മാതാപിതാക്കള്‍ എന്നാല്‍, അതായത്, സംഗതിപോലെ ജീവശാസ്ത്രപരമായോ ദത്തെടുപ്പു വഴിയോ, രണ്ടാനച്ഛനോ അല്ലെങ്കില്‍ രണ്ടാനമ്മയോ ആയാലും, അച്ഛനോ അമ്മയോ മുതിര്‍ന്ന പൗരന്‍ ആണെങ്കിലും അല്ലെങ്കിലും, അച്ഛനോ അമ്മയോ എന്ന് അര്‍ഥമാക്കാവുന്നതാണ്.
മുതിര്‍ന്ന പൗരന്‍ എന്നാല്‍, 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയും എന്ന് അര്‍ഥമാക്കുന്നു. സംരക്ഷണം എന്നതില്‍, ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും വൈദ്യപരിചരണവും ചികിത്സയും നല്‍കുന്നത് ഉള്‍പ്പെടുന്നു.
ക്ഷേമം എന്നാല്‍, ഭക്ഷണവും ആരോഗ്യസംരക്ഷണവും വിനോദകേന്ദ്രങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്കാവശ്യമായ മറ്റു സുഖസൗകര്യങ്ങളും നല്‍കുക എന്ന് അര്‍ഥമാക്കുന്നു.
മക്കള്‍ എന്നാല്‍, മകനും മകളും പൗത്രനും പൗത്രിയും ഉള്‍പ്പെടുന്നതും എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടുന്നത് അല്ലാത്തതുമാകുന്നു.
ബന്ധു എന്നാല്‍, മക്കളില്ലാത്ത മുതിര്‍ന്ന പൗരന്റെ, മൈനര്‍ അല്ലാത്തതും അയാളുടെ സ്വത്ത് കൈവശം വച്ചുകൊണ്ടിരിക്കുന്നതും അയാളുടെ മരണശേഷം പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നതുമായ ഏതെങ്കിലും നിയമാനുസൃതാവകാശി എന്ന് അര്‍ഥമാക്കുന്നു.
മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ മുതിര്‍ന്ന പൗരന് തന്റെ സ്വന്തം സമ്പാദ്യംകൊണ്ടോ തന്റെ ഉടമസ്ഥതയിലുള്ള സ്വത്തുകൊണ്ടോ സ്വയം സംരക്ഷിക്കാന്‍ കഴിയാതെവരുന്ന അവസരത്തില്‍ മുതിര്‍ന്ന പൗരനെ അല്ലെങ്കില്‍ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള മക്കളുടെ അല്ലെങ്കില്‍ ബന്ധുവിന്റെ ബാധ്യത മുതിര്‍ന്ന പൗരന് അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ഒരു സാധാരണജീവിതം നയിക്കാവുന്നവിധം അങ്ങനെയുള്ള മാതാവിന്റെ, പിതാവിന്റെ അല്ലെങ്കില്‍ മുതിര്‍ന്ന പൗരന്റെ ആവശ്യങ്ങളിലേക്കു വ്യാപിക്കുന്നു.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്റെയും സംരക്ഷണത്തിനുവേണ്ടിയുള്ള അപേക്ഷ സംബന്ധിച്ച്: സംരക്ഷണത്തിനുള്ള അപേക്ഷ, അതതു സംഗതിപോലെ, ഒരു മുതിര്‍ന്ന പൗരനോ മാതാവിനോ പിതാവിനോ അല്ലെങ്കില്‍ അയാള്‍ക്കു പ്രാപ്തി ഇല്ലെങ്കില്‍ അയാള്‍ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിക്കോ സംഘടനയ്‌ക്കോ നല്‍കാവുന്നതാണ് അല്ലെങ്കില്‍ ട്രൈബ്യൂണലിനു സ്വമേധയാ നടപടി എടുക്കാവുന്നതാണ്.
സംരക്ഷണത്തിനുവേണ്ടിയുള്ള പ്രതിമാസബത്തയെ സംബന്ധിച്ചുള്ള നടപടി നിലവിലുള്ളപ്പോള്‍, മാതാവ് അല്ലെങ്കില്‍ പിതാവ് ഉള്‍പ്പെടെ അങ്ങനെയുള്ള മുതിര്‍ന്ന പൗരന്റെ താല്‍ക്കാലിക ജീവനാംശത്തിനു വേണ്ടി പ്രതിമാസബത്ത നല്‍കാനും ട്രൈബ്യൂണല്‍ സമയാസമയങ്ങളില്‍ നിര്‍ദേശിക്കുന്നപ്രകാരം മാതാവ് അല്ലെങ്കില്‍ പിതാവ് ഉള്‍പ്പെടെ അങ്ങനെയുള്ള മുതിര്‍ന്ന പൗരന് അതു നല്‍കാനും അങ്ങനെയുള്ള മക്കളോടോ ബന്ധുവിനോടോ ഉത്തരവിടാവുന്നതാണ്.
സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു അപേക്ഷ കൈപ്പറ്റിയതിന്‍മേല്‍, മക്കള്‍ക്കോ ബന്ധുവിനോ അപേക്ഷയെക്കുറിച്ച് നോട്ടീസ് നല്‍കിയതിനുശേഷവും കക്ഷികള്‍ക്കു പറയാനുള്ളതു പറയാന്‍ അവസരം നല്‍കിയതിനുശേഷവും ജീവനാംശത്തുക നിര്‍ണയിക്കുന്നതിനുവേണ്ടി ഒരു അന്വേഷണം നടത്തേണ്ടതാണ്.
സംരക്ഷണത്തിനുവേണ്ടിയുള്ള അപേക്ഷയില്‍ മാതാവിനെയോ പിതാവിനെയോ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മറ്റൊരു വ്യക്തിയെ അങ്ങനെയുള്ള മക്കള്‍ക്കോ ബന്ധുവിനോ കക്ഷി ചേര്‍ക്കാവുന്നതാണ്.
ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ക്ക് സംരക്ഷണ ഉത്തരവാദിത്വം നല്‍കപ്പെടുമ്പോള്‍ അതില്‍ ഒരാളുടെ മരണം ജീവനാംശം നല്‍കുന്നതു തുടരുന്നതിനുള്ള മറ്റുള്ളവരുടെ ബാധ്യതയെ ബാധിക്കുന്നതല്ല.
മുതിര്‍ന്ന പൗരന്മാരുടെ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനപദ്ധതികള്‍: ഓരോ പൊലീസ് സ്റ്റേഷനും അതിന്റെ പരിധിക്കുള്ളില്‍ ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ, പ്രത്യേകിച്ച്, തന്നത്താന്‍ (അതായത്, അവരുടെ വീട്ടിലെ മുതിര്‍ന്ന പൗരന്‍ അല്ലാത്ത ഏതെങ്കിലും അംഗത്തെ കൂടാതെ) ജീവിക്കുന്നവരുടെ ഏറ്റവും പുതിയ ലിസ്റ്റ് കാത്തുസൂക്ഷിക്കേണ്ടതാണ്.
പൊലീസ് സ്റ്റേഷന്റെ ഒരു പ്രതിനിധി ഒരു സാമൂഹികപ്രവര്‍ത്തകന്റെയോ, സന്നദ്ധസേവകന്റെയോകൂടെ ക്രമമായുള്ള ഇടവേളകളില്‍ കുറഞ്ഞത് മാസത്തിലൊരിക്കലെങ്കിലും അങ്ങനെയുള്ള മുതിര്‍ന്ന പൗരന്മാരെ സന്ദര്‍ശിക്കേണ്ടതും അതിനും പുറമേ അവരില്‍നിന്നുള്ള സഹായത്തിനായുള്ള അപേക്ഷ സ്വീകരിച്ചു കഴിയുന്നത്ര വേഗം അവരെ സന്ദര്‍ശിക്കേണ്ടതുമാണ്.
മുതിര്‍ന്ന പൗരന്മാരുടെ പരാതികളും പ്രശ്‌നങ്ങളും പ്രാദേശിക പൊലീസ് ഉടനടി പരിഗണിക്കേണ്ടതാണ്.
മുതിര്‍ന്ന പൗരന്മാര്‍, പ്രത്യേകിച്ചു തന്നത്താന്‍ ജീവിക്കുന്നവര്‍ ഒരുവശത്തും പൊലീസും ജില്ലാ ഭരണകൂടവും മറുവശത്തുമായുള്ള നിരന്തരസമ്പര്‍ക്കം ഉറപ്പാക്കുന്ന ഒന്നോ അതില്‍ കൂടുതലോ സന്നദ്ധസേവകരുടെ കമ്മിറ്റികള്‍ ഓരോ പൊലീസ് സ്റ്റേഷനുംവേണ്ടി രൂപീകരിക്കേണ്ടതാണ്.
ജില്ലാ സൂപ്രണ്ട് ഓഫ് പൊലീസ് കമ്മീഷണര്‍ അതതു സംഗതിപോലെ മാധ്യമങ്ങളിലും പൊലീസ് സ്റ്റേഷനുകളിലൂടെയും ക്രമമായ ഇടവേളകളില്‍ മുതിര്‍ന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍വേണ്ടി എടുക്കുന്ന നടപടികള്‍ പരക്കെ പ്രസിദ്ധീകരിക്കേണ്ടതാണ്.
മുതിര്‍ന്ന പൗരന്മാര്‍ക്കെതിരേ ചെയ്ത കുറ്റകൃത്യങ്ങളോടു ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും അടങ്ങുന്ന ഒരു പ്രത്യേക രജിസ്റ്റര്‍ ഉത്തരവുവഴി സംസ്ഥാന സര്‍ക്കാര്‍ പറയുന്ന രൂപത്തില്‍ ഓരോ പൊലീസ് സ്റ്റേഷനും കാത്തുസൂക്ഷിക്കേണ്ടതാണ്.
മുതിര്‍ന്ന പൗരന്മാര്‍ തങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി അനുവര്‍ത്തിക്കേണ്ടതിന്റെയും ചെയ്യാന്‍ പാടില്ലാത്തതിന്റെയും ലിസ്റ്റ് പരക്കെ പ്രചരിപ്പിക്കേണ്ടതാണ്.
മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി ജോലിചെയ്യുന്ന വീട്ടുജോലിക്കാരുടെയും മറ്റുള്ളവരുടെയും പൂര്‍വവൃത്താന്തങ്ങള്‍, അങ്ങനെയുള്ള പൗരന്മാരുടെ അഭ്യര്‍ഥനയിന്‍മേല്‍ താമസം കൂടാതെ പരിശോധിക്കേണ്ടതാണ്.
ഓരോ മാസത്തിന്റെയും ഇരുപതാം തീയതി തലേമാസം മുതിര്‍ന്ന പൗരന്മാര്‍ക്കെതിരേ നടന്ന കുറ്റകൃത്യത്തിന്റെയും രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെയും പ്രോസിക്യൂഷനും അന്വേഷണപുരോഗതിയും ആ മാസത്തില്‍ കൈക്കൊണ്ട പ്രതിരോധനടപടികളും ഉള്‍പ്പെടെയുള്ള ഒരു പ്രതിമാസ റിപ്പോര്‍ട്ട് ജില്ലാ സൂപ്രണ്ട് ഓഫ് പൊലീസ്/ പൊലീസ് കമ്മീഷണര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിനും ജില്ലാ മജിസ്‌ട്രേറ്റിനും സമര്‍പ്പിക്കേണ്ടതാണ്.
നിയമവീഥി
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണം സംബന്ധിച്ച്
