സംസ്ഥാനങ്ങളുടെ ഭരണത്തില്‍ഭരണഘടനയെയും നിയമത്തെയും സംരക്ഷിക്കുക എന്നതാണ് ഗവര്‍ണറുടെ പ്രാഥമികധര്‍മം എന്ന് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം (ആര്‍ട്ടിക്കിള്‍) 159 പറയുന്നു. അനുച്ഛേദം 156 അനുസരിച്ച് രാഷ്ട്രപതി നിയമിക്കുന്ന ഗവര്‍ണര്‍ക്ക് അഞ്ചു വര്‍ഷമാണു കാലാവധി. സ്വയം രാജിവയ്ക്കുന്നതിനോ, രാഷ്ട്രപതിക്കു പിരിച്ചു വിടുന്നതിനോ തടസ്സമില്ല.
ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ആചാരപരമായ തലവനാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിസഭയുടെ ഉപദേശപ്രകാരം ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണു ചട്ടം. സംസ്ഥാനഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയാണു ഗവര്‍ണറുടെ ദൗത്യം എന്നാണു വയ്പ്. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണത്തിനു ശിപാര്‍ശ ചെയ്യാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അത്തരത്തില്‍ രാഷ്ട്രപതിഭരണം നിലവില്‍ വന്നാല്‍ ഗവര്‍ണര്‍ക്കു കാര്യമായ ഭരണാധികാരങ്ങള്‍ ഉനായിരിക്കും. രാഷ്ട്രപതിയുടെ (കേന്ദ്ര
സര്‍ക്കാരിന്റെ) ഒരു ഏജന്റായാണു ഗവര്‍ണര്‍ ഇക്കാലത്തു പ്രവര്‍ത്തിക്കുക.
സര്‍ക്കാരിന്റെ നയപ്രഖ്യാപനം വായിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്കു കഴിയൂ. രാഷ്ട്രീയമായി ഇഷ്ടമില്ലാത്ത കാര്യങ്ങളും ഗവര്‍ണര്‍മാരെക്കൊണ്ട് പറയിപ്പിക്കുന്നതു പലതവണ കേരളം കïു. എന്റെ സര്‍ക്കാര്‍ എന്നാണ് നിയമസഭയില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നത്. അതിനാല്‍ത്തന്നെ സര്‍ക്കാരിന്റെ മേലധികാരിയല്ല, ഉപദേശകനും സഹായിയുമാകണം ഗവര്‍ണര്‍. കേരളത്തിന്റെ സുപ്രധാനഭരണാധികാരികള്‍ വിടുവായത്തവുമായി ഏറ്റുമുട്ടിയാല്‍ ജനങ്ങള്‍ക്കും സംസ്ഥാനത്തിനുമാണു ക്ഷീണം. ''ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്'' എന്ന പഴമൊഴി മറക്കരുതല്ലോ.
തടസ്സപ്പെടുത്തലല്ല ഗവര്‍ണറുടെ ദൗത്യം
രാഷ്ട്രപതിഭരണം ഇല്ലാതെ കേന്ദ്രത്തിന്റെ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതും ജനാധിപത്യസര്‍ക്കാരിന്റെ ഭരണനിര്‍വഹണ (എക്സിക്യൂട്ടീവ്) അധികാരങ്ങള്‍ തടസ്സപ്പെടുത്തുകയോ കൈകടത്തുകയോ ചെയ്യുന്നതും ജനാധിപത്യത്തിനു വെല്ലുവിളിയാണ്. സര്‍ക്കാരിനെ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്നതില്‍ സഹായിക്കുകയാണു ഗവര്‍ണറുടെ പ്രധാന ദൗത്യം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനോ ഭരണം തടസ്സപ്പെടുത്താനോ നേരിട്ടു രാഷ്ട്രീയത്തില്‍ ഇടപടാനോ ഗവര്‍ണറെ ഭരണഘടന അനുശാസിക്കുന്നില്ല.
