ഈസ്റ്റര്‍ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി ഗോള്‍ഡാക്ഖാനയിലെ തിരുഹൃദയ ദൈവാലയം സന്ദര്‍ശിച്ചതിനുപിന്നിലെ രാഷ്ട്രീയമാനങ്ങളാണ് എങ്ങും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വസ്തുതകളില്‍നിന്നകന്നുമാറി കേവലം കേരളത്തില്‍ കണ്ണുവച്ചുമാത്രമാണ് മോദി അള്‍ത്താരയില്‍ യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേറ്റ രൂപത്തിനുമുന്നില്‍ മെഴുകുതിരി തെളിച്ചതെന്നാണു ഭൂരിപക്ഷം വിലയിരുത്തലുകളും നടക്കുന്നത്. എന്നാല്‍, ഈ സന്ദര്‍ശനത്തിന്റെ കാതലായ ലക്ഷ്യം കേവലം ആഭ്യന്തരനേട്ടം മാത്രമായിരുന്നില്ല. ഇന്ത്യയില്‍ ക്രൈസ്തവസമൂഹത്തിനും സ്ഥാപനങ്ങള്‍ക്കും നേരേ സംഘപരിവാര്‍ അനുകൂലസംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടന്നുവരുന്ന അക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച പാശ്ചാത്യരാജ്യങ്ങളുടെമുന്നില്‍ പ്രതിച്ഛായ വീണ്ടെടുക്കുകയെന്ന ലക്ഷ്യം കൂടി പ്രധാനമായും മോദിക്കുണ്ടായിരുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകളുമായികേരളത്തിലെ വിവിധ ക്രൈസ്തവമേലധ്യക്ഷന്മാരെ നേരിട്ടു സന്ദര്‍ശിച്ചതിന്റെ പിന്നാലെയുള്ള പ്രധാനമന്ത്രിയുടെ കത്തീഡ്രല്‍സന്ദര്‍ശനത്തില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സ്വാഭാവികമായി രാഷ്ട്രീയം കണ്ടു. അതില്‍ കുറ്റം പറയാനാകില്ല.
1986 ലെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഡല്‍ഹി സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രിയായിരിക്കേ രാജീവ് ഗാന്ധി മാര്‍പാപ്പയോടൊപ്പം സേക്രഡ്
ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ക്രിസ്മസിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. 1998 ല്‍ പഞ്ചാബിലെ ജലന്ധറിലുള്ള സെന്റ് മേരീസ് കത്തോലിക്ക കത്തീഡ്രലില്‍ അന്നത്തെ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആയതിനു പിന്നാലെ 2015 ഫെബ്രുവരി 17 ന് സീറോ മലബാര്‍
സഭയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലും നരേന്ദ്രമോദി പങ്കെടുത്തിരുന്നു.
വിജ്ഞാന്‍ ഭവന്‍ പ്ലീനറിഹാളില്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും മദര്‍ എവുപ്രാസിയാമ്മയുടെയും വിശുദ്ധപദവി ആഘോഷമായിരുന്നു ചടങ്ങ്. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരുന്ന ചടങ്ങില്‍ മോദി നടത്തിയ പ്രസംഗം ബ്രിട്ടണ്‍, അമേരിക്ക അടക്കമുള്ള ആഗോളമാധ്യമങ്ങളിലും രാജ്യത്തെ ഹിന്ദി, ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങളിലും വാര്‍ത്താചാനലുകളിലും വലിയ വാര്‍ത്തയായിരുന്നു.
അനുനയശ്രമം ആദ്യമായല്ല
പൂര്‍ണമായ വിശ്വാസസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും മതേതരത്വത്തോടു പ്രതിജ്ഞാബദ്ധമാണെന്നും 2015 ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിഭാഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നവരെ അടിച്ചമര്‍ത്തുമെന്നു മുന്നറിയിപ്പു നല്‍കാനും മറന്നില്ല. ഡല്‍ഹിയിലെ നിരവധി കത്തോലിക്കാദൈവാലയങ്ങളുടെ നേര്‍ക്ക് അക്രമം ഉïായതിന്റെ തൊട്ടുപിന്നാലെയായിരുന്നു പ്രസ്താവന. ക്രൈസ്തവര്‍ക്കുനേരേയുള്ള അക്രമങ്ങള്‍ ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും ഒന്നുപോലും അനുവദിക്കില്ലെന്നുമാണ് ഇതേ ചടങ്ങില്‍ പ്രസംഗിച്ച അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്.
