ഒക്‌ടോബര്‍ 16 വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍
ദൈവനീതിയുടെയും കരുണയുടെയും മുഖം സാധാരണജനങ്ങള്‍ക്കു കാണിച്ചുകൊടുത്ത മഹാത്മാവാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. ലത്തീന്‍ ആരാധനക്രമത്തില്‍ ദിവ്യബലിയിലെ സമാഹരണപ്രാര്‍ത്ഥനയില്‍ കുഞ്ഞച്ചനെ സ്മരിക്കുന്നത് ഇപ്രകാരമാണ്: ''ഞങ്ങളുടെ ദൈവമേ, വിനീതരുടെയും ക്ലേശിതരുടെയും ശുശ്രൂഷ അങ്ങേ ദാസനായ വാഴ്ത്തപ്പെട്ട അഗസ്റ്റിന്‍ തേവര്‍പറമ്പിലിനെ അങ്ങ് ഭരമേല്പിച്ചുവല്ലോ. അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കി അശരണരോടും പാവപ്പെട്ടവരോടും എല്ലായ്‌പ്പോഴും ഞങ്ങള്‍ അനുകമ്പ കാണിക്കാനും അതുവഴി ക്രിസ്തുവിന്റെ കാലടികള്‍ വിശ്വസ്തതയോടെ പിന്തുടരാനും കാരുണ്യപൂര്‍വ്വം അനുഗ്രഹിക്കണമേ.'' വളരെ അര്‍ത്ഥവത്തായ ഈ പ്രാര്‍ത്ഥനയുടെ സാമൂഹികപശ്ചാത്തലം നാം മനസ്സിലാക്കേണ്ടതുണ്ട്.
ഭാരതത്തില്‍ സംഘകാലത്തോടെ രൂപപ്പെട്ട ജാതിവ്യവസ്ഥയുടെ പരിണതഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ച ജനവിഭാഗമാണ് നമ്മുടെ രാഷ്ട്രപിതാവ് ഹരിജന്‍ എന്നു വിളിച്ച ദലിതര്‍. വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുക മാത്രമല്ല, സ്വന്തം രാജ്യത്ത് അടിമകളാകാന്‍ വിധിക്കപ്പെട്ടവരുമായിരുന്നു ദലിതര്‍. ദൈവം എല്ലാവരുടെയും പിതാവാണെന്നും മനുഷ്യരെല്ലാം യേശുക്രിസ്തുവില്‍ രക്ഷിക്കപ്പെട്ടവരാണെന്നും നാമെല്ലാം ഏകോദരസൃഷ്ടിയാണെന്നുമുള്ള മിഷനറിമാരുടെ സുവിശേഷപ്രഘോഷണത്തില്‍ ആകൃഷ്ടരായി ധാരാളം ദലിതര്‍ ക്രൈസ്തവവിശ്വാസികളായി.
എന്നാല്‍, ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തിലെ വികലമായ സാമൂഹികവ്യവസ്ഥയില്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ അറിയപ്പെട്ടത് ഹരിജന്‍ക്രിസ്ത്യാനികളെന്നും പുതുക്രിസ്ത്യാനികളെന്നുമുള്ള വിളിപ്പേരുകളിലായിരുന്നു.
യേശുക്രിസ്തുവിന്റെ ഉത്ഥാനാനുഭവം ലഭിച്ച സാവൂള്‍ പൗലോസായി മാറിയപ്പോഴും അപ്പസ്‌തോലന്‍മാര്‍ പൗലോസിനെ തങ്ങളുടെ കൂട്ടായ്മയില്‍ സ്വീകരിക്കാന്‍ മടികാണിച്ചതുപോലെ (അപ്പ.9:26 -30), ജ്ഞാനസ്‌നാനം സ്വീകരിച്ച ദലിത്‌ക്രൈസ്തവര്‍ നിരവധി പ്രയാസങ്ങളാണ് അനുഭവിക്കേണ്ടിവന്നത്. എന്നാല്‍, തങ്ങള്‍ ജീവിച്ചുവന്ന സ്വന്തം സമുദായത്തില്‍നിന്നുള്ള എതിര്‍പ്പും, അടിമകളാക്കിവച്ചിരുന്ന സമൂഹത്തില്‍നിന്നുള്ള പീഡനങ്ങളും, പരമ്പരാഗതക്രൈസ്തവരില്‍നിന്നുളവായിക്കൊണ്ടിരുന്ന അവഗണനയും ഒരുമിച്ച് അനുഭവിച്ചപ്പോഴും, സ്വന്തം ജീവനെക്കാള്‍ വലുതാണ് തങ്ങള്‍ക്കു ലഭിച്ച വിശ്വാസമെന്ന രക്തസാക്ഷികളുടെ മനോഭാവത്തോടെ ദലിത്‌ക്രൈസ്തവര്‍ സധൈര്യം ജീവിച്ചുവെന്നതും ഒരു ചരിത്രസത്യമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ശതകത്തില്‍ ഇന്നത്തെ പുനലൂര്‍ രൂ പതയിലെ ഒരു ഇടവകയില്‍ ജനങ്ങള്‍ വിശ്വാസം സ്വീകരിച്ചതിനുശേഷമുള്ള അനുഭവം 2022 ഒക്‌ടോബര്‍ മാസം 2-ാം തീയതി എന്റെ സാന്നിധ്യത്തില്‍ വിവരിച്ചത് ദലിത് ക്രൈസ്തവര്‍ അനുഭവിച്ച പീഡനങ്ങളുടെ ചെറിയൊരു വിവരണമായി കാണാം: ''ഞായറാഴ്ചയിലെ വിശുദ്ധ ബലിയില്‍ പങ്കുകൊള്ളാന്‍ ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന് 16 കിലോമീറ്റര്‍ കാല്‍നടയായി തലേദിവസംതന്നെ യാത്ര തിരിച്ചിരുന്നു. ഈ യാത്രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ അക്രമണങ്ങളും ശാരീരികോപദ്രവങ്ങളും ഏല്‍ക്കേണ്ടിവന്നു. ഈ കാലഘട്ടങ്ങളില്‍ സ്ത്രീകളെ പുരുഷവേഷം ധരിപ്പിച്ചുകൊണ്ടായിരുന്നു ദേവാലയത്തിലേക്കു വിശുദ്ധബലിയില്‍ പങ്കുകൊള്ളാന്‍ പോയിരുന്നത്.''