ഗവര്‍ണര്‍മാരുടെ നിയമനിര്‍മാണ അധികാരങ്ങള്‍ പരിശോധിക്കാം. നിയമസഭയാണു ബില്ലുകള്‍ ചര്‍ച്ച ചെയ്തു പാസ്സാക്കേണ്ടത്. ഇത്തരത്തില്‍ സഭ പാസ്സാക്കുന്ന ബില്ലുകള്‍ (മണി ബില്‍ ഒഴികെ) ഗവര്‍ണറുടെ അനുമതിക്കായി നല്‍കണം. സാധാരണഗതിയില്‍ ഇത്തരം ബില്ലുകള്‍ക്ക് താമസം കൂടാതെ ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നു. എന്നാല്‍, തന്റെ സമ്മതം തടഞ്ഞുവയ്ക്കാനും വ്യവസ്ഥയുണ്ട്. ഇത്തരം ബില്‍ പുനഃപരിശോധനയ്ക്കായി നിയമസഭയ്ക്കു തിരികെ നല്‍കും. പുനരവലോകനങ്ങളോടെയോ അല്ലാതെയോ സംസ്ഥാന നിയമസഭ വീണ്ടും ഈ നിയമം പാസ്സാക്കുകയാണെങ്കില്‍ ഗവര്‍ണര്‍ തന്റെ സമ്മതം നല്‍കണമെന്നാണ് വ്യവസ്ഥയും കീഴ്വഴക്കവും. അല്ലെങ്കില്‍ രാഷ്ട്രപതിയുടെയും മന്ത്രിസഭയുടെയും പരിഗണനയ്ക്കായി തന്റെ പ്രസ്താവന റിസര്‍വ് ചെയ്യണമെന്നാണു വ്യവസ്ഥ.
നിയമസഭ വിളിച്ചുകൂട്ടാനും പ്രൊറോഗ് ചെയ്യാനും പിരിച്ചുവിടാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. പക്ഷേ, ഇതു സാങ്കേതികമാണ്. മന്ത്രിസഭയുടെ
ശിപാര്‍ശയനുസരിച്ചാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പാര്‍ലമെന്റും നിയമസഭകളും രാഷ്ട്രപതിയും ഗവര്‍ണറും ഈ ചുമതല നിറവേറ്റുക. ജുഡീഷ്യല്‍, സാമ്പത്തിക അധികാരങ്ങളുടെ കാര്യത്തിലും ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നത് പ്രധാനമായും സാങ്കേതികമാണ്. ഉദാഹരണത്തിന്, ഹൈക്കോടതിയിലേക്കു ജഡ്ജിമാരെ നിയമിക്കുമ്പോള്‍ സംസ്ഥാനഗവര്‍ണറുമായി രാഷ്ട്രപതി കൂടിയാലോചിക്കുന്നു എന്നാണു വയ്പ്. എന്നാല്‍, സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാര്‍ശയിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനം അംഗീകരിച്ചു രാഷ്ട്രപതി ഉത്തരവിറക്കുകയാണു ചെയ്യുന്നത്.
ഭരണഘടനാപരമല്ല സമീപനം
കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് സര്‍വസീമകളും കടന്നുകഴിഞ്ഞു. സംസ്ഥാനമന്ത്രിസഭയും ഇടതുമുന്നണിയും ഒരു വശത്തും ഗവര്‍ണറും ബിജെപിയും ആര്‍എസ്എസും മറുവശത്തുമായി നിന്നു നടത്തുന്ന പോര് ഒട്ടും ഭരണഘടനാപരമല്ല. വന്നുവന്ന് താന്‍ നയിക്കുന്ന സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ പത്രസമ്മേളനം വിളിച്ച് പരസ്യമായി അതിരൂക്ഷ ആക്രമണം നടത്തുന്നു. തീര്‍ത്തും തെറ്റാണിത്.
ഇന്ത്യയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് രാജ്ഭവനിലെ ഇത്തരത്തിലുള്ള രാഷ്ട്രീയപത്രസമ്മേളനം. മറുവശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണിനേതാക്കളും ഗവര്‍ണര്‍ക്കെതിരേ പത്രസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും രൂക്ഷവിമര്‍ശനവും തുടരുന്നു. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ടു മതിയായില്ലെന്ന മട്ടിലാണു ഗവര്‍ണറും സര്‍ക്കാരും.
സ്വന്തം നിലയില്‍ കേരള വിസി നിയമനം നടത്താന്‍ ഒരുമ്പെടുന്നതും മന്ത്രിമാരോ, സെക്രട്ടറിമാരോ രാജ്ഭവിലെത്തിയാല്‍ മാത്രമേ തര്‍ക്കമില്ലാത്ത ബില്ലുകളില്‍പോലും ഒപ്പിടൂവെന്നും ഗവര്‍ണര്‍ പറയുന്നത് അത്ര ശരിയല്ല. സാധാരണ ബില്ലുകള്‍ ഒപ്പിടാനും നിബന്ധന വയ്ക്കുക, സര്‍ക്കാര്‍ ചെലവില്‍ നിരന്തരം ഡല്‍ഹിയില്‍ പോയി കാലതാമസം വരുത്തുക തുടങ്ങിയ നടപടികളും പന്തികേടാണ്.