ഏതു വിശ്വാസവും പിന്തുടരാന്‍ ഓരോ പൗരനും അവകാശമുണ്ടെന്നും ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളെയും സംരക്ഷിക്കുമെന്നും ഡല്‍ഹിസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ''നിര്‍ബന്ധിതമോ അനാവശ്യസ്വാധീനമോ കൂടാതെ ഇഷ്ടമുള്ള മതം നിലനിര്‍ത്താനോ സ്വീകരിക്കാനോ എല്ലാവര്‍ക്കും അനിഷേധ്യമായ അവകാശമുണ്ടെന്ന് എന്റെ സര്‍ക്കാര്‍ ഉറപ്പാക്കും. ഭൂരിപക്ഷമോ, ന്യൂനപക്ഷമോ ആയുള്ള ഒരു മതവിഭാഗത്തിനെതിരേയും പരോക്ഷമായോ പരസ്യമായോ വിദ്വേഷം വളര്‍ത്താന്‍ എന്റെ സര്‍ക്കാര്‍ അനുവദിക്കില്ല.''
''എല്ലാ വിശ്വാസങ്ങളോടും തുല്യബഹുമാനവും പരിഗണനയും എന്ന ഈ തത്ത്വം ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇന്ത്യയുടെ ധാര്‍മികതയുടെ ഭാഗമാണ്. അങ്ങനെയാണ് അത് ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യഘടകമായത്. നമ്മുടെ ഭരണഘടന ഒരു ശൂന്യതയില്‍ പരിണമിച്ചതല്ല. ഇന്ത്യയുടെ പുരാതനസാംസ്‌കാരികപാരമ്പര്യങ്ങളില്‍ ഇതിനു വേരുകളുണ്ട്'' എന്നും മോദി വിശദീകരിച്ചു.
2014 ല്‍ ബിജെപി ഭരണത്തിലെത്തിയശേഷം രാജ്യത്തിന്റെ പല ഭാഗത്തും ക്രൈസ്തവര്‍ക്കെതിരേ അക്രമം വര്‍ധിച്ചതിനുശേഷമായിരുന്നു പ്രധാനമന്ത്രി മോദിയുടെ അന്നത്തെ പ്രഖ്യാപനം. മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാര്‍ശക്തികള്‍ അക്രമവും അധിക്ഷേപവും നടത്തുമ്പോഴും മാസങ്ങളോളം പാലിച്ച മൗനം ഭേദിച്ചായിരുന്നു മോദിയുടെ ഉറപ്പ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നാലെ ക്രൈസ്തവര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ സ്വിച്ചിട്ടതുപോലെ നിലച്ചു.
പിന്നീട് ഓരോ സംസ്ഥാനത്തിലും ലോക്സഭയിലേക്കും തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിതി വീണ്ടും വഷളായി. പല സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരേ ആസൂത്രിതമായ അക്രമങ്ങളുണ്ടായി. പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയോ, അക്രമികളുടെ പക്ഷംചേര്‍ന്ന് ഇരയെ വേട്ടയാടുകയോ ചെയ്യുന്ന ഗുരുതരസ്ഥിതി പ്രകടമായി. ആദിവാസികള്‍ക്കുവേണ്ടി ജീവിച്ച ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ കള്ളക്കേസുണ്ടാക്കി അറസ്റ്റു ചെയ്തു തടവിലിട്ടു മരണത്തിലേക്കു തള്ളിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു ഭരണകൂടത്തിന് ഒഴിയാനാകില്ല.
