സ്വാതന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടുകള്‍ നാം പിന്നിട്ടു. രാജ്യമെമ്പാടും നടന്ന കൊട്ടിഘോഷങ്ങള്‍ക്കിടയില്‍, കണ്ണീരില്‍ കുതിര്‍ന്ന ഒരു ജനസമൂഹത്തെ പലരും മറന്നു. ഭാരതത്തിന്റെ ആത്മാവ് നിറഞ്ഞുനില്‍ക്കുന്നത് ഗ്രാമങ്ങളിലാണെന്നു പറഞ്ഞ് ആവേശം കൊള്ളിച്ച തലമുറകള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ അവരോടൊപ്പം ഗ്രാമീണകാര്‍ഷികമേഖലയും കടന്നുപോയി എന്നതാണു സത്യം.
തകര്‍ന്നടിഞ്ഞ സ്വന്തം കൃഷിഭൂമിയെ ഉറ്റുനോക്കി നിറകണ്ണുകളുമായി ഇന്ത്യയിലെ കര്‍ഷകരിന്ന് നെടുവീര്‍പ്പിടുന്നു. അധികാരത്തിലേറുന്ന ജനാധിപത്യ
സര്‍ക്കാരുകളുടെ മുമ്പില്‍ തൊഴുകൈകളുമായി കുമ്പിട്ടിട്ടും, കര്‍ഷകനെ ബൂര്‍ഷ്വയായി ചിത്രീകരിച്ചവരെക്കാള്‍ അതിക്രൂരന്മാരായി സംരക്ഷകരെന്നു വീമ്പിളക്കി നടന്നവര്‍ മാറുമ്പോള്‍ കൊടുംചതിയുടെയും വഞ്ചനയുടെയും 75 വര്‍ഷത്തെ ചരിത്രത്താളുകള്‍ തുറക്കാതെ നിവൃത്തിയില്ല. നടുവൊടിച്ച് നടുക്കടലിലേക്കു കര്‍ഷകനെ വലിച്ചെറിഞ്ഞതാരെന്നുള്ള അന്വേഷണം എത്തിച്ചേരുന്നത് ഈ ചരിത്രസത്യങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ്. അടിമകളെപ്പോലെ കാല്‍ക്കീഴിലൊതുക്കി വിഡ്ഢിവേഷം കെട്ടിച്ച് കര്‍ഷകനെ വിലപറഞ്ഞു വില്‍ക്കുന്ന രാഷ്ട്രീയഭരണനേതൃത്വങ്ങളുടെ ദുഷ്‌ച്ചെയ്തികള്‍ക്കെതിരേ സ്വാത
ന്ത്ര്യത്തിന്റെ ഏഴരപ്പതിറ്റാണ്ടിന്റെ ആഘോഷവേളയിലെങ്കിലും വിരല്‍ചൂണ്ടുവാന്‍ കര്‍ഷകനാകണം.
കാര്‍ഷികവിപ്ലവങ്ങള്‍
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ കാര്‍ഷികസംസ്‌കാരത്തിന് ഊടും പാവും നേടാനായത് 1940 കളിലാണ്. 1940 കളിലെ 'ഗ്രോ മോര്‍ ഫുഡ്' പദ്ധതിയും 1950 കളിലെ ഭക്ഷ്യനാണ്യവിളകളുടെ
സമഗ്ര ഉത്പാദനപദ്ധതിയുമാണ് ഇന്ത്യയുടെ കാര്‍ഷികമുന്നേറ്റത്തിന്റെ നാഴികക്കല്ലുകള്‍. 1968 ല്‍ തുടക്കംകുറിച്ച ഹരിതവിപ്ലവം കാര്‍ഷികരംഗത്ത് പുത്തന്‍ ഉണര്‍വേകി. തുടര്‍ന്നിങ്ങോട്ട് 1996 ലെ എവര്‍ഗ്രീന്‍ വിപ്ലവം, മത്സ്യവും വെള്ളവും ലക്ഷ്യം വച്ച നീലവിപ്ലവം. വര്‍ദ്ധിച്ച ക്ഷീരോത്പാദനം വിളിച്ചറിയിച്ച വെള്ളവിപ്ലവം, ധാന്യങ്ങളുടെ വിളവു വര്‍ദ്ധനവിനായി മഞ്ഞവിപ്ലവം, ബയോടെക്‌നോളജി റെവല്യൂഷന്‍ എന്നിങ്ങനെ ഭാരത കാര്‍ഷികമേഖലയിന്ന് ഐസിറ്റി വിപ്ലവത്തിലൂടെ സഞ്ചരിക്കുന്നു. നേട്ടങ്ങള്‍ ഒട്ടേറെ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്‍ഷികമേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും കര്‍ഷകരുടെ നിലനില്പിനും പുരോഗതിക്കും ഈ വിപ്ലവങ്ങള്‍ക്കായോ എന്നു വിലയിരുത്താന്‍ ആരും തയ്യാറാകുന്നില്ല. ഈ കാലയളവില്‍ ആഗോളകാര്‍ഷിക മേഖലയിലെ വളര്‍
ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണെന്നതാണു വാസ്തവം.
