വ്യത്യസ്ത കൃഷിരീതികളുമായി ശ്രദ്ധേയനാവുകയാണ്, പാലാ നരിയങ്ങാനം തുരുത്തിക്കര ടി.എ. മാത്യു. നാട്ടുകാര്‍ കുട്ടിച്ചേട്ടന്‍ എന്നു വിളിക്കുന്ന ഈ എണ്‍പത്തിമൂന്നുകാരന്‍, രാവിലെ അഞ്ചുമണിക്കുണരും. പ്രഭാതകൃത്യങ്ങള്‍ക്കുശേഷം ഈശ്വരപ്രാര്‍ത്ഥനയും ബൈബിള്‍ പാരായണവും കഴിഞ്ഞ് ആറുമണിയോടെ കൃഷിയിടത്തിലേക്ക് ഇറങ്ങുകയായി. പാരമ്പര്യ കര്‍ഷകരുടെ തൊപ്പിപ്പാളയും തോര്‍ത്തുമുണ്ടുമാണു വേഷം. മാതാപിതാക്കന്മാരില്‍നിന്നു ലഭിച്ച കൃഷിയറിവുകളാണ് കുട്ടിച്ചേട്ടന്റെ മുതല്‍ക്കൂട്ട്.
കൃഷിയില്‍ മുഖ്യം പച്ചക്കറിയിനങ്ങളാണ്. വെണ്ട, ഇഞ്ചി, വിവിധ ഇനത്തിലുള്ള മുളുകുകള്‍, പയര്‍, കോവല്‍, ചീര, കുമ്പളം, തക്കാളി, മുരിങ്ങ, കപ്പളം എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറിയിനങ്ങളും കൃഷിയിടത്തെ അലങ്കരിക്കുന്നു. വാഴയിനത്തില്‍ ഞാലിപ്പൂവനും റോബസ്റ്റയും കൂടാതെ, തെങ്ങ്, കമുക്, റബ്ബര്‍, ഏലം എന്നിവയും കൃഷി ചെയ്തുവരുന്നു.
ഈ വിളകള്‍ക്കെല്ലാം ചാണകപ്പൊടിയും ആട്ടിന്‍ കാഷ്ഠവും കോഴിവളവുമാണ് ഉപയോഗിക്കുന്നത്. എന്തു നടുന്നതിനുമുമ്പും കുഴിയില്‍ ജൈവവളങ്ങള്‍ അടിസ്ഥാനവളമായി ഇടുന്നു.
ഓരോ വിളയും ഇനം തിരിച്ചാണ് നട്ടിരിക്കുന്നത്. ഈ വ്യത്യസ്തത നിറഞ്ഞ കൃഷിരീതിയുടെ അടിസ്ഥാനത്തില്‍ തലപ്പലം കൃഷിഭവന്‍ എട്ടുതവണ മികച്ച കര്‍ഷകനായി കുട്ടിച്ചേട്ടനെ തിരഞ്ഞെടുക്കുകയുണ്ടായി.
ഈയടുത്തകാലത്ത് പ്ലാശനാല്‍, നരിയങ്ങാനം സ്‌കൂളുകളിലെ കുട്ടികള്‍ ഒരാഴ്ചക്കാലം കുട്ടിച്ചേട്ടന്റെ കൃഷിയിടത്തില്‍ വന്ന് കൃഷിയനുഭവങ്ങള്‍ കണ്ടു മനസ്സിലാക്കി.
1968 ഒക്‌ടോബര്‍ 30 കുട്ടിച്ചേട്ടനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. അന്ന് ഒരു ബന്ധുവീട്ടില്‍ നിന്നു ലഭിച്ച ഒരുകുല തേങ്ങയില്‍നിന്നു വിപുലീകരിച്ചു വളര്‍ത്തിയവയാണ് ഇപ്പോള്‍ കാണുന്ന തെങ്ങുകളത്രയും.
ഈ വര്‍ഷത്തെ ഓണച്ചന്തയ്ക്ക് 125 കിലോഗ്രാം പച്ചക്കറികളാണ് കര്‍ഷകമാര്‍ക്കറ്റില്‍ കൊടുത്തത്. ജൈവപച്ചക്കറിയായതിനാല്‍ പത്തു ശതമാനം വില കൂടുതല്‍ ലഭിക്കുകയും ചെയ്തു. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന കൃഷിഭവന്റെ പ്രോഗ്രാമിലും ഇദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.
വീടിന്റെ ടെറസിലുമുണ്ട് കോവല്‍, പാവല്‍, വഴുതന കൃഷികള്‍.
വീട്ടില്‍ മാത്രമല്ല കൃഷിയിടത്തിലും ഭാര്യ ലില്ലിക്കുട്ട കൂട്ടായുണ്ട്. മക്കള്‍ : മേഴ്‌സി, നിര്‍മല ജിമ്മി (കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), രാജു മാത്യു (തലപ്പലം സര്‍വ്വീസ് സഹകരണബാങ്ക്).
ജോസഫ് കുമ്പുക്കന്‍