ജൂണ്‍ 24-ാം തീയതി പതിനാറു മാസം പൂര്‍ത്തിയാകുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. തെക്കന്‍ യുക്രെയ്‌നിലെ കഖോവ്ക എന്ന ഭീമന്‍ അണക്കെട്ടു തകര്‍ന്ന് ഡസന്‍ കണക്കിനു ഗ്രാമങ്ങളും ഡ്‌നിപ്രോ നദീതീരത്തുള്ള ഏതാനും പട്ടണങ്ങളും വെള്ളത്തിനടിയിലായി.
യുദ്ധത്തില്‍ ശത്രുരാജ്യത്തെ അടിയറവു പറയിക്കാന്‍ അണക്കെട്ടുകള്‍ തകര്‍ത്ത് അവിടത്തെ ജനങ്ങളെ തീരാദുഃഖത്തിലാക്കുന്ന പുതിയ യുദ്ധതന്ത്രമാണോ ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന ചോദ്യം ബാക്കിയാകുന്നു.
യുക്രെയ്‌നില്‍നിന്ന് റഷ്യ പിടിച്ചെടുത്ത മേഖലയിലാണ് ലോകത്തെ ഏറ്റവും നീളംകൂടിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക സ്ഥിതി ചെയ്യുന്നത്. 3.300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അണക്കെട്ടു തടഞ്ഞുനിര്‍ത്തിയിരിക്കുന്ന വെള്ളം 2,000 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള തടാകത്തിനാണു രൂപംകൊടുത്തിരുന്നത്. അണക്കെട്ടു തകര്‍ന്നതോടെ ഇരുപത്തഞ്ചോളം ഗ്രാമങ്ങളും നിക്കോപോള്‍, പൊക്രോവ് തുടങ്ങിയ പട്ടണങ്ങളും ഖെഴ്‌സണ്‍ നഗരവും വെള്ളത്തില്‍ മുങ്ങി. പല പ്രദേശങ്ങളിലും അഞ്ചരമീറ്റര്‍വരെ ജലം ഉയര്‍ന്നുവെന്നും വരുംദിവസങ്ങളില്‍ ഒരു മീറ്റര്‍കൂടി ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള ആയിരക്കണക്കിനു വീടുകള്‍ വെള്ളത്തിനടിയിലായതായാണു വാര്‍ത്ത. പ്രളയജലം കണ്ടു ഭയന്നോടിയ ജനങ്ങള്‍ കുട്ടികളെയും തോളിലേറ്റി കിട്ടാവുന്ന സാധനങ്ങള്‍ കൈയിലെടുത്തു വളര്‍ത്തുമൃഗങ്ങളുമായി ബസുകളിലും ട്രെയിനുകളിലും കയറി നാടുവിട്ടുകൊണ്ടിരിക്കുന്നതായും വാര്‍ത്തയുണ്ട്. വീടുകളുടെ മേല്‍ക്കൂരകളില്‍ കയറി രാത്രി മുഴുവന്‍ ചെലവഴിച്ചവരുമുണ്ട്.
