വിദ്യാഭ്യാസരംഗത്തെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും നിയമവ്യാഖ്യാനങ്ങളും രീതിഭേദങ്ങളുംകൊണ്ട് വിവാദപൂര്‍ണമാണ് എല്ലാക്കാലത്തും നമ്മുടെ സര്‍വ്വകലാശാലകള്‍. പരീക്ഷാകേന്ദ്രിതമായ ഒരു വിദ്യാഭ്യാസസമ്പ്രദായത്തെത്തന്നെ നിശിതമായി വിമര്‍ശിക്കുന്നവരുടെ എണ്ണം ഇന്നു കുറവല്ല. കുട്ടിയുടെ പ്രതിഭാവിലാസമോ നിപുണതയോ ക്രിയാത്മകശേഷിയോ ഒന്നും അളക്കാനാവാതെ, ഓര്‍മ്മയുടെ തലത്തില്‍മാത്രം നടക്കുന്ന ഒരു ബൗദ്ധികപ്രക്രിയയായി പരീക്ഷകള്‍ അധഃപതിക്കുകയാണ്. ആയതിനാല്‍, ചോദ്യം ചെയ്യപ്പെടുന്ന പരീക്ഷകളെക്കുറിച്ചും അവയുടെ സുതാര്യമല്ലാത്ത നടത്തിപ്പിനെക്കുറിച്ചും ചര്‍ച്ചകളുണ്ടാവുന്നതും പൊളിച്ചെഴുത്തുകള്‍ നിര്‍ദ്ദേശിക്കുന്നതും സ്വാഭാവികം.
കൊച്ചിസര്‍വ്വകലാശാലയില്‍ ഓണ്‍ലൈന്‍ മുഖേന ഈയിടെ നടത്തുന്ന പരീക്ഷകളെ ചുറ്റിപ്പറ്റിയാണ് വിവാദം ചൂടുപിടിച്ചിരിക്കുന്നത്. അവസാനസെമസ്റ്റര്‍ ബിരുദാനന്തരബിരുദപരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്കു വീട്ടിലിരുന്ന് എഴുതാമെന്നതാണു വിവാദത്തിനു നിദാനം.
പരീക്ഷ വീട്ടിലിരുന്നെഴുതിയാല്‍ കോപ്പിയടിക്കു സാധ്യതയുണ്ട് എന്നതാണു പ്രശ്‌നം. കോളജില്‍ പരീക്ഷാകണ്‍ട്രോളറുടെയും ഇന്‍വിജിലേറ്ററുടെയുമൊക്കെ നിയന്ത്രണത്തില്‍ നടത്തുന്ന പരീക്ഷകള്‍ക്കുവവരെ കോപ്പിയടിയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് വീട്ടിലിരുന്നു പരീക്ഷയെഴുതുന്നതിന്റെ സുതാര്യതയും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുന്നത്.
ഓണ്‍ലൈന്‍ രീതിയില്‍ എഴുതാവുന്ന ഒബ്ജക്ടീവ് രൂപേണയുള്ള ചോദ്യങ്ങളല്ല, വിവരണാത്മകചോദ്യങ്ങളാണത്രേ പരീക്ഷയിലുള്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരങ്ങള്‍ പുസ്തകസഹായത്താലെഴുതാനും പരസഹായം ലഭ്യമാക്കാനും തടസ്സമുണ്ടാവില്ലെന്ന് ഉന്നതവിദ്യാഭ്യാസസംരക്ഷണസമിതി കുറ്റപ്പെടുത്തുകയുണ്ടായി. വീട്ടിലിരുന്ന് പരീക്ഷയെഴുതുന്ന രീതി നടപ്പാക്കരുതെന്നാണ് സമിതിയുടെ ആവശ്യം.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ ചോദ്യക്കടലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയിലില്‍ സര്‍വ്വകലാശാല നിശ്ചയിച്ച ടൈംഷെഡ്യൂള്‍ പ്രകാരം അയച്ചുകൊടുക്കും. വെള്ളക്കടലാസില്‍ ഒരു വശത്തുമാത്രം ഉത്തരമെഴുതണം. പരീക്ഷയാരംഭിച്ച് അര മണിക്കൂര്‍ ഇടവിട്ട് ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കാന്‍ ചെയ്ത് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. അപ്രകാരം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇ-മെയിലായി അയയ്ക്കാനും സാധിക്കും.
നിലവിലുള്ള പരീക്ഷാച്ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് ഈ നടപടിയെങ്കിലും പുതിയ സാഹചര്യത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കു പരസ്പരം ബന്ധപ്പെടാനും, മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരക്കടലാസുകള്‍ ചോദ്യനമ്പറിട്ട് അപ്‌ലോഡ് ചെയ്യാനുമൊക്കെ അവസരമുണ്ടാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കേരളത്തിലെ ഇതരസര്‍വ്വകലാശാലകള്‍ അവസാനബിരുദപരീക്ഷകള്‍ പതിവുപോലെ ഇപ്പോള്‍ നടത്തുന്ന സ്ഥിതിക്ക്, ആയിരത്തിനു താഴെ മാത്രം ബിരുദാനന്തരബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കുസാറ്റിനും പ്രസ്തുതരീതി അവലംബിക്കാമായിരുന്നില്ലേ എന്ന ചോദ്യമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ ശാസ്ത്രീയമായി നടത്തുന്നുണ്ടാവാം. അവിടെ വിജയിക്കുന്നുമുണ്ടാവാം. കേരളത്തിലെ ശാസ്ത്രസാങ്കേതികസര്‍വ്വകലാശാലകള്‍ ഓണ്‍ലൈനിന്റെ പേരു മാത്രം പറഞ്ഞ് പരീക്ഷകളെ പ്രഹസനമാക്കുന്നുവെന്നാണ് ആരോപണം. കോപ്പിയടിക്കാനും തെറ്റു ചെയ്യാനും അലസരായിരിക്കാനുമൊക്കെ ഇതുവഴി കുട്ടികള്‍ അവസരം കണെ്ടത്തുന്നു.
ആയതിനാല്‍, കുസാറ്റൊരുക്കുന്ന പരീക്ഷാസമ്പ്രദായം മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തിനു ഗുണകരമോ എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ചിന്തിക്കേണ്ടതാണ്. നമ്മുടെ കുട്ടികളെ സത്യസന്ധരായി വളര്‍ത്താനും അധ്വാനിച്ചു പഠിക്കാനും അങ്ങനെ ഉയരങ്ങള്‍ താണ്ടാനും പ്രേരിപ്പിക്കുന്ന സുതാര്യതയുള്ള പരീക്ഷാസമ്പ്രദായം ഏതു പരിഷ്‌കാരത്തിലും നഷ്ടമായിക്കൂടാ.