നീതിന്യായവ്യവസ്ഥയും ഭരണനിര്‍വഹണസഭയും നിയമനിര്‍മാണസഭയും മാധ്യമമേഖലയും ഒന്നിച്ചുകൂടുന്ന ചതുര്‍സ്തംഭങ്ങളാണല്ലോ ജനാധിപത്യവ്യവസ്ഥിതിയെ കറപുരളാതെയും പരിക്കു പറ്റാതെയും സൂക്ഷിക്കുന്നത്. ഇവയില്‍ മാധ്യമങ്ങളാണ് മറ്റു മൂന്നു സംവിധാനങ്ങളെയും സംബന്ധിച്ചുള്ള യഥാര്‍ത്ഥവസ്തുതകള്‍ ബഹുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതും അവയെ വിലയിരുത്തുന്നതും എല്ലായ്‌പ്പോഴും ഒരു തിരുത്തല്‍ശക്തിയായി നിലകൊള്ളുന്നതും.
2016 സെപ്തംബര്‍ 22 ന് ഇറ്റാലിയന്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് സംഘടനയിലെ (Italian National Council of the order of Journalists) 500 റിപ്പോര്‍ട്ടര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സീസ് മാര്‍പാപ്പാ പറഞ്ഞു: ''സത്യസന്ധത, പ്രഫഷണലിസം, മനുഷ്യത്വത്തോടുള്ള ബഹുമാനം, മനുഷ്യനന്മകളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. അപവാദം പ്രചരിപ്പിക്കുകയും ഭയം വിതയ്ക്കുകയും വൈകാരികചൂഷണം നടത്തുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനം ഭീകരപ്രവര്‍ത്തനമാണ്. വാര്‍ത്ത തെറ്റിയാല്‍ ഉടന്‍ തിരുത്തല്‍ കൊടുക്കാം. എന്നാല്‍, വ്യാജവാര്‍ത്തകള്‍ വ്യക്തിക്കും പ്രസ്ഥാനത്തിനും സമൂഹത്തിനും ഉണ്ടാക്കുന്ന മാനഹാനി ഒരിക്കലും പരിഹരിക്കാനാവില്ല. അനീതിയായും അസത്യമായും മാന്യതയില്ലാതെയും വാക്കുകള്‍കൊണ്ടും ചിത്രങ്ങള്‍കൊണ്ടും വ്യക്തികളെയോ സമൂഹങ്ങളെയോ പ്രസ്ഥാനങ്ങളെയോ ആക്രമിക്കാനോ നശിപ്പിക്കാനോ മാധ്യമപ്രവര്‍ത്തനം ആയുധമാക്കരുത്.''
വാര്‍ത്തകളും വീക്ഷണങ്ങളും വിശകലനങ്ങളും വിവരണങ്ങളും അറിവുകളും അനുഭവങ്ങളുമെല്ലാം ജനമനസ്സുകളിലേക്കു സത്യസന്ധമായി പകര്‍ന്നു നല്‍കുക എന്ന ദൗത്യം നിറവേറ്റുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം അതില്‍ത്തന്നെ അര്‍ത്ഥപൂര്‍ണവും സര്‍ഗാത്മകവുമാകുന്നത്. വ്‌ളോഗുകള്‍, വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍, യൂട്യൂബ് ചാനലുകള്‍, ടി.വി. ചാനലുകള്‍, ന്യൂസ്‌പേപ്പറുകള്‍, മാഗസിനുകള്‍, സ്മാര്‍ട്ട് ഫോണ്‍, ഡെസ്‌ക് ടോപ് ആപ്പുകള്‍ ഇവയിലൂടെ അതിശക്തമായ രീതിയിലാണ് ആധുനികലോകത്തില്‍ മാധ്യമപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
എന്നാല്‍, ആധുനികസമൂഹത്തിന്റെ പുഴുക്കുത്തുകള്‍ മാധ്യമമേഖലയെയും ബാധിച്ചിരിക്കുന്നു എന്നു തിരിച്ചറിയാന്‍ നാം വൈകിപ്പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സത്യസന്ധമായ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും വിശകലനങ്ങളും തെളിവുകളും അറിവുകളും സമൂഹനന്മയ്ക്കായി പുറത്തുവിടേണ്ട മാധ്യമങ്ങള്‍ അതിനു തയ്യാറാവാതെ ലാഭക്കൊതിക്കും സെന്‍സേഷണലിസത്തിനുംവേണ്ടി സത്യങ്ങളെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായി അവതരിപ്പിക്കുന്ന ദയനീയകാഴ്ച നാം കാണുന്നുണ്ടല്ലോ. റേറ്റിങ്ങിനുവേണ്ടി തത്ത്വദീക്ഷയില്ലാതെ പ്രവര്‍ത്തിക്കുന്ന ചാനല്‍ മുതലാളിമാര്‍ക്ക് സത്യത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനമര്യാദകള്‍പോലും നഷ്ടമായിരിക്കുന്നു.
