കേരളമാതൃകയെന്നു വിശേഷിപ്പിക്കപ്പെട്ട സാമൂഹിക വികാസസൂചികകള്‍ ലോകത്തിനുതന്നെ പലപ്പോഴും മാതൃകയായിട്ടുള്ളവയാണ്. അമര്‍ത്യാസെന്നിനെപ്പോലെയുള്ള പ്രശസ്ത സാമ്പത്തിക സാമൂഹികനിരീക്ഷകര്‍ കേരളവികസനമാതൃകയുടെ മേന്മകള്‍ വളരെയധികം പ്രഘോഷിച്ചിട്ടുള്ളതാണ്. അമര്‍ത്യാസെന്‍ ആവിഷ്‌കരിച്ച സാമ്പത്തികസിദ്ധാന്തങ്ങളില്‍ മാനവവികസനസൂചികകളുടെ കേരളത്തിലെ ഉന്നതനിലവാരം എടുത്തുപറഞ്ഞിട്ടുണ്ട്.
കേരളം ഇങ്ങനെ മതിയോ?
ഇന്ത്യയിലെ ഉയര്‍ന്ന ആളോഹരിവരുമാനമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഉന്നതജീവിതനിലവാരത്തെയും സമ്പദ്‌വ്യവസ്ഥയെയും താങ്ങി നിറുത്തുന്നതില്‍ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും പ്രവാസികളായിക്കഴിയുന്ന വലിയൊരു സമൂഹത്തിന്റെ സംഭാവനയുണ്ട് എന്നത് ഒരു ചെറിയ കാര്യമല്ല. പ്രവാസികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണം പലപ്പോഴും പ്രത്യുത്പാദനപരമായ മേഖലകളിലേക്കു വഴിതിരിച്ചുവിടാന്‍ നമുക്കു കഴിയുന്നില്ല എന്ന യാഥാര്‍ഥ്യംകൂടിയുണ്ട്. പ്രവാസി
നിക്ഷേപം വലിയൊരളവുവരെ കെട്ടിടങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റുകള്‍ക്കും മറ്റ് ആഡംബരസൗകര്യങ്ങള്‍ക്കുംവേണ്ടി ചെലവഴിക്കുന്നതിനാല്‍, പ്രതീക്ഷിക്കുന്നതുപോലെ ഒരു സാമ്പത്തികാഭിവൃദ്ധി നേടാന്‍ നമുക്കു കഴിയുന്നില്ല. ജീവിതനിലവാരത്തിലും മറ്റു സൂചകങ്ങളിലും അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴും പലപ്പോഴും അടിസ്ഥാനവികസനകാര്യങ്ങളിലും വ്യവസായങ്ങളുടെ കാര്യത്തിലും സമ്പത്തിന്റെ പുനര്‍ ക്രമീകരണത്തിന്റെ കാര്യത്തിലും നമ്മള്‍ ഇപ്പോഴും തികഞ്ഞ യാഥാസ്ഥിതികമനോഭാവമാണു പുലര്‍ത്തിവരുന്നത്. അതുകൊണ്ട്, കേരളത്തെ ഒരു വ്യവസായ സൗഹൃദസംസ്ഥാനമായി ആരുംതന്നെ പരിഗണിക്കുന്നില്ല. അഭ്യസ്തവിദ്യരായ വലിയ ഒരു തൊഴില്‍സേന നമ്മുടെ നാട്ടിലുണ്ടെങ്കിലും അവര്‍ക്കുവേണ്ടി ഒരു വ്യവസായസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഏറെക്കാലമായി നമ്മള്‍ പിറകിലാണ്.
കേരളത്തില്‍ ഒരു പുതിയ വ്യവസായം ആരംഭിക്കുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലനില്‍ക്കുന്നത് എന്ന ഒരു സന്ദേശമാണ് കാലാകാലങ്ങളായി ലോകം മുഴുവന്‍ പ്രചരിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായി വരുന്ന ഹര്‍ത്താലുകളും തൊഴില്‍സമരങ്ങളും തൊഴിലാളികേന്ദ്രീകൃതമായ നിയമവേതനവ്യവസ്ഥകളും നോക്കുകൂലി, മെല്ലപ്പോക്കുസമരം, ചട്ടപ്പടിസമരം തുടങ്ങി മലയാളികള്‍ക്കുമാത്രം സുപരിചിതമായ സമരരീതികളും നമ്മുടെ വ്യവസായസൗഹൃദാന്തരീക്ഷത്തെ വളരെയധികം പിന്നോട്ടടിക്കുന്നതിനു കാരണമായിട്ടുണ്ട്. കൂടാതെ, രാഷ്ട്രീയപ്രബുദ്ധതയുടെ പേരുപറഞ്ഞ് എല്ലാ വ്യവസായപദ്ധതികളിലും സാമൂഹികാഘാതപഠനമായും പരിസ്ഥിതിയാഘാതപഠനമായും നിരന്തരം ജാഗ്രത സൂക്ഷിക്കുന്നതുകൊണ്ട് നിക്ഷേപകര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവരുടെ ബിസിനസ്താത്പര്യങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയാതെവരികയും ചെയ്യുന്നു.
ഈയൊരു സന്ദിഗ്ദ്ധാവസ്ഥയിലാണ് ആവശ്യത്തിനു മുതല്‍ മുടക്കാനുള്ള സൗകര്യങ്ങളും അഭ്യസ്തവിദ്യരായ തൊഴില്‍ സേനയും മറ്റ് അടിസ്ഥാനപശ്ചാത്തലസൗകര്യങ്ങളും ഉണ്ടായിട്ടും വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ കേരളം വളരെയധികം പിന്നോട്ടു പോയിരിക്കുന്നത്.
ചെറുകിട വ്യവസായ സംരംഭകത്വത്തിന്റെ സാധ്യതകള്‍
ഇന്ന് ലോകമെമ്പാടുംതന്നെ നടക്കുന്ന മൊത്തം ബിസിനസിന്റെ 90 ശതമാനവും ചെറുകിടവ്യവസായ യൂണിറ്റു(എം.എസ്.എം.ഇ)കള്‍ വഴിയാണ്. തൊഴില്‍സൃഷ്ടിയില്‍ എം.എസ്.എം.ഇകള്‍ക്ക് വമ്പിച്ച പങ്കാണുള്ളത്. കേരളത്തെപ്പോലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളും ഉയര്‍ന്നനിലവാരം പുലര്‍ത്തുന്ന മാനവശേഷിയുമുള്ള സംസ്ഥാനത്ത് വലിയ സാധ്യതകളാണ് ഈ മേഖലയ്ക്കുള്ളത്.
മാറുന്ന കേരളം
ഈ കാഴ്ചപ്പാടോടെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം എം.എസ്.എം.ഇകള്‍ രൂപീകരിക്കാനുള്ള ലക്ഷ്യം കേരളത്തിലെ വ്യവസായവകുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇക്കണോമിക് റിവ്യൂ പ്രകാരം 2020 - 2021ല്‍ 11, 540 സംരംഭങ്ങളും 2019 - 2020ല്‍ 13, 695 സംരംഭങ്ങളുമാണ് കേരളത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ടത്. എന്നാല്‍, 2022 - 2023 ല്‍ ഇതുവരെയുള്ള കണക്കുപ്രകാരം 1,22,637 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തീര്‍ച്ചയായും വലിയ നേട്ടംതന്നെയാണ്.
പദ്ധതി ആരംഭിച്ച് 245 ദിവസങ്ങള്‍കൊണ്ടാണ് ഒരുലക്ഷം സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ചരിത്രനേട്ടം കൈവരിച്ചത്. ഒടുവിലത്തെ കണക്കുപ്രകാരം 7498.22 കോടി രൂപയുടെ നിക്ഷേപം ഈ സംരംഭങ്ങളുടെ ഭാഗമായി കേരളത്തില്‍നിന്നുതന്നെ സമാഹരിക്കപ്പെട്ടു. 2,64,463 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയ അംഗീകാരമാണ് കേരളത്തിന്റെ ഈ സ്വപ്നപദ്ധതിയെ തേടിയെത്തിയത്. ഇത് തീര്‍ച്ചയായും വലിയ നേട്ടംതന്നെയാണ്.
നിലവില്‍വന്ന സംരംഭങ്ങളില്‍ ഭാവിവികസനസാധ്യതയുള്ള ആയിരം സംരംഭങ്ങളെങ്കിലും തിരഞ്ഞെടുത്ത് നൂറു കോടി വാര്‍ഷികവിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയര്‍ത്തുകയെന്നതാണ് അടുത്ത പടി. കേരളത്തില്‍ നിര്‍മിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ, അന്തര്‍ദേശീയവിപണികള്‍ പ്രാപ്യമാക്കുന്നതിനും സഹായിക്കുന്നതിനായി പ്രത്യേക കേരളബ്രാന്‍ഡും തയ്യാറാക്കപ്പെടുകയാണ്. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനായി ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സുമായി (ONDC) ചേര്‍ന്ന് ഓപ്പണ്‍ നെറ്റ്വര്‍ക്ക് പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 50 കോടിയിലധികം മൂലധനനിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിയമം പാസാക്കിയതിനുശേഷം കേരളത്തിനു ലഭിച്ച നിക്ഷേപവാഗ്ദാനം 7000 കോടി രൂപയിലധികമാണ്. ഇത് മാറ്റത്തിന്റെ വലിയ സൂചനയാണ്.
കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് വിദേശരാജ്യങ്ങളില്‍ പോയി തൊഴിലന്വേഷകര്‍ ആകുന്നതിനുപകരം കേരളത്തില്‍ത്തന്നെ തൊഴില്‍ദാതാക്കളായി മാറുന്നതിനുള്ള ഒരു വലിയ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഏറ്റവും വലിയ ശാപമായ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുകയും അതുവഴി സാമ്പത്തികാഭിവൃദ്ധിക്കും ഒരു പുതിയ വികസനക്കാഴ്ചപ്പാട് രൂപപ്പെടുന്നതിനും ഇത്തരം ശ്രമങ്ങള്‍ വിജയിക്കുകയും ചെയ്യുമെന്ന് നമുക്ക് ഉറച്ചു പ്രതീക്ഷിക്കാം.