തിരുവനന്തപുരം: രണ്ടു മഹാകാവ്യങ്ങളും പത്തു ഖണ്ഡകാവ്യങ്ങളും 250 ല്‍ അധികം ഭാവഗീതങ്ങളും മലയാളത്തിനു സംഭാവന ചെയ്ത സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കവിതകള്‍ സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി ബഹുമാനപ്പെട്ട വി. ശിവന്‍കുട്ടിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മുതിര്‍ന്ന തലമുറയില്‍ ഭൂരിപക്ഷവും പാഠപുസ്തകങ്ങളിലൂടെ സിസ്റ്റര്‍ മേരിബനീഞ്ഞയെ പഠിച്ചുവളര്‍ന്നവരാണെന്നും ഇങ്ങനെയുള്ള ഒരു മഹാകവിയുടെ രചനകള്‍ ഇന്നത്തെ നമ്മുടെ കുട്ടികള്‍ക്കു പരിചയപ്പെടാവുന്നവിധം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായെന്നത് ഖേദകരമായ ഒരു വസ്തുതയാണെന്നും ജോസ് കെ. മാണി പറഞ്ഞു.
മലയാളത്തിലെ വലിയ കവികളില്‍ ഒരാളാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ. കഴിഞ്ഞ തലമുറ നെഞ്ചേറ്റി ലാളിച്ച ''ലോകമേ യാത്ര'' എന്ന ഒരൊറ്റ കാവ്യംകൊണ്ടുമാത്രം മലയാളകാവ്യലോകത്തു സ്ഥിരപ്രതിഷ്ഠ നേടാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. സന്ന്യാസിനിമാരായ കവികള്‍ ലോകസാഹിത്യത്തില്‍ത്തന്നെ വിരളമാണെന്നിരിക്കേ, സിസ്റ്റര്‍ ബനീഞ്ഞ മലയാളകവിതയില്‍ സൃഷ്ടിച്ചത് വലിയൊരു വിസ്മയമാണ്. മഹാത്മാഗാന്ധിയെക്കുറിച്ച് മലയാളത്തിലുണ്ടായ രണ്ടു മഹാകാവ്യങ്ങളിലൊന്ന്, സിസ്റ്റര്‍ ബനീഞ്ഞായുടെ 'ഗാന്ധിജയന്തി'യാണ്. മലയാളത്തിലെ ഒരേയൊരു മിസ്റ്റിക് കാവ്യം ബനീഞ്ഞാമ്മയുടെ ''ആത്മാവിന്റെ സ്‌നേഹഗീത''യാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ വീരനായികയും ഇന്ത്യയുടെ അഭിമാനഭാജനവുമായ ഝാന്‍സി റാണിയെക്കുറിച്ചും സി. ബനീഞ്ഞ ഒരു കാവ്യം എഴുതിയിട്ടുണ്ട്: 'ഭാരതമഹാലക്ഷ്മി.' ആധ്യാത്മികജീവിതം നയിച്ചിരുന്ന ഒരു സന്ന്യാസിനിയായിരുന്നിട്ടും സിസ്റ്റര്‍ ബനീഞ്ഞയുടെ കാവ്യലോകം ആധ്യാത്മികതയില്‍ മാത്രം ഒതുങ്ങിനിന്നില്ല. രാഷ്ട്രീയവിഷയങ്ങളും രാഷ്ട്രനേതാക്കളുടെ ജീവിതകഥകളും കാവ്യവിഷയമാക്കിയ അവരുടെ കാവ്യപ്രപഞ്ചം ഇതിവൃത്തവൈവിധ്യംകൊണ്ട് ഏറെ സമ്പന്നമാണ്. സംസ്‌കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും സി. ബനീഞ്ഞയുടെ തൂലികയ്ക്ക് ഒരുപോലെ വഴങ്ങുമായിരുന്നു. ''മാര്‍ത്തോമ്മാവിജയം'' മഹാകാവ്യം പരമ്പരാഗതരീതിയില്‍ സംസ്‌കൃതവൃത്തങ്ങളിലും, 'ഗാന്ധിജയന്തി' മഹാകാവ്യം ഭാഷാവൃത്തങ്ങളിലുമാണ് അവര്‍ എഴുതിയിരിക്കുന്നത്. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ മുഴുവന്‍ കാവ്യരചനകളും സമാഹരിച്ച് 1200 പേജുകളുള്ള ബനീഞ്ഞാക്കവിതകള്‍ എന്ന ബൃഹത്‌സമാഹാരം 1997 ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ രണ്ടാംപതിപ്പും പുറത്തുവന്നിട്ടുണ്ട്.
ആസ്വാദകഹൃദയങ്ങളില്‍ നന്മയുടെ പ്രകാശം പരത്തുന്ന രചനകളാണ് സി. മേരി ബനീഞ്ഞയുടേത്. അവയുടെ വായന ആസ്വാദകരുടെ സാംസ്‌കാരികജീവിതംതന്നെ കൂടുതല്‍ ഉന്മേഷപൂര്‍ണവും ഉത്കൃഷ്ടവുമാക്കും. നമ്മുടെ ഹൈസ്‌കൂള്‍ ക്ലാസുകളിലെ മലയാളപാഠപുസ്തകങ്ങളിലെങ്കിലും സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കവിതകള്‍ ഉള്‍പ്പെടുത്തി സിസ്റ്ററിനെ ആദരിക്കാനും ബഹുമാനിക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും ജോസ് കെ. മാണി നിവേദനത്തില്‍ ആവശ്യപ്പെട്ടു.