ചങ്ങനാശേരി: സീറോ മലബാര്‍ സഭ ആരാധനക്രമ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡ് ചങ്ങനാശേരി അതിരൂപത മുന്‍ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനു സമര്‍പ്പിച്ചു. ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തില്‍ നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡ് സമ്മാനിച്ചു. ആരാധനക്രമം സഭയുടെ അമൂല്യസമ്പത്താണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.
സീറോ മലബാര്‍ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങള്‍ വീണ്ടെടുക്കുന്നതിലും സഭാത്മകാധ്യാത്മികത വളര്‍ത്തുന്നതിലും മാര്‍ ജോസഫ് പവ്വത്തില്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. സഭയെക്കുറിച്ചുമാത്രം ചിന്തിക്കാനും സഭയുടെ ആരാധനയില്‍മാത്രം ശ്രദ്ധിക്കാനും 24 മണിക്കൂറും സമയം ചെലവഴിച്ചാണ് മാര്‍ ജോസഫ് പവ്വത്തില്‍ സഭയില്‍ പ്രശോഭിച്ചത്. ഒന്നിച്ചു ചിന്തിച്ച് കൂട്ടായി വളര്‍ന്ന് സഭയുടെ വ്യക്തിത്വം കൂടുതല്‍ പ്രശോഭിതമാക്കുന്ന ചിന്താഗതി സഭാമക്കള്‍ക്കുണ്ടാകണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
പൗരസ്ത്യ ആരാധനക്രമദൈവശാസ്ത്രം, ആരാധനക്രമകല, ആരാധനക്രമസംഗീതം തുടങ്ങിയ തലങ്ങളില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് മാര്‍ ജോസഫ് പവ്വത്തിലിനെ അവാര്‍ഡിനായി പരിഗണിച്ചത്. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് പവ്വത്തിലിനെ പൊന്നാടയണിയിച്ചു.
ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, ഷംഷാബാദ് നിയുക്ത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ആരാധനക്രമ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ആരാധനക്രമപണ്ഡിതന്‍ ഫാ. ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.