വിവിധ കാര്‍ഷിക വിപ്ലവങ്ങളിലൂടെ 1990വരെ നാലുതൂണുകളില്‍ നിലനിന്ന് പ്രതീക്ഷകളോടെ ഇന്ത്യ മുന്നേറി. 1991-ലെ ആഗോളീകരണത്തിലൂടെ ആദ്യത്തെ തൂണ്‍ ഇടിഞ്ഞുവീണു. 1995 ല്‍ ലോകവ്യാപാരസംഘടനയില്‍ അംഗമായി കാര്‍ഷികമേഖലയൊന്നാകെ വിദേശശക്തികളുടെ കാല്‍ക്കീഴിലാക്കിയപ്പോള്‍ അടുത്ത തൂണും, 2004 ല്‍ ആസിയാന്‍ കരാറിലൂടെയും 2009 ല്‍ ചരക്കുനിയന്ത്രണം എടുത്തുകളഞ്ഞതിലൂടെയും മൂന്നാമത്തെ തൂണും നിലംപരിശായി. ഇങ്ങനെ, ഒറ്റത്തൂണില്‍നിന്ന് ആടിയുലഞ്ഞ ഇന്ത്യയുടെ കാര്‍ഷികമേഖലയെ കര്‍ഷകനെ മറന്ന് വ്യവസായലോബികള്‍ക്കും വിദേശശക്തികള്‍ക്കുമായി തീറെഴുതിക്കൊടുത്ത് വിപ്ലവം കസറിയപ്പോള്‍ രാജ്യത്തെങ്ങും രക്തപ്പുഴ ഒഴുക്കി കര്‍ഷകര്‍ മരിച്ചുവീണു. കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ വാക്കുകളിലും വരയിലും ഒതുങ്ങുന്നതല്ല.
'ജയ് ജവാന്‍ ജയ് കിസാന്‍' എന്നു വിളിച്ചുപറഞ്ഞ് ഗ്രാമീണകര്‍ഷകജനതയിലൂടെ മാത്രം ഇന്ത്യയുടെ രക്ഷയെന്നു കൊട്ടിഘോഷിച്ചവര്‍ കിസാനെ മറന്നു. രാജ്യത്തെ സംരക്ഷിക്കുന്ന ജവാനും അന്നം നല്‍കി തീറ്റിപ്പോറ്റുന്ന കിസാനും തുല്യത നല്‍കിയ നാളുകള്‍ ചരിത്രമായിരിക്കുന്നു.
രാജ്യാന്തര കരാറുകള്‍
ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണവും വിതരണവും കര്‍ഷകര്‍ക്ക് ന്യായവിലയ്ക്കുള്ള ഒരു നിശ്ചിതകമ്പോളം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഉല്‍പാദനവര്‍ധനവിനുള്ള സാഹചര്യവും ഇന്ന് ഇല്ലാതായിരിക്കുന്നു. കര്‍ഷകര്‍ക്കുള്ള വിത്തും വളവും വന്‍തോതില്‍ വെട്ടിക്കുറച്ചതും വളം, വൈദ്യുതി തുടങ്ങിയവയ്ക്കുണ്ടായിരുന്ന സബ്‌സിഡികള്‍ പിന്‍വലിച്ചതും കാര്‍ഷികരംഗത്ത് വന്‍പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. സ്ഥിരതയുള്ള ഉല്‍പന്നക്കമ്പോളം നഷ്ടപ്പെടുക മാത്രമല്ല, കാര്‍ഷികോല്‍പന്നവ്യാപാരത്തിലെ അന്തര്‍ദ്ദേശീയകരാറുകളും കൈകടത്തലുകളും ഉദാരവല്‍ക്കരണവും കൂടി നമ്മെ ചതിക്കുഴിയിലുമാക്കിയിരിക്കുന്നു.
കിഴക്കിനെ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ വ്യാപാരമുന്നേറ്റം ഈ മണ്ണിനെ തേനും പാലുമൊഴുകുന്ന പറുദീസയാക്കുമെന്നു കൊട്ടിഘോഷിച്ചവരിന്നെവിടെ? പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇന്ത്യയിലെ കര്‍ഷകപ്രസ്ഥാനങ്ങള്‍, ആസിയാന്‍ വ്യാപാരക്കൂട്ടായ്മയും രാജ്യാന്തരസ്വതന്ത്രവ്യാപാരക്കരാറുകളും കാര്‍ഷികമേഖലയ്ക്ക് ആഘാതമാകുന്നുവെന്നും നമ്മള്‍ അപകടം ക്ഷണിച്ചുവരുത്തരുതെന്നും പറഞ്ഞപ്പോള്‍ കര്‍ഷകനേതാക്കള്‍ നുണപ്രചാരണം നടത്തുകയാണെന്ന് ആക്ഷേപിച്ചവര്‍ മാളങ്ങളിലൊളിച്ചോ? കര്‍ഷകജനകീയ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് മാറിമാറി കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ ഏര്‍പ്പെട്ട രാജ്യാന്തര കര്‍ഷകവിരുദ്ധകരാറുകളുടെ ബാക്കിപത്രം വന്‍ കാര്‍ഷികത്തകര്‍ച്ചയായി നമ്മുടെ മുമ്പിലിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നു.
കര്‍ഷകവിരുദ്ധനിയമങ്ങള്‍
കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ അടിച്ചേല്പിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും രാജ്യാന്തര കുത്തകകള്‍ക്കും കാര്‍ഷികമേഖലയെ തീറെഴുതിക്കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം രൂപപ്പെട്ട കര്‍ഷകപ്രതിഷേധം സ്വതന്ത്രഭാരതത്തിലെ കറുത്ത അധ്യായമാണ്. കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും ദുഃഖദുരിതങ്ങളുമായി ഗ്രാമങ്ങളില്‍നിന്ന് എല്ലാം വിട്ടെറിഞ്ഞ് നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും തൊഴില്‍തേടി പലായനം ചെയ്യുന്ന ഗ്രാമീണകര്‍ഷകരുടെ എണ്ണം ദിവസേന കൂടുന്നത് ഇന്ത്യയുടെ വന്‍ കാര്‍ഷികത്തകര്‍ച്ചയാണ് വിളിച്ചറിയിക്കുന്നത്.
കര്‍ഷകനെ മറന്ന ഭരണം
ആഗോളമത്സരത്തിനായി ഇന്ത്യയിലെ കര്‍ഷകനെ ശക്തിപ്പെടുത്താനുള്ള ദീര്‍ഘവീക്ഷണ കാര്‍ഷികവികസനമാണ് നമുക്കുവേണ്ടത്. ഉല്‍പാദനച്ചെലവിന് നിയന്ത്രണമുണ്ടാക്കി ഉല്‍പാദനവര്‍ധനവിനുള്ള ക്രിയാത്മക ഇടപെടലുകള്‍, സംഭരണങ്ങള്‍, സംരംഭങ്ങള്‍, വിലസ്ഥിരത, ഗുണമേന്മ, വിപണനശൃംഖല എന്നിവയില്‍ വ്യക്തമായ പദ്ധതികളുണ്ടാകണം. ആരോഗ്യപൂര്‍ണ്ണമായ ഒരു കാര്‍ഷിക സംസ്‌കാരത്തിനുമാത്രമേ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കു ശക്തിപകരുന്ന ആഭ്യന്തര കമ്പോളം സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ. കര്‍ഷകരെ മറന്നുള്ള ഉദ്യോഗസ്ഥ ഭരണ രാഷ്ട്രീയനേതൃത്വങ്ങളുടെ വികലമായ വികസന അജണ്ടകള്‍ ഭാരതത്തിന്റെ ഭക്ഷ്യോല്‍പാദനത്തിലും ധാന്യ ഉപഭോഗത്തിലും ഇന്ന് പ്രതിഫലിച്ചിരിക്കുന്നു. ഭക്ഷ്യസുരക്ഷയെക്കുറിച്ചു കൊട്ടിഘോഷിക്കുമ്പോഴും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സ്വപ്നം മാത്രമായി നിലനില്‍ക്കുന്നു. ഗ്രാമീണ കാര്‍ഷികമേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വികസനപദ്ധതികള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയത് വളരെ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
മാറ്റങ്ങള്‍ക്കു തയ്യാറാകുക
കാര്‍ഷികരംഗത്ത് ഇടനിലക്കാരുടെ ചൂഷണം അതിഭീകരമാണ്. സ്വന്തം ഉല്‍പന്നത്തിനു വിലനിശ്ചയിക്കാന്‍ സാധിക്കാത്ത അവസ്ഥ കര്‍ഷകനു മാത്രമേയുള്ളൂ. വന്‍വ്യവസായികളും വ്യാപാരികളുമടങ്ങുന്ന രാജ്യത്തെ ഉല്‍പാദകക്കൂട്ടായ്മയുടെ സംഘടിതശക്തിക്കുമുന്നില്‍ ഭരണസംവിധാനങ്ങള്‍ മുട്ടുമടക്കിയിരിക്കുമ്പോള്‍ കര്‍ഷകനെങ്ങനെ രക്ഷപ്പെടും? വിലപേശി സംസാരിക്കുവാന്‍ കര്‍ഷകനാകുമ്പോഴേ അവന്റെ വിയര്‍പ്പിനു വിലകിട്ടുകയുള്ളൂ.