ഇക്കഴിഞ്ഞ 6-ാം തീയതി ചൊവ്വാഴ്ച രാത്രി 2.50 ന് റഷ്യന്‍പട്ടാളമാണ് ബോംബുവച്ച് അണക്കെട്ടു തകര്‍ത്തതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കുറ്റപ്പെടുത്തി. എന്നാല്‍, തങ്ങള്‍ പിടിച്ചെടുത്ത മേഖലകളിലും, 2014 ല്‍ കൈവശപ്പെടുത്തിയ ക്രീമിയ ഉപദ്വീപിലുമുള്ള ജനങ്ങള്‍ക്കു കുടിവെള്ളം തടസ്സപ്പെടുത്തുന്നതിന് യുക്രെയ്‌നാണ് അണക്കെട്ടു തകര്‍ത്തതിനു പിന്നിലെന്ന് റഷ്യയും ആരോപണമുയര്‍ത്തുന്നു. അണക്കെട്ടു തകര്‍ന്നതിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുമ്പോള്‍ 68 വര്‍ഷം പഴക്കമുള്ള ഡാം, ജലത്തിന്റെ അതിസമ്മര്‍ദംമൂലമാകാം തകര്‍ന്നതെന്ന് അഭിപ്രായപ്പെടുന്ന സാങ്കേതികവിദഗ്ധരുമുണ്ട്. അണക്കെട്ടിലുള്ള ചോര്‍ച്ചകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നത് തങ്ങള്‍ കണ്ടിട്ടുണ്ടെന്നും, ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും തദ്ദേശീയര്‍ പറയുന്നു. കാലാവസ്ഥാവ്യതിയാനംമൂലം താപനിലയിലുണ്ടായ വര്‍ധനയില്‍ മഞ്ഞുരുകിയതും കഴിഞ്ഞ മാസം പെയ്ത കനത്ത മഴയില്‍ പ്രളയജലം ഒഴുകിയെത്തിയതും ദുരന്തം ഇരട്ടിക്കാന്‍ കാരണമായി. ഡാം തകരുമ്പോള്‍ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കഖോവ്ക അണക്കെട്ടു തകര്‍ത്തത് യുക്രെയ്‌നാണെന്ന ആരോപണമുയര്‍ത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അതു ''കിരാതമായ നടപടി''യായി എന്നാണു വിശേഷിപ്പിച്ചത്. യുക്രെയ്ന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ബോംബിങ്ങിലൂടെയാണ് അണക്കെട്ടു തകര്‍ന്നതെന്നു കുറ്റപ്പെടുത്തിയ പുടിന്‍ യുക്രെയ്‌ന്റെ നടപടിയെ കൂട്ടായി അപലപിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
ഇതിനിടെ, റഷ്യയുടെ സഖ്യരാജ്യങ്ങളിലൊന്നായ ബെലാറുസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള ഉത്തരവില്‍ പുടിന്‍ ഒപ്പുവച്ചു. റഷ്യയ്ക്കു പുറത്തുള്ള മറ്റൊരു രാജ്യത്ത് റഷ്യ ആണവായുധങ്ങള്‍ വിന്യസിക്കുന്നത് ഇതാദ്യമാണ്. ഉത്തരവില്‍ ഒപ്പിട്ടശേഷം പുടിന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത് ഇപ്രകാരമായിരുന്നു: ''റഷ്യയെ മുട്ടുകുത്തിക്കാമെന്ന യുഎസിന്റെയും സഖ്യകക്ഷികളുടെയും സ്വപ്നം വെറും വ്യാമോഹംമാത്രമാണ്. അണ്വായുധങ്ങള്‍ പ്രയോഗിക്കേണ്ടിവന്നാല്‍പ്പോലും ഉദ്ദേശിച്ച ലക്ഷ്യം നേടാതെ ഈ യുദ്ധത്തില്‍നിന്നു പിന്നാക്കംപോകാന്‍ ഞങ്ങള്‍ക്കാവില്ല. ഈ യുദ്ധം ഞങ്ങളുടെ നിലനില്പിന്റെ പ്രശ്‌നമാണ്.''
