ഡോളറിന് 80 രൂപ. അതിനെന്താ? കുറേ പേര്‍ക്കു വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുന്ന ഡോളര്‍ അല്ലെങ്കില്‍ റിയാലിനു കൂടുതല്‍ രൂപ കിട്ടും. അവര്‍ക്കു സന്തോഷം. മറ്റു ചിലര്‍ക്കു വിദേശത്തേക്കു മക്കളെ പഠനത്തിന് അയയ്ക്കാന്‍ കൂടുതല്‍ രൂപ വേണ്ടിവരുന്നു. അവര്‍ക്കു വിഷമം. മൊബൈല്‍ അടക്കം വിദേശനിര്‍മിതവസ്തുക്കള്‍ വാങ്ങുന്നവര്‍ക്കു കൂടുതല്‍ പണം ചെലവാക്കേണ്ടിവരുന്നു. പെട്രോള്‍ വാങ്ങുന്നവര്‍ക്കും ഇതുതന്നെ അവസ്ഥ. വിദേശയാത്ര നടത്താനും ചെലവു കൂടും.
അപ്പോള്‍ ഇതു നല്ലതോ ചീത്തയോ?
വ്യക്തികളുടെ കാര്യം അവിടെ നില്‍ക്കട്ടെ. ഇതു രാജ്യത്തിന് എന്തു ഫലമാണ് ഉണ്ടാക്കുക? രൂപ തകരുന്നു, രൂപ ഇടിയുന്നു എന്നൊക്കെയാണു മാധ്യമങ്ങള്‍ നമ്മോടു പറയുന്നത്. അപ്പോള്‍ രാജ്യത്തിനു വലിയ സാമ്പത്തികദുരിതമാണോ ഇതുവഴി സംഭവിക്കുക?
രൂപയുടെ വിനിമയനിരക്ക് താഴുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ, നമ്മുടെ സമ്പദ്ഘടന തകരാന്‍മാത്രം ഒന്നുമില്ല. എന്നുവച്ച് ഡോളറിന് 80 രൂപയാകുന്നത് നമുക്ക് അഭിമാനിക്കാനോ ആഘോഷിക്കാനോ ഉള്ള കാര്യവുമല്ല. അതാണു വസ്തുത. കുറേ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാവുന്നതും അത്ര അഭിമാനകരമല്ലാത്തതുമായ കാര്യം.
എങ്കിലും വേവലാതിപ്പെടാനോ ആശങ്കപ്പെടാനോകാര്യമില്ല. രാജ്യത്തിന്റെ ധനകാര്യഭരണം നടത്തുന്നവരെ സംബന്ധിച്ച് വളരെ കരുതലും ജാഗ്രതയും വേണ്ട സമയം. ജാഗ്രത പാളിയാല്‍ രൂപ താഴേണ്ടതിലധികം താഴും. അപ്പോള്‍ രാജ്യം ഗുരുതരപ്രശ്‌നത്തിലാകും. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ കുഴപ്പങ്ങള്‍ ഇല്ലാതെ മുന്നോട്ടുപോകാം. വേവലാതിപ്പെടാനുള്ളത് മറ്റൊരു വിഷയത്തിലാണ്. സാമ്പത്തികമാന്ദ്യം. അതാണു ഗുരുതരപ്രശ്നം. വരുമാനവും പണവും കുറയുന്ന വിഷയം.
രൂപ അത്ര മോശമല്ലഎന്തുകൊണ്ടാണ് ഇപ്പോള്‍ രൂപയുടെ വില ഇത്രയും താഴുന്നത്? ഇതു ചോദിക്കുംമുമ്പ് ഒരു മറുചോദ്യം: രൂപ
അത്രകണ്ടു താഴ്‌ന്നോ? കഴിഞ്ഞ ഡിസംബര്‍ 31 ന് ഒരു ഡോളര്‍ കിട്ടാന്‍ 74.29 രൂപ മുടക്കണമായിരുന്നു. ജൂലൈ 22 ന് അത് 80 രൂപയായി. (80 ല്‍നിന്ന് അല്പം താഴ്ന്നത് അവഗണിക്കാം). അപ്പോള്‍ ഡോളര്‍ കയറിയത് 7.69 ശതമാനം. അഥവാ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 7.69 ശതമാനം ദുര്‍ബലമായി.