ഇതേ അനുഭവം മലബാറിലും മധ്യതിരുവതാംകൂറിലും തെക്കന്‍ തിരുവിതാംകൂറിലും ക്രിസ്തുമതം സ്വീകരിച്ച ദലിത്‌വിഭാഗക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്നുവെന്നതു ചരിത്രസത്യമാണ്. എന്നാല്‍, പീഡനങ്ങളനുഭവിച്ച് അടിമത്തത്തിലായിരുന്ന ഇസ്രായേല്‍ജനതയ്ക്കു മോചനത്തിന്റെയും ദൈവകരുണയുടെയും ആള്‍രൂപമായി മോശ പ്രത്യക്ഷപ്പെട്ടതുപോലെ ദൈവം തന്റെ ദൂതന്‍മാരെ നമ്മുടെ നാട്ടിലും അയയ്ക്കുകയായിരുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ ദൈവദാസനായ അലോഷ്യസ് മരിയ ബെന്‍സിഗര്‍ തിരുമേനിയും മലബാറില്‍ മിഷനറിവൈദികനായ പീറ്റര്‍ കൈറോണിയച്ചനും ദലിതരുടെ ഉമനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. മധ്യതിരുവിതാംകൂറിലാകട്ടെ, ബ്രദര്‍ റോക്കിയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും ധീരോദാത്തമായ ദൈവകരുണയുടെ വിപ്ലവമാണു സൃഷ്ടിച്ചത്.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രവര്‍ത്തനരംഗം മുഖ്യമായും പാലാ രൂപതയിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പീഡിതസമൂഹത്തിനുവേണ്ടിയുള്ള സമ്പൂര്‍ണസമര്‍പ്പണം സാര്‍വത്രികസഭ അംഗീകരിച്ചതിന്റെ അടയാളവുംകൂടിയാണ് അള്‍ത്താരവണക്കത്തിനായി സഭ അദ്ദേഹത്തെ ഉയര്‍ത്തിയത്.
1891 ല്‍ ജനിച്ച് 1921 ല്‍ പൗരോഹിത്യം സ്വീകരിച്ച് 1973 ല്‍ ദൈവസന്നിധിയിലേക്കു വിളിക്കപ്പെട്ട കുഞ്ഞച്ചന്‍ യേശുക്രിസ്തുവുമായുള്ള ആഴമായ ബന്ധത്തില്‍നിന്നു വളര്‍ത്തിയെടുത്ത ആത്മീയശക്തിയാല്‍ ഇരുപതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന അയിത്താചാരങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് ദൈവത്തിന്റെ കരുണയും കരുതലും ദലിത്‌ക്രൈസ്തവരോടു പ്രകടമാക്കുന്നതു നമുക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മാനവരാശിക്കുവേണ്ടി സ്വന്തം ജീവന്‍ ബലിയായി നല്‍കിയ യേശുക്രിസ്തുവിന്റെ ജീവിതമാതൃകയാണ് കുഞ്ഞച്ചനില്‍ നാം കാണുന്നത്. സമ്പന്നരെ വെറുക്കാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി ജീവിച്ച്, അവരോടൊപ്പം ഒരു നിശ്ശബ്ദവിപ്ലവം നടത്തുകയായിരുന്നു കുഞ്ഞച്ചന്‍. യഥാര്‍ത്ഥത്തില്‍, വിശ്വാസം പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്തുകൊണ്ട് അദ്ദേഹം സുവിശേഷമായി മാറി. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം ഏവര്‍ക്കും പ്രചോദനമാകുന്നതും തീര്‍ത്ഥാടകര്‍ ദൈവസായുജ്യം അനുഭവിക്കുന്നതും. കുഞ്ഞച്ചന്റെ ഓര്‍മയാചരിക്കുന്ന നമുക്കും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാമുറകളും പ്രവര്‍ത്തനശൈലികളും കല്പാന്തകാലത്തോളം ആഘോഷിക്കാന്‍ സാധിക്കട്ടെ.