ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്ക് ഊര്‍ജമേകുന്ന നിര്‍മിതബുദ്ധിയെന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജനജീവിതത്തെ മാറ്റി
മറിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ക്യാമറക്കണ്ണുകളിലൂടെ മിഴിതുറന്നുതുടങ്ങുമ്പോഴേ അത് നമ്മുടെ നാട്ടില്‍ ഇത്ര വിവാദമാകുമെന്നു കരുതിയില്ല. ഗതാഗതനിയമലംഘനങ്ങളും വാഹനാപകടമരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതു സ്വാഗതാര്‍ഹമാണ്. എഐ ക്യാമറകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതിനു പിന്നാലെ നിരത്തുകളില്‍ നിയമലംഘനങ്ങള്‍ കാര്യമായി കുറഞ്ഞിട്ടുïെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുïത്രേ. എഐ ക്യാമറവഴി കïെത്തുന്ന നിയമലംഘനങ്ങള്‍ക്കു വലിയ പിഴയാണ് ഈടാക്കുക. ഇതില്‍നിന്നൊഴിവാകാന്‍ സാധിക്കുകയില്ല. പിഴത്തുക പേടിച്ച് ജനം റോഡുനിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നാണു മനസ്സിലാകുന്നത്.
അപകടങ്ങളും റോഡിലെ മരണങ്ങളും കുറയുന്നതു സ്വാഗതാര്‍ഹംതന്നെ. പക്ഷേ, അഴിമതിയും സാമ്പത്തികനഷ്ടവും കടന്നുവരാത്തവിധം സുതാര്യ
മായായിരിക്കണം ഏതൊരു പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ഇല്ലെങ്കില്‍ മുന്‍കാലങ്ങളിലേതുപോലെ വിവാദങ്ങള്‍ തുടര്‍ക്കഥയാവും. ഗതാഗതനിയമലംഘനം കണ്ടെത്തുന്നതിന് റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിരീക്ഷണസംവിധാനം സ്ഥാപിക്കുന്നതിനുപിന്നിലെ സ്വകാര്യപങ്കാളിത്തം ഇതിനിടയിലും സംസ്ഥാനത്തു വന്‍വിവാദമായിരിക്കുകയാണ്. ഇതു സംബന്ധിച്ചു നടന്ന സാമ്പത്തിക ഇടപാടുകളില്‍ പ്രതിപക്ഷം അഴിമതിയും ദുരൂഹതയും ആരോപിക്കുന്നു. പതിവുപോലെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നത് എഐ വിവാദത്തിലും സര്‍ക്കാരിനെ സംശയ
നിഴലില്‍ നിര്‍ത്തുന്നു.
ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണം നടത്തിവേണം ഇത്തരം പദ്ധതികള്‍ നടപ്പാക്കാനെന്നതും സര്‍ക്കാര്‍ മറന്നു. 232 കോടി രൂപ ചെലവിട്ടു സ്ഥാപിച്ചിരിക്കുന്ന ഈ എഐ ക്യാമറകള്‍ എത്രത്തോളം നിര്‍മിതബുദ്ധി ഉപയോഗിക്കുന്നുïെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. രാത്രിയും പകലും വ്യക്തമായ ചിത്രമെടുക്കുന്ന ക്യാമറയെന്നതില്‍ക്കവിഞ്ഞ് ഇതിന്റെ നിര്‍മിതബുദ്ധിസവിശേഷതകള്‍ കൂടുതലായൊന്നും വ്യക്തമല്ല. നിസ്സാരനിയമലംഘനങ്ങള്‍
പോലും കൃത്യമായി കïെത്തും, രാത്രിയിലും കൃത്യമായി പ്രവര്‍ത്തിക്കും, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള ഡ്രൈവിങ്, വാഹനങ്ങളില്‍ വരുത്തുന്ന മോഡിഫിക്കേഷന്‍, അനധികൃത ഫിറ്റിങ്ങുകള്‍, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയെല്ലാം ദൂരത്തുനിന്നുപോലും കïെത്തുമെന്നുമൊക്കെയാണ് അവകാശവാദങ്ങള്‍. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പറയുന്നതു പലതും അതിശയോക്തിപരമായ കാര്യങ്ങളാണെന്നാണു പൊതുവെയുള്ള വിലയിരുത്തല്‍.
ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനുമൊപ്പം കുട്ടിയുമുണ്ടെങ്കില്‍ പിഴ ഒടുക്കണമെന്ന നിയമം ജനങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. ഭരണപക്ഷത്തുതന്നെ ഈ നിയമങ്ങള്‍ക്കെതിരേ എതിര്‍പ്പുണ്ട്. ഇത് കടുത്ത ദ്രോഹമാണെന്നാണ് ഭരണകക്ഷി എംഎല്‍എ ബി. ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടത്.
726 ക്യാമറകളാണ് ഗതാഗതനിയമലംഘനം പിടികൂടാനായി സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിനാണ് ഇതുസംബന്ധിച്ച കരാര്‍ നല്‍കിയത്. ഈ കരാറില്‍ത്തന്നെ ദുരൂഹതകളുണ്ടെന്ന് ആരോപിക്കപ്പെടുന്നു. സര്‍ക്കാരിന്റെ കരാര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായാണ് ആക്ഷേപം. 151 കോടി രൂപ ചെലവു കണക്കാക്കിയിരുന്ന പദ്ധതിക്ക് ചെലവ് പിന്നീട് 232 കോടിയായി മാറി. കെല്‍ട്രോണ്‍ വിവിധ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയതാണ് ചെലവുയരാന്‍ കാരണമായി പറയപ്പെടുന്നത്. അതേസമയം, 74 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാനാകുമെന്ന് പല കമ്പനികളും സര്‍ക്കാരിനെ അറിയിച്ചതായി പറയുന്നുണ്ട്. ക്യാമറയുടെ വില 9.5 ലക്ഷമാണെന്ന് കെല്‍ട്രോണ്‍ പറയുന്നതിലും വിശ്വാസക്കുറവുണ്ട്. ഏറ്റവും അത്യാധുനിക ക്യാമറാ സംവിധാനത്തിനുപോലും 4-5 ലക്ഷം രൂപയില്‍ കൂടുതലാകില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാങ്കേതികപ്രാധാന്യമുള്ള കരാറുകളില്‍ ഉപകരാര്‍ പാടില്ലെന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തിനു വിരുദ്ധമായ നടപടികളാണ് എഐ ക്യാമറയിടപാടില്‍ നടന്നതെന്നതാണ് പദ്ധതിക്കെതിരായ ഏറ്റവും പ്രധാന ആരോപണം. മറ്റു സ്വകാര്യകമ്പനികളില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങരുതെന്ന ധനവകുപ്പിന്റെ നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നതാണ് നിലവിലെ വിവാദങ്ങള്‍ക്കു കാരണവും. എ ഐ കാമറ സ്ഥാപിക്കാന്‍ ബംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിക്കാണ് കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത്. ഇതിനായി 151.22 കോടി രൂപ ഏല്പിച്ചിട്ടുണ്ട്. ടെന്‍ഡറില്‍ വേറേ കമ്പനികള്‍ പങ്കെടുത്തോയെന്നും ടെന്‍ഡര്‍ മാനദണ്ഡം പാലിച്ചാണോ കരാര്‍ നല്‍കിയതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് കെല്‍ട്രോണ്‍ ഉത്തരം നല്‍കണം. എഐ ക്യാമറാവിവാദത്തില്‍ കെല്‍ട്രോണ്‍ പറയുന്നത് പദ്ധതിയുടെ ഉപകരാറുകള്‍ സ്രിറ്റ് (SRIT) എന്ന കമ്പനിയാണു നല്‍കിയതെന്നും അതില്‍ കെല്‍ട്രോണിനു പങ്കില്ലെന്നുമാണ്. ക്യാമറനിര്‍മാണത്തില്‍ സഹായിക്കാനും അവ സ്ഥാപിക്കുന്നതിനുമാണ് സ്രിറ്റുമായുള്ള കരാര്‍. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവും ചേര്‍ന്നാണ് 232 കോടി രൂപ ചെലവായതെന്നും നിര്‍മാണച്ചെലവ് 160 കോടി രൂപയാണെന്നും കെല്‍ട്രോണ്‍ വ്യക്തമാക്കുന്നുണ്ട്. എ ഐ ക്യാമറ കരാര്‍ മാത്രമല്ല, കെ ഫോണിന്റെ എംഎസ്പിയും എസ്ആര്‍ഐടിയാണ്. സര്‍ക്കാര്‍ നടപ്പാക്കുന്ന വന്‍കിട പദ്ധതികളെല്ലാം ഈ കമ്പനിയില്‍ എത്തുന്നതെങ്ങനെ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
സംസ്ഥാനത്ത് റോഡ് സുരക്ഷയുടെ മറവില്‍ നടത്തുന്നത് വന്‍ അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവും ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ആരോപണത്തിനുള്ള മറുപടി പറയേണ്ടത് സര്‍ക്കാരല്ല കെല്‍ട്രോണാണെന്നും പദ്ധതിയില്‍ എന്തെങ്കിലും സുതാര്യതക്കുറവുണ്ടെങ്കില്‍ അതിനും മറുപടി നല്‍കേണ്ടത് കെല്‍ട്രോണാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. ഇതു തങ്ങളുടെമാത്രം പദ്ധതിയാണെന്നും ഉപകരാറുകളൊന്നും നല്‍കിയിട്ടില്ലെന്നും ആദ്യം പത്രക്കുറിപ്പില്‍ പറഞ്ഞ കെല്‍ട്രോണ്‍ പിന്നീട് പറഞ്ഞത് എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്നാണ്. മാത്രമല്ല, സ്രിറ്റ് മറ്റാര്‍ക്കെങ്കിലും ഉപകരാറുകള്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ഒരു ബാധ്യതയുമില്ലെന്നും കെല്‍ട്രോണ്‍ സി.എം.ഡി. പറയുന്നു. എന്തായാലും, കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. കാര്യങ്ങള്‍ വിവാദമായിരിക്കെ എ ഐ പദ്ധതി സുതാര്യമാണെന്നു ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കരാര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ വിശദീകരണം ലഭിച്ചേതീരൂ.
നിരന്തരം ഗതാഗതക്കുരുക്കുണ്ടാവുന്ന റോഡുകളില്‍ പല നിയമങ്ങളും പാലിക്കാനായെന്നു വരില്ല. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ റോഡിന്റെ അവസ്ഥയും സാഹചര്യങ്ങളുംകൂടി മെച്ചപ്പെടുത്തേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ട്.