ഇത് അത്ര വലിയ തകര്‍ച്ചയല്ല എന്നു സമാന കറന്‍സികളുടെ ഗതി നോക്കിയാല്‍ അറിയാം. വലിയ കയറ്റുമതിരാജ്യമായ ദക്ഷിണ കൊറിയയുടെ വോണ്‍ കറന്‍സി ഇതേ കാലയളവില്‍ 10.2 ശതമാനം താഴ്ന്നു. ഏഷ്യയിലെ രïാമത്തെ വലിയ സാമ്പത്തികശക്തിയായ ജപ്പാന്റെ യെന്‍ ഇതേ സമയം 16.3 ശതമാനം ഇടിഞ്ഞു. ഒന്നിച്ചുനിന്നാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാണ് യൂറോ കറന്‍സിയായി സ്വീകരിച്ചിട്ടുള്ള രാജ്യങ്ങള്‍. ആ കറന്‍സി 2022 ജനുവരി ഒന്നു മുതല്‍ ജൂലൈ 22 വരെ ഇടിഞ്ഞത് 13 ശതമാനം. ബ്രിട്ടീഷ് പൗണ്ടിന്റെ വീഴ്ച 11 ശതമാനം. തായ്‌ലന്‍ഡ്, തായ്‌വാന്‍, ഇന്‍ഡോനീഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികളും രൂപയെക്കാള്‍ ഇടിവിലാണ്. താരതമ്യത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും നാണക്കേടിന്റെ വകയില്ല. ശക്തരും ദുര്‍ബലരുമൊക്കെ ഒരുപോലെ വീണു.75 രൂപയുടെ തൊട്ടു താഴെനിന്നാണ് ഡോളര്‍ ഏഴു മാസം കൊണ്ട് 80 ലേക്കു കയറിയത്. 80 എന്ന നാഴികക്കല്ല് കടക്കുമ്പോഴുള്ള വിഷമമാണ് ആ വിഷയം. 1991 ല്‍ 20 രൂപയിലേക്കും 2012 ല്‍ 50 രൂപയിലേക്കും 2020 ല്‍ 75 രൂപയിലേക്കും ഡോളര്‍ കയറിയപ്പോഴും ഇതേ വിഷമം ഉണ്ടായിരുന്നു. ശീലമായപ്പോള്‍ അതു മാറി. ഇന്ത്യന്‍രൂപ പിന്നെയുംമുന്നേറി.കയറിക്കയറി പോകുന്ന പലിശ രൂപയടക്കം ആഗോള കറന്‍സികളെ ഇക്കൊല്ലം ക്ഷീണത്തിലാക്കിയത് അമേരിക്കന്‍ പലിശനയമാണ്. അമേരിക്കയുടെ കേന്ദ്ര ബാങ്ക് ആയ ഫെഡറല്‍ റിസര്‍വ് (ഫെഡ്) 2020 തുടക്കം മുതല്‍ കുറഞ്ഞ പലിശ പൂജ്യം മുതല്‍ 0.25 ശതമാനം വരെ എന്നാണു നിശ്ചയിച്ചിരുന്നത്. ഈ മാര്‍ച്ചില്‍ അതു മാറ്റി. ആദ്യം 0.25 - 0.5 ശതമാനത്തിലേക്കും പിന്നെ 0.75 - 1.00 ശതമാനത്തിലേക്കും ജൂണില്‍ 1.5 - 1.75 ശതമാനത്തിലേക്കും പലിശ കൂട്ടി. ഈയാഴ്ച (ജൂലൈ 27 ന്) വീണ്ടും കൂട്ടും. ഇതോടെ രണ്ടു ശതമാനത്തിനു മുകളിലാകും യുഎസിലെ കുറഞ്ഞ പലിശ. ഇതാണു കറന്‍സികളെ പ്രശ്‌നത്തിലാക്കിയത്.