ചോര കുടിക്കാന്‍ കാത്ത് ചിലര്‍
മുട്ടനാടുകള്‍ തമ്മിലടിക്കുന്നതു കണ്ടു ചോര കുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കന്റെ മട്ടിലാണ് യുഡിഎഫിന്റെ പ്രതികരണങ്ങള്‍. ഗവര്‍ണറെയും സര്‍ക്കാരിനെയും അനുകൂലിക്കാനും വയ്യ, എന്നാല്‍ ഏതെങ്കിലുമൊരാളെ മാത്രമായി കുറ്റപ്പെടുത്താനും വയ്യ. സര്‍ക്കാരും ഗവര്‍ണറും ശരിയല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രഭാവം കുറയ്ക്കാനാണ് ഈ സമയത്ത് ഗവര്‍ണറും സര്‍ക്കാരും ചക്കളത്തിപ്പോരാട്ടം കൊഴുപ്പിക്കുന്നതെന്ന് കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും കരുതുന്നു. അവരെ കുറ്റം പറയാനാകില്ല.
ഗവര്‍ണര്‍ക്കു പിന്തുണയുമായി ബിജെപി പരസ്യമായി രംഗത്തെത്തുമ്പോള്‍ എങ്ങനെ സംശയിക്കാതിരിക്കും? പ്രോട്ടോക്കോള്‍ പരിഗണിക്കാതെ ആര്‍എസ്എസ് തലവനെ അങ്ങോട്ടു പോയി ഗവര്‍ണര്‍ കണ്ടതു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പിന്തുണ ഊട്ടിയുറപ്പിക്കാനാണെന്നു സംശയിക്കാതെ തരമില്ല. ഗവര്‍ണറുടെ നടപടികളെയും ആര്‍എസ്എസ് തലവനെ കണ്ടതിനെയുമെല്ലാം ന്യായീകരിക്കാന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും എല്ലാം മല്‍സരിക്കുകയാണ്.
കാറ്റില്‍ പറന്ന അന്തസ്സ് കീഴ്‌വഴക്കങ്ങള്‍
കണ്ണൂരില്‍ 2019 ഡിസംബറില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് സമ്മേളനത്തില്‍ തന്നെ അപായപ്പെടുത്താന്‍ മുഖ്യമന്ത്രിയടക്കം ഗൂഢാലോചന നടത്തിയെന്നും പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുക്കുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറി കെ.കെ. രാഗേഷ് തടഞ്ഞുവെന്നുമൊക്കെ വര്‍ഷങ്ങള്‍ക്കുശേഷം ഉളുപ്പില്ലാതെ ഗവര്‍ണര്‍ തട്ടിവിടുന്നു. വയോധികനും യുപിയിലെ തന്റെ അയല്‍നാട്ടുകാരനും പ്രമുഖ ചരിത്രകാരനുമായ ഇര്‍ഫാന്‍ ഹബീബ് തന്നെ വധിക്കാനാണു ശ്രമിച്ചതെന്ന ഗവര്‍ണറുടെ ആരോപണം ബാലിശമായി.
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തിനു താന്‍ വഴങ്ങിയെന്നും അതു തെറ്റായെന്നുംകൂടി പറയുമ്പോള്‍ ഗവര്‍ണറോടു സഹതപിക്കാനേ കഴിയൂ. രാജ്ഭവനില്‍ ഔദ്യോഗികപത്രമ്മേളനം വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ ഗവര്‍ണര്‍ പുറത്തുവിട്ട രേഖകളും വീഡിയോകളും നനഞ്ഞ പടക്കമായതും നാണക്കേടാണ്. അതീവഗൗരവമുള്ള കാര്യങ്ങള്‍ പത്രക്കാരോടല്ല, മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ചീഫ് സെക്രട്ടറിയോടും നേരിട്ടാണു ഗവര്‍ണര്‍ സംസാരിക്കേണ്ടതെന്ന് ഇന്നേവരെയുള്ള മറ്റെല്ലാ ഗവര്‍ണര്‍മാര്‍ക്കും ബോധ്യമുണ്ടായിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനം അടിക്കടി നടത്തി പത്രലേഖകരോടു സംസാരിക്കുന്നത് അദ്ഭുതകരവും ആപത്കരവുമാണ്. അറിയിക്കേണ്ടï കാര്യങ്ങള്‍ പത്രക്കുറിപ്പിലൂടെ അറിയിക്കുകയാണു മുന്‍ ഗവര്‍ണര്‍മാരെല്ലാം ചെയ്തത്. മുഖ്യമന്ത്രിയോടു നേരിട്ടു ചോദിക്കേണ്ടതു മാധ്യമങ്ങളിലൂടെയല്ല, ഏറെക്കാലം ഗവര്‍ണറായിരുന്നു മുതിര്‍ന്ന നേതാവ് പറയുന്നു. അതാണു ശരി.