കഖോവ്ക അണക്കെട്ട് നശിപ്പിച്ചുവെന്ന വാര്‍ത്ത ആശങ്കയോടെയാണ് തങ്ങള്‍ ശ്രവിച്ചതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഡാം തകര്‍ത്തത് ആരായിരുന്നാലും അത് കടുത്ത കുറ്റകൃത്യമായി കാണേണ്ടിവരുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ മേധാവിയായ ചാള്‍സ് മൈക്കിള്‍ അഭിപ്രായപ്പെട്ടത്. പ്രകോപനപരമായ ഈ നടപടി അപലപനീയമാണെന്നായിരുന്നു നാറ്റോയുടെ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗിന്റെ പ്രതികരണം. അണക്കെട്ടു തകര്‍ത്തതിനെക്കുറിച്ച് അന്തര്‍ദേശീയതലത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് തുര്‍ക്കിയുടെ പ്രസിഡന്റായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട തയ്പ് എര്‍ദോഗന്‍ ആവശ്യപ്പെട്ടു. കീവില്‍ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അണക്കെട്ടു തകര്‍ന്ന് ദുരിതത്തിലായവരോട് അനുകമ്പ രേഖപ്പെടുത്തുകയും സെലെന്‍സ്‌കിയെ സന്ദര്‍ശിച്ച് 50 കോടി ഡോളര്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രഹരത്തിനുമേല്‍ പ്രഹരം
അണക്കെട്ടില്‍നിന്നും ഒഴുകിയെത്തുന്ന വെള്ളം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലും റഷ്യയുടെ ഷെല്ലാക്രമണം തുടരുന്നത് ഏറെ ബുദ്ധിമുട്ടിക്കുന്നതായി പ്രവിശ്യാ ഗവര്‍ണര്‍ ഒലക്‌സാണ്ടര്‍ പ്രൊകുഡിന്‍ അറിയിച്ചു. ഖെഴ്‌സണ്‍ നഗരത്തിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയ സെലന്‍സ്‌കിയുടെ വാഹനവ്യൂഹത്തിനുനേരെയും ആക്രമണമുണ്ടായി. തലസ്ഥാനഗരമായ കീവിലും രണ്ടാമത്തെ വലിയ നഗരമായ ഹാര്‍ക്കീവിലും പോള്‍ട്ടാവ മേഖലയിലും തുറമുഖപട്ടണമായ ഒഡേസയിലും റഷ്യന്‍ മിസൈലുകള്‍ പതിക്കുന്നുണ്ട്. അതേസമയം, യുദ്ധം യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് റഷ്യയുടെ ഉള്‍പ്രദേശങ്ങളിലേക്കും ഏറ്റവുമൊടുവില്‍ യുക്രെയ്ന്‍ ഡ്രോണുകള്‍ മോസ്‌കോയിലും എത്തിയതായി വാര്‍ത്തയുണ്ട്. റഷ്യന്‍ അതിര്‍ത്തിക്കും ഏഴു കിലോമീറ്റര്‍ ഉള്ളിലുള്ള ഷെബെക്കിനോ പട്ടണത്തിലും ബെല്‍ഗോറോഡ് നഗരത്തിലും യുക്രെയ്ന്‍ സായുധസേന ഷെല്ലുകള്‍ വര്‍ഷിച്ചു. ബെല്‍ഗോറോഡില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ സുരക്ഷിതാസ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഷെബെക്കിനോയില്‍നിന്ന് 600 കുട്ടികളെ ഒഴിപ്പിച്ച് അതിര്‍ത്തിയില്‍നിന്ന് അകലെയുള്ള യാനോസ്‌ലാള്‍, കലുഗ എന്നീ പട്ടണങ്ങളിലാക്കി. മോസ്‌കോ നഗരമധ്യത്തിലെത്തിയ എട്ടു ഡ്രോണുകളില്‍ അഞ്ചെണ്ണം വീഴ്ത്തിയതായും മൂന്നെണ്ണത്തെ നിര്‍വീര്യമാക്കിയതായും റഷ്യന്‍ പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തി. നശിപ്പിക്കപ്പെട്ട ഒരു ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ നോവോ ഒഗാരിയോവോയിലുള്ള പുടിന്റെ വസതിയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണു വീണത്.
ഇതിനിടെ, യുദ്ധം തുടങ്ങിയശേഷമുള്ള റഷ്യയുടെ ഏറ്റവും വലിയ മിസൈലാക്രമണത്തില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവ് നടുങ്ങിവിറച്ചു. നഗരസ്ഥാപനത്തിന്റെ 1,541 -ാമത് വാര്‍ഷികാഘോഷങ്ങള്‍ക്കായി ജനം ഒരുങ്ങിക്കൊണ്ടിരിക്കവേയായിരുന്നു ഇക്കഴിഞ്ഞ 10-ാം തീയതി ശനിയാഴ്ച രാത്രിയിലെ മിന്നലാക്രമണം. എന്നാല്‍, ആക്രമണത്തിനെത്തിയ 54 ഡ്രോണുകളില്‍ 40 എണ്ണത്തിനെയെങ്കിലും തകര്‍ത്തുകളഞ്ഞതായി യുക്രെയ്ന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ഇറാന്‍നിര്‍മിത ഷാഹെദ് ഡ്രോണുകളുപയോഗിച്ചുള്ള മിസൈല്‍വര്‍ഷം അഞ്ചു മണിക്കൂര്‍ നീണ്ടു. വിവിധയിടങ്ങളിലെ ആക്രമണങ്ങളില്‍ അഞ്ചു പേര്‍ മരണപ്പെട്ടതായി വാര്‍ത്തകളുണ്ട്.
