തന്നെ ആക്രമിക്കാന്‍ വരുന്ന വ്യക്തിയെ സ്വരക്ഷയ്ക്കുവേണ്ടി കൊന്നവന്‍ കുറ്റവിമുക്തനാകുന്ന നാടാണ് ഭാരതം. ഇതുപോലെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും നിയമമുണ്ട്. എന്നാല്‍, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ 11-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പുപ്രകാരം ജീവരക്ഷയ്ക്കുവേണ്ടി മൃഗങ്ങളെ കൊല്ലാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്. അത്യന്തം ഉപദ്രവകാരികളായ മൃഗങ്ങളെ പിടിച്ചെടുത്തോ മയക്കിയോ ഉപദ്രവങ്ങളില്‍നിന്നു രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവയെ
കൊല്ലുന്നതിന് അനുവാദം കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിയമംവഴി അധികാരം നല്‍കപ്പെട്ടിട്ടുണ്ട്. പക്ഷേ, അമിത മൃഗസ്‌നേഹത്തിന്റെ പേരില്‍ മനുഷ്യനെക്കാള്‍ വില വന്യജീവികള്‍ക്കു നല്‍കുന്ന ചെറിയ ശതമാനമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ ഭീതിയുടെ നിഴലില്‍ നിറുത്തുന്നത്.
സംസ്ഥാനത്ത് വന്യജീവിയാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുകയാണ്. 2023 മേയ് 19 ന് തീയതി കോട്ടയം കണമലയില്‍ തോമസ് ആന്റണിയെയും പുറത്തേല്‍ ചാക്കോയെയും കൊല്ലം ജില്ലയിലെ ആയൂരില്‍ സാമുവല്‍ വര്‍ഗീസി നെയും കാട്ടുപോത്ത് കുത്തിക്കൊന്നു. പുലര്‍ച്ചെ
റബര്‍ വെട്ടിക്കൊണ്ടിരുന്ന തോമസിനെ കുത്തി വീഴ്ത്തിയ പോത്ത് അയല്‍വാസിയായ ചാക്കോയെ വീടിന്റെ വരാന്തയില്‍ പത്രം വായിച്ചിരിക്കവേയാണ് ആക്രമിച്ചത്. ഇതേ ദിവസം
തന്നെ വീടിനു പിന്നിലെ റബ്ബര്‍ത്തോട്ടത്തില്‍ രാവിലെ എട്ടരയോടെയാണ് സാമുവലിനെ വകവരുത്തിയത്. നായാട്ടുസംഘത്തിന്റെ വെടിയേറ്റതാണ് കണമലയില്‍ കാട്ടുപോത്ത് വിര
ണ്ടോടി ആക്രമിക്കാന്‍ കാരണമെന്ന വനംവകുപ്പിന്റെ കണ്ടെത്തല്‍ സത്യത്തിനു നിരക്കുന്നതല്ല. വനത്തില്‍ പല സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ ഒന്നില്‍പ്പോലും
പോത്തിനു വെടിയേറ്റതിന്റെ ചിത്രം പതിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്നു ജനങ്ങളെ ആരു സംരക്ഷിക്കുമെന്ന ചോദ്യം ഈ മൂന്നു മരണങ്ങളോടെ കൂടുതല്‍ പ്രസക്തമാകുകയാണ്. അക്രമകാരികളായ വന്യജീവികളെ ആരാണു നിയന്ത്രിക്കേണ്ടതെന്നതു സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെതന്നെ വനം, ആഭ്യന്തരം, റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം കണമലയില്‍ വ്യക്തമായി. ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി സി.ആര്‍.പി.സി. 133(1) എഫ് വകുപ്പുപ്രകാരം കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാന്‍ കോട്ടയം ജില്ലാ കളക്ടര്‍ പൊലീസിനു നല്‍കിയ ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള അധികാരം വനംവകുപ്പിനുമാത്രമാണെന്ന നിലപാടിലായിരുന്നു പൊലീസ്. വന്യജീവിസംരക്ഷണനിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമാത്രമാണ് വന്യമൃഗത്തെ വെടിവയ്ക്കാനുള്ള ഉത്തരവിടാന്‍ അധികാരം എന്ന നിലപാടില്‍ വനംവകുപ്പ് ഉറച്ചുനില്‍ക്കുകയാണ്.
വനംവകുപ്പിന്റെ 2022 ലെ കണക്കുകള്‍പ്രകാരം കേരളത്തില്‍ 1004 സ്ഥലങ്ങള്‍ വന്യജീവിയാക്രമണമേഖലകളാണ്. കേരളത്തിലെ 35 ഫോറസ്റ്റ് ഡിവിഷനുക
ളില്‍ ഏറ്റവും കൂടുതല്‍ ആക്രമണസാധ്യതയുള്ള മേഖലകളാണ് നിലമ്പൂര്‍ നോര്‍ത്ത് (94), വയനാട് സൗത്ത് (92), വയനാട് നോര്‍ത്ത്(70) എന്നിവ. തൊട്ടുപിന്നാലെയുണ്ട് കോട്ടയം, കോഴിക്കോട്, നെന്മാറ, തിരുവനന്തപുരം റേഞ്ചുകള്‍. 16846 കി.മീ. വനാതിര്‍ത്തിയുള്ള കേരളത്തില്‍ 124 ഫോറസ്റ്റ് സ്റ്റേഷനുകളാണ് ജനങ്ങള്‍ക്ക് വന്യമൃഗങ്ങളില്‍നിന്നു സംരക്ഷണമൊരുക്കുന്നത്.1993 ല്‍ 4840 കാട്ടുപോത്തുകളായിരുന്നു കേരളത്തിലെ വനങ്ങളിലുണ്ടായിരുന്നതെങ്കില്‍ 2011 ല്‍ 17860 ഉം
2022 ല്‍ 21952 ഉം കാട്ടുപോത്തുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 1993-2022 കാലഘട്ടത്തില്‍ കാട്ടുപോത്തുകള്‍ മൂന്നര ഇരട്ടിയായി. ആനകളുടെ എണ്ണം ഭാരതത്തില്‍ 17% വര്‍ധിച്ചപ്പോള്‍ 1993 ലെ കണക്കുപ്രകാരം കേരളത്തിലെ വര്‍ധന 63 ശതമാനമാണ്. 1993 ല്‍ 3500 കാട്ടാനകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2017 ല്‍ അത് 5706 ആയി മാറി. 1993 ല്‍ കേരളത്തില്‍ 40963 കാട്ടുപന്നികള്‍ ഉണ്ടായിരുന്നത് 2017 ആയപ്പോള്‍ രണ്ടുലക്ഷമായി വര്‍ധിച്ചു.
വന്യജീവിയാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. അഞ്ചുവര്‍ഷത്തിനിടെ 640 പേര്‍ കൊല്ലപ്പെട്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. 2021-22 ല്‍ മാത്രം 144 പേര്‍ മരണപ്പെട്ടു. 1416 പേര്‍ക്ക് പരിക്കേറ്റു. നശിപ്പിക്കപ്പെട്ട കൃഷിയിടങ്ങളുടെ എണ്ണം 6621 ആണ്. 831 പേരുടെ വസ്തുവകകളും വീടും ഇല്ലാതായി. നഷ്ടരിഹാരമായി ഈ സാമ്പത്തികവര്‍ഷം നല്‍കിയത് 3.10 കോടി മാത്രം. നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ക്കു വിലയിടാന്‍ കഴിയില്ലെങ്കിലും അവരുടെ സ്വത്തിന്റെ നഷ്ടം പരിഹാരത്തുകയുടെ എത്രയോ ഇരട്ടിയാണ്.
മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയാനാകുന്നിെല്ലന്നു മാത്രമല്ല, അവയില്‍നിന്നു ജനങ്ങള്‍ക്കു സംരക്ഷണം നല്‍കാനും വനംവകുപ്പിനു കഴിയുന്നില്ലെന്നതാണു യാഥാര്‍ഥ്യം. തൃശൂര്‍ പൈങ്കുളത്ത് ബൈക്കിനു മുന്നില്‍ കാട്ടുപന്നി ചാടിയതിനെത്തുടര്‍ന്ന് സഹോദരങ്ങളായ കാരപ്പറമ്പില്‍ രാധയ്ക്കും രാകേഷിനും പരിക്കേറ്റതും മുന്‍പറഞ്ഞ മൂവരും മരിച്ച ദിവസംതന്നെയായിരുന്നു. മലപ്പുറം എടക്കരയില്‍ കാട്ടില്‍ തേന്‍ ശേഖരിക്കാന്‍പോയ ആദിവാസിക്കു കരടിയുടെ ആക്രമണത്തില്‍ പരുക്കേറ്റത് തൊട്ടടുത്ത ദിവസമാണ്.
നാട്ടില്‍ ആവശ്യത്തിനു വന്യമൃഗങ്ങള്‍ ഉണ്ടായിരിക്കേ, വിദേശത്തുനിന്നു പണംമുടക്കി മൃഗങ്ങളെ ഇറക്കാനും നമ്മുടെ ഭരണാധികാരികള്‍ക്കു മടിയില്ല. ഇവയെ കൂട്ടിലിട്ടാണു വളര്‍ത്തുന്നതെന്നു വാദത്തിനു
പറയാമെങ്കിലും പെറ്റുപെരുകിയാല്‍ തുറന്നുവിടുമെന്നതില്‍ രണ്ടുപക്ഷമില്ല. ഒരു മുഗള്‍ചക്രവര്‍ത്തി 1000 ചീറ്റകളെ വളര്‍ത്തിയിരുന്നതായി പറയപ്പെടുന്നു. എട്ടു ചീറ്റകളെ നമീബിയയില്‍നിന്ന് മധ്യപ്രദേശിലെ ജവോഡ പുല്‍മേടുകളിലെ ക്വാറന്റീന്‍ അറകളിലേക്ക് പ്രധാനമന്ത്രി മോദി തന്റെ 72-ാം ജന്മദിനമായിരുന്ന 2022 സെപ്റ്റംബര്‍ 17 ന് തുറന്നുവിട്ടിരുന്നു. അഞ്ചുവര്‍ഷംകൊണ്ട് 50 ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ പ്രൊജക്ട് ചീറ്റ ലക്ഷ്യമിടുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്ന കാലത്ത് ചീറ്റയ്ക്കുവേണ്ടി ഇത്രയും നികുതിപ്പണം ചെലവഴിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കുന്നവരും ഭാരതത്തിലുണ്ട്.
തെരുവുനായ് ആക്രമണം രൂക്ഷമായതോടെ
ജനങ്ങള്‍ നിയമം കൈയിലെടുക്കുന്നതു തടയാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നായ്ക്കളെ ഉപദ്രവിക്കു
ന്നതും കൊല്ലുന്നതും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ (1960) 11-ാം വകുപ്പു
പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന്
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഭക്ഷ്യമാലിന്യം പൊതുസ്ഥലത്തു കൊണ്ടിടുന്നതുവഴി തെരുവുനായ്ക്കള്‍ അക്രമകാരികളാകാന്‍ മനുഷ്യര്‍ കാരണമാകുന്നുണ്ടെന്നു സമ്മതിക്കാമെങ്കിലും കാട്ടുമൃഗങ്ങള്‍ അവരുടെ ആവാസമേഖലയില്‍നിന്നു പുറത്തേക്കുവരാന്‍ കാരണം എന്താണെന്നു ശാസ്ത്രീയപഠനം നടക്കണം. വന്യമൃഗങ്ങള്‍ പുറത്തേക്കുവരാന്‍ കാരണം വനത്തിന്റെ വാഹകശേഷിയെക്കാള്‍ വളരെയേറെ അവ പെരുകിയിരിക്കുന്നു എന്നതാണ്. സ്വാഭാവികമായും അവയ്ക്കു വേണ്ട ആഹാരം വനത്തില്‍ ലഭ്യമല്ലാകാതാകുമ്പോള്‍ ഭക്ഷണംതേടി അവ ജനവാസമേഖലകളിലേക്കിറങ്ങും. ആനയുടെ കാര്യമെടുത്താല്‍, കേരളത്തിന്റെ വനവിസ്തൃതിയുടെ പത്തിരട്ടി ആനകള്‍ കാട്ടില്‍ വസിക്കുന്നുണ്ട്. അതാണ് അരിക്കൊമ്പനായിട്ടും ചക്കക്കൊമ്പനായിട്ടും നാട്ടിലിറങ്ങി ജനങ്ങളെ വിറപ്പിക്കുന്നത്. കര്‍ഷകര്‍ വളരെക്കാലത്തെ അധ്വാനംകൊണ്ട് ലോണെടുത്തും കൈവായ്പ വാങ്ങിയും വച്ചുപിടിപ്പിച്ച റബറും തെങ്ങും കവുങ്ങും കൊക്കോയും കുരുമുളകും തുടങ്ങിയ ദീര്‍ഘകാലവിളകള്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചാല്‍ വിള ഇന്‍ഷ്വറന്‍സ് പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരം എത്രയോ തുച്ഛമാണ്!
