''ഹോട്ടല്‍ സല്‍ക്കാര.''
വെളുപ്പില്‍ തിളങ്ങുന്ന ചുവന്ന അക്ഷരങ്ങള്‍ നോക്കി ജോവിന്‍ ഉറക്കെ വായിച്ചു.
''കണ്ടതേ വെശക്കണു.'' ആരതി വിളിച്ചുപറഞ്ഞതുകേട്ട് വിശാല്‍ കളിയാക്കി: ''ടൂറിനു വരണതുതന്നെ തിന്നുമുടിക്കാനല്ലേ?''
ആട്ടവും പാട്ടുമായി ആര്‍ത്തിരമ്പുന്ന കുട്ടികളെ വഹിച്ച വലിയ ബസ് റോഡിന്റെ ഓരം ചേര്‍ന്നുനിന്നു. ബസില്‍നിന്നിറങ്ങി ഹോട്ടലിലേക്കു നടക്കുമ്പോള്‍ ജോവിന്‍ കണ്ടു; ഹോട്ടലിന്റെ പേരെഴുതിയ ടീഷര്‍ട്ടു ധരിച്ച ഒരാള്‍ ഹോട്ടല്‍ എന്നെഴുതിയ ബോര്‍ഡ് നീട്ടിപ്പിടിച്ചു നില്‍ക്കുന്നു. ഒരു നിമിഷം അയാളെ നോക്കിനിന്നുപോയി. ഹോട്ടലിന്റെ ബോര്‍ഡ് ദൂരെനിന്ന് കാണാമല്ലോ. പിന്നെയെന്തിനാ ഈ നട്ടുച്ചയ്ക്ക് ഒരു മനുഷ്യന്‍ വെയിലത്തുനിന്നിങ്ങനെ...
''കാഴ്ച കണ്ടുനില്‍ക്കാതെ വേഗം നടന്നേ.'' രാജന്‍മാഷിന്റെ സ്വരം അവന്റെ വിചാരങ്ങളെ മുറിച്ചു. കണ്ണുതുറന്നു കാണാനും കാതുതുറന്നു കേള്‍ക്കാനുമാണു യാത്രകള്‍ നടത്തുന്നതെന്ന് എപ്പോഴും പറയാറുള്ള രാജന്‍മാഷിനിപ്പോ ഒരേയൊരു പല്ലവിയേ ഉള്ളൂ: ''വേഗം നടക്ക്, നേരേ നോക്കിപ്പോ, ഒരുമിച്ചു നടക്ക്.''
ഇതാണു മുതിര്‍ന്നവരുടെ കുഴപ്പം. ഓരോ സമയത്ത് ഓരോ തരത്തില്‍ പറയും. അതെല്ലാം കുട്ടികള്‍ അനുസരിക്കണംതാനും.
ഹോട്ടലിനുള്ളില്‍ ഉച്ചത്തിരക്ക്. ആദ്യം കൈകഴുകിയെത്തിയ വിശാല്‍ അരികില്‍ കാത്തുവച്ച സീറ്റില്‍ ജോവിനുമിരുന്നു. ചിരിച്ചും കമന്റുകള്‍ പാസാക്കിയും കുട്ടികള്‍ തിരക്കിട്ട് ആഹാരം കഴിക്കുന്നു.
വേഗം കഴിച്ചാല്‍ കൂടുതല്‍ കഴിക്കാമെന്നാണ് ചിലരുടെ വിചാരമെന്നു തോന്നിപ്പോകും.
''വേഗം കഴിച്ചോ. നമ്മള്‍ പണം കൊടുത്തതാ. ആവശ്യത്തിനു കഴിച്ചോ. പെട്ടെന്നു വേണം. സമയം കളയരുത്.'' രാജന്‍മാഷു തിരക്കുകൂട്ടുന്നതു കണ്ടപ്പോള്‍ ഓര്‍ത്തു; ഇങ്ങനെയല്ലല്ലോ സ്‌കൂളില്‍വച്ചു പറയാറ്. ആഹാരം സാവധാനം ചവച്ചരച്ചു കഴിക്കണം. എന്നാലേ ദഹനം ശരിയാവൂ.