മൂന്നുലക്ഷം ജനസംഖ്യയുള്ള ഖെഴ്‌സണ്‍ നഗരത്തിലേതുള്‍പ്പെടെ ഏഴു ലക്ഷം പേരുടെ കുടിവെള്ളസ്രോതസായിരുന്ന കഖോവ്ക തടാകമാണ് ഇല്ലായ്മ ചെയ്യപ്പെട്ടത്. പതിനായിരക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമി നശിച്ചതായും 55,000 ഹെക്ടര്‍ വനഭൂമി വെള്ളത്തില്‍ മുങ്ങിയതായും യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. 1,60,000 മൃഗങ്ങളുടെയും 20,000 പക്ഷികളുടെയും ജീവന്‍ അപകടത്തിലാണ്. അണക്കെട്ടു തകര്‍ത്തതുമൂലമുള്ള മലവെള്ളപ്പാച്ചിലില്‍ എത്രപേര്‍ മരണപ്പെട്ടിട്ടുണ്ടാകാമെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ഖെഴ്‌സണ്‍ മേഖലയിലെ 600 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപോറീഷ്യ ന്യൂക്ലിയര്‍ പ്ലാന്റിലെ റിയാക്ടറുകള്‍ തണുപ്പിക്കുന്നതിനാവശ്യമായ വെള്ളം ലഭ്യമാകാതെവന്നതും ആശങ്കാജനകമായ അവസ്ഥയാണ്. ആണവനിലയത്തിനടുത്തും സമീപപ്രദേശങ്ങളിലും ഏറ്റുമുട്ടലുകള്‍ നടന്നപ്പോഴും മിസൈലുകള്‍ പതിച്ചപ്പോഴും മുന്‍കരുതല്‍ എന്ന നിലയില്‍ ആണവനിലയത്തിലെ അഞ്ചു റിയാക്ടറുകളുടെ പ്രവര്‍ത്തനം നിറുത്തിവച്ചിരുന്നു. അണക്കെട്ടു തകര്‍ന്നതോടെ അവിടെനിന്നുള്ള വെള്ളം ലഭിക്കാതെ വരുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ആറാമത്തെ റിയാക്ടറിന്റെ പ്രവര്‍ത്തനവും നിറുത്തിവയ്ക്കുന്നതായി യുക്രെയ്ന്‍ ന്യൂക്ലിയര്‍ എനര്‍ജി ഏജന്‍സി അറിയിച്ചു. സാപോറിഷ്യമേഖലയുടെ സമ്പൂര്‍ണനിയന്ത്രണം റഷ്യ പിടിച്ചെടുത്തെങ്കിലും ആണവനിലയത്തിന്റെ പ്രവര്‍ത്തനവും മേല്‍നോട്ടവും യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍തന്നെയാണു നിര്‍വഹിക്കുന്നത്. 6,000 മെഗാവാട്ട് വൈദ്യുതിയാണ് സാപോറിഷ്യ ആണവനിലയത്തിന്റെ ആകെ ഉത്പാദനശേഷി.
അവസാനമില്ലാതെ നീണ്ടുപോകുന്ന യുക്രെയ്ന്‍ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ച ചരിത്രസംഭവം എന്നതിനപ്പുറം ലോകം അഭിമുഖീകരിച്ചേക്കാവുന്ന ഏറ്റവും വലിയ പാരിസ്ഥിതികദുരന്തംകൂടിയായി മാറാതിരിക്കട്ടേയെന്ന് പ്രത്യാശിക്കാം.
കവര്‍സ്റ്റോറി
അവസാനമില്ലാത്ത യുദ്ധം! റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം പുതിയ വഴിത്തിരിവില്‍
