അധമമാധ്യമപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ച് സമൂഹത്തില്‍ അന്തശ്ഛിദ്രവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. അതേസമയം, മാധ്യമവിചാരണകള്‍ക്കു മൂക്കുകയറിടണമെന്നു പറയുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതും ആശാവഹമാണ്. ഏറ്റവുമൊടുവില്‍, മാധ്യമവിചാരണയ്‌ക്കെതിരേ രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തി രംഗത്തുവന്നിരിക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍.വി. രമണയാണ്.
കോടതിക്കുമുന്നിലുള്ള കേസുകളില്‍, നിക്ഷിപ്ത അജന്‍ഡകളുടെയും വസ്തുതാവിരുദ്ധമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള മാധ്യമചര്‍ച്ചകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂവെന്നും ടി.വി. ചാനലുകള്‍ ചര്‍ച്ചകളിലൂടെ 'കംഗാരു കോടതികള്‍' സൃഷ്ടിക്കുകയാണെന്നും ചീഫ് ജസ്റ്റീസ് വിമര്‍ശിച്ചത് രാജ്യമാകെ ആകാംക്ഷയോടെ കേട്ടു. മാധ്യമരംഗത്തെ അന്യായമായ വിധിത്തീര്‍പ്പുകളും അഴിഞ്ഞാട്ടങ്ങളും അവസാനിപ്പിച്ച്, തുറന്ന പരിശോധനയ്ക്കും സത്യസന്ധമായ വിലയിരുത്തലിനും പ്രേരകമാകട്ടെ ജസ്റ്റീസ് രമണയുടെ ഈ വിമര്‍ശനം. റാഞ്ചി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസേര്‍ച്ച് ഇന്‍ ലോയുടെ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അച്ചടിമാധ്യമങ്ങള്‍ക്ക് അവരുടെ ദൗത്യത്തെക്കുറിച്ച് ഒരു പരിധിവരെ ഉത്തരവാദിത്വമുണ്ടെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ ഒരുതരത്തിലും ചുമതലാബോധം കാണിക്കുന്നില്ല. അതിനെക്കാള്‍ തരംതാണ നിലയിലാണ് സമൂഹമാധ്യമങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവയുടെ പ്രവര്‍ത്തനം രാജ്യത്തെ പിന്നോട്ടാണു നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. നവമാധ്യമങ്ങള്‍ക്കു വിഷയങ്ങള്‍ വലിയ ചര്‍ച്ചയാക്കാനുള്ള കഴിവുണ്ടെങ്കിലും തെറ്റും ശരിയും വിവേചിച്ചറിയാനുള്ള ധാര്‍മികതയില്ല. ടി.വി. ചാനലുകള്‍ ചര്‍ച്ചകളിലൂടെ കംഗാരു കോടതികള്‍ സൃഷ്ടിക്കുകയാണ്. പക്ഷപാതപരമായി വിധി പ്രസ്താവിക്കുന്ന, യാതൊരു നിയമസാധുതയുമില്ലാത്ത കോടതികണക്കെയുള്ള വിചാരണയെയാണ് കംഗാരു കോടതി എന്നു വിശേഷിപ്പിക്കുന്നത്. വിമര്‍ശനങ്ങളോട് ജഡ്ജിമാര്‍ പ്രതികരിക്കാതിരിക്കുന്നത് ബലഹീനതയോ വീഴ്ചയോ നിസ്സഹായതയോ ആയി കാണരുതെന്നും ജസ്റ്റീസ് പറഞ്ഞു.
മാധ്യമങ്ങള്‍ നടത്തുന്ന വിചാരണകള്‍ക്കും വിധിത്തീര്‍പ്പുകള്‍ക്കുമെതിരേ വിവിധ കോണുകളില്‍നിന്ന് പല ഘട്ടങ്ങളിലും ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്. ന്യൂസ്ചാനലുകളുടെ വരവോടെ സെന്‍സേഷണലിസത്തിനു പ്രിയമേറുകയും ചര്‍ച്ചകളുടെ സമരക്കളമായി സായാഹ്നങ്ങള്‍ മാറുകയും ചെയ്തു. മാധ്യമമുതലാളിമാരുടെ ഇംഗിതത്തിനൊത്തു പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ മാത്രമായ ചാനലവതാരകര്‍ റേറ്റിങ് കൂട്ടാനുള്ള തന്ത്രങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ സത്യത്തെ തമസ്‌കരിക്കാനും കള്ളങ്ങളെ വാഴ്ത്താനും തുടങ്ങി. അവതാരകരുടെ ജഡ്ജി ചമഞ്ഞുള്ള വിചാരണകളും ചാനല്‍ചര്‍ച്ചയ്‌ക്കെത്തുന്നവരുടെ പരസ്പരബഹുമാനമില്ലാത്ത ആരോപണങ്ങളും വ്യക്തിഹത്യകളും കണ്ടും കേട്ടും പ്രേക്ഷകര്‍ മടുത്തു. അടിസ്ഥാനമില്ലാത്തതും യുക്തിക്കു നിരക്കാത്തതുമായ പച്ചനുണകള്‍ നിരത്തി വ്യാജപൊതുബോധം സൃഷ്ടിക്കാനുള്ള കപടരാഷ്ട്രീയ അജന്‍ഡകളാണ് ചര്‍ച്ചയ്‌ക്കെത്തുന്നവരുടെ മൂലധനം. വസ്തുതകളും തെളിവുകളും നിരത്തുന്നതാകട്ടെ സോഷ്യല്‍മീഡിയയില്‍ ആരൊക്കെയോ പടച്ചുവിടുന്ന അസത്യങ്ങളുടെയും അര്‍ത്ഥസത്യങ്ങളുടെയും പിന്‍ബലത്തിലും. പ്രേക്ഷകലക്ഷങ്ങളെ വിഡ്ഢികളാക്കുന്ന ഇത്തരം ചാനല്‍ചര്‍ച്ചകളില്‍നിന്നും മാധ്യമവിചാരണകളില്‍നിന്നും ആരോഗ്യകരമായ അകലം പാലിക്കാന്‍ പൊതുജനത്തിന് മാധ്യമസാക്ഷരതയും സംസ്‌കാരവുമുണ്ടായേ തീരൂ.
നിഷ്പക്ഷത പുലര്‍ത്തേണ്ട അവതാരകര്‍ ജഡ്ജി ചമയുന്നതാണ് ഗുരുതരമായ പ്രശ്‌നം. അന്തിച്ചര്‍ച്ചകളിലെ വാചകക്കസര്‍ത്തുകള്‍ക്കും വാക്കേറ്റങ്ങള്‍ക്കുമൊടുവില്‍ ജയം ആരുടെ പക്ഷത്താണെന്നു ചോദിച്ചാല്‍ അവതാരകന്റേത് എന്നു മാത്രമാണുത്തരം. അതായത്, ജയം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച് ധാരണയുണ്ടാക്കിയേ ചാനലുകളില്‍ പാനല്‍ നിശ്ചയിക്കൂ എന്നര്‍ത്ഥം. ചില ചാനലുകളില്‍ അഭിപ്രായാന്തരങ്ങളോ തര്‍ക്കവിതര്‍ക്കങ്ങളോ ഒന്നുമില്ല. ചാനലിന്റെ രാഷ്ട്രീയ അജന്‍ഡ പ്രേക്ഷകമനസ്സുകളില്‍ അടിച്ചേല്പിക്കാനുള്ള തന്ത്രപൂര്‍വമായ ശ്രമം നടക്കുന്നതുപോലെ തോന്നും. ചിന്തകള്‍ക്കു യുക്തിയുടെ പരിധി കല്പിക്കാത്തവരും രാഷ്ട്രീയഅജന്‍ഡകളുടെ ഇരകള്‍ മാത്രമായിരിക്കുന്നവരും ഇവിടെയുണ്ടാകണമെന്നാഗ്രഹിക്കുന്ന മാധ്യമപ്രമാണിമാരുടെ സാമ്രാജ്യമുള്ളിടത്തോളംകാലം മാധ്യമരംഗത്തെന്നല്ല, എവിടെയായാലും വിചാരണകളും വിലപേശലുകളും ചൂഷണങ്ങളും ഉണ്ടാകുമെന്നു തീര്‍ച്ച.
കോടതിയിലെ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ മാധ്യമവിചാരണകള്‍ക്കു യാതൊരു പങ്കുമില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഉന്നതജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് സ്വാഗതാര്‍ഹമാണ്. മാത്രമല്ല, മാധ്യമവിചാരണകള്‍ വഴികാട്ടികളാവില്ലെന്നും അവര്‍ തീര്‍ത്തുപറയുന്നു. നമ്മുടെ ടെലിവിഷന്‍ ന്യൂസ് ചാനലുകളും ഇതര സമൂഹമാധ്യമങ്ങളും ആരോഗ്യപരമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മതിയായ ഇടംകൊടുത്താല്‍ ഉത്തരവാദിത്വപരമായ മാധ്യമധര്‍മവും മാധ്യമസാക്ഷരതയും സമൂഹത്തില്‍ പുലരുകതന്നെ ചെയ്യും.