കൂലിയെഴുത്ത് ഒരു വിഷംചീറ്റല്‍
ഒരു സംഭവത്തിന്റെയോ സാഹചര്യത്തിന്റെയോ വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ ആശയാദര്‍ശസംഹിതകളുടെയോ നിജസ്ഥിതിയെ ഒളിപ്പിച്ചും
ഒപ്പം തങ്ങളുടെ സ്വാര്‍ത്ഥവും നിക്ഷിപ്തവുമായ താത്പര്യങ്ങളെ പ്രോത്സാഹിപ്പിച്ചും നടത്തുന്നവയത്രേ ആധുനികകാലഘട്ടത്തിലെ പല മാധ്യമ എഴുത്തുകുത്തുകളും.
പ്രമാദമായ പല കോടതിവ്യവഹാരങ്ങളിലും കോടതിയെപ്പോലും സ്വാധീനിക്കാനും തങ്ങളുടെ ചിന്തകള്‍ക്കനുഗുണമായ വിധികള്‍ സമ്പാദിക്കാനും ഇന്നു കേരളത്തിലെ പല മാധ്യമപ്രവര്‍ത്തകരും ശ്രമിക്കുന്നതു നാം നേരിട്ടു കാണുന്നുണ്ടല്ലോ. മാധ്യമപ്രവര്‍ത്തനം ഇവര്‍ക്കു വെറും കൂലിപ്പണിയായി മാറുന്നു. സത്യവും നീതിയും യാഥാര്‍ത്ഥ്യങ്ങളും ഇവിടെ തമസ്‌കരിക്കപ്പെടുന്നു. സമൂഹത്തിന്റെ സ്വഭാവംപോലും നുണകളാലും അര്‍ദ്ധസത്യങ്ങളാലും സ്വാധീനിക്കപ്പെടുന്നു.
മാധ്യമവിചാരണ നീതിന്യായനിഷേധം
കേരളത്തിലെ വാര്‍ത്താചാനലുകളുടെ അവതരണനടപടികള്‍ - ഏതു സംഭവത്തെക്കുറിച്ചായാലും - നീതിന്യായവ്യവസ്ഥയിലെ കോടതിനടപടികളുടെ തനിപ്പകര്‍പ്പായി മാറിയിരുന്നു.കുറ്റമറ്റ അന്വേഷണമില്ലാതെയും ശാസ്ത്രീയാപഗ്രഥനങ്ങളില്ലാതെയും സംഭവങ്ങളുമായി ബന്ധപ്പെട്ട കക്ഷികളുടെ സമ്മതമില്ലാതെയും സ്വയംപ്രേരിതവ്യാഖ്യാനങ്ങളും കല്പിതകഥകളും ചേര്‍ത്ത് ഒരു സെന്‍സേഷന്‍ സൃഷ്ടിക്കാനാണ് ഇന്നു കേരളത്തിലെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
സത്യസന്ധമായ മാധ്യമപ്രവര്‍ത്തനശൈലിക്കുമേല്‍ വന്നുഭവിച്ചിരിക്കുന്ന ഒരു അപഭ്രംശമാണ് ഇന്നു നടക്കുന്ന മാധ്യമവിചാരണസമ്പ്രദായം. സമൂഹമനഃസാക്ഷിക്കുമുന്നില്‍ ഒരുവനെ അപരാധിയായും അപരനെ നിരപരാധിയായും അവതരിