ഏഴു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ''രത്‌നം'' എന്നു വിശേഷിപ്പിക്കപ്പെടാറുള്ള മണിപ്പൂര്‍ സംസ്ഥാനം ഇപ്പോള്‍ കലാപഭൂമിയായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പരസ്പരവിശ്വാസമില്ലായ്മ അതിന്റെ എല്ലാ അതിരുകളും ഭേദിച്ചു പുറത്തുവന്നിരിക്കുന്നു. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഒരു ദശകത്തിലേറെയായി നീണ്ടുനിന്ന തര്‍ക്കങ്ങളാണ് കലാപമായി രൂപാന്തരപ്പെട്ടത്.
പത്തുവര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ മണിപ്പൂരിലെ ഭൂരിപക്ഷസമുദായമായ മെയ്‌തെയ് വിഭാഗത്തിനു പട്ടികവര്‍ഗപദവി നല്കാനുള്ള ഹൈക്കോടതിനിര്‍ദേശത്തിനെതിരേ കുകി, നാഗ, സുമി തുടങ്ങിയ ഗോത്രവര്‍ഗവിഭാഗങ്ങള്‍ നടത്തിയ സമരങ്ങളാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ മേയ് മൂന്ന് ബുധനാഴ്ച വൈകുന്നേരം 'ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍' (എ റ്റി എസ് യു എം) നേതൃത്വത്തില്‍ പത്തു ജില്ലാ ആസ്ഥാനങ്ങളിലായി നടത്തിയ, ആയിരക്കണക്കായ ഗോത്രവര്‍ഗക്കാര്‍ പങ്കെടുത്ത റാലികള്‍ക്കിടെ ഇരുവിഭാഗക്കാരും ഏറ്റുമുട്ടുകയായിരുന്നു. ചുരാചാന്ദ്പൂര്‍ ജില്ലയിലുള്ള ന്യൂലാംകാ പട്ടണത്തില്‍ സംസ്ഥാനമുഖ്യമന്ത്രി എന്‍ ബിരേന്‍സിങ് പങ്കെടുക്കാനിരുന്ന ഒരു പരിപാടിയുടെ വേദി കലാപകാരികള്‍ അഗ്നിക്കിരയാക്കി. പള്ളികളും ക്ഷേത്രങ്ങളുമടക്കമുള്ള ആരാധനാലയങ്ങളും നൂറുകണക്കിനു വാഹനങ്ങളും വീടുകളും തീയിട്ടു നശിപ്പിച്ചു. ഗോത്രവര്‍ഗമേഖലയില്‍മാത്രം മുപ്പത്തിരണ്ടു ദൈവാലയങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അരനൂറ്റാണ്ടു പഴക്കമുള്ള തുലോക് തിയോളജിക്കല്‍ സെമിനാരിയും അഗ്നിക്കിരയായ ക്രൈസ്തവസ്ഥാപനങ്ങളില്‍പ്പെടും. ആദ്യദിവസത്തെ അക്രമങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ജനസംഖ്യയില്‍ 53 ശതമാനം വരുന്ന മെയ്‌തെയ് വിഭാഗക്കാരില്‍ ഭൂരിഭാഗവും താഴ്‌വരകളിലെ താമസക്കാരാണ്. സംസ്ഥാനതലസ്ഥാനമായ ഇംഫാലും താഴ്‌വരയിലാണു സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തിന്റെ 90 ശതമാനം വരുന്ന പര്‍വതമേഖലകളില്‍ സ്ഥലം വാങ്ങാനും വീടുവയ്ക്കാനും പട്ടികവര്‍ഗക്കാര്‍ക്കുമാത്രമേ അനുവാദമുള്ളൂ. ഹൈക്കോടതി ഉത്തരവുപ്രകാരം പട്ടികവര്‍ഗപദവി ലഭിക്കുന്ന മെയ്‌തെയ് വിഭാഗങ്ങള്‍ക്കു മലയോരമേഖലകളിലേക്കു യഥേഷ്ടം കുടിയേറാനാകും. ഇതിനുമുന്നോടിയായി വനമേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേകളും, അനധികൃതമായി സര്‍ക്കാര്‍ഭൂമിയില്‍ സ്ഥാപിച്ചുവെന്നാരോപിച്ചു മൂന്നു ദൈവാലയങ്ങള്‍ ഇടിച്ചുനിരത്തിയതും ഗോത്രവര്‍ഗക്കാരായ കുകി, നാഗ, സുമി വംശജരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
ഭരണകക്ഷിനേതാക്കളുടെ പിന്തുണയോടെയാണ് അക്രമങ്ങളെല്ലാം നടക്കുന്നതെന്ന് ഗോത്രവര്‍ഗനേതാക്കള്‍ ആരോപിക്കുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ എഫ് ഐ ആര്‍ തയ്യാറാക്കുകയോ അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യുന്നില്ലെന്നും തങ്ങളെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ആരാധനാലയങ്ങള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്യു
മ്പോഴും പോലീസുകാര്‍ വെറും കാഴ്ചക്കാരായി മാറിനില്ക്കുകയാണെന്നും ആദിവാസികള്‍ പറയുന്നുണ്ട്. പലയിടങ്ങളില്‍നിന്നും മോഷ്ടിച്ചെടുക്കുന്ന ആയുധങ്ങള്‍ നിരപരാധര്‍ക്കുനേരേ ചൂണ്ടുകയും കൊള്ളയും കൊള്ളിവയ്പ്പും തുടരുകയും ചെയ്യുന്നു. പോലീസിനുപോലും അപ്രാപ്യമായ സെമി ആട്ടോമാറ്റിക് റൈഫിളുമായി തെരുവുകളില്‍ റോന്തുചുറ്റുന്ന അക്രമികളുടെ വീഡിയോചിത്രങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നുവെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തിയെടുത്താലേ തങ്ങള്‍ക്കു നിലനില്പുള്ളൂ എന്നു വിശ്വസിക്കുന്ന രാഷ്ട്രീയക്കാര്‍, അവരുടെ ലക്ഷ്യം നേടുന്നതിന് ഏതറ്റംവരെയും പോകുമെന്നതിന് ഉത്തമദൃഷ്ടാന്തമായി മണിപ്പൂരിലെ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്.
കലാപത്തില്‍ അറുപതുപേര്‍ കൊല്ലപ്പെട്ടതായും 231 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റതായും 1,700 വീടുകള്‍ അഗ്നിക്കിരയായതായും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ഭരണഘടനയിലെ 355-ാം വകുപ്പു ചുമത്തി കലാപബാധിതപ്രദേശങ്ങളിലെങ്ങും നിരോധനാജ്ഞ നിലനില്ക്കുകയാണ്. കലാപം നിയന്ത്രിക്കാന്‍ സൈന്യത്തിന്റെയും സി.ആര്‍.പി.എഫ്, ആസാം റൈഫിള്‍സ് എന്നിവരുടെയും നിരവധി കമ്പനികളെയാണ് വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്. നിരോധനാജ്ഞ പ്രാബല്യത്തിലായ ജിരിബാം, കക്ചിംഗ്, തോബല്‍സ, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍ ജില്ലകളിലും ഗോത്രവര്‍ഗമേഖലകളായ ചുരാ-ചാന്ദ്പൂര്‍, കംഗ്‌പോക്പി, ടെംഗോപല്‍ ജില്ലകളിലും പട്ടാളം ഇറങ്ങി. കലാപം രൂക്ഷമായ സ്ഥലങ്ങളില്‍നിന്നു പതിനായിരങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ഭരണകൂടം വെളിപ്പെടുത്തിയിട്ടുണ്ട്. ''വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണു സംസ്ഥാനത്തു സംജാതമായിരിക്കുന്നത്. സമൂഹത്തിനുണ്ടായ ഒരു തെറ്റിദ്ധാരണയുടെ ഫലമായിട്ടാണ് അക്രമസംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഞങ്ങള്‍ ചര്‍ച്ചയ്ക്കു തയ്യാറാണ്. അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതില്‍നിന്നു പിന്തിരിഞ്ഞാലേ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂ. അതിനാല്‍, എല്ലാ നിയമസഭാമണ്ഡലങ്ങളിലും സമാധാനസമിതികളെ നിയോഗിക്കുകയാണ്,'' മുഖ്യമന്ത്രി എന്‍ ബിരേന്‍സിങ് പറഞ്ഞു. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിനീത് ജോഷിയെയും സുരക്ഷാ ഉപദേഷ്ടാവായി മുന്‍ സി ആര്‍ പി എഫ് തലവന്‍ കുല്‍ദീപ് സിങ്ങിനെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമിക്കുകയും ചെയ്തു.
