ഓഗസ്റ്റ് നാലിലെ ദീപനാളത്തില്‍ ഡോ. ഡേവിസ് സേവ്യര്‍ എഴുതിയ ''അനുസ്വാരവും വിസര്‍ഗ്ഗവും സ്വരാക്ഷരങ്ങളോ?'' എന്ന ലേഖനം വിജ്ഞാനപ്രദമാണ്. എങ്കിലും അതില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നന്നായിരിക്കുമെന്നു തോന്നുന്നു.
പൊതുവില്‍ മലയാളം, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളിലെ അക്ഷരമാല പഠിക്കുന്ന സന്ദര്‍ഭത്തില്‍, സ്വരാക്ഷരങ്ങള്‍ക്കൊടുവില്‍ കാണുന്ന അനുസ്വാരവിസര്‍ഗ്ഗങ്ങള്‍ പ്രത്യേകം സ്വരങ്ങളായും, വ്യഞ്ജനങ്ങള്‍ക്കൊടുവില്‍ കാണുന്ന ''ക്ഷ'' ഒരു സ്വതന്ത്രവ്യഞ്ജനമായും കണക്കാക്കുന്നവര്‍ വളരെയാണ്. എന്നാല്‍, ഈ വര്‍ണങ്ങള്‍ ഉപലക്ഷണം (സൂചന) ആയാണ് അതതു സ്ഥാനങ്ങളില്‍ സന്നിവേശിച്ചിരിക്കുന്നതെന്നു നാം തിരിച്ചറിയുന്നില്ലെന്നതാണു സത്യം. സ്വരങ്ങള്‍ക്കു പിന്നില്‍ അനുസ്വാരവും വിസര്‍ഗ്ഗവും കാണിച്ചിരിക്കുന്നതിന്നര്‍ത്ഥം അനുസ്വാരവിസര്‍ഗ്ഗങ്ങള്‍ സ്വരങ്ങള്‍ക്കു പിന്നിലേ വരൂ എന്നാണ്. വ്യഞ്ജനങ്ങള്‍ക്കൊടുവില്‍ ക്ഷ കാണിച്ചതിന്നര്‍ത്ഥം വ്യഞ്ജനാക്ഷരങ്ങള്‍, ഇടയ്ക്കു സ്വരമില്ലാതെ കൂടിച്ചേര്‍ന്നു കൂട്ടക്ഷരങ്ങള്‍ ഉണ്ടാകുമെന്നുമാണ്. അം, അഃ എന്നീയക്ഷരങ്ങള്‍ പ്രത്യേകം സ്വരങ്ങളായെണ്ണിയാല്‍ ഇം, ഇഃ എന്നിവയും ഉം, ഉഃ എന്നിവയും ഇതുപോലെ മറ്റു സ്വരങ്ങളും അനുസ്വാരവിസര്‍ഗ്ഗങ്ങളോടു ചേര്‍ന്നുണ്ടാകുന്ന അക്ഷരങ്ങളും വെവ്വേറെ സ്വരങ്ങളായി എണ്ണേണ്ടിവരും. സ്വരങ്ങള്‍ വ്യഞ്ജനങ്ങളോടു ചേര്‍ന്നിരിക്കുന്നതിന്നു പിന്നിലും അനുസ്വാരവിസര്‍ഗ്ഗങ്ങള്‍ വരുമല്ലോ! ഇത് അക്ഷരമാലയിലെ സ്വരാക്ഷരങ്ങളുടെ സംഖ്യ അനിയതമാണെന്നു പറയാന്‍ കാരണമാകും.
ക്ഷകാരം ഒരു സ്വതന്ത്രവ്യഞ്ജനമായെണ്ണുന്നപക്ഷം മറ്റു കൂട്ടക്ഷരങ്ങളെയും ഇപ്രകാരം എണ്ണേണ്ടതായി വരും. ക്ക, ച്ച, ട്ട എന്നിങ്ങനെ എത്രയെത്ര കൂട്ടക്ഷരങ്ങളാണ് അപ്പോള്‍ ഭാഷയിലുണ്ടാവുക? അങ്ങനെയായാല്‍ വ്യഞ്ജനാക്ഷരങ്ങളുടെയും സംഖ്യ നിയതമല്ലെന്നാകും. ചുരുക്കത്തില്‍, ഭാഷയിലെ അക്ഷരങ്ങള്‍ അസംഖ്യങ്ങളാണെന്നു പറയേണ്ട ഗതികേടാണ് ഇതുമൂലം വന്നു ചേരുക! അതിനാല്‍, ഈ വിഷയം നമുക്കിങ്ങനെ നിര്‍ണ്ണയിക്കാം - സ്വരത്തിന്നു പിന്നില്‍ വരുന്ന മകാരമാണ് അനുസ്വാരം; അതില്‍ സ്വരമില്ല; സ്വരം ചേര്‍ന്നാല്‍ അത് മ മാ മി മീ എന്നിങ്ങനെ അതതു സ്വരങ്ങളോടു ചേര്‍ന്നു ശ്രവണയോഗ്യമാകും; സ്വരമെന്നാല്‍ സ്വരിപ്പിക്കുന്നത് അഥവാ ശബ്ദിപ്പിക്കുന്നത് എന്നാണര്‍ത്ഥം. ഒട്ടും സ്വരമില്ലാതെ വ്യഞ്ജനങ്ങളെ ഉച്ചരിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് വ്യഞ്ജനം മാത്രമായി ഉച്ചരിക്കേണ്ടിടത്ത് സ്വരസംവരണമായി ചന്ദ്രക്കല ചേര്‍ത്ത് സ്വരത്തെ നാം ഭാഗികമായെങ്കിലും ഉച്ചരിക്കുന്നത്. സ്വരസംവരണത്തെ സംവൃതോകാരമെന്നു പറയുന്നതുപോലും ശരിയാണെന്നു തോന്നുന്നില്ല. സംവൃതോകാരമെന്നാല്‍ സംവൃതമായ ഉകാരം എന്നാണല്ലോ അര്‍ത്ഥം. ഈ ചിഹ്നം ഉപയോഗിക്കുന്നത് ഉകാരത്തെ മാത്രം സംവരണം ചെയ്യാനല്ല, അകാരത്തെയുംകൂടി സംവരണം ചെയ്യാനാണ്. ആകാശ് എന്ന പദത്തില്‍ സംവരണം ചെയ്യപ്പെടുന്നത് ആകാശ എന്നതിലെ ശകാരത്തിലെ അകാരമാണ്. എന്നാല്‍, കടുക് എന്ന ശുദ്ധദ്രാവിഡപദത്തില്‍ സംവരണം ചെയ്യപ്പെടുന്നത് കു എന്നതിലെ ഉകാരമാണ്. അപ്പോള്‍ ആകാശു് എന്നത് തെറ്റും ആകാശ് ശരിയുമാകുന്നു; കടുക് എന്നത് തെറ്റും കടുകു് ശരിയുമാകുന്നു!
