പരിസരശുചിത്വം വ്യക്തികളുടെ പൗരബോധത്തിന്റെ അടയാളമാണ്. അതിലുപരി അത് ഒരു നാടിന്റെ സംസ്‌കാരമാണ്. ആ സംസ്‌കാരം കാണണമെങ്കില്‍ സിങ്കപ്പൂരിലോ ജപ്പാനിലോ പോകണം. അവിടെ രാജ്യത്തിന്റെ ഏതു കോണില്‍ ചെന്നാലും മാലിന്യമുക്തറോഡുകളും മൈതാനങ്ങളും പൊതുസ്ഥലങ്ങളുമൊക്കെയാണ് കാണാന്‍ കഴിയുക. റോഡില്‍ ഒരു കടലാസ് ഇടാന്‍പോലും ആരും ധൈര്യപ്പെടില്ല. കൊച്ചുന്നാള്‍മുതല്‍ കുട്ടികളെ പരിസരശുചിത്വത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് അത് ഒരു സംസ്‌കാരമായി അവരില്‍ വളര്‍ന്നുവന്നു. ജനങ്ങളുടെ ആരോഗ്യരക്ഷയില്‍ ശ്രദ്ധ ചെലുത്തുന്ന സര്‍ക്കാരും പരിസരശുചിത്വത്തിനും വ്യക്തിശുചിത്വത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും മുന്‍ഗണന നല്‍കി.
ഇനി നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയൊന്നാലോചിച്ചുനോക്കൂ. മാലിന്യക്കൂമ്പാരത്താല്‍ വീര്‍പ്പുമുട്ടുകയാണ് ഇന്ത്യ. അന്താരാഷ്ട്രഖരമാലിന്യ അസോസിയേഷന്റെ കണക്കുകള്‍പ്രകാരം, ഖരമാലിന്യം ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും തൊട്ടുപിന്നിലാണ് ഇന്ത്യ. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങളുടെ പാതിയോളം മാത്രമേ ഇപ്പോള്‍ ശേഖരിച്ചു സംസ്‌കരിക്കപ്പെടുന്നുള്ളൂ. 2031 ആകുമ്പോഴേക്കും മൊത്തം ഖരമാലിന്യ ഉത്പാദനം 1.65 കോടി ടണ്ണായി മാറുമെന്നും 2050 ആകുമ്പോഴേക്കും അത് 4.36 കോടി ടണ്ണായി മാറുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. വികസിതരാഷ്ട്രങ്ങള്‍ പലതും ഖരമാലിന്യത്തില്‍നിന്ന് ഊര്‍ജോത്പാദനം നടത്തുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ ബഹുദൂരം പിന്നിലാണ്. മികച്ച മാലിന്യനിര്‍മാര്‍ജനസംവിധാനങ്ങള്‍ ഉണ്ടായാല്‍ ഇന്ത്യയില്‍ നിന്ന് 22 രോഗങ്ങളെ അകറ്റിനിറുത്താന്‍ കഴിയുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.
ഇന്ത്യയില്‍ ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ നിമിഷനേരം മതി പതിനായിരങ്ങളിലേക്കു പടരാന്‍. ഒരുദിവസം ഒരുലക്ഷം രോഗികള്‍ എന്ന റെക്കോര്‍ഡിട്ട് കൊവിഡ്‌വ്യാപനത്തില്‍ നമ്മള്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞു. ലോക്ഡൗണിലൂടെ തുടക്കത്തില്‍ കൊറോണയെ പിടിച്ചുകെട്ടിയവരാണ് നമ്മള്‍ എന്നോര്‍ക്കുക. വ്യക്തിശുചിത്വത്തിനും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ക്കും ചിലരെങ്കിലും പുല്ലുവില കല്പിച്ചതുകൊണ്ടാണ് രാജ്യം ഈ ദുരവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. ഇത് അപകടകരമായ പോക്കാണെന്നു പറയാതെ വയ്യ.
മാലിന്യത്തിന്റെ കാര്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളവും വ്യത്യസ്തമല്ല. വീടുകളില്‍, പറമ്പുകളില്‍, റോഡുകളില്‍, ജലാശയങ്ങളില്‍ എന്നുവേണ്ട എല്ലായിടത്തും മാലിന്യക്കൂമ്പാരമാണ്. ആളനക്കം കുറഞ്ഞ ഇടവഴികളില്‍മുതല്‍ മെയിന്റോഡിന്റെ അരികുകളില്‍വരെ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നു. മാലിന്യം സംസ്‌കരിക്കാന്‍ വീടുകളില്‍ സൗകര്യമുള്ളവര്‍പോലും അതു ചെയ്യാതെ പ്ലാസ്റ്റിക് കൂടുകളില്‍ ശേഖരിച്ച് പൊതുസ്ഥലത്തു തള്ളുന്നതാണു കാണുന്നത്. ''ഇവിടെ മാലിന്യം നിക്ഷേപിക്കരുത്'', ''നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ്'' എന്നൊക്കെയുള്ള ബോര്‍ഡുകള്‍ ചില റോഡരികുകളില്‍ കാണാം. അതിന്റെ ചുവട്ടിലും ടണ്‍കണക്കിനു മാലിന്യം.