ഗോത്രവര്‍ഗമേഖലളില്‍നിന്ന് ആദിവാസികളെ കുടിയിറക്കി മെയ്‌തെയ് വംശജരെ കുടിയിരുത്താനുള്ള കുത്സിതശ്രമങ്ങള്‍ സംസ്ഥാനം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ഫെബ്രുവരി മുതല്‍ക്കേ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേ ആദിവാസിസമൂഹം നല്‍കിയ നിരവധിയായ നിവേദനങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു. കൈവശഭൂമിയില്‍നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം നല്‍കുകയോ നേരാംവണ്ണം പുനരധിവസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഗോത്രവര്‍ഗനേതാക്കള്‍ക്കു പരാതിയുണ്ട്. അറുപതംഗനിയമസഭയില്‍ ഗോത്രവിഭാഗങ്ങള്‍ക്കു പത്ത് എംഎല്‍എ മാര്‍ മാത്രമാണുള്ളത്. കംഗ് പോക്പി ജില്ലയിലുള്ള സംരക്ഷിതവനങ്ങളും വന്യജീവിസങ്കേതങ്ങളും കയ്യേറിയെന്നാരോപിച്ചു ഗോത്രവര്‍ഗമേഖലകളില്‍നിന്ന് ആദിവാസികളെ കുടിയൊഴിപ്പിക്കവേ ഇക്കഴിഞ്ഞ മാര്‍ച്ചുമാസത്തില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഇംഫാലിലുള്ള ആദിവാസിക്കോളനിയിലെ വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന മൂന്നു കത്തോലിക്കാദൈവാലയങ്ങള്‍ ഏപ്രില്‍ പതിനൊന്നാം തീയതിയാണ് ഇടിച്ചുനിരത്തിയത്. ''അഗ്നിക്കിരയാക്കിയ ദൈവാലയങ്ങളിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. അവിടത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകട്ടേയെന്നു പ്രാര്‍ഥിക്കുന്നു. ഏതു മതവിശ്വാസം സ്വീകരിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുള്ളതാണ്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ ഇക്കാര്യം ഉറപ്പാക്കാന്‍ ബാധ്യസ്ഥവുമാണ്.'' ബെംഗലൂരു മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. പീറ്റര്‍ മച്ചാഡോ ഓര്‍മിപ്പിച്ചു. സി ബി സി ഐ യും കെ സി ബി സിയും മണിപ്പൂരിലെ സ്ഥിതിഗതികളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും അക്രമങ്ങളെ അപലപിക്കുകയും ചെയ്തു. തന്റെ സംസ്ഥാനം കത്തിയെരിയുകയാണെന്നു ചൂണ്ടിക്കാട്ടി ബോക്‌സിങ് താരം മേരി കോം സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിച്ചു.
