ഈസ്റ്റര്‍ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ഗോള്‍ഡാക്ഖാനയിലെ തിരുഹൃദയദൈവാലയം സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയം കാണുന്നവരുണ്ട്. തന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണത്രേ അത്. അതെന്തായാലും, അദ്ദേഹം ഏറെനേരം ദൈവാലയത്തില്‍ ചെലവഴിക്കുകയും പ്രാര്‍ഥനകളില്‍ പങ്കെടുക്കുകയും ചെയ്തത് ആക്ഷേപിക്കപ്പെടേണ്ട ഒരു കാര്യമല്ല.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കുനേരേയുള്ള അക്രമങ്ങള്‍ കോണ്‍ഗ്രസ് ഭരണകാലത്തും ഉണ്ടായിട്ടുണ്ട്. എങ്കിലും, ബിജെപി ഗവണ്‍മെന്റുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിമര്‍ശനവിധേയമാകുന്നുവെന്നതു സത്യം. അതില്‍ വാസ്തവമില്ലെന്നല്ല. പല സംസ്ഥാനങ്ങളിലും ആസൂത്രിതമായ അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കുനേരേ ഉണ്ടായിട്ടുണ്ട്. ഫാദര്‍ സ്റ്റാന്‍സ്വാമിക്കുനേരേയുണ്ടായ കള്ളക്കേസും തടവും മരണവുമൊന്നും മറക്കാന്‍ സമയമായിട്ടില്ലല്ലോ.
ഇതിനൊരു മറുവശമുണ്ട്. പല അക്രമങ്ങളും പ്രാദേശികമായി ഉരുണ്ടുകൂടുന്ന ചെറിയ പ്രശ്‌നങ്ങളില്‍നിന്ന് ആവിര്‍ഭവിക്കുന്നതാണെന്നാണ് ഇന്ത്യയൊട്ടാകെയുള്ള ദീര്‍ഘകാലപത്രപ്രവര്‍ത്തനപരിചയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഈയിടെ ചൂണ്ടിക്കാട്ടിയത്. അതിനെ ആസൂത്രിതമെന്നു പറഞ്ഞുകൂടാ. എന്നുപറഞ്ഞാല്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെടുന്നവയല്ല ഭൂരിപക്ഷം അക്രമങ്ങളും. പ്രതികള്‍ക്കു രാഷ്ട്രീയബന്ധം ഉണ്ടായിരിക്കാം. അതു ന്യൂനപക്ഷവേട്ടയായി വ്യാഖ്യാനിക്കപ്പെടുന്നതില്‍ അര്‍ഥമില്ലെന്നു സാരം. സര്‍ക്കാരുകളുടെ നേരിട്ടുള്ള നിര്‍ദേശത്താലോ മൗനസമ്മതത്താലോ നടക്കുന്ന ന്യൂനപക്ഷവേട്ടയെ മാത്രമേ ആസൂത്രിതമെന്നു വിളിക്കാനാവൂ. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള ഹിഡന്‍ അജന്‍ഡകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങളെ വെള്ളപൂശുകയോ ബിജെപി സര്‍ക്കാരുകള്‍ക്കു ക്ലീന്‍ചിറ്റു നല്കുകയോ അല്ല ഇവിടെ ലക്ഷ്യം. മാധ്യമങ്ങള്‍ നിരത്തുന്ന വെണ്ടയ്ക്കത്തലക്കെട്ടുകള്‍ അപ്പടി വിശ്വസിക്കുന്നതില്‍ അര്‍ഥമില്ലെന്നേ പറഞ്ഞുള്ളൂ. ഇങ്ങു കേരളത്തിലിരുന്നു പത്രം വായിക്കുന്ന ഒരാള്‍ക്ക് വടക്കേയിന്ത്യയിലെ ഏതെങ്കിലുമൊരു കുഗ്രാമത്തില്‍ നടന്ന അക്രമപരമ്പരകളുടെ യഥാര്‍ഥ വസ്തുത ഇഴപിരിച്ചു കണ്ടെത്തുക എളുപ്പമല്ല. പത്രങ്ങളില്‍ വരാത്ത ഒരുപാടു പ്രാദേശികപ്രശ്‌നങ്ങള്‍ ഓരോ സംഭവത്തിനു പിന്നിലുമുണ്ടാവും. അത് ആ പ്രദേശവാസികള്‍ക്കുമാത്രമേ അറിയാവൂ. വ്യക്തിവൈരാഗ്യത്തില്‍ നടക്കുന്ന സംഘട്ടനംപോലും ഇരുകക്ഷികളും വ്യത്യസ്ത രാഷ്ട്രീയകക്ഷികളില്‍പ്പെട്ടവരാണെങ്കില്‍ അത് രാഷ്ട്രീയമാനം കൈവരിക്കുന്നത് നമ്മുടെ നാട്ടിലും അത്ര പുതിയ കാര്യമൊന്നുമല്ലല്ലോ.
ബിജെപിയുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ എന്തുതന്നെയായാലും ഒരു ശക്തനായ ഭരണാധികാരിയെന്ന നിലയില്‍ ഇന്ത്യയ്ക്ക് എക്കാലത്തും അഭിമാനിക്കാവുന്ന ഒരു വ്യക്തിതന്നെയാണ് നരേന്ദ്രമോദി എന്നത് തര്‍ക്കമറ്റ സംഗതിയാണ്. അദ്ദേഹത്തിന്റെ ഡല്‍ഹി ദൈവാലയസന്ദര്‍ശനം തീര്‍ച്ചയായും രാജ്യത്തെ ക്രൈസ്തവര്‍ക്കു പ്രതീക്ഷ നല്കുന്ന ഒന്നുതന്നെയാണ്. ഇന്ത്യയിലെ 2.3 ശതമാനം മാത്രമുള്ള ക്രൈസ്തവരില്‍ ഒരു സുരക്ഷിതത്വബോധം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു കഴിഞ്ഞിരിക്കുന്നുവെന്നു പറയേണ്ടിയിരിക്കുന്നു. ചൈനയും പാക്കിസ്ഥാന്‍ അടക്കമുള്ള ചില ഇസ്ലാമികരാജ്യങ്ങളും ഉയര്‍ത്തുന്ന ഭീഷണികള്‍ ഇന്ത്യയ്ക്കും മോദിക്കും വെല്ലുവിളിയാണെന്ന ജോര്‍ജ് കള്ളിവയലിന്റെ നിരീക്ഷണം (നാളം 7) ശരിതന്നെ. അങ്ങനെയെങ്കില്‍ ഈ ദശാസന്ധിയില്‍ ഇന്ത്യയെ നയിക്കാന്‍ നരേന്ദ്രമോദിതന്നെയാണ് യോഗ്യനെന്ന് ആരെങ്കിലും പറഞ്ഞാല്‍ നിഷേധിക്കാനാകുമോ?
ബാബു സേവ്യര്‍, ഇടപ്പള്ളി