പ്രതിപക്ഷനേതാവല്ല ഗവര്‍ണര്‍
പ്രതിപക്ഷനേതാവിന്റെ റോളിലേക്ക് ഗവര്‍ണര്‍ തരംതാണാല്‍ അത് ആപ്തകരവും ജനാധിപത്യവിരുദ്ധവും ഭരണഘടനയ്ക്കു ചേരാത്തതുമാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളും പെന്‍ഷനും സര്‍ക്കാരിലും സര്‍വകലാശാലകളിലും നടക്കുന്ന ബന്ധുനിയമനങ്ങളുമടക്കം ഗവര്‍ണര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ന്യായമാണ്. എന്നാല്‍, രാജ്ഭവനിലെ സ്റ്റാഫുകളുടെ എണ്ണം അടക്കമുള്ള ചെലവുകളും സംഘപരിവാര്‍ അനുകൂലികളുടെ നിയമനവും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മുഴുവന്‍ സത്യാവസ്ഥയും പുറത്തുവിടാന്‍ ഗവര്‍ണര്‍ തയ്യാറായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആരോപണങ്ങളെ ജനം മുഖവിലയ്‌ക്കെടുക്കുമായിരുന്നു.
2018 ജനുവരിയിലെ ഒരു വിവരാവകാശരേഖയനുസരിച്ച് രാഷ്ട്രപതിഭവനില്‍ മാത്രം 545 ജീവനക്കാരാണുള്ളത്. പ്രതിവര്‍ഷം ശമ്പളബില്‍ മാത്രം 16 കോടിയിലേറെ രൂപയാണ് (പ്രതിമാസം 1,34,68,927 രൂപ). ഇപ്പോഴിതു വീണ്ടും വളരെയധികം കൂടി. പ്രധാനമന്ത്രിയും മന്ത്രിമാരും പറയുന്നിടത്ത് ഒപ്പുവയ്ക്കാനുള്ള ഒരു രാഷ്ട്രപതിക്ക് എന്തിനാണ് ഇത്രയേറെ ജീവനക്കാരും ചെലവുകളുമെന്നു ജനം ചോദിക്കാത്തതാണു തെറ്റ്?
വേണം പരസ്പര ബഹുമാനം
കൊളോണിയല്‍ കാലത്തെ രീതികളും പേരുകളും മാറ്റുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍, കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയ തസ്തികകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കട്ടെ. ഇവരെയെല്ലാം തീറ്റിപ്പോറ്റുന്ന പണത്തിന്റെ പകുതിയെങ്കിലും രാജ്യത്തെ 30 കോടിയിലേറെ വരുന്ന പട്ടിണിപ്പാവങ്ങള്‍ക്കും കഷ്ടതയനുഭവിക്കുന്ന മല്‍സ്യ, കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കട്ടെ.
ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം വാളെടുക്കുന്ന രീതി കേരളത്തിന്റെ താത്പര്യങ്ങള്‍ക്കു ഹാനികരമാണ്. നവകേരളമെന്നത് സംസ്ഥാനത്തിന്റെ മേധാവികള്‍ക്കു തമ്മില്‍ത്തല്ലി രാഷ്ട്രീയമുതലെടുപ്പിനുള്ളതല്ല. പരസ്പരബഹുമാനത്തോടെയും ഭരണഘടനാ, ജനാധിപത്യമൂല്യങ്ങള്‍ക്കനുസരിച്ചുമാകണം ഗവര്‍ണറും മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കേണ്ടത്. ജനക്ഷേമകരമായ ജനകീയഭരണം ഉറപ്പാക്കാനായി ഈ രണ്ടു പദവികളിലുമുള്ളവര്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുകയാണു വേണ്ടത്.