സ്വരത്തിന്നു പിന്നിലേ വിസര്‍ഗ്ഗം വരൂ; സ്വരമില്ലാത്ത വ്യഞ്ജനത്തിന്നു പിന്നില്‍ വിസര്‍ഗ്ഗം ഉച്ചാരണയോഗ്യമല്ല; ഉദാ - 'അവന്‍ഃ' എന്നതിലെ വിസര്‍ഗ്ഗം ഉച്ചരിക്കാന്‍ കഴിയുമോ എന്നു നോക്കുക. സ്വരങ്ങളോടു കൂടാതെ വ്യഞ്ജനങ്ങള്‍ ചേര്‍ന്ന് ക്ഷ, ത്ര, ജ്ഞ, ക്ക മുതലായ കൂട്ടക്ഷരങ്ങളുമുണ്ടാകും എന്നതിനാല്‍, ക്ഷകാരം പ്രത്യേകം വ്യഞ്ജനമായി എടുക്കേണ്ടതില്ല; ഇങ്ങനെ നിര്‍ണ്ണയിക്കുന്നപക്ഷം ഈ വിഷയത്തിലുള്ള സന്ദേഹങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.
സംസ്‌കൃതത്തിലെ വിസര്‍ഗ്ഗം നാനാരൂപങ്ങളിലാണു പദങ്ങളില്‍ കാണപ്പെടുന്നത്. സകാരവും രേഫവും വിസര്‍ഗ്ഗമായി പരിണമിക്കുന്നുണ്ട്. ഉദാ: മനസ് + ശാസ്ത്രം= മനഃശാസ്ത്രം. അന്തര്‍ + സത്ത=അന്തഃസത്ത. വിസര്‍ഗ്ഗം ശകാര ഷകാര - സകാരങ്ങളായും ചിലപ്പോള്‍ രേഫമായും (ര്‍) മാറും. ഉദാഹരണം - മനഃ + ശാസ്ത്രം = മനശ്ശാസ്ത്രം അഥവാ മനഃശാസ്ത്രം. ചതുഃ + ഷഷ്ടി = ചതുഷ്ഷഷ്ടി അഥവാ ചതുഃഷഷ്ടി (അറുപത്തിനാല് എന്നര്‍ത്ഥം). മനഃ + സാന്നിധ്യം = മനസ്സാന്നിധ്യം അഥവാ മനഃസാന്നിധ്യം. ഗുരുഃ + ദേവഃ =ഗുരുര്‍ദേവഃ. വിസര്‍ഗ്ഗംതന്നെ പല മാറ്റങ്ങള്‍ക്കു വിധേയമായി ഓകാരമായിത്തീരുന്നുമുണ്ട്. ഉദാ - ദേവഃ + മഹേശ്വരഃ = ദേവോ മഹേശ്വരഃ.
വിസര്‍ഗ്ഗം ശ, ഷ, സ എന്നീ വര്‍ണ്ണങ്ങളായി മാറുമെന്നത് വിസര്‍ഗ്ഗത്തിന്നു പിന്നില്‍ വരുന്ന വര്‍ണ്ണം ഇരട്ടിക്കുമെന്ന ഒരു ധാരണയ്ക്കു കാരണമായിട്ടുണ്ട്. എന്നാല്‍, വിസര്‍ഗ്ഗത്തിന്നു പിന്നില്‍ ഒരു വര്‍ണ്ണവും ഇരട്ടിക്കുന്നില്ല. മനശ്ശാസ്ത്രം, അന്തസ്സാരം മുതലായ പദങ്ങളില്‍ പശുക്കുട്ടി മുതലായ പദങ്ങളില്‍ കകാരാദികള്‍ക്കു സംഭവിക്കുന്നതുപോലെ ശകാരാദികള്‍ ഇരട്ടിക്കുകയല്ല, മറിച്ച്, വിസര്‍ഗ്ഗം അതതു വര്‍ണ്ണങ്ങളായി മാറുകയാണ്. അതിനാല്‍ അന്തഃപുരം, അധഃകരണം, തപഃഫലം, ദുഃഖം മുതലായ പദങ്ങളില്‍ വിസര്‍ഗ്ഗത്തിന്നു പകരം പിന്നിലെ വര്‍ണ്ണങ്ങള്‍ ഇരട്ടിപ്പിച്ച് അന്തപ്പുരം അധക്കരണം മുതലായ രൂപങ്ങള്‍ എഴുതുന്നത് വലിയ തെറ്റുതന്നെയാണെന്ന് നാം അറിഞ്ഞിരിക്കണം.