സംസ്ഥാനവിദ്യാഭ്യാസഗവേഷണപരിശീലനസമിതി (എസ്.സി.ഇ.ആര്‍.ടി.) പുതിയ പാഠ്യപദ്ധതിപരിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലെ സ്‌കൂള്‍വിദ്യാര്‍ഥികള്‍
ക്കായി തയ്യാറാക്കുന്ന സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങള്‍ വലിയ വിവാദങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നതും ഏകപക്ഷീയവുമാണ് പാഠപുസ്തകങ്ങള്‍ എന്ന വിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്. കേരളപാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാനചരിത്രത്തില്‍നിന്ന് കേരളത്തിന്റെ നവോത്ഥാനരാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ബോധ
പൂര്‍വം ഒഴിവാക്കിയ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. അതിന്റെ പിന്നാലെയാണ് ക്രൈസ്തവതമസ്‌കരണത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായ സാംസ്‌കാരിക നവോത്ഥാന മുന്നേറ്റങ്ങളില്‍ ക്രൈസ്തവസഭയും ക്രൈസ്തവാശയങ്ങളും നല്‍കിയ സംഭാവനകളെ ഇകഴ്ത്തിക്കാണിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണു നടന്നിരിക്കുന്നത്.
പാഠ്യപദ്ധതി പരിഷ്‌കരണശ്രമങ്ങളുടെ പശ്ചാത്തലം
1990 കളിലാണ് കേരളത്തില്‍ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ക്കു തുടക്കംകുറിച്ചത്. 1994 ല്‍ ഡി.പി.ഇ.പി. ആരംഭിക്കുകയും അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന സമീപനത്തില്‍നിന്നു വിദ്യാര്‍ഥികേന്ദ്രീകൃതവിദ്യാഭ്യാസത്തിലേക്കു വിദ്യാഭ്യാസസമീപനത്തെ മാറ്റുകയും ചെയ്തു. പരമ്പരാഗത പരീക്ഷാസമ്പ്രദായങ്ങള്‍ മാറി 2005 ല്‍ ആദ്യമായി പത്താം തരത്തില്‍ ഗ്രേഡിങ് നടപ്പാക്കി. വിദ്യാഭ്യാസ സമീപനത്തില്‍ വിവിധ ആശയങ്ങള്‍ കൊണ്ടുവന്ന് പാഠപുസ്തകങ്ങള്‍ ഇടക്കാലങ്ങളില്‍ പരിഷ്‌കരിച്ചുവെങ്കിലും സമഗ്രമായ പരിഷ്‌കരണം നടന്നിട്ടില്ല. അവസാനമായി പാഠപുസ്തകം പരിഷ്‌കരിച്ചത് 2013 ലാണ്. പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളെല്ലാം പരിഷ്‌കരിച്ചതോടൊപ്പം മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളും ഈ കാലയളവില്‍ പരിഷ്‌കരിച്ചു. 2013 ലെ പാഠ്യപദ്ധതിപരിഷ്‌കരണത്തിനുശേഷം പുതിയ പാഠ്യപദ്ധതിപരിഷ്‌കരണത്തിനുള്ള ജനകീയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.
ഇതിനു കാരണമായത് ദേശീയവിദ്യാഭ്യാസനയം 2020 നിലവില്‍ വന്നതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളോട് കരിക്കുലം ചട്ടക്കൂട് തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതാണ്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചു പാഠ്യപദ്ധതിപരിഷ്‌കരണത്തിനു മുന്നോടിയായുളള ചട്ടക്കൂടുരൂപീകരണചര്‍ച്ചയ്ക്കായി 26 ഫോക്കസ്
പോയിന്റുകള്‍ ഉള്‍പ്പെടുത്തിയുള്ള കുറിപ്പാണ് വിദ്യാഭ്യാസവകുപ്പു തയ്യാറാക്കിയിരിക്കുന്നത്.
കരിക്കുലംനിര്‍ദേശങ്ങളുടെ ഭാഗമായി കേരളത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിപരിഷ്‌കരണം ഈ വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതിന്റെ തുടര്‍ച്ചയായി പാഠപുസ്തകപരിഷ്‌കരണവും നടന്നുകൊണ്ടിരിക്കുകയാണ്. പാഠ്യപദ്ധതി പരിഷ്‌കരണം അനുസരിച്ചുള്ള പുതിയ പാഠപുസ്തകങ്ങള്‍ എല്ലാ ക്ലാസിലും നിലവില്‍ വരുന്നത് 2025-26
അധ്യയനവര്‍ഷമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇതനുസരിച്ച് ഡോ. കെ.എന്‍. പണിക്കര്‍ അധ്യക്ഷനായ സമിതിയുടെ പരിശോധനയ്ക്കു വിധേയമായാണ് പാഠപുസ്തകങ്ങള്‍, പ്രത്യേകിച്ച് സാമൂഹികശാസ്ത്രപുസ്തകങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളതെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്രയും വിശദമായ ചര്‍ച്ചകളും മുന്നൊരുക്കങ്ങളും നടത്തിയിട്ടും പാഠപുസ്തകങ്ങളില്‍ ഒരു പ്രത്യേക ആശയധാരയുടെ തമസ്‌കരണം ഉണ്ടായത് വളരെ ബോധപൂര്‍വമായ ഒരു അജണ്ടയുടെ ഭാഗംതന്നെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മതേതരത്വം, സമഭാവന തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായതും കുട്ടികളില്‍ സര്‍ഗാത്മകത, വിമര്‍ശനചിന്ത എന്നിവയ്ക്കു വഴിയൊരുക്കുന്നതുമായ വിദ്യാഭ്യാസരീതിയാണു രൂപപ്പെടേണ്ടതെന്ന് നാഴികയ്ക്കു നാല്പതുവട്ടം പറയുന്ന ഭരണാധികാരികള്‍ ക്രൈസ്തവ ആശയസംഹിതകള്‍ രൂപപ്പെടുത്തിയെടുത്ത ലോകക്രമത്തെ, ചിന്തകളെ ഒഴിവാക്കുകയാണ്.വിവാദമായ ഒഴിവാക്കലുകള്‍
ഏഴാം ക്ലാസിലെ നവോത്ഥാനചരിത്രത്തില്‍നിന്ന് കേരളത്തിന്റെ നവോത്ഥാന രാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നല്ലോ. കൂടാതെ, പത്താം ക്ലാസിലെ കുട്ടികള്‍ക്കായി എസ്‌സിആര്‍ടി തയ്യാറാക്കിയിട്ടുള്ള സാമൂഹികശാസ്ത്രം ഒന്നാം ഭാഗത്തിലെ ഒന്നാം അധ്യായമായ 'ആധുനികയുഗത്തിലേക്ക്' എന്ന പാഠത്തില്‍ നവോത്ഥാനവും മതനവീകരണവും വിശദീകരിക്കുന്നിടത്തെ ചില പരാമര്‍ശങ്ങള്‍ ക്രൂരമാംവിധം ക്രൈസ്തവവിരുദ്ധമാണ്. മധ്യകാലഘട്ടത്തിലെ എല്ലാത്തരം തിന്മകളുടെയും പ്രതീകമായാണ് ക്രിസ്തുമതത്തെ പാഠഭാഗത്തു വിശേഷിപ്പിച്ചിരിക്കുന്നത്. ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്രപാഠപുസ്തകം ഒന്നാംഭാഗം ആരംഭിക്കുന്നത് ഹാഗിയാ സോഫിയയുടെ ചരിത്രത്തോടും അതിനെക്കുറിച്ചുള്ള വിവരണത്തോടുംകൂടിയാണ്. ലോകചരിത്രത്തിലെ പ്രധാന സ്മാരകങ്ങളിലൊന്നാണ് ഹാഗിയാ സോഫിയാ എന്നും ആറാം നൂറ്റാണ്ടിലാണ് അതു പണിയപ്പെട്ടതെന്നും ഇപ്പോഴത് ഒരു ചരിത്രമ്യൂസിയമായി തുര്‍ക്കിയില്‍ സംരക്ഷിക്കപ്പെടുന്നുവെന്നുമാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ചരിത്രപ്രസിദ്ധവും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസിന്റെ ആസ്ഥാനവുമായിരുന്ന ഹാഗിയാ സോഫിയ ഒരു ക്രൈസ്തവദേവാലയമായിരുന്നുവെന്നുള്ള വസ്തുത മനഃപൂര്‍വം മറച്ചുവച്ചുകൊണ്ട്, അതൊരു ചരിത്രമ്യൂസിയമാണെന്നു മാത്രം രേഖപ്പെടുത്തിയിരിക്കുന്നത് അത്യന്തം പ്രതിഷേധകരമാണ്. ക്രൈസ്തവപാരമ്പര്യങ്ങളുടെ ബോധപൂര്‍വമായ ഒഴിവാക്കലാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
കൂടാതെ, പാഠപുസ്തകത്തിലെ കുരിശുയുദ്ധങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചരിത്രത്തിന്റെ വക്രീകരണമാണ്. ക്രിസ്തുമതവിശ്വാസികള്‍ക്ക് ഏറ്റവും പുണ്യപ്പെട്ടതും ക്രിസ്തീയവിശ്വാസത്തിന്റെ പ്രഭവകേന്ദ്രങ്ങളുമായ വിശുദ്ധസ്ഥലങ്ങള്‍ അറബികള്‍ കീഴടക്കിയപ്പോള്‍ അവ വീണ്ടെടുക്കാനുള്ള പരിശ്രമമായിരുന്നു കുരിശുയുദ്ധങ്ങള്‍. അവ ക്രൈസ്തവരുടെ പ്രതിരോധങ്ങളായിരുന്നു. ഇക്കാര്യങ്ങളൊക്കെ വിസ്മരിച്ചുകൊണ്ട് കുരിശുയുദ്ധങ്ങളെ കേവലം കടന്നാക്രമണങ്ങളായി ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണ്. ഇതിനോടൊപ്പം ക്രൈസ്തവവിശ്വാസത്തിന്റെ സ്വാധീനത്താല്‍ കല, സാഹിത്യം, സംഗീതം, ശാസ്ത്രം ആദിയായ മേഖലകളിലെല്ലാം മികച്ച സംഭാവനകള്‍ നല്‍കിയ യൂറോപ്പിനെ ഒന്‍പതാംക്ലാസ്സിലെ സാമൂഹികശാസ്ത്രപാഠപുസ്തകം തീര്‍ത്തും അവഗണിച്ചിരിക്കുന്നു.
യൂറോപ്പിനെ അവഗണിച്ചുകൊണ്ട് സംസ്‌കാരത്തിനു പുതിയ അവകാശികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ലോകത്തുണ്ടായ സാംസ്‌കാരികമുന്നേറ്റങ്ങളെല്ലാംതന്നെ അറബികളുടെ സംഭാവനയായി വിവരിച്ചിരിക്കുന്നു. അറബ്‌സ്വാധീനത്തിലാണ് യൂറോപ്പിന് എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കുന്നതെന്നു പറയുകയും ചെയ്യുന്നു. ഇതുപോലെ ഇന്ത്യാചരിത്രത്തില്‍നിന്ന് ക്രൈസ്തവമിഷനറിമാരുടെ സംഭാവനകളെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യയുടെ സാംസ്‌കാരികമുന്നേറ്റങ്ങളില്‍ അറബികളുടെ സംഭാവനകള്‍ അതുല്യമാണെന്നു വരച്ചുകാട്ടുന്ന പാഠഭാഗങ്ങള്‍ ചരിത്രത്തിലെ ക്രൈസ്തവപാരമ്പര്യങ്ങളെ വിസ്മരിക്കുകയാണ്.
കേരളത്തില്‍ സമീപകാലത്തായി ആവര്‍ത്തിക്കുന്ന ക്രൈസ്തവവിഭാഗത്തോടുള്ള തമസ്‌കരണങ്ങളുടെയും അവഗണനയുടെയും ബോധപൂര്‍വമായ തുടര്‍ച്ചയായി മാത്രമേ സംസ്ഥാന വിദ്യാഭ്യാസഗവേഷണപരിശീലനസമിതിയുടെ ഇത്തരം നടപടികളെ കാണാന്‍ സാധിക്കുകയുള്ളൂ.