകാതെ നമുക്കു മനുഷ്യത്വമുള്ളവരാകാം. എല്ലാ മനുഷ്യരുടെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ ഒരു ശബ്ദമില്ലാത്ത നിലവിളി ഇളകിമറിയുന്നുണ്ട്. പണവും അധികാരവും കൈവശമുള്ളവര്‍ തത്കാലത്തേക്ക് അത് അറിയുന്നില്ലന്നേയുള്ളൂ.
സില്‍വിയാ മാനുവല്‍ വാഴക്കുളം
കടലെടുത്ത കപ്പല്‍ഭീമന്‍
നൂറ്റിപ്പതിനൊന്നു വര്‍ഷം പിന്നിട്ട ടൈറ്റാനിക് ദുരന്തത്തിന്റെ ഓര്‍മയില്‍ തോമസ് കുഴിഞ്ഞാലില്‍ തയ്യാറാക്കിയ 'ഒരു കപ്പല്‍ച്ചേതത്തിന്റെ ഓര്‍മയ്ക്ക്' എന്ന ലേഖനം (2023 ഏപ്രില്‍ 27) വിജ്ഞാനപ്രദവും വികാരനിര്‍ഭരവുമായിരുന്നുവെന്നു പറയട്ടെ.
ഭൂമിയില്‍ മനുഷ്യനിര്‍മിതമായ മഹാദ്ഭുങ്ങള്‍ അനവധിയാണ്. കാലങ്ങളെ അതിജീവിച്ച് അവ ലോകത്തിനുമുമ്പില്‍ ഇന്നും വിസ്മയമായി നിലകൊള്ളുന്നു. എന്നാല്‍, ഒന്നും ശാശ്വതമല്ലെന്ന ഒരോര്‍മപ്പെടുത്തല്‍ ടൈറ്റാനിക് ദുരന്തം നമുക്കു നല്കുന്നുണ്ട്. ഹൃദയഭേദകമാണ് അതിന്റെ കഥ. കണ്‍മുമ്പിലെന്നപോലെ ആ ദുരന്തത്തെ അവതരിപ്പിക്കുന്നതില്‍ ലേഖകന്‍ വിജയിച്ചിരിക്കുന്നു. മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് അതിലെ യാത്രക്കാര്‍ അനുഭവിച്ച മനോസംഘര്‍ഷങ്ങളെയും അഭിമുഖീകരിച്ച ഭീകരനിമിഷങ്ങളെയും ഓര്‍ക്കുക വയ്യ. ടൈറ്റാനിക് സിനിമയിലൂടെയാണ് പുതിയ തലമുറ അധികവും ടൈറ്റാനിക് ദുരന്തത്തെ അറിഞ്ഞിട്ടുള്ളത്. ഇവിടെ തോമസ് കുഴിഞ്ഞാലില്‍ ചരിത്രത്തെ യഥാതഥമായി വിവരിച്ചിരിക്കുന്നു. കപ്പലിന്റെ നീളവും വീതിയും ഉയരവും കൃത്യമായി വായിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് ടൈറ്റാനിക്കിന്റെ ഗരിമ മനസ്സിലാക്കുന്നത്. ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. തോമസ് കുഴിഞ്ഞാലിക്കും ദീപനാളത്തിനും അഭിനന്ദനങ്ങള്‍!
ബേബി ലൂക്കോസ് ഉഴവൂര്‍