അമേരിക്കയില്‍ ചില്ലറ വിലക്കയറ്റം 9.1 ശതമാനമായ പശ്ചാത്തലത്തിലാണ് ഇങ്ങനെ പലിശ കയറിക്കയറി പോകുന്നത്. ഉചിതമായതു രണ്ടു ശതമാനമാണെങ്കിലും പരമാവധി നാലു ശതമാനത്തില്‍ ചില്ലറ വിലക്കയറ്റം നിര്‍ത്തണമെന്നാണു യുഎസ് നയം. ഇക്കൊല്ലം തുടക്കംമുതലേ അതു സാധിച്ചില്ല. കോവിഡ് തുടരുന്നതുമൂലം പലേടത്തും ഉത്പാദനവും ചരക്കുനീക്കവും തടസ്സപ്പെടുന്നുണ്ട്. അതിനാലുണ്ടാവുന്ന വരുന്ന താല്‍ക്കാലികപ്രതിഭാസമാണു വിലക്കയറ്റം എന്നായിരുന്നു ഫെഡ് മേധാവികള്‍ ആദ്യം വാദിച്ചിരുന്നത്. പിന്നീട് യുക്രെയ്ന്‍ യുദ്ധം തുടങ്ങിയപ്പോള്‍ അതും താല്‍ക്കാലിക പ്രതിഭാസമായി. പക്ഷേ, വിലക്കയറ്റം ആറു ശതമാനവും കടന്നു പാഞ്ഞുതുടങ്ങിയപ്പോഴാണു ഫെഡ് പലിശ ആയുധം പ്രയോഗിക്കാന്‍ തുടങ്ങിയത്.
അമേരിക്കന്‍ പലിശനിരക്ക് അമേരിക്കന്‍ ജനതയുടെ മാത്രം ചിന്താവിഷയമായി തള്ളിക്കളയാന്‍ പറ്റില്ല. ആഗോള മൂലധനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സാണ് യുഎസ്. അവിടെയുണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വലിയ തുടര്‍ചലനങ്ങള്‍ ഉണ്ടാക്കും. ഇന്ത്യയിലും മറ്റും ഓഹരികളിലെ നിക്ഷേപമായും സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്രാരംഭമൂലധനമായും മറ്റും വരുന്ന തുകയില്‍ വലിയ പങ്കും അമേരിക്കയില്‍നിന്നോ അമേരിക്കന്‍ ഫണ്ടുകള്‍വഴിയോ ആണ്.
സുരക്ഷിതസ്ഥാനം യുഎസ് ഡോളര്‍
അമേരിക്കന്‍ പലിശ കൂടുമ്പോള്‍ അമേരിക്കയിലെ കടപ്പത്രങ്ങളിലും മറ്റും നിക്ഷേപിക്കുന്നതു കൂടുതല്‍ ആദായകരമാകും. ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലെ റിസ്‌ക് കൂടിയ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ സുരക്ഷിതവും. അപ്പോള്‍ ഇവിടങ്ങളില്‍നിന്നു മൂലധനം യുഎസിലേക്കു മടങ്ങും. ഈ വര്‍ഷം ഇന്ത്യയില്‍നിന്നു വിദേശനിക്ഷേപകര്‍ മടക്കിക്കൊണ്ടുപോയത് 3000 കോടിയിലേറെ ഡോളര്‍ (2.4 ലക്ഷം കോടി രൂപ). ഓഹരിവിലകള്‍ ഇടിഞ്ഞു. വിപണിയുടെ മുഖ്യസൂചികകള്‍ 16 ശതമാനത്തോളം താഴ്ന്നു.
ഇങ്ങനെ വിവിധ രാജ്യങ്ങളില്‍നിന്നു യുഎസിലേക്ക് - ഉയര്‍ന്ന ഭദ്രതയുള്ള സ്ഥലത്തേക്ക് - മൂലധനം നീങ്ങി. അമേരിക്കയില്‍ 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കു വിലക്കയറ്റം കയറിയിട്ടുപോലും ഡോളര്‍ ബലപ്പെട്ടതിന്റെ പശ്ചാത്തലം അതാണ്.