''ടൂറല്ലേ, ഇന്നൊരു ദിവസം ചവച്ചരച്ചില്ലേലും ദഹിച്ചോളും.'' വിശാലിന് ഉടനുടന്‍ എല്ലാറ്റിനും പരിഹാരമുണ്ടാകും.
പെട്ടെന്നു കഴിച്ചുതീര്‍ത്ത് കൈകഴുകി പുറത്തിറങ്ങി. ആഹാരം കഴിച്ചിറങ്ങിയ കുട്ടികള്‍ ഐസ്‌ക്രീമും ജ്യൂസുമൊക്കെ വാങ്ങിക്കഴിക്കുകയാണ്. വിശന്നിട്ടും ദാഹിച്ചിട്ടുമല്ല. പോക്കറ്റുമണി തീര്‍ക്കണമല്ലോ.
പുറത്തെ കാഴ്ചകള്‍ കാണാം. ജോവിന്‍ ചുറ്റുപാടും കണ്ണോടിച്ചു. നേരത്തേ കണ്ട അങ്കിള്‍ ഹോട്ടലെന്ന ബോര്‍ഡും പിടിച്ച് അവിടെത്തന്നെയുണ്ട്. വെയിലത്തേക്കു നോക്കുമ്പോള്‍ത്തന്നെ സഹിക്കാന്‍ പറ്റുന്നില്ല. അപ്പോഴാണീ മനുഷ്യന്‍ ഒരു കുടപോലുമില്ലാതെ പൊരിവെയിലത്തു നില്‍ക്കുന്നത്.
''ഇതു നിനക്ക്.'' വിശാല്‍ കാഡ്ബറീസ് മിഠായി ജോവിന്റെ കൈയില്‍ വച്ചുകൊടുത്തു. അവന്‍ ആ മിഠായിയുമായി ഗേറ്റിനു പുറത്തേക്കുനടന്നു.
''എടാ, നീയെങ്ങോട്ടാ?'' വിശാലിന്റെ ചോദ്യത്തിന് ഒന്നു കണ്ണിറുക്കിക്കാട്ടി അവന്‍ മുന്നോട്ടുനീങ്ങി.
''എടാ, മാഷു വഴക്കുപറയും.''
ജോവിന്‍ വെയിലത്തു നില്‍ക്കുന്ന ആളുടെ അടുത്തെത്തി. പതുക്കെ വിളിച്ചു: ''അങ്കിള്‍.''
ക്ഷീണഭാവത്തില്‍ നേരേ നോക്കിയ അയാളുടെ കൈയില്‍ സ്‌നേഹത്തോടെ മിഠായി വച്ചുകൊടുത്തു. വരണ്ട ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി അവന്‍ നോക്കിനിന്നു. അപ്പോഴേക്കും അടുത്തെത്തിയ വിശാലും പോക്കറ്റില്‍നിന്നെടുത്ത ഒരു മിഠായി അയാള്‍ക്കു സമ്മാനിച്ചു. ആ ചുണ്ടില്‍ വീണ്ടും പുഞ്ചിരി വിരിഞ്ഞു.
ഓടിയെത്തിയ ആരതിയും അനുപമയും സാദിയയും ഓരോ മിഠായി കൊടുത്തു. കുട്ടികള്‍ ഒഴുകിവരികയാണ്. അവര്‍ ഓരോരുത്തരായി ആ തളര്‍ന്ന കൈകളിലേക്കു മിഠായി വര്‍ഷിക്കുകയാണ്. ശരിക്കുമൊരു മിഠായിമഴ. ആ സ്‌നേഹമഴയില്‍ കുളിച്ച് അയാള്‍ പുഞ്ചിരി കൊഴിയാതെ പൊരിവെയിലത്തുനിന്നു. വെയിലിന്റെ ചൂടറിയാതെ കുട്ടികളും.