കൃഷി ചെയ്യാന്‍ വായ്പകളും സബ്‌സിഡിയും പ്രഖ്യാപിച്ച് കാര്‍ഷികസംസ്‌കാരത്തിലേക്ക് ഒരു ജനവിഭാഗത്തെ മുഴുവന്‍ ഇറക്കിവിട്ടതിനുശേഷം പ്രതിസന്ധികളുണ്ടാകുമ്പോള്‍ അവരെ സഹായിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുള്ളവര്‍ ഒളിച്ചോടുന്നു. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ഷംതോറും സാമ്പത്തികവര്‍ധന ഏര്‍പ്പെടുത്തുന്ന ഭരണനേതൃത്വങ്ങള്‍ പ്രവര്‍ത്തനവൈകല്യംമൂലം സാമ്പത്തികതകര്‍ച്ച നേരിടുന്ന സര്‍ക്കാര്‍വക സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ബോര്‍ഡുകളുടെയും കടങ്ങളും നഷ്ടങ്ങളും എഴുതിത്തള്ളുമ്പോള്‍ പാവപ്പെട്ട കര്‍ഷകരെയും തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരെയും നിര്‍ദ്ദയം അവഗണിക്കുന്ന അനീതി സ്വതന്ത്രഭാരതത്തില്‍ പതിറ്റാണ്ടുകളായി തുടരുന്നു.
കാര്‍ഷികോല്‍പന്നങ്ങളുടെയും നാണ്യവിളകളുടെയും വിലത്തകര്‍ച്ചയോടൊപ്പം വ്യാപക കീടബാധ, കാലാവസ്ഥാവ്യതിയാനം, വന്യമൃഗശല്യം, തൊഴിലാളിക്ഷാമം, വര്‍ദ്ധിച്ച ഉല്‍പാദനച്ചെലവ്, പ്രകൃതിക്ഷോഭം, കപടപരിസ്ഥിതിവാദം, കടക്കെണി, ഭൂപ്രശ്‌നം മുതലായ നിരവധി പ്രശ്‌നങ്ങളാല്‍ കര്‍ഷകരുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അതിജീവനം ഉറപ്പുവരുത്തുവാനും കാര്‍ഷികസംസ്‌കാരത്തിന്റെ ആത്മീയത വീണ്ടെടുക്കുവാനും സാധിക്കുന്നില്ലെങ്കില്‍ വരുംനാളുകളില്‍ കര്‍ഷക കൂട്ടയാത്മഹത്യകള്‍ പെരുകുമെന്നുറപ്പാണ്.
വിത്തുകളുടെ നിയന്ത്രണം പൂര്‍ണ്ണമായും കര്‍ഷകനു വേണം. കാര്‍ഷികപുരോഗതി കര്‍ഷകന്റെ കണ്ടുപിടിത്തങ്ങളില്‍ നിന്നാണുണ്ടാകേണ്ടത്. കര്‍ഷകന്റെ പ്രായോഗിക അറിവും ബുദ്ധിയും കഴിവും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ കര്‍മ്മനിരതമാക്കാനുള്ള പദ്ധതികളാണ് ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാരുകള്‍ നടപ്പാക്കേണ്ടത്. അതിജീവനത്തിനായി കര്‍ഷകര്‍ സംഘടിച്ച് പുത്തന്‍ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുന്ന ഇനിയുള്ള നാളുകളില്‍ കാര്‍ഷികമേഖലയ്ക്ക് പിടിച്ചുനില്‍ക്കാനാവൂ.
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും തീറ്റിപ്പോറ്റാന്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കളും, കോടിക്കണക്കിനു ജനങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്ന വ്യവസായസംരംഭങ്ങള്‍ക്കാവശ്യമായ അസംസ്‌കൃതവസ്തുക്കളും ഉല്‍പാദിപ്പിക്കുകയും കയറ്റുമതിയിലൂടെ സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ വരുമാനം നേടിക്കൊടുക്കുകയും ചെയ്യുന്ന കര്‍ഷകരെയും കാര്‍ഷികവൃത്തിയെയും വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കുവാന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. മണ്ണിനെ സ്‌നേഹിച്ച്, മരങ്ങള്‍ വച്ചുപിടിപ്പിച്ച് പകലന്തിയോളം വെയിലിനെയും മഴയെയും അവഗണിച്ച് പണിയെടുക്കുന്ന കര്‍ഷകന്റെ കഷ്ടപ്പാടിന്റെ കണ്ണീരൊപ്പാന്‍ തയ്യാറാകാതെ പലരും കാലങ്ങളായി മുഖംതിരിഞ്ഞു നില്‍ക്കുന്നത് വേദനാജനകംതന്നെ.