റബര്‍ വിപണിയിലെ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ തയ്യാറാക്കിയ ലേഖനം (റബര്‍ കര്‍ഷകര്‍ ചതിക്കുഴിയില്‍-നാളം 42) കാലോചിതമായി. റബറും റബര്‍ കര്‍ഷകരും ചര്‍ച്ചയായിട്ടു കാലങ്ങളായി. പക്ഷേ, എല്ലാ വിലാപങ്ങളും ബധിരകര്‍ണങ്ങളിലാണു പതിക്കുന്നത്. അധികാരികളുടെ ഭാഗത്തുനിന്നു കാര്യമായ ഒരു പരിഗണനയും റബര്‍കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല.
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയിലേക്കു പ്രാദേശികവിപണി ഇടിഞ്ഞുവീണുവെന്ന വസ്തുത ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനക്കുറവുണ്ടായിട്ടും ആഭ്യന്തരവിപണിയില്‍ ഉത്പന്നത്തിനു വില ഉയരാത്തത് വ്യവസായികളുടെ ബോധപൂര്‍വമായ വിപണി ഇടപെടലും അതിനു റബര്‍ ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പിന്തുണയുമാണെന്നു തുറന്നുപറയാന്‍ തന്റേടം കാണിച്ച ലേഖകന്‍ അഭിനന്ദനമര്‍ഹിക്കുന്നു. ആരംഭകാലങ്ങളില്‍ കര്‍ഷകന് ഒരു കൈത്താങ്ങായിരുന്ന റബര്‍ബോര്‍ഡ് ഇന്നു വ്യവസായികളുടെയും കേന്ദ്രഗവണ്‍മെന്റിന്റെയും മൂടുതാങ്ങിയായി മാറിയെന്നു പറഞ്ഞാല്‍ നിഷേധിക്കാനാവുമോ? 2011 ല്‍ റബര്‍ വിലയിടിഞ്ഞപ്പോള്‍ കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കരുതെന്നും 2018നു ശേഷം റബര്‍വില കുതിച്ചുയരുമെന്നും പ്രതീക്ഷ നല്‍കിയവര്‍ ഇന്നെവിടെ എന്ന ചോദ്യം കുറിക്കുകൊള്ളുന്നതാണ്.
ബഹുഭൂരിപക്ഷം വരുന്ന ചെറുകിട റബര്‍കര്‍ഷകരെ മറന്ന് ന്യൂനപക്ഷമായ ഏതാനും എസ്റ്റേറ്റുകാരെ മാത്രം കണക്കിലെടുത്ത് റബര്‍കര്‍ഷകരെയാകെ റബര്‍മുതലാളിമാരായി ചിത്രീകരിച്ച് രാഷ്ട്രീയമുതലെടുപ്പു നടത്തിയ വിപ്ലവപ്പാര്‍ട്ടികള്‍ മുതല്‍ മതേതരപാര്‍ട്ടികള്‍വരെയുള്ളവര്‍ ഇപ്പോള്‍ അതൊക്കെ മറന്ന് റബര്‍കര്‍ഷകനുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നു. പക്ഷേ, അധികാരകേന്ദ്രങ്ങളുടെ പടിക്കല്‍ റബര്‍കര്‍ഷകനുവേണ്ടി ശക്തമായ പ്രതിരോധം തീര്‍ക്കാനും സമരമാര്‍ഗങ്ങള്‍ കൈക്കൊള്ളാനും ആരും മുമ്പോട്ടു വന്നിട്ടില്ലായെന്നതാണു സത്യം.
ശ്രീ. കെ.എം. മാണി കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ടു പദ്ധതി മറക്കുന്നില്ല. കര്‍ഷകര്‍ക്കു തെല്ലൊരാശ്വാസമായിരുന്ന ആ പദ്ധതി ഇന്ന് ഏതാണ്ടു നിലച്ച മട്ടാണ്. റബര്‍പാലു വഴിയിലൊഴുക്കിയും റബര്‍ഷീറ്റു പുതച്ചു ശയനപ്രദക്ഷിണം നടത്തിയും ചില പ്രഹസനങ്ങള്‍ ഓരോരുത്തര്‍ കാട്ടിക്കൂട്ടിയില്ലായെന്നു പറഞ്ഞുകൂടാ. അതൊക്കെ മാധ്യമങ്ങളില്‍ ശ്രദ്ധനേടാനുള്ള അടവുകള്‍ മാത്രം! ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന വ്യാജതെളിവുനിരത്തല്‍. പക്ഷേ, റബര്‍ കര്‍ഷകന്റെ കാര്യത്തില്‍ വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ.
ജോസ് തോമസ്
കാഞ്ഞിരപ്പള്ളി