ഡിജോ കാപ്പന്റെ ലേഖനം ''കേരളത്തെ ഭക്ഷണം കഴിപ്പിച്ചു കൊല്ലുന്നതാര്?'' കാലോചിതമായി. മായം കലര്‍ന്ന ഭക്ഷണം കഴിച്ചുണ്ടായ ഏതാനും മരണങ്ങളാണ് ഇപ്പോള്‍ ഈ വിഷയം ഒരു ചര്‍ച്ചയാകാന്‍ കാരണം. ഇതു നമ്മുടെയൊരു പൊതുരീതിയാണ്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായാല്‍ ഉടന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉണരുകയായി. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നു, ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആശ്വാസധനം പ്രഖ്യാപിക്കുന്നു, അന്തിച്ചര്‍ച്ച പൊടിപൊടിക്കുന്നു. എല്ലാം കെങ്കേമം. പൊതുജനം വീട്ടിലിരുന്ന് ഈ ''ആഘോഷ''ത്തില്‍ പങ്കുചേരുന്നു. പകര്‍ച്ചപ്പനി വരുമ്പോഴും ഇതുതന്നെ രീതി.
ഒരു നാടിന്റെ ആരോഗ്യസുരക്ഷ സുപ്രധാനവിഷയമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകുകയെന്നതാണല്ലോ ഒരു സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വം. ആഭ്യന്തരവകുപ്പുണരണമെങ്കില്‍ നാട്ടില്‍ നാലു കൊലപാതകമെങ്കിലും അടുക്കലടുക്കല്‍ സംഭവിക്കണം. അപ്പോള്‍ ക്രിമിനലുകളെയും ഗുണ്ടാലിസ്റ്റിലുള്ളവരെയും കണ്ടുപിടിക്കാന്‍ നല്ല വശമാണ്. നിരന്തരമായ ചോദ്യംചെയ്യല്‍ രാപകല്‍ തുടരുന്നു. രാഷ്ട്രീയകൊലപാതകമാണു നടന്നതെങ്കില്‍ നേതാക്കളെ അറസ്റ്റു ചെയ്യുന്ന ഒരു രീതിയും നിലവിലുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നതാരും അറിയുന്നില്ല. എല്ലാം ഒരു പ്രഹസനം.
ഗുണ്ടകളും ക്രിമിനലുകളുമൊക്കെ ഇവിടെ നിര്‍ഭയം വാഴുന്നത് രാഷ്ട്രീയക്കാരുടെ സ്‌നേഹപരിലാളനകളേറ്റാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഇവരൊക്കെ കുറ്റകരമായ സാഹചര്യം സൃഷ്ടിക്കുന്നവരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നേതാക്കള്‍ ഒത്താശ ചെയ്തുകൊടുക്കുന്നു. മൂടിവയ്ക്കാനാവാത്ത അപകടങ്ങളും അനര്‍ഥങ്ങളും സംഭവിക്കുമ്പോള്‍മാത്രം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ഒരു പരിശോധന! എത്ര നാളായി പൊതുജനം ഇതു കണ്ടുകൊണ്ടിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്കു ശാശ്വതമായ ഒരു തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരിനു തന്റേടമുണ്ടോ? അതാണു ജനത്തിനറിയേണ്ടത്.
കെ.ജി. പുരുഷോത്തമന്‍ കായംകുളം