ജോസഫ്‌ചേട്ടന് കൊച്ചുമക്കളോടൊപ്പം പറമ്പിലൂടെ നടക്കുകയാണ്. വിദേശത്തു ഫ്‌ളാറ്റില്‍ താമസിക്കുന്ന അവര്‍ക്ക് വല്യപ്പച്ചന്റെ ഓടുമേഞ്ഞ പഴയ വീടും കൃഷിയിടവുമെല്ലാം വളരെ ഇഷ്ടമായി. നാട്ടിന്‍പുറത്തുള്ള എല്ലാവിധ കൃഷിയും ജോസഫ്‌ചേട്ടന്റെ പറമ്പിലുണ്ട്. അവയെക്കുറിച്ചൊക്കെ കൊച്ചുമക്കള്‍ക്കു സംശയങ്ങളാണ്. അതെല്ലാം പറഞ്ഞുകൊടുത്ത് അവരോടൊപ്പം നടക്കുമ്പോള്‍ വലിയ സന്തോഷം അനുഭവിക്കുന്നു അദ്ദേഹം. ജോസഫ്‌ചേട്ടന്‍ അനുഭവിക്കുന്നത്. രണ്ടാഴ്ചയായി ആ സന്തോഷത്താല്‍ നിറഞ്ഞ മനസ്സാണ് ജോസഫ്‌ചേട്ടന്.
മൂന്നുവര്‍ഷംകൂടിയാണ് മക്കള്‍ മൂന്നുപേരും കുടുംബമായി തറവാട്ടിലെത്തുന്നത്. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ വരാന്‍ 'ലീവില്ല' എന്ന ഒരു സന്ദേശം മാത്രമാണ് മക്കള്‍ ഫോണിലൂടെ നല്കാറുണ്ടായിരുന്നത്.
വാര്‍ദ്ധക്യം അത്രയൊന്നും ആരോഗ്യത്തെ കീഴ്‌പ്പെടുത്താത്തതുകൊണ്ട് സ്വന്തം കാര്യങ്ങള്‍ക്കു പുറമേ പണിക്കാരോടൊപ്പം കുറേശ്ശേ പണിയാനും ജോസഫ്‌ചേട്ടനു സാധിക്കുന്നുണ്ട്. വര്‍ഷങ്ങളായി ഒറ്റയ്ക്കാണു ജീവിക്കുന്നതെങ്കിലും അപ്പനെ തനിച്ചാക്കി വിദേശത്ത് എങ്ങനെ മനസ്സമാധാനത്തോടെ കഴിയുമെന്ന പരാതി ഈ അടുത്തനാളുകളിലാണ് മക്കള്‍ ഉന്നയിച്ചുതുടങ്ങിയത്. അതിനു പരിഹാരമായി അവര്‍ കണ്ട ഉപായത്തോട് ജോസഫ്‌ചേട്ടന് ഇത്രയുംനാള്‍ യോജിപ്പുണ്ടായിരുന്നില്ല. കാരണം, ജോസഫ്‌ചേട്ടന്റെ മനസ്സില്‍ ഒരു ആഗ്രഹമുണ്ടായിരുന്നു.
ഇടവകപ്പള്ളിയിലെ കുടുംബക്കല്ലറയിലുറങ്ങുന്ന ത്രേസ്യാമ്മയോടൊപ്പം തനിക്കും അന്ത്യവിശ്രമംകൊള്ളണം. ത്രേസ്യാമ്മ തനിക്കു ഭാര്യമാത്രമായിരുന്നില്ല. തന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഊര്‍ജമായിരുന്നു. മക്കളുടെ ആവശ്യപ്രകാരം വീടും പറമ്പും വിറ്റ് അന്യനാട്ടിലേക്കുപോയാല്‍ ആ ആഗ്രഹം സഫലമാകാതെപോകുമെന്ന് ജോസഫ്‌ചേട്ടനറിയാമായിരുന്നു.
ജനിച്ചുവളര്‍ന്ന വീടും പറമ്പും നഷ്ടപ്പെടുന്നതിന്റെ വേദനയുടെ ആഴം മക്കള്‍ക്കു മനസ്സിലാവില്ല. അവര്‍ പഴയ തറവാടിനെയും മണ്ണിനെയും അത്രയ്‌ക്കൊന്നും സ്‌നേഹിക്കുന്നില്ല. പാശ്ചാത്യജീവിതശൈലിയില്‍ പഴമയ്‌ക്കൊക്കെ എന്തു സ്ഥാനമെന്നു കരുതി സമാധാനിക്കുകയാണ് ജോസഫ്‌ചേട്ടന്‍.
വീടും നാടുംവിട്ട് പോകുന്നതോര്‍ക്കുമ്പോള്‍ ഹൃദയം മുറിയുന്നതുപോലെയാണ്.
തന്റെ അപ്പനും ഇതുപോലെ വേദനിച്ചിട്ടുണ്ടാവില്ലേ?
ആ വേദന എത്ര വലുതായിരുന്നുവെന്ന് ബോധ്യപ്പെടുന്നതിപ്പോഴാണ്.
വീടും പറമ്പും വില്‍ക്കാന്‍ സമ്മതിച്ചപ്പോള്‍ മക്കള്‍ക്ക് സമയവും സാഹചര്യവുമുണ്ടായി. ഒട്ടും സമയമില്ലെന്നു പറയുന്ന മകള്‍തന്നെയാണ് ഭര്‍ത്താവിനെയും മക്കളെയുംകൂട്ടി ആദ്യമെത്തിയത്. തൊട്ടടുത്തദിവസം ആണ്‍മക്കള്‍ രണ്ടുപേരുമെത്തി. വില്പനയും നടപടികളുമൊക്കെ കഴിഞ്ഞു. ഇന്ന് വീട്ടില്‍നിന്നു മാറിക്കൊടുക്കേണ്ട ദിവസമാണ്.
അത്യാവശ്യംവേണ്ട തുണികളൊക്കെ ബാഗില്‍ എടുത്തുവച്ചു. ആരാണ് തന്നെ കൊണ്ടുപോകുന്നതെന്നു പറഞ്ഞിട്ടില്ല. ആരോടൊപ്പമാണെങ്കിലും സമ്മതമാണ്. ക്കളെല്ലാവരും തനിക്കൊരുപോലെയാണ്.
ഫര്‍ണിച്ചറൊന്നും ആവശ്യമില്ലാത്തതുകൊണ്ട് അതെല്ലാമുള്‍പ്പെടെയായിരുന്നു വില്പന.
ഉച്ചകഴിഞ്ഞാണ് എല്ലാവരുടെയും മടക്കയാത്ര. അവരിലൊരാളോടൊപ്പം താനും; താന്‍ സ്‌നേഹിക്കുകയും തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന നാടിനെയും നാട്ടുകാരെയും വീടും പറമ്പും വിട്ടുപോകണം. നെഞ്ചു വിങ്ങിപ്പിടഞ്ഞപ്പോള്‍ ജോസഫ്‌ചേട്ടന് ഒന്നു പൊട്ടിക്കരയണമെന്നു തോന്നി. കൊച്ചുമക്കള്‍ കാണാതെ തൊടിയിലെ പൊയ്കയില്‍ കാലും കൈയും കഴുകാനെന്ന വ്യാജേന പോയിരുന്നു കരഞ്ഞു. അദ്ദേഹം നട്ടുവളര്‍ത്തിയ എല്ലാ സസ്യവൃക്ഷാദികളും ജോസഫ്‌ചേട്ടന്റെ വേദന തിരിച്ചറിഞ്ഞു. അവയുടെ ദുഃഖം ജോസഫ്‌ചേട്ടനെ വലംവച്ചു നിന്നു.
ആ സമയം അപ്പനെ ആരുകൊണ്ടുപോകുമെന്ന കാര്യത്തില്‍ മക്കള്‍ ഒരു ചര്‍ച്ച നടത്തി. അപ്പനെ കൂടെത്താമസിപ്പിക്കാനുള്ള സാഹചര്യം ആര്‍ക്കുമില്ല. അതിനുള്ള കാരണം ഓരോരുത്തരും മത്സരബുദ്ധിയോടെ സമര്‍ഥിച്ചു.
ഇനി ഒരു വഴി മാത്രമേ മക്കളുടെ മുന്നില്‍ ശേഷിക്കുന്നുള്ളൂ.
ഓള്‍ഡേജ് ഹോം!
മടിച്ചുമടിച്ചാണെങ്കിലും മക്കള്‍ വിവരം അവതരിപ്പിച്ചപ്പോള്‍ ജോസഫ്‌ചേട്ടന്റെ ഉള്ളു തകര്‍ന്നു. വേദന നിറഞ്ഞതെങ്കിലും ഒരു പുഞ്ചിരികൊണ്ട് അതിനു മറയിടാന്‍ ശ്രമിച്ചത് അത്ര വിജയിച്ചില്ല.
ഓള്‍ഡേജ് ഹോമിലേക്കു പോകുന്നതിന് ഒരു നിബന്ധന മാത്രം ജോസഫ്‌ചേട്ടന്‍ മുന്നോട്ടുവച്ചു.
വൃദ്ധസദനത്തിന്റെ പടികയറുമ്പോള്‍ കൈകാലുകള്‍ക്ക് ഒരു വിറയല്‍പോലെ ജോസഫ്‌ചേട്ടനു തോന്നി. വിസിറ്റിങ് റൂമിലെ കസേരയിലിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് മകന്‍ ഡയറക്ടറുടെ മുറിയിലേക്കു കയറി. ഡയറക്ടറുമായി സംസാരിക്കുന്നത് ജോസഫ്‌ചേട്ടനു കേള്‍ക്കാമായിരുന്നു.
''റൂമൊന്നും ഒഴിവില്ലാത്തതുകൊണ്ട് പുതിയ അഡ്മിഷന്‍ ഇപ്പോള്‍ സ്വീകരിക്കുന്നില്ല. നിങ്ങള്‍ മറ്റെവിടെയെങ്കിലും ശ്രമിക്കൂ.'' ഡയറക്ടര്‍ പറഞ്ഞു.
''ഇവിടെത്തന്നെ വേണമെന്ന് അപ്പനു നിര്‍ബന്ധമാണ്. അതുകൊണ്ട് എങ്ങനെയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കുറച്ചുനാളത്തേക്കെങ്കിലും അപ്പനെ ഇവിടെ താമസിപ്പിക്കണം. ഞങ്ങള്‍ മക്കളെല്ലാവരും ഇന്നു മടങ്ങിപ്പോകുകയാണ്. അപ്പനെ കൊണ്ടുപോകാനുള്ള സാഹചര്യം ആര്‍ക്കുമില്ല. അതുകൊണ്ടാണു സാര്‍.''
''ഇവിടെ ഒരു റൂമില്‍ ഒരാളെയേ അനുവദിക്കൂ. തീരെ കിടപ്പിലായവര്‍ക്കുമാത്രം ഒരു ബൈസ്റ്റാന്‍ഡറെ ഞങ്ങള്‍ നിയമിക്കും. ആ സ്റ്റേജില്‍ ഒരാള്‍ മാത്രമേ ഇവിടെയൊള്ളൂ.''
ജോസഫ്‌ചേട്ടന്‍ എഴുന്നേറ്റ് ഡയറക്ടറുടെ മുറിയിലേക്കു വന്നു.
''ഇതാണു സാര്‍ അപ്പന്‍.'' മകന്‍ പരിചയപ്പെടുത്തി.
''ഇരിക്കൂ.' ഡയറക്ടര്‍ പറഞ്ഞു.
ജോസഫ്‌ചേട്ടന്‍ മകന്റെ അടുത്തുകിടന്ന കസേരയിലിരുന്നു. ''സാര്‍, ആ കിടപ്പിലായ ആളെ ഞാന്‍ നോക്കിക്കോളാം. അങ്ങനെയാകുമ്പോള്‍ എനിക്കും ആ മുറിയില്‍ താമസിക്കാമല്ലോ.''
''അതിനൊക്കെ ഇവിടെ ആളുണ്ട്.''
''അത് എന്റെ ഒരാഗ്രഹമായി കരുതി അനുവദിക്കണം സാര്‍.''
''അതെന്താ ചേട്ടനങ്ങനെയൊരാഗ്രഹം?''
''വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനിവിടെ കൊണ്ടുവന്നാക്കിയ എന്റെ അപ്പന്‍തന്നെയാണു സാര്‍ ആ കിടപ്പിലായ ആള്‍!''
അവിശ്വസനീയതയോടെയും അതിലേറെ അദ്ഭുതത്തോടെയും ഡയറക്ടര്‍ നോക്കിയപ്പോള്‍ ജോസഫ്‌ചേട്ടന്റെ ശിരസ്സ് സാവധാനം കുനിഞ്ഞുപോയി.