റോഡിനിരുവശവും പ്ലാസ്റ്റിക് കൂടുകളില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന കാഴ്ച എത്ര അരോചകമാണ്! അറപ്പും വെറുപ്പും ഉളവാക്കുന്ന ദൃശ്യങ്ങളല്ലേ നടക്കാനിറങ്ങുന്നവരും പള്ളിയില്‍ പോകുന്നവരുമൊക്കെ കാണുന്നത്? ദുര്‍ഗന്ധംമൂലം മൂക്ക് പൊത്തിപ്പിടിച്ചു നടക്കേണ്ട അവസ്ഥ.
രാത്രിയില്‍ വാഹനങ്ങളില്‍ കൊണ്ടുവന്നു വലിച്ചെറിഞ്ഞിട്ടു പോകുന്നതാണ് ഇതെല്ലാം. ഇതാണ് രണ്ടുനേരം കുളിക്കുന്ന, വൃത്തിയുണെ്ടന്ന് അഹങ്കരിക്കുന്ന മലയാളിയുടെ സ്വഭാവം. സ്വന്തം വീടുപോലെ പൊതുസ്ഥലവും ശുചിത്വമായെങ്കിലേ രാജ്യം ശുചിത്വമാവൂ എന്ന പൗരബോധം മലയാളിക്ക് ഇല്ലാതെ പോയതെന്തേ?
പൊതുസ്ഥലത്തു മാലിന്യം ഇടുന്നത് സംസ്‌കാരമുള്ളവര്‍ക്കു ചേര്‍ന്നതല്ലെന്നും കുറ്റകരമാണെന്നും അറിയാവുന്നവര്‍തന്നെയാണ് ഈ പണി ചെയ്യുന്നത്. സമൂഹത്തിലെ ഉന്നതരും ഉദ്യോഗസ്ഥരുമൊക്കെയുണ്ട് ഇക്കൂട്ടത്തില്‍. തങ്ങള്‍ കൊണ്ടിടുന്ന മാലിന്യം രോഗത്തിന്റെ രൂപത്തില്‍ തങ്ങളുടെ വീട്ടിലേക്കുതന്നെ തിരിച്ചെത്തുമെന്ന് അറിയാഞ്ഞിട്ടല്ല അവര്‍ അതു ചെയ്യുന്നത്. ശരിയായ ഒരു മാലിന്യസംസ്‌കരണനയം നമുക്കില്ലാത്തതും നിയമലംഘകരെ ശിക്ഷിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ലാത്തതുമൊക്കെയാണ് കാരണം.
ഹോട്ടലുകള്‍, ആശുപത്രികള്‍, ഫാക്ടറികള്‍, കശാപ്പുശാലകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യത്തിന്റെ കാര്യം പറയേണ്ടതുണേ്ടാ? ഭൂരിപക്ഷം വ്യവസായസ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണസംവിധാനം ഇല്ല. അവിടെനിന്നുള്ള മാലിന്യങ്ങള്‍ ഓടകളിലേക്കും തോടുകളിലേക്കുമാണ് ഒഴുക്കിവിടുന്നത്. അവ എത്തിച്ചേരുന്നതോ, നമ്മുടെ കിണറ്റിലെ കുടിവെള്ളത്തിലും..
നമ്മുടെ ജലാശയങ്ങള്‍ പൂര്‍ണമായും മലിനപ്പെട്ടിരിക്കുന്നു. ഈ മലിനജലമാണ് മണ്ണിലൂടെ കിണറ്റിലെത്തി കുടിവെള്ളമായി നമ്മുടെ അടുക്കളയില്‍ എത്തിച്ചേരുന്നത്. അതു കുടിക്കുന്നവര്‍ക്ക് രോഗങ്ങള്‍ വന്നില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. പകര്‍ച്ചപ്പനിയും എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയുമെല്ലാം നാടിനെ വിറപ്പിച്ചിട്ടും പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. പുതിയ പുതിയ രോഗങ്ങള്‍ നമ്മെ പിടികൂടുമ്പോഴും ജൈവമാലിന്യങ്ങളും ഖരമാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് കൊതുകിനും ഈച്ചയ്ക്കും എലിക്കും പെരുകാനുള്ള സാഹചര്യം നാം സൃഷ്ടിച്ചുകൊണേ്ടയിരിക്കുന്നു.
ജൈവമാലിന്യം, അജൈവമാലിന്യം, ഖരമാലിന്യം എന്നിവയാണ് പൊതുവേയുള്ള മാലിന്യങ്ങള്‍. ഇവ സംസ്‌കരിക്കുന്നതിനു പരിസ്ഥിതിസൗഹൃദമായ സംവിധാനങ്ങള്‍ കണെ്ടത്തേണ്ടതുണ്ട്. വീട്ടിലെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനു ബയോഗ്യാസ് പ്ലാന്റ് പ്രയോജനപ്പെടുത്താം.
കടകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ ഉടമകള്‍തന്നെ സംസ്‌കരിക്കാന്‍ വേണ്ട നിര്‍ദ്ദേശം സര്‍ക്കാര്‍ കൊടുക്കണം. വീഴ്ച വരുത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കണം. പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്നവയ്ക്കും മാലിന്യസംസ്‌കരണസംവിധാനം നിര്‍ബന്ധമാക്കണം.
കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 2100 കോടിയുടെ ഖരമാലിന്യസംസ്‌കരണപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇത് ശുഭപ്രതീക്ഷ നല്‍കുന്നു. ലോകബാങ്കിന്റെ വിഹിതം 1470 കോടി രൂപയും കേരള സര്‍ക്കാരിന്റെ വിഹിതം 630 കോടി രൂപയുമാണ് ഇതിനായി നീക്കിവയ്ക്കുന്നത്. ആറു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാകും. 93 മുനിസിപ്പാലിറ്റികള്‍ക്കും 183 ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക.
ജൈവമാലിന്യങ്ങള്‍ വീടുകളിലും സ്രോതസ്സുകളിലും സംസ്‌കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇന്നില്ല. അജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാനും സംവിധാനം ഉണ്ടാകേണ്ടതുണ്ട്.
ഉറവിടമാലിന്യസംസ്‌കരണപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണെ്ടങ്കിലും നഗരമാലിന്യത്തിന്റെ അളവ് വളരെ കൂടുതലായതിനാല്‍ അവയ്‌ക്കൊന്നും ശാശ്വതപരിഹാരമായിട്ടില്ല. അനുദിനം വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രാണിക്മാലിന്യങ്ങളുടെ അവസ്ഥ ഭീതിജനകമാണ്. കാഡ്മിയം, മെര്‍ക്കുറി എന്നിവ മണ്ണിലെത്തിയാല്‍ അതു വലിയ ദോഷം ചെയ്യും. അതുകൊണ്ടുതന്നെ അവ ശരിയായ വിധത്തില്‍ സംസ്‌കരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ മാലിന്യങ്ങളുടെ 80 ശതമാനവും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പാരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കുന്ന വിധത്തിലാണ് ഇപ്പോള്‍ നീക്കം ചെയ്യപ്പെടുന്നത്.
മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളെ ജനപങ്കാളിത്തത്തോടുകൂടി പുനഃക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പഞ്ചായത്തുതലത്തില്‍ മാലിന്യസംസ്‌കരണത്തിനു സൗകര്യം ഉണ്ടാക്കണം. എല്ലാ ദിവസവും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം തദ്ദേശസ്ഥാപനങ്ങളില്‍ ഉണ്ടാകണം. റീസൈക്കിള്‍ ചെയ്യാവുന്ന അജൈവമാലിന്യങ്ങള്‍ അങ്ങനെ ചെയ്യണം.
പ്രധാന കവലകളിലെല്ലാം മാലിന്യം നിക്ഷേപിക്കുന്നതിനുള്ള വീപ്പകള്‍ വയ്ക്കണം. പേപ്പര്‍, പ്ലാസ്റ്റിക്, ജൈവമാലിന്യം തുടങ്ങിയവ വേര്‍തിരിച്ചു ശേഖരിക്കാനുള്ള സംവിധാനം വേണം. മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നവരില്‍നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്യണം.
മാലിന്യസംസ്‌കരണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോര്‍പറേഷന് സംസ്ഥാനമലിനീകരണ നിയന്ത്രണബോര്‍ഡ് കഴിഞ്ഞവര്‍ഷം പിഴയിട്ടത് 14 കോടി രൂപയാണ്. ഖരമാലിന്യങ്ങള്‍ വന്‍ഭീഷണി ഉയര്‍ത്തിയിട്ടും അവ സംസ്‌കരിക്കാനുള്ള സ്ഥലംപോലും കോര്‍പ്പറേഷന്‍ കണെ്ടത്തിയില്ലെന്ന് മലിനീകരണനിയന്ത്രണബോര്‍ഡ് കുറ്റപ്പെടുത്തി. ഏപ്രിലില്‍ നോട്ടീസ് നല്‍കിയിട്ടും കോര്‍പ്പറേഷന്‍ അനങ്ങിയതേയില്ല. തുടര്‍ന്നാണ് പിഴയിട്ടത്.
മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതിയാണ് വിഴിഞ്ഞത്ത് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. 650 കോടിയുടെ പദ്ധതിയാണിത്. തലസ്ഥാനത്തെ മാലിന്യപ്രശ്‌നത്തിന് അതോടെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.
ഇനിവരുന്ന തലമുറയ്ക്കു വസിക്കുവാന്‍ പാകത്തില്‍ ഈ മണ്ണിനെ സംരക്ഷിക്കാന്‍, പ്രകൃതിയെ മാലിന്യമുക്തമാക്കാന്‍ സര്‍ക്കാരിനു മാത്രമല്ല നമുക്ക് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.