ഒരുലക്ഷത്തോളം കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷ്വറന്‍സില്‍ 20803 കര്‍ഷകര്‍ക്കു മാത്രമാണ് തുക ലഭിച്ചിട്ടുള്ളത്. നഷ്ടപരിഹാരം യഥാസമയം ലഭിക്കാത്തതിനാല്‍ പലരും കൃഷി ഉപേക്ഷിക്കുകയാണ്. കര്‍ഷകന്‍ വായ്പയെടുത്തു കൃഷിചെയ്ത നെല്ല് സര്‍ക്കാരിനു നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. നെല്ലു കുത്തി അരിയാക്കി വിറ്റ് ലാഭമുണ്ടാക്കിയിട്ടും കര്‍ഷകനു കൊടുക്കാന്‍മാത്രം സര്‍ക്കാരിനു പണമില്ല. കാട്ടുമൃഗങ്ങളായിട്ടും സര്‍ക്കാരായിട്ടും കൃഷി ചെയ്യുന്നവരെ ആട്ടിപ്പായിക്കുകയാണ്.
വന്യമൃഗങ്ങളില്‍നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ ബലവത്തായ ഫെന്‍സിങ് നടത്തുകയും, വന്യമൃഗങ്ങള്‍ തീറ്റതേടി മനുഷ്യരുടെ ആവാസവ്യവസ്ഥയിലേക്കു കടന്നുവരാതെ ഭക്ഷ്യയോഗ്യമായ വിഭവങ്ങള്‍ വനത്തിനുള്ളില്‍ ലഭിക്കുന്നതിനുവേണ്ട സാഹചര്യമൊരുക്കുകയും, വനംവകുപ്പ് ഓഫീസ് ടൗണുകളില്‍നിന്നു മാറ്റി വനാതിര്‍ത്തികളില്‍ സ്ഥാപിക്കുകയും, കൃഷിയിടങ്ങളില്‍ കയറുന്ന വന്യമൃഗങ്ങളെ പിടിക്കാന്‍ കര്‍ഷകര്‍ക്ക് അധികാരം ലഭിക്കുംവിധം വൈല്‍ഡ് ലൈഫ് നിയമം ഭേദഗതി ചെയ്യുകയും, വനാതിര്‍ത്തിയുടെ സമീപപ്രദേശങ്ങളിലെ പഞ്ചായത്തു മെമ്പര്‍മാര്‍ക്ക് അക്രമകാരികളായ കാട്ടുമൃഗങ്ങളെ വെടിവയ്ക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം കൊടുക്കുകയും, കാട്ടുമൃഗങ്ങളുടെ ഉപദ്രവംമൂലമുണ്ടായ മരണത്തിനും പരുക്കിനും കൃഷിനാശത്തിനുമുള്ള നഷ്ടപരിഹാരം പുനര്‍നിര്‍ണയിക്കുകയും ചെയ്താല്‍ കുറെയൊക്കെ സമാധാനവും സുരക്ഷയും ജനങ്ങള്‍ക്കനുഭവപ്പെടും.
മനുഷ്യരില്‍ ഭീതിയും സംഭ്രമവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന വനംവകുപ്പുദ്യോഗസ്ഥരെ താലോലിക്കുന്ന നടപടിയില്‍നിന്നു ഭരണകര്‍ത്താക്കള്‍ മാറിയില്ലെങ്കില്‍ ഈ സര്‍ക്കാര്‍ ജനങ്ങളുടേതല്ലെന്നു പറയേണ്ടിവരും. ഏതു സാഹചര്യത്തിലും അക്രമകാരികളായ മൃഗങ്ങളെ കൊന്നുതള്ളേണ്ടിവരും. നിര്‍വാഹമില്ലാത്ത സ്ഥിതി സൃഷ്ടിച്ചു നിയമം കൈയിലെടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന നടപടിയില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുമാറണം. മനുഷ്യനെ നേരിട്ടു ബാധിക്കുന്ന നിരവധിയായ വിഷയങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട സര്‍ക്കാര്‍ ആ ജോലി ചെയ്യുന്നില്ലെന്നുള്ളത് വളരെ ഖേദകരമാണ്.