കൂത്താട്ടുകുളത്തുനിന്ന് എം.സി. റോഡിലൂടെ തൃശൂര്‍ കടന്നു മുണ്ടൂര്‍ വരെയും തിരിച്ചും സഞ്ചരിച്ചു. വഴിനീളെ, ഇരുവശത്തും, വിവിധങ്ങളായ കച്ചവടപ്പരസ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നതു കാണപ്പെട്ടു. കച്ചവടപ്പരസ്യങ്ങള്‍ അങ്ങനെ നാട്ടിയുയര്‍ത്തിയിരിക്കുന്നത്, റോഡിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍ ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കാന്‍വേണ്ടി മാത്രമാണല്ലോ.
അങ്കമാലി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍നിന്നു പുറത്തേക്കിറങ്ങുന്ന ഭാഗത്ത്, നടുറോഡില്‍, ഒരു പരസ്യപ്പലക, ലാന്‍ഡ് ഫോണ്‍നമ്പര്‍ സഹിതം തൂക്കിയിട്ടിരിക്കുന്നതു കാണാം.
ആ ബോര്‍ഡിലേക്ക് ഒന്നു നോക്കാതെ, അവിടം കടന്നുപോകാന്‍, ഒരു യാത്രക്കാരനോ, ഡ്രൈവര്‍ക്കോ കഴിയുമോ? നല്ല ഉയരത്തില്‍ റോഡരുകില്‍, ആകര്‍ഷകചിത്രങ്ങളോടെ ഉയര്‍ത്തിയിരിക്കുന്ന പരസ്യബോര്‍ഡുകള്‍ ആളുകള്‍ കണ്ടുപോകാനല്ലേ അവിടങ്ങളില്‍ നാട്ടിയിരിക്കുന്നത്? ഒരപകടം സംഭവിക്കാന്‍ വേറേ കാരണം വേണോ?
റോഡിലെ അപകടങ്ങളില്‍ പലതും ഉണ്ടാകുന്നതിനു കാരണം, ഈ പരസ്യങ്ങളാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്! എന്തിനേറെ പറയുന്നു, ഈ പരസ്യങ്ങള്‍ നിഷ്‌കരുണം റോഡരുകില്‍നിന്നു സുബോധമുള്ള ഒരു ജനത മാറ്റും.
റോഡരുകിലെ എല്ലാവിധ പരസ്യങ്ങളും മാറ്റൂ, റോഡിലെ അപകടങ്ങള്‍ കുറയും! സര്‍ക്കാര്‍ ധൈര്യം കാട്ടുമോ? തത്സംബന്ധമായ കോടതിവിധികള്‍ പാലിക്കപ്പെടുമോ, നടപ്പാക്കപ്പെടുമോ? 15.10.22 ലെ ഹൈക്കോടതിനിര്‍ദേശം കൂട്ടിവായിച്ചാലും. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പരസ്യം വേണ്ടെന്ന്..! എത്ര ശരി...!