മണിപ്പൂര്‍ സംസ്ഥാനത്തെ മുപ്പത്തിയാറുലക്ഷം ജനസംഖ്യയില്‍ 40 ശതമാനം ഗോത്രവര്‍ഗവിഭാഗക്കാരാണ്. അവരില്‍ 41 ശതമാനം ക്രിസ്തുമതവിശ്വാസികളും. കത്തോലിക്കാവിശ്വാസികള്‍ ഒരുലക്ഷത്തിലധികമുണ്ട്. മണിപ്പൂര്‍ സംസ്ഥാനം മുഴുവന്‍ അതിരിടുന്ന ഇംഫാല്‍ രൂപതയുടെ പ്രഥമമെത്രാന്‍ കേരളീയനായ മാര്‍ ജോസഫ് മിറ്റത്താനിയായിരുന്നു. 1995 ഓഗസ്റ്റ് ഒന്നാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായാണ് ഇംഫാല്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തിയത്. മോസ്റ്റ് റവ. ഡോ. ഡൊമിനിക് ലുമോണ്‍ ആണ് ഇപ്പോഴത്തെ മെത്രാപ്പോലീത്താ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മിഷന്‍ രൂപതകളില്‍ പ്രഥമസ്ഥാനമുള്ള ഇംഫാല്‍ അതിരൂപതയിലെ മിഷനറിമാരിലധികവും കേരളത്തില്‍നിന്നുള്ളവരാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. 1958 ല്‍ മിഷനറിയായി ഇംഫാലിലെത്തിയ ആദ്യ ഇടവക വൈദികന്‍ ഫാ. ജോസഫ് കച്ചിറമറ്റമാണ്.
ഫാ. മാത്യു പ്‌ളാത്തോട്ടം അടുത്ത വര്‍ഷവും, ഫാ. മാണി പാറന്‍കുളങ്ങര 1961 ലും മണിപ്പൂരിലെത്തി. നാല്പത്തിയാറ് ഇടവകകളുള്ള അതിരൂപതയില്‍ 114 വൈദികര്‍ സേവനം ചെയ്യുന്നു. 'ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ്' എന്ന സന്ന്യാസിനീസമൂഹം 1958 മുതല്‍ മണിപ്പൂരില്‍ പ്രവര്‍ത്തനിരതരാണ്. സി എം സി, എഫ് സി സി, എസ് എ ബി എസ് തുടങ്ങിയ സന്ന്യാസിനീസമൂഹങ്ങളിലായി 361 സന്ന്യസ്തര്‍ ആതുരാലയങ്ങളിലും വിദ്യാഭ്യാസമേഖലകളിലുമായി നിസ്വാര്‍ഥസേവനം ചെയ്യുന്നുണ്ട്. ഇതിനിടെ, ഇംഫാലില്‍ കുടുങ്ങിയ കോഹിമ രൂപതയുടെ മുന്‍ ബിഷപ്പും കേരളീയനുമായ മാര്‍ ജോസഫ് മുകാലയെയും ഏതാനും വൈദികരെയും കന്യാസ്ത്രീകളെയും സൈന്യം സുരക്ഷിതമായി നാഗാലാന്‍ഡില്‍ എത്തിച്ചതായി സഭാവൃത്തങ്ങള്‍ അറിയിച്ചതും ആശ്വാസവാര്‍ത്തയാണ്. മലയാളികളായ ഏതാനും സര്‍വകലാശാലാവിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ഹൈന്ദവവിശ്വാസികള്‍ ഭൂരിപക്ഷമുള്ള മെയ്‌തെയ്‌യിലെ വര്‍ഗീയത ഒരു കാട്ടുതീപോലെ ആളിപ്പടരാതിരിക്കട്ടേയെന്നു പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം. ഏറ്റവുമൊടുവില്‍ ആരാധനാലയങ്ങള്‍ക്കും ജനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും, വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്തവരെ പുനരധിവസിപ്പിക്കാനുമുള്ള സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളും ആശ്വാസം പകരുന്നുണ്ട്.