പാഠപുസ്തകങ്ങള്‍ പറയുന്നത് വിലക്കയറ്റം കൂടിയാല്‍ കറന്‍സിയുടെ വിനിമയനിരക്കു താഴുമെന്നാണ്. പക്ഷേ, യുഎസ് ഡോളര്‍ താഴ്ന്നില്ല. അതിനു പലിശ മാത്രമല്ല കാര്യം. യുഎസ് ഡോളറിനെ ഏറ്റവും ഭദ്രമായ കറന്‍സിയായി ലോകം കാണുന്നു. എല്ലാ രാജ്യങ്ങളും മിച്ചം സൂക്ഷിക്കുന്ന ഭദ്രസങ്കേത(ടമളല വമ്‌ലി)മായി ഡോളറിനെ ഉപയോഗിക്കുന്നു. എല്ലാവരുടെയും കരുതല്‍ (ഞലലെൃ്‌ല) ഡോളറിലാകുമ്പോള്‍ അതിന്റെ വില എളുപ്പം ഉലയില്ല.
അവിടെ കൂട്ടിയാല്‍ ഇവിടെയും കൂട്ടണം
യുഎസ് പലിശ കൂട്ടുമ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വെറുതേ ഇരിക്കാനാവില്ല. അവരും പലിശ കൂട്ടണം. അല്ലെങ്കില്‍ മൂലധനം പുറത്തേക്ക് ഒഴുകും. വന്ന മൂലധനത്തിനു പുറമേ ആഭ്യന്തരമൂലധനവും പോകും. അതുകൊണ്ടുതന്നെ യുഎസ് നിരക്കു കൂട്ടുമ്പോള്‍ വികസ്വരരാജ്യങ്ങളും നിരക്കു കൂട്ടും. ഇന്ത്യയും കൂട്ടി. റിസര്‍വ് ബാങ്ക് റീപോ നിരക്ക് കൂട്ടി. മൂന്നു തവണയായി നാലില്‍നിന്നു 4.9 ശതമാനത്തിലേക്കു റീപോ നിരക്ക് ഉയര്‍ത്തി. ഇനി ഓഗസ്റ്റ് അഞ്ചിനും നിരക്ക് കൂട്ടും.
യുഎസും ഇന്ത്യയും മറ്റു രാജ്യങ്ങളും പലിശനിരക്കു കൂട്ടുന്നത് വിലക്കയറ്റം പിടിച്ചുനിറുത്താനാണ്. പലിശ കൂടുമ്പോള്‍ പണലഭ്യത കുറയും. അതു കുറയുമ്പോള്‍ അമിത പണലഭ്യത ഉപയോഗിച്ചുള്ള വിലക്കയറ്റം കുറയും. അതാണു സിദ്ധാന്തം.
ഭയപ്പെടേണ്ടതു സാമ്പത്തികമാന്ദ്യത്തെ
എന്നാല്‍, ഇതിനൊരു പാര്‍ശ്വഫലം ഉണ്ട്. മുഖ്യഫലത്തേക്കാള്‍ ഗുരുതരമായ പാര്‍ശ്വഫലം. പലിശനിരക്കു കൂടുമ്പോള്‍ മനുഷ്യര്‍ ചെലവു ചുരുക്കും. അപ്പോള്‍ വ്യാപാരം കുറയും. അതോടെ ഉത്പാദനം കുറയും. വില്പനയും ഉത്പാദനവും കുറയുമ്പോള്‍ ജോലികള്‍ കുറയും. പണി നഷ്ടപ്പെടും. പുതുതായി ജോലിക്ക് ആളെ എടുക്കില്ല. പണിയും വരുമാനവും കുറയും. അതാണു സാമ്പത്തികമാന്ദ്യം. അപ്പോള്‍ മൂലധനനിക്ഷേപം കുറയും. അത് വരുംമാസങ്ങളിലെയും വര്‍ഷങ്ങളിലെയും വളര്‍ച്ചയ്ക്കു ക്ഷീണം വരുത്തും.
മാന്ദ്യമാണു ഭയപ്പെടേണ്ട കാര്യം. രൂപയുടെ വിനിമയനിരക്ക് കുറയുമ്പോള്‍ ഇറക്കുമതിക്കു ചെലവേറുന്നതുപോലുള്ള പ്രശ്‌നങ്ങളേ ഉള്ളൂ. തൊഴിലിനെയും വരുമാനത്തെയും ബാധിക്കുന്ന ആഗോള പ്രശ്‌നമാണു മാന്ദ്യം. യുഎസും യൂറോപ്പും അങ്ങോട്ടു നീങ്ങുകയാണ്. അവിടങ്ങള്‍ മാന്ദ്യത്തിലായാല്‍ ഇന്ത്യയ്ക്കും അതുതന്നെ ഗതി. അതാണു ഗുരുതരപ്രശ്‌നം.
രൂപയുടെ ദൗര്‍ബല്യഘടകങ്ങള്‍ പലത്
രൂപയുടെ താഴ്ചയില്‍ ആശങ്ക വളര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമത്തേത്, ഈ വര്‍ഷം കാലാവധിയാകുന്ന വിദേശകടങ്ങളാണ്. വിദേശ വ്യാപാര വായ്പകള്‍ അടക്കം 26,000 കോടി ഡോളറാണ് മാര്‍ച്ചിനുമുമ്പ് കാലാവധിയാകുന്നത്. ഇതില്‍ പകുതിയോളം വരുന്ന വ്യാപാരവായ്പകള്‍ സ്വയമേവ പുതുക്കിവരും. ബാക്കി തുകയ്ക്കു വിദേശനാണ്യം കണ്ടെത്തണം. കമ്പനികള്‍ എടുത്തവയാണ് ഇവയില്‍ സിംഹഭാഗവും. വിദേശത്തു പലിശ കൂടിയതിനാല്‍ പുതിയ വായ്പ എടുക്കുന്നതു നഷ്ടമാണ്. വിദേശനാണ്യം കണ്ടെത്തി വായ്പ അടയ്ക്കുകയേ നിര്‍വാഹമുള്ളൂ. അതു റിസര്‍വ് ബാങ്കില്‍ സമ്മര്‍ദം ചെലുത്തും.
ഇന്ത്യന്‍ രൂപയെ ദുര്‍ബലമാക്കുന്ന മറ്റു ഘടകങ്ങള്‍ അതേപടി തുടരുകയാണ്. ക്രൂഡ് വില ഉയര്‍ന്നു നില്‍ക്കുന്നതും അതുവഴി വാണിജ്യകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും (രാജ്യത്തിനു മറ്റു രാജ്യങ്ങളുമായുളള എല്ലാ കൊടുക്കല്‍ വാങ്ങലുകളുടെയും അവശേഷം) കുതിച്ചു കയറുന്നതുമാണു കാതലായ പ്രശ്‌നങ്ങള്‍.
ഡോളര്‍ 80 രൂപയുടെ ചുറ്റുവട്ടത്തു നിര്‍ത്തണമെന്നാണു റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നതെന്നു സൂചിപ്പിക്കുന്ന വിധമാണ് ബാങ്കിന്റെ ഇടപെടല്‍. ഈ വര്‍ഷം ഇതുവരെ രൂപയെ താങ്ങി നിര്‍ത്താന്‍ 4000 കോടിയിലേറെ ഡോളര്‍ ചെലവാക്കി. ഇപ്പോള്‍ 57,200 കോടി ഡോളറിലധികമുള്ള വിദേശനാണ്യശേഖരമാണ് റിസര്‍വ് ബാങ്കിന്റെ യുദ്ധനിധി. രാജ്യത്തിന്റെ ഒന്‍പതു മാസത്തെ ഇറക്കുമതിക്കാവശ്യമായ തുകയാണിത്. നേരത്തേ 12 മാസത്തെ ഇറക്കുമതിക്കാവശ്യമായ തുക ഉണ്ടായിരുന്നതാണ്.
വിദേശനാണ്യം കൂട്ടാന്‍ പുതിയ നടപടികള്‍
രൂപയെ ഇപ്പോഴത്തെ നിലവാരത്തില്‍ നിര്‍ത്താന്‍ വിദേശനാണ്യ വരവു കൂട്ടാനും ചെലവു കുറയ്ക്കാനും നടപടികള്‍ ഉണ്ടായേക്കും. വിദേശത്തേക്കു നടത്താവുന്ന മൂലധനനിക്ഷേപത്തിനു താല്‍ക്കാലികമായി നിയന്ത്രണമോ കുറഞ്ഞ പരിധിയോ പ്രഖ്യാപിക്കാം. ചിലയിനം ഇറക്കുമതികള്‍ കുറയ്ക്കാന്‍ ചുങ്കം വര്‍ധന അടക്കമുള്ള നടപടികളും പ്രതീക്ഷിക്കാം. കയറ്റുമതി വര്‍ധിപ്പിക്കാനും നടപടികള്‍ ഉണ്ടാകുമെന്നാണു സംസാരം. അതിന്റെ ഭാഗമാണ് ഇന്ധനങ്ങള്‍ക്കുള്ള അധികച്ചുങ്കം കുറയ്ക്കല്‍.
ബാങ്കുകളിലേക്കു വിദേശ കറന്‍സി നിക്ഷേപം (എഫ്‌സിഎന്‍ആര്‍-ബി, എന്‍ആര്‍ഇ) ആകര്‍ഷിക്കാന്‍ പ്രഖ്യാപിച്ച ഉയര്‍ന്ന പലിശ അടക്കമുള്ള നടപടികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാനും ഗവണ്മെന്റ് ഉദ്ദേശിക്കുന്നുണ്ട്. സമാന സാഹചര്യങ്ങളില്‍ മുമ്പു ചെയ്തിട്ടുള്ളതുപോലെ വിദേശ കറന്‍സി ബോണ്ട് ഇറക്കുന്നതും പരിഗണനയിലുണ്ട്.
ഡോളര്‍ 80 രൂപ കടക്കുമ്പോഴും ഇന്ത്യയുടെ 40 പ്രധാന വ്യാപാരപങ്കാളികളുടെ കറന്‍സികള്‍ അടങ്ങിയ സംവിധാനത്തില്‍ രൂപയുടെ നില ഒട്ടും മോശമല്ല. ആ സംവിധാനത്തില്‍ കണക്കാക്കുന്ന റിയല്‍ ഇഫക്ടീവ് എക്‌സ്‌ചേഞ്ച് റേറ്റ് (ഞഋഋഞ) ഇപ്പോഴും 104 നു മുകളിലാണ്. അതായത്, രൂപയുടെ വിനിമയനിരക്ക് നാലു ശതമാനം ഉയര്‍ന്നുനില്‍ക്കുന്നു. ബാങ്കുകളോ കയറ്റിറക്കുമതിരംഗത്തുള്ളവരോ വിനിമയനിരക്കു താഴുന്നതില്‍ വലിയ ആശങ്ക പ്രകടിപ്പിക്കാത്തത് ഇതുകൊണ്ടാണ്.
അന്നു ഡോളറിന് 3.3 രൂപ
സ്വാതന്ത്ര്യം കിട്ടുന്ന 1947 ല്‍ ഡോളറിന് 3.3 രൂപയായിരുന്നു നിരക്ക്. അന്ന് രൂപ ബ്രിട്ടീഷ് പൗണ്ടുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ പൗണ്ട് - ഡോളര്‍ നിരക്കായിരുന്നു രൂപയുടെ നിരക്കിനെ നിശ്ചയിച്ചിരുന്നത്. രണ്ടു വര്‍ഷത്തിനുശേഷം പൗണ്ടിന്റെ മൂല്യം 35 ശതമാനം കുറച്ചപ്പോള്‍ ഡോളറിനു 4.76 രൂപയായി. 1966 വരെ ഇതു തുടര്‍ന്നു. അക്കൊല്ലം ഇന്ത്യ മൂല്യശോഷണം പ്രഖ്യാപിച്ച് ഡോളറിന് 7.5 രൂപയാക്കി.
1980 കളില്‍ രാജ്യം സ്ഥിരവിനിമയ നിരക്ക് അവസാനിപ്പിച്ചു. ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളികളുടെ കറന്‍സികള്‍ ഉള്‍പ്പെടുത്തിയ ഒരു സംവിധാനവുമായി രൂപയുടെ നിരക്ക് ബന്ധപ്പെടുത്തി. രൂപ ഭാഗികമായി വിപണിബന്ധിതമായി. 1991 ലെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ തുടക്കത്തില്‍ രൂപയുടെ മൂല്യം വീണ്ടും കുറച്ചു. 14 രൂപയില്‍നിന്ന് 22 രൂപയിലെത്തിച്ചു. ക്രമേണ വിപണി നിശ്ചയിക്കുന്ന വില നിലവില്‍ വന്നു. എങ്കിലും വിലയുടെ ഗതി നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടുടപോരുന്നു.