പരിസ്ഥിതിലോലമേഖല (ബഫര്‍സോണ്‍) സംബന്ധിച്ച് സുപ്രീംകോടതിവിധിയില്‍ പറയുന്നപ്രകാരം വിശദമായ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ച് ആശങ്കയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട സര്‍ക്കാര്‍ അതിന് ആത്മാര്‍ഥമായ ഒരു ശ്രമവും നടത്തുന്നില്ല എന്നതിനു തെളിവാണ് പുറത്തുവന്ന ഉപഗ്രഹസര്‍വേറിപ്പോര്‍ട്ടും വനംവകുപ്പു തയ്യാറാക്കിയ ഭൂപടവും. ജനുവരിയില്‍ സുപ്രീംകോടതി വീണ്ടും കേസുപരിഗണിക്കുമ്പോള്‍ ജനവിരുദ്ധമായ ഈ ഉപഗ്രഹസര്‍വേറിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ താത്പര്യങ്ങള്‍ക്കു വന്‍ തിരിച്ചടിയാകുമെന്നതില്‍ യാതൊരു സംശയവുമില്ല. സുപ്രീംകോടതി വിധിക്കെതിരേ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബഫര്‍സോണ്‍ ഒഴിവാക്കി വിധി സമ്പാദിച്ചിട്ടും
കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗതയും കെടുകാര്യസ്ഥതയും അത്യന്തം പ്രതിഷേധാര്‍ഹമാണ്.
ജൂണ്‍ മൂന്നിലെ സുപ്രീംകോടതിവിധി സംരക്ഷിതവനാതിര്‍ത്തിയില്‍നിന്നും ദേശീയ പാര്‍ക്കുകള്‍, വന്യജീവിസങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോലമേഖല നിര്‍ബന്ധമാക്കുന്നതാണ് ജൂണ്‍ മൂന്നിലെ സുപ്രീംകോടതിവിധി. സുപ്രീംകോടതി പ്രഖ്യാപിച്ച ദൂരപരിധിയില്‍ ഇളവ് ആവശ്യമെങ്കില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് ജൂണ്‍ മൂന്നിലെ വിധിയില്‍ വ്യക്തമായി പറയുന്നുണ്ട്. എംപവേര്‍ഡ് കമ്മിറ്റിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും സംസ്ഥാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി സുപ്രീംകോടതിയില്‍ ശിപാര്‍ശ സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കോടതി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കും. അതായത്, ബഫര്‍സോണ്‍ വിഷയത്തില്‍ പരിഹാരശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ടത് കേരളസര്‍ക്കാരാണെന്നു വ്യക്തം. ജൂണ്‍ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോലമേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മാണപ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്കു സമര്‍പ്പിക്കേണ്ടതുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. എംപവേര്‍ഡ് കമ്മിറ്റി ഈ വിവരം സുപ്രീംകോടതിയെ അറിയിച്ച് കേരളത്തിന് അനുകൂലമായി വിധി സമ്പാദിക്കണം. ഇതിനുവേണ്ടി അടിയന്തരമായി ഗ്രൗണ്ട്
സര്‍വേ നടത്തി യഥാര്‍ഥവസ്തുത സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി കേരളത്തിന് അനുകൂലമായി ഇളവുകള്‍ നേടുന്നതിനുപകരം വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത, ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്ന, കൂടുതല്‍ ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണ്‍ പരിധിയിലാക്കുന്ന ഉപഗ്രഹസര്‍വേറിപ്പോര്‍ട്ടുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
ജനവിരുദ്ധമായ ഉപഗ്രഹസര്‍വേറിപ്പോര്‍ട്ട്
