2020 ലെ ദേശീയവിദ്യാഭ്യാസനയത്തിന്റെ (NEP 2020) ചുവടുപിടിച്ച്, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസസമ്പ്രദായം രാജ്യാന്തരവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC) കരടുനയരേഖ (University Grants Commission Setting up and Operation of Campus of Foreign Higher Educational Institutions in India Regulations, 2023) പ്രസിദ്ധീകരിച്ചതാണ് ഈ രംഗത്തെ ചൂടുള്ളവാര്‍ത്ത.എന്നാല്‍,ഇതുതികച്ചുംഅപ്രതീക്ഷിതമായവാര്‍ത്തയല്ലതാനും.ഇന്ത്യയുടെ ''വിശ്വഗുരു''സ്ഥാനംതിരികെപ്പിടിക്കാനും ഇന്ത്യയെ ആഗോളപഠനലക്ഷ്യകേന്ദ്രമാക്കാനും ഉതകുന്ന രീതിയില്‍ ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളെ വിദേശത്ത് കാമ്പസ് തുറക്കാനും മുന്തിയ വിദേശസര്‍വകലാശാലകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനുമുള്ള നയം 2020ലെ ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗംതന്നെയായിരുന്നു.
ഇന്ത്യയിലെ സ്വയംഭരണ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക നിയന്ത്രണ, ഭരണക്രമമായിരിക്കും വിദേശസര്‍വകലാശാലകള്‍ക്കും ബാധകമായിരിക്കുകയെന്നത് കരടുനയരേഖ വ്യക്തമാക്കുന്നുണ്ട്.
ലക്ഷ്യം: ഉന്നതവിദ്യാഭ്യാസത്തിന് അന്താരാഷ്ട്രമാനം നല്‍കുക, തങ്ങള്‍ക്കു താങ്ങാവുന്ന ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശബിരുദങ്ങള്‍ ലഭ്യമാക്കുക, ഒപ്പം ഇന്ത്യയെ ആകര്‍ഷകമായ അന്താരാഷ്ട്ര പഠനദിശാകേന്ദ്രമാക്കുക എന്നീ ലക്ഷ്യങ്ങളാണ് കരടു രേഖയില്‍ കാണാനാവുന്നത്. കോഴ്‌സുകള്‍: എല്ലാ വിഷയങ്ങളിലും ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകളും മറ്റു പ്രോഗ്രാമുകളും നടത്തി ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് മുതലായവ നല്‍കാനുള്ള അനുവാദമാണ് വിദേശസര്‍വകലാശാലകള്‍ക്കു ലഭിക്കുക.
യുജിസിയുടെ അംഗീകാരത്തോടെ മാത്രമേ വിദേശസര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാനാവൂ. അപേക്ഷിക്കുന്ന സമയത്ത് ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കണം, കൂടാതെ, സ്വദേശത്ത് മികച്ചത് എന്ന ഖ്യാതിയും ഉണ്ടായിരിക്കണം.
ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വിദേശസര്‍വകലാശാലകള്‍ നോണ്‍ റീഫണ്ടബിള്‍ പ്രോസസിങ് ഫീസ് സഹിതം യുജിസിക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ, സൗകര്യങ്ങള്‍, ഫാക്കല്‍റ്റി, ഫീസ്ഘടന, അക്കാദമിക് പ്രോഗ്രാമുകള്‍, കോഴ്‌സുകള്‍, കരിക്കുലം, സാമ്പത്തികശേഷി മുതലായ കാര്യങ്ങളും യുജിസിയെ അറിയിക്കണം. ഇവയ്ക്കു പുറമേ, ഇന്ത്യയില്‍ നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം, വിദേശത്തുള്ള പ്രധാന കാമ്പസിന്റേതിനു തുല്യമായിരിക്കുമെന്നും ഇവിടെ നല്‍കുന്ന ബിരുദങ്ങള്‍ തുടര്‍വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും മെയിന്‍ കാമ്പസില്‍നിന്നു നല്‍കുന്ന ബിരുദത്തിനു സമമാണെന്നും ഉറപ്പുനല്‍കുന്ന ഒരു സാക്ഷ്യപത്രവും സമര്‍പ്പിക്കേണ്ടതാണ്.
യുജിസി നിശ്ചയിക്കുന്ന ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിയായിരിക്കും വിദേശ സര്‍വകലാശാലകളുടെ സ്ഥാപനം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശിപാര്‍ശയനുസരിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ കാമ്പസ് തുടങ്ങാനുള്ള അംഗീകാരം യുജിസി നല്‍കും. തുടക്കത്തില്‍ പത്തുവര്‍ഷം പ്രവര്‍ത്തിക്കാനുള്ള അംഗീകാരമാണു നല്‍കുക. തുടര്‍പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും യുജിസിയാണു നല്‍കേണ്ടത്. അതിഥിസര്‍വകലാശാലകള്‍ക്കു സ്വദേശി, വിദേശി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാവശ്യമായ നടപടിക്രമവും മാനദണ്ഡവും സ്വയം തീരുമാനിക്കാം. സുതാര്യവും ന്യായവുമായ ഫീസ് ഘടനയും സ്വയം നിര്‍ണയിക്കാം. ഇത്തരം കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്ന പ്രോസ്‌പെക്റ്റസ് പ്രവേശനത്തിന് 60 ദിവസംമുമ്പ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന നിബന്ധനയും കരടുരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്കു മുഴുവനായോ ഭാഗികമായോ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്.
അധ്യാപകനിയമനത്തിനുള്ള സ്വാതന്ത്ര്യം അതിഥിസര്‍വകലാശാലയ്ക്കാണ്. അധ്യാപകരുടെ യോഗ്യത, ശമ്പളസ്‌കെയില്‍, സര്‍വീസ് നിബന്ധനകള്‍ എല്ലാം അവര്‍ക്കു തീരുമാനിക്കാം. അധ്യാപകരുടെ യോഗ്യത മെയിന്‍ കാമ്പസിലെ അധ്യാപകര്‍ക്കു തുല്യമായിരിക്കണം.
വിദേശസര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകളോ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ കോഴ്‌സുകളോ നടത്താന്‍ അനുവാദമില്ല. അവര്‍ നല്‍കുന്ന ബിരുദങ്ങള്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ നല്‍കുന്ന തത്തുല്യബിരുദങ്ങള്‍ക്കു സമമായിരിക്കണം. ഇന്ത്യയുടെ ദേശീയതാത്പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു പ്രോഗ്രാമുകളും നടത്തരുത്. മാതൃസ്ഥാപനത്തിലേക്കോ മറ്റു വിദേശരാജ്യങ്ങളിലേക്കോ ഉള്ള റിക്രൂട്ടിങ് കേന്ദ്രമായി മാറരുതെന്ന നിബന്ധനയും കരടുരേഖ മുമ്പോട്ടുവയ്ക്കുന്നുണ്ട്. ഫെമാ (Foreign Exchange Management Act) അനുസരിച്ചാവണം സാമ്പത്തികകാര്യക്രയവിക്രയങ്ങള്‍.
വിദ്യാര്‍ഥികളുടെ താത്പര്യസംരക്ഷണാര്‍ഥം, ഒരു കോഴ്‌സോ പ്രോഗ്രാമോ കാമ്പസോ യുജിസിയുടെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ അവസാനിപ്പിക്കാന്‍ വിദേശസര്‍വകലാശാലയ്ക്കു കഴിയില്ല. ഏതെങ്കിലും കാരണവശാല്‍ നിര്‍ത്തേണ്ടിവന്നാല്‍ വിദ്യാര്‍ഥികള്‍ക്കു തുടര്‍പഠനത്തിനുള്ള സൗകര്യം വിദേശസര്‍വകലാശാല ചെയ്തുകൊടുക്കേണ്ടതാണ്. ഈ നിബന്ധനകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സര്‍വകലാശാലയുടെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്യാനോ പിന്‍വലിക്കാനോ പെനാല്‍റ്റി ചുമത്താനോ ഉള്ള അംഗീകാരം യുജിസിയില്‍ നിക്ഷിപ്തമാണ്.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്നതാണ് വിദേശസര്‍വകലാശാലകളുടെ കടന്നുവരവ്. ഇതിനു വഴിയൊരുക്കുന്ന കരട് വേണ്ടത്ര ഉള്‍ക്കാഴ്ചയില്ലാതെയാണു ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന ആക്ഷേപം ഉന്നയിക്കാമെങ്കിലും ചില നല്ല വശങ്ങള്‍ കാണാതിരിക്കാനാവില്ല.
2030 ഓടെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഏഋഞ (ഏൃീ ൈഋിൃീഹാലി േഞമശേീ) 50 ശതമാനം ആക്കണമെന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ പുതിയ ധാരാളം സ്ഥാപനങ്ങള്‍ നാം ആരംഭിച്ചേ മതിയാവൂ. സര്‍വീസ് മേഖലയായ വിദ്യാഭ്യാസത്തില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്നാക്കം പോകുന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ വിദേശസര്‍വകലാശാലകളുടെ കടന്നുവരവ് ലക്ഷ്യം നേടുന്നതിനു സഹായകരമാകും. വിദേശസര്‍വകലാശാലകള്‍ക്കു ബെഞ്ച്മാര്‍ക്കിങ്ങും ശാസ്ത്രീയമായ ഗുണനിലവാരമാനദണ്ഡങ്ങളും ഉള്ളതുകൊണ്ട്, നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുമെന്നതില്‍ സംശയമില്ല. വിദേശവാസം കാംക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശസര്‍വകലാശാലകളുടെ ബിരുദം ഗുണകരമാവും.
ബ്യൂറോ ഓഫ് എമിഗ്രേഷന്റെ കണക്കനുസരിച്ച് 2022 നവംബര്‍ 30 വരെ 6,48,678 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സ്റ്റുഡന്റ്‌സ് വിസയില്‍ വിദേശത്തു പോയിരിക്കുന്നത്. വിദേശത്തു പഠിക്കാനും താമസിക്കാനുമുള്ള വലിയ തുക എജ്യൂക്കേഷന്‍ ലോണായി എടുത്താണ് കൂടുതല്‍പേരും കടല്‍കടന്നത്. അവരില്‍ 25-30 ശതമാനത്തിനെങ്കിലും അത്രയും പണം മുടക്കാതെ സ്വദേശത്ത് അതേ ബിരുദം കരസ്ഥമാക്കാനാവും. കുറെ കുടുംബങ്ങളെങ്കിലും കടക്കെണിയില്‍നിന്നു രക്ഷപ്പെടും.
വിദേശസര്‍വകലാശാലകള്‍ കടന്നുവരുമ്പോള്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഇപ്പോഴുള്ള സ്ഥാപനങ്ങള്‍ അവരുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലപ്പെടുത്തുകയും ഗുണനിലവാരം ഉറപ്പാക്കുകയും വേണം. ചുരുക്കത്തില്‍, ആരോഗ്യപരമായ മത്സരത്തിനു വഴിയൊരുങ്ങും. അനേകം വിദ്യാര്‍ഥികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും.
ഇന്ത്യയിലെത്തുന്ന വിദേശസര്‍വകലാശാലകള്‍ തമ്മിലും മത്സരം കടുക്കും എന്നതുകൊണ്ട് ഏറ്റവും മികച്ച അധ്യാപകരും അതിനൂതനസൗകര്യങ്ങളും മുന്‍നിര്‍ത്തിയാവും അവര്‍ പ്രവര്‍ത്തിക്കുക. കാലഘട്ടം ആവശ്യപ്പെടുന്ന കോഴ്‌സുകളും മുന്തിയ ലാബ് സൗകര്യങ്ങളും വേഗവും കൃത്യതയുമെല്ലാം അവയുടെ മുഖമുദ്രകളാവും. നമ്മുടെ വിദ്യാര്‍ഥികള്‍ അതിന്റെയെല്ലാം ഗുണഭോക്താക്കളാകും.
അഞ്ചു പേരുടെയെങ്കിലും പിഎച്ച്.ഡി. വാര്‍ത്തകളില്ലാതെ ഒരു മലയാളപത്രവും ഇന്ന് പുറത്തിറങ്ങില്ല. അവരിലെ സമര്‍ഥര്‍ക്കു സ്വാശ്രയകോളജിലെ മിനിമം വേതനത്തില്‍നിന്നു മോക്ഷം പ്രാപിച്ച് വിദേശസര്‍വകലാശാലകളില്‍ ഇടം കണ്ടെത്താനാവും. അധ്യാപകരെ മാത്രമല്ലല്ലോ ജോലിക്കാവശ്യം. അനധ്യാപകരായും സപ്പോര്‍ട്ടിങ് സ്റ്റാഫായും നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
പുതിയ സര്‍വകലാശാലകളില്‍ വിദേശികള്‍ക്കൊപ്പമിരുന്നു പഠിക്കാന്‍ സ്വദേശികള്‍ക്കും അവസരമൊരുങ്ങും. അവിടെ മത്സരബുദ്ധിയും സഹകരണവും സാംസ്‌കാരികപകര്‍ത്തലും നടക്കും. നമ്മുടെ കുട്ടികളുടെ വ്യക്തിത്വവളര്‍ച്ചയ്ക്കും അഭിരുചിക്കും കാഴ്ചപ്പാടുമാറ്റത്തിനുമൊക്കെ ഈ സഹപഠനം വഴിതുറക്കാം.
സമ്പന്നരാജ്യങ്ങളിലേക്കു വിദ്യാഭ്യാസത്തിനുവേണ്ടി പോകാന്‍ സാമ്പത്തികസ്ഥിതി അനുവദിക്കാത്ത രാജ്യങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ സ്വപ്നസര്‍വകലാശാലയിലെ അതേ വിദ്യാഭ്യാസം ചെലവു കുറഞ്ഞ് ഇന്ത്യയില്‍ ലഭിക്കുമ്പോള്‍ ഇന്ത്യ അവരുടെ പഠന ലക്ഷ്യകേന്ദ്രമാകാം. ഇന്ത്യയെ ഒരു വിദ്യാഭ്യാസഹബ്ബായും ഗ്ലോബല്‍ നോളജ് സൂപ്പര്‍ പവറായും രൂപാന്തരപ്പെടുത്താന്‍ ലക്ഷ്യമിടുന്ന 2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ വീക്ഷണം ത്വരിതപ്പെടുത്തുന്നതിനു കരടുരൂപം സഹായകരമാവും.
കരടുരൂപം സമ്മാനിക്കുന്ന ആശകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം ചില ആശങ്കകളും ഉയരുന്നുണ്ട്. വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടാണോ ഈ കരടുരൂപം തയ്യാറാക്കിയതെന്ന സംശയം വായനയില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്തുവാനാവില്ല. വെറും ഏഴു പേജിലാണ് നമുക്കിതു ലഭ്യമായിരിക്കുന്നത്. പൊതു അഭിപ്രായംകൂടി സമാഹരിച്ച് വിപുലപ്പെടുത്തുകയാണോ ലക്ഷ്യം അതോ പ്രതികരണങ്ങളും വിമര്‍ശനങ്ങളും അറിയാനുള്ള ഒരു ടെസ്റ്റ് ഡോസ് മാത്രമാണോ ഇത്?
തുടര്‍പഠനത്തിനു വിദ്യാര്‍ഥികള്‍ വിദേശരാജ്യം ലക്ഷ്യമിടുന്നത് ഡിഗ്രിസമ്പാദനത്തിനു മാത്രമല്ല. പഠനശേഷം കുറച്ചുവര്‍ഷങ്ങള്‍ വര്‍ക്ക് പെര്‍മിറ്റ് നേടി അവിടെ തുടരാനും സാധിക്കുമെങ്കില്‍ പി.ആര്‍. നേടാനുമാണ് അവരുടെ പദ്ധതി. വിദേശത്തുപോകുന്ന കേരളീയയുവജനങ്ങളില്‍ 60 ശതമാനം ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാണെന്നു കാണിക്കുന്ന ഒരു സര്‍വേഫലം പുറത്തുവന്നിരുന്നു. വിദേശത്തു ലഭിക്കുന്ന പാര്‍ട്ട്‌ടൈം ജോലിസാധ്യതയും തൊഴില്‍ മാന്യതയും നമ്മുടെ കുട്ടികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. അവ ഉപേക്ഷിച്ച് അവര്‍ നാട്ടില്‍ തുടരുമോ? കാലം ഉത്തരം പറയണം.
വിദ്യാഭ്യാസത്തിന്റെ രാജ്യാന്തരവത്കരണം സ്വകാര്യവത്കരണമായി മാറിയേക്കാം. സ്വകാര്യസ്ഥാപനങ്ങള്‍ക്കു ഗോള്‍ പോസ്റ്റില്ലാതെ കളിക്കാനുള്ള ഇടങ്ങളായി ഉന്നതവിദ്യാഭ്യാസരംഗം മാറാം. വിദേശസ്ഥാപനങ്ങളുടെ സ്വാധീനം ശക്തമാകുമെന്നതിനാല്‍ നിലവിലെ നിയമങ്ങള്‍ അവര്‍ക്കനുകൂലമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ രംഗത്തെ സംഘര്‍ഷം രാജ്യാന്തരപ്രശ്‌നമായി മാറാമെന്നതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ തന്ത്രപരമായ നിശ്ശബ്ദതയും പ്രശ്‌നമാകാം.
നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലുള്ള സംവരണതത്ത്വങ്ങളും ന്യൂനപക്ഷാവകാശങ്ങളും വിദേശസര്‍വകലാശാലകള്‍ പാലിക്കണമെന്നതിനു കരടില്‍ യാതൊരു നിര്‍ദേശവുമില്ല. തല്‍ഫലമായി സംവരണതത്ത്വങ്ങള്‍ അട്ടിമറിക്കപ്പെടാം.
സ്വകാര്യസര്‍വകലാശാലകളിലെ ഫീസ് നമ്മുടെ അപ്പര്‍, അപ്പര്‍ മിഡില്‍, മിഡില്‍ എന്നീ ക്ലാസുകള്‍ക്കു മാത്രമാകും വഹിക്കാനാവുക. മറ്റുള്ളവര്‍ ലോണിനെ ആശ്രയിക്കുകയോ തദ്ദേശസ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയോ ചെയ്യണം. ഇത് സമൂഹത്തിലെ അസമത്വം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. പ്രവേശനമാനദണ്ഡങ്ങള്‍ തീരുമാനിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം വിദേശ സര്‍വകലാശാലകള്‍ക്കുള്ളതുകൊണ്ട് സാമ്പത്തികം മെറിറ്റിനെ അട്ടിമറിക്കാം.
വിദേശസര്‍വകലാശാലകള്‍ മിക്കവാറും നഗരകേന്ദ്രീകൃതമായിരിക്കും. മറിച്ചു നിര്‍ദേശങ്ങളൊന്നുമില്ലാത്തതുകൊണ്ട് നഗരത്തിലായിരിക്കും അവരുടെ ആസ്ഥാനം. അങ്ങനെ വരുമ്പോള്‍, ഗ്രാമത്തിലെ കുട്ടികള്‍ക്കു പ്രവേശനം പ്രയാസകരമാവും. തദ്വാരാ, നഗരവും ഗ്രാമവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും.
വിദേശസര്‍വകലാശാലകളുടെ കടന്നുവരവ് നമ്മുടെ സര്‍ക്കാര്‍-സ്വകാര്യസര്‍വകലാശാലകള്‍ക്കും കലാലയങ്ങള്‍ക്കും ഭീഷണിയാവും. ഇപ്പോള്‍ത്തന്നെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും പോസ്റ്റ് നഷ്ടവും ഭയാനകമായി വര്‍ദ്ധിക്കും.
വിദേശകാമ്പസുകളില്‍ അനുവദനീയമായ സംസ്‌കാരം നമ്മുടെ വിദ്യാര്‍ഥികളും സ്വാംശീകരിക്കും. നാം അഭിമാനിക്കുന്ന ആര്‍ഷഭാരതസംസ്‌കാരവും പെരുമാറ്റശൈലിയും തകിടംമറിയും. ഇവ അപകടകരമായ ഒരു സാംസ്‌കാരികവിടവ് സൃഷ്ടിക്കും.
വിദ്യാഭ്യാസകാര്യത്തില്‍ സ്വന്തമായ വീക്ഷണമുള്ള ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ സ്വകാര്യവിദ്യാഭ്യാസത്തെക്കാള്‍ പൊതുവിദ്യാഭ്യാസത്തിനാണു മുന്‍തൂക്കം. സര്‍ക്കാരിന്റെ നയങ്ങളും അപ്രകാരമാണ്. കൂടാതെ, വിദേശസ്ഥാപനങ്ങളോടുള്ള ചിറ്റമ്മസമീപനവും എത്ര വിദേശസര്‍വകലാശാലകളെ നമ്മുടെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കും? കാത്തിരുന്നു കാണാം.