ലോകം ആദരിക്കുന്ന നൊബേല്‍ സമ്മാന ജേതാവും വിശുദ്ധയുമായ കാരുണ്യത്തിന്റെ അമ്മ മദര്‍ തെരേസയെപ്പോലും അവഹേളിക്കാന്‍ ചിലര്‍ മടിച്ചില്ല. മദര്‍ തെരേസയുടെ സന്ന്യാസിനീ സമൂഹത്തിലെ കന്യാസ്ത്രീയെവരെ കേസില്‍പ്പെടുത്തി ജയിലിലടച്ചു. ഏറ്റവുമൊടുവില്‍ ക്രൈസ്തവരെ തല്ലിയോടിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത കര്‍ണാടകയിലെ ബിജെപി മന്ത്രിയെ ഭരണനേതൃത്വം അപലപിച്ചതുപോലുമില്ല. കര്‍ണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, യുപി തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ക്രൈസ്തവരെ പലതരത്തില്‍ വേട്ടയാടുന്നു.
ആരുടെയും പ്രത്യേക ക്ഷണമില്ലാതെയാണു പ്രധാനമന്ത്രി പള്ളിയിലെത്തിയത്. ദൈവാലയത്തിലെത്തിയ പ്രധാനമന്ത്രി തിരിതെളിച്ചു പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നത് രാജ്യത്താകെയുള്ള ക്രൈസ്തവപീഡകര്‍ക്കും അവരുടെ സംരക്ഷകരായ ഭരണവര്‍ഗത്തിനുമുള്ള താക്കീതാകുമെന്നു പ്രതീക്ഷിക്കാം.
കേവലരാഷ്ട്രീയത്തില്‍ ഒതുക്കരുത്
മോദിയുടെ കത്തീഡ്രല്‍ സന്ദര്‍ശനത്തിനു ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നു കോണ്‍ഗ്രസും സിപിഎമ്മും മറ്റു ചില സഭാവിരുദ്ധ ശക്തികളും തിടുക്കത്തില്‍ ആരോപിച്ചു. കേരളത്തിലെ ക്രൈസ്തവരെല്ലാം ബിജെപിയിലേക്കു പോകുന്നുവെന്ന വ്യാജപ്രചാരണംവരെ ചിലര്‍ നടത്തി. മോദിക്ക് തീര്‍ച്ചയായും രാഷ്ട്രീയതാത്പര്യങ്ങളും ഉണ്ടാകാതിരിക്കില്ല.
ക്രൈസ്തവര്‍ക്ക് 25 ശതമാനമെങ്കിലും വോട്ടുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപി നേരിട്ടോ പങ്കാളിത്തത്തിലൂടെയോ ഭരണത്തിലെത്തി. അതിനാല്‍, പതിനെട്ടു ശതമാനം മാത്രം ക്രൈസ്തവരുള്ള കേരളത്തിലെ വോട്ടു മാത്രമല്ല പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നു വ്യക്തം. ഒരു ക്രൈസ്തവദൈവാലയത്തില്‍ പ്രധാനമന്ത്രി പോയതിന്റെ പേരില്‍ ക്രൈസ്തവര്‍ ബിജെപിയെ അനുകൂലിക്കുമെന്ന് ആരും കരുതാനിടയില്ല. വിദ്യാഭ്യാസവും വിവേകവുമുള്ള ക്രൈസ്തവര്‍ കണ്ണടച്ചല്ല വോട്ടുചെയ്യുക.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കുമെതിരേ അക്രമം വ്യാപിച്ചതു മോദിയുടെ അന്താരാഷ്ട്രപ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേയുള്ള അക്രമങ്ങള്‍ സര്‍ക്കാരിനു നിഷേധിക്കാനാകില്ല. മതപരിവര്‍ത്തന ബില്ലുകളടക്കം ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള നടപടികളും വിമര്‍ശനവിധേയമാണ്.
ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണം കുത്തനെ കുറയുമ്പോഴാണു നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന പ്രചാരണം അഴിച്ചുവിട്ട് ക്രൈസ്തവരെ അക്രമിക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയോ ആരെങ്കിലും ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നുമില്ല. അക്രമികളെ സംരക്ഷിക്കുകയും ഇരകളെ വേട്ടയാടുകയും ചെയ്യുന്നു. സെന്‍സസ് കണക്കനുസരിച്ച് ഇന്ത്യയില്‍ ക്രൈസ്തവരുടെ ജനസംഖ്യ പടിപടിയായി താഴുകയാണ്. സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് ക്രൈസ്തവര്‍ 2.9 ശതമാനം ആയിരുന്നു. പിന്നീടുള്ള കനേഷുമാരികളില്‍ ഇത് 2.7 ശതമാനമായും ഏറ്റവുമൊടുവില്‍ 2.3 ശതമാനവുമായാണു ക്രൈസ്തവരുടെ എണ്ണം കുറഞ്ഞത്.
നൂറു കോടിയില്‍നിന്ന് ഇന്ത്യന്‍ ജനസംഖ്യ 140 കോടിയായി ഉയര്‍ന്നപ്പോഴും ക്രൈസ്തവര്‍ കുറഞ്ഞു. പുതിയ 40 കോടിപ്പേരില്‍ ഹിന്ദു, മുസ്ലീം ജനസംഖ്യമാത്രമാണു കൂടിയത്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഇതരന്യൂനപക്ഷജനവിഭാഗങ്ങളുടെ എണ്ണത്തില്‍ അനേകലക്ഷങ്ങളുടെ കുറവാണുള്ളത്. സര്‍ക്കാരിന്റെതന്നെ സെന്‍സസ് ആയതിനാല്‍, വസ്തുതകള്‍ ആര്‍ക്കും നിഷേധിക്കാനാകില്ല. എങ്കിലും, അധിക്ഷേപങ്ങളും അക്രമങ്ങളും തുടരുന്നതാണു ദുരന്തം.
ജി-20 യിലും മുഖം മിനുക്കണം
കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നതും ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതുമായ ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കുമുമ്പായി സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍കൂടിയാണ് പ്രധാനമന്ത്രി കത്തീഡ്രല്‍ സന്ദര്‍ശിച്ചത്. അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും ഉള്‍പ്പെടെയുള്ള പ്രബല ക്രൈസ്തവരാജ്യങ്ങളുടെ മുന്നില്‍ ക്രൈസ്തവരോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതില്‍ കൃത്യമായൊരു പദ്ധതിയുണ്ട്. അതില്‍ തെറ്റില്ല.
വത്തിക്കാനില്‍ ചെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്കു പ്രധാനമന്ത്രി നേരിട്ടു ക്ഷണിച്ചതിന്റെ പിന്നിലും ഇതേ ലക്ഷ്യം കാണാനാകും. പക്ഷേ, ഇനിയും മാര്‍പാപ്പയുടെ സന്ദര്‍ശനം യാഥാര്‍ഥ്യമായിട്ടില്ല. മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം അടുത്ത വര്‍ഷം ആദ്യം പ്രാവര്‍ത്തികമാക്കാന്‍ ചില അണിയറനീക്കങ്ങള്‍ ഇരുരാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്നുണ്ട്. മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി, ഇന്ത്യയിലെ രാഷ്ട്രീയകാലാവസ്ഥ എന്നിവ അനുകൂലമായാല്‍ മാത്രമേ അടുത്ത വര്‍ഷമെങ്കിലും ഫ്രാന്‍സിസ് പാപ്പയ്ക്ക് എത്താനാകൂ. ഇക്കാര്യത്തില്‍ ഇപ്പോഴും ആര്‍ക്കും തീര്‍ച്ചയില്ല.
ചൈനയും പാക്കിസ്ഥാന്‍ അടക്കമുള്ള ചില ഇസ്ലാമികരാജ്യങ്ങളും ഉയര്‍ത്തുന്ന ഭീഷണികള്‍ ഇന്ത്യയ്ക്കും മോദിക്കും വെല്ലുവിളിയാണ്. പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയും സഹായവും ഇക്കാര്യങ്ങളിലും പ്രധാനമാണ്. ഐക്യരാഷ്ട്ര സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം അടക്കമുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കും ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണ നിര്‍ണായകമാണ്.