വനാതിര്‍ത്തിയിലെ ബഫര്‍സോണ്‍ നിര്‍ണയിക്കുന്നതിനായി സംസ്ഥാനം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വലിയ ആശയക്കുഴപ്പവും ആശങ്കയുമാണുള്ളത്. വനംവകുപ്പ് രഹസ്യമായി ഉന്നതകേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച ഉപഗ്രഹസര്‍വേറിപ്പോര്‍ട്ട് നിരന്തരപ്രതിഷേധങ്ങളെത്തുടര്‍ന്നു പുറത്തുവിട്ടപ്പോള്‍ ലഭിക്കുന്ന വിശദാംശങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 24 വന്യജീവിസങ്കേതങ്ങളുടെ അതിര്‍ത്തിയിലെ ജനവാസമേഖലകള്‍ നിര്‍ണയിക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ അനാസ്ഥകാരണം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുള്‍പ്പെടെ സംരക്ഷിതവനമേഖലയ്ക്കു സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ബഫര്‍സോണ്‍ നിര്‍ണയിക്കുന്നതിനായി ഫീല്‍ഡ് സര്‍വേ നടത്തുന്നതിനുപകരം സംസ്ഥാന റിമോട്ട് സെന്‍സിങ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹസര്‍വേറിപ്പോര്‍ട്ടും വനംവകുപ്പു തയ്യാറാക്കിയ ഭൂപടവും അപൂര്‍ണമാണെന്ന വലിയ വിമര്‍ശനമാണ് ഉയരുന്നത്. സര്‍വേയില്‍ ഭൂവിനിയോഗം, വീടുകള്‍,
കൃഷിയിടങ്ങള്‍, കെട്ടിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി മാര്‍ക്ക് ചെയ്യേണ്ടതുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഭൂപടം പലയിടത്തും അപൂര്‍ണമാണ്. പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ നിരവധി ഗ്രാമങ്ങളും ചെറുപട്ടണങ്ങളുമൊക്കെ ഉപഗ്രഹസര്‍വേയില്‍ ബഫര്‍സോണായാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ശരിയായ രീതിയില്‍ ഗ്രൗണ്ട് മാപ്പിങ് നടത്താതെ, റവന്യൂരേഖകളെ കാര്യമായി ആശ്രയിക്കാതെ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തട്ടിക്കൂട്ടുറിപ്പോര്‍ട്ടു
തയ്യാറാക്കിയതുകൊണ്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ വഷളായിരിക്കുന്നത്. നേരിട്ട് സ്ഥലപരിശോധന നടത്താതെ ഉപഗ്രഹസര്‍വേറിപ്പോര്‍ട്ടുമാത്രം പരിഗണിച്ച് ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നീക്കം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍മാത്രമാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല.ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ബഫര്‍സോണ്‍മാപ്പില്‍ ബഫര്‍സോണില്‍ വരുന്ന മേഖലകള്‍ തിരിച്ചറിയുന്നതിനുള്ള ലാന്‍ഡ് മാര്‍ക്കുകള്‍ വ്യക്തമല്ല. പുഴകള്‍, റോഡുകള്‍, പ്രാദേശികസ്ഥലപ്പേരുകള്‍ എന്നിവ മാപ്പില്‍ വ്യക്തമായി രേഖപ്പെടുത്താത്തതും പ്രദേശങ്ങളുടെ പേരുകള്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതും ജനങ്ങളില്‍ വലിയ ആശങ്കയുളവാക്കുന്നു. ആകാശക്കാഴ്ചയില്‍ തിരിച്ചറിയാനാവാത്ത കെട്ടിടങ്ങളും കുടിലുകളും മാപ്പിലില്ല. അതായത്, തങ്ങളുടെ വീടും സ്വത്തും ബഫര്‍സോണ്‍ പരിധിക്കകത്തോ പുറത്തോ എന്നറിയുന്നതിനുപോലുമുള്ള സാധാരണക്കാരുടെ അവ
കാശം നിര്‍ദാക്ഷിണ്യം നിഷേധിച്ചിരിക്കുകയാണ്. 14,619 കെട്ടിടങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നത്. പ്രദേശികമായ ഒരു പരിശോധനയുമില്ലാതെ ജനവാസകേന്ദ്രങ്ങളിലെ വീടുകള്‍ ഉള്‍പ്പെടെ ഇത്രയും കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തി ബഫര്‍സോണ്‍മാപ്പു തയ്യാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. വീടുകളും വാണിജ്യസ്ഥാപനങ്ങളും ഒരേ രീതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നതും ദുരൂഹമാണ്.
