ക്രിസ്തുമസ് (ക്രിസ്ത്മസ്) എന്ന സമസ്തപദത്തിന് ഒരു ചരിത്രമുണ്ട്. ക്രിസ്തുവിന്റെ ജനനദിനാഘോഷത്തിനാണ് ഈ പേരു പറയുന്നത്.
ക്രിസ്തു എന്ന വാക്ക് ക്രിസ്‌തോസ് എന്ന ഗ്രീക്കുവാക്കില്‍നിന്നുണ്ടായ ക്രിസ്തൂസ് എന്ന ലത്തീന്‍ വാക്കില്‍നിന്നുണ്ടായതാണ്. ഇംഗ്ലീഷില്‍ ക്രൈസ്റ്റ് എന്നു പറയുന്നു. അഭിഷിക്തന്‍ എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ഹീബ്രുവില്‍ മെശിഹാ എന്നും അറമായ (സുറിയാനി) ഭാഷയില്‍ മിശിഹാ എന്നും പറയുന്നു.
യേശു എന്ന പദം യേസൂസ് എന്ന ലത്തീന്‍പദത്തില്‍നിന്നുണ്ടായതാണ്. ഇംഗ്ലീഷില്‍ അത് ജീസസ് എന്നായി. അറമായ ഭാഷയില്‍ ഈശോ എന്നാണ്.
ക്രിസ്ത്മസ് എന്നതിലെ മസ് എന്ന പദത്തിന്റെ ഉത്പത്തി ആകസ്മികവും വിസ്മയനീയവുമാണ്. ലത്തീന്‍ഭാഷയിലെ മീസാ എന്ന ക്രിയാരൂപത്തില്‍നിന്നാണ് അതുണ്ടായത്. അയയ്ക്കപ്പെട്ടു എന്നാണ് അതിന്റെ അര്‍ഥം. അതു സ്ത്രീലിംഗമാണുതാനും.
യൂറോപ്പില്‍ ലത്തീന്‍ഭാഷയിലാണല്ലോ കുര്‍ബാന ചൊല്ലിയിരുന്നത്. അന്നത്തെ സാധാരണ ജനങ്ങള്‍ക്ക് ലത്തീന്‍ഭാഷ അജ്ഞാതമായിരുന്നു. കുര്‍ബാനയുടെ അവസാനം ഈത്തേ കോണ്‍ഗ്രിഗാസ്യോ മീസാ എസ്ത് എന്നു വൈദികന്‍ ഉച്ചസ്വരത്തില്‍ പറഞ്ഞിരുന്നു. ഈത്തേ എന്നതിന് പോകുക എന്നും കോണ്‍ഗ്രിഗാസ്യോ എന്നതിന് സമൂഹം (സഭ) എന്നും മീസാ എസ്ത് എന്നതിന് അയയ്ക്കപ്പെട്ടിരിക്കുന്നു എന്നുമാണ് അര്‍ഥം.
ഈ വാചകത്തിലെ മീസാ എന്ന ക്രിയാരൂപത്തിന് യൂറോപ്പിലെ സാധാരണജനം കുര്‍ബാന എന്ന അര്‍ഥം കല്പിച്ചു! അവര്‍ക്ക് ലത്തീന്‍ ഭാഷ അജ്ഞാതമായിരുന്നല്ലോ.
കുര്‍ബാന എന്ന അര്‍ഥം കല്പിക്കപ്പെട്ട മീസാ എന്ന വാക്ക് പഴയ ഇംഗ്ലീഷില്‍ മെസേ എന്നും ഫ്രഞ്ചുഭാഷയിലും ജര്‍മന്‍ഭാഷയിലും മെസ്സേ എന്നുമായി. ആംഗ്ലോസാക്‌സണിലെ മെസേ എന്നതിന് ആഘോഷം എന്ന ഒരര്‍ത്ഥം കല്പിക്കപ്പെട്ടു. അങ്ങനെ ക്രിസ്മസ് എന്നതിന് ക്രിസ്തുവിനെ സംബന്ധിച്ച ആഘോഷം എന്ന അര്‍ഥമുണ്ടായി.
മീസാ എസ്ത് എന്ന ലത്തീന്‍ ക്രിയാരൂപം മിത്തെരെ എന്ന ക്രിയയില്‍നിന്നുണ്ടായതാണ്. അയയ്ക്കപ്പെട്ടു എന്നാണര്‍ഥം. ഒരു ക്രിയാരൂപം നാമമായി പ്രയോഗിച്ചുവെന്നത് വിസ്മയനീയമാണ്.
ക്രിസ്ത്മസ് ദിവസം മരം അലങ്കരിക്കുന്ന സമ്പ്രദായം ജര്‍മനിയില്‍ തുടങ്ങി. ഇംഗ്ലണ്ടില്‍ എലിസബത്തു രാജ്ഞി അതു സ്വീകരിക്കുകയും അതോടെ യൂറോപ്പില്‍ എല്ലായിടത്തും നടപ്പിലാകുകയും ചെയ്തു. ഗായകസംഘം പാട്ടുപാടിക്കൊണ്ട് വീടുകള്‍ സന്ദര്‍ശിക്കുന്ന സമ്പ്രദായം മധ്യകാല ഇംഗ്ലീഷ് ഭാഷയില്‍ കുറോള്‍ എന്നു വിളിക്കപ്പെട്ടു. പാട്ടുപാടി നൃത്തം ചെയ്യലാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്ത്മസിന് സമ്മാനം കൊടുക്കല്‍, ആശംസ അയയ്ക്കല്‍ മുതലായവ യൂറോപ്പില്‍ തുടങ്ങിയതാണ്.