ജനവാസകേന്ദ്രങ്ങള്‍ ബഫര്‍സോണില്‍കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ ് സെന്റര്‍ പുറത്തുവിട്ട മാപ്പില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഭൂരിഭാഗം ജനവാസകേന്ദ്രങ്ങളും ബഫര്‍സോണ്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. 25.16 ചതുരശ്ര കിലോമീറ്ററാണ് എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ആകെ വിസ്തീര്‍ണം. ഇതിനോടനുബന്ധിച്ചു പ്രഖ്യാപിക്കപ്പെട്ട ബഫര്‍സോണ്‍ 28.444 ചതുരശ്ര കിലോമീറ്ററാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ ജനസാന്ദ്രത കൂടിയ നൂറേക്കര്‍ മുതല്‍ സീനായിക്കുന്ന് വരെയുള്ള പ്രദേശങ്ങള്‍, ഉരുളന്‍തണ്ണി വാര്‍ഡിലെ പിണവൂര്‍കുടി ഉള്‍പ്പെടെയുള്ള ജനവാസമേഖലകള്‍, കീരമ്പാറ പഞ്ചായത്തിലെ തട്ടേക്കാട് മുതല്‍ പാലമറ്റംവരെയുള്ള പ്രദേശങ്ങള്‍, പിണ്ടിമന പഞ്ചായത്തിലെ വിവിധ പട്ടയഭൂമികള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ട് പ്രകാരം ബഫര്‍സോണില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. പെരിയാര്‍ വന്യജീവിസങ്കേതത്തോടു ചേര്‍ന്നുകിടക്കുന്ന കോട്ടയംജില്ലയിലെ എരുമേലി പഞ്ചായത്തിലെ കാര്‍ഷികമേഖലകളായ പമ്പാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകള്‍ പൂര്‍ണമായും വനഭൂമിയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തലമുറകളായി കാര്‍ഷികവൃത്തിയെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിനു സാധാരണ കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. പെരിയാര്‍ കടുവാസങ്കേതത്തിനു സമീപമുളള പത്തനംതിട്ട ജില്ലയിലെ പെരുനാട് വില്ലേജ് മാപ്പില്‍ ഇടം പിടിച്ചിട്ടേയില്ല.
കണ്ണൂര്‍ ജില്ലയിലെ ആറളം, കൊട്ടിയൂര്‍ വന്യജീവിസങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങള്‍, കോഴിക്കോട് ജില്ലയിലെ മലബാര്‍ വന്യജീവിസങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിക്കുപുറത്തുളള ജനനിബിഡമായ വില്ലേജുകള്‍ എല്ലാംതന്നെ ബഫര്‍സോണ്‍ പട്ടികയിലുണ്ട്.
ഈ ഉദാഹരണങ്ങളെല്ലാം ഉപഗ്രഹസര്‍വേറിപ്പോര്‍ട്ടിന്റെ അശാസ്ത്രീയത വ്യക്തമാക്കുന്നതാണ്. കൂടാതെ, ഇക്കാലമത്രയും ബഫര്‍സോണുകള്‍ വില്ലേജുകളുടെ അടിസ്ഥാനത്തിലായിരുന്നു സൂചിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പഞ്ചായത്തടിസ്ഥാനത്തിലാക്കിയതിലും സര്‍ക്കാരിന്റെ നിക്ഷിപ്തതാത്പര്യങ്ങളുണ്ട്. 115 പഞ്ചായത്തുകളിലെ മുന്നൂറിലധികം വില്ലേജുകളിലെ ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തെ നിസാരവത്കരിച്ചു പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ ആക്ഷേപങ്ങളും പരാതികളും അറിയിക്കാനും നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിനും അനുവദിച്ചിരിക്കുന്നത് വളരെ തുച്ഛമായ സമയം മാത്രമാണ്. പരാതികള്‍ സ്വീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി ജനുവരി ഏഴാണ്. എല്ലാ പഞ്ചായത്തുകളിലും ഹെല്‍പ്ഡസ്‌ക് തയ്യാറാക്കി നേരിട്ടുള്ള സ്ഥലപരിശോധന ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വിഷയത്തില്‍ റവന്യൂ - വനം - തദ്ദേശവകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതും വിഷയം വഷളാക്കുകയാണ്. ചുരുക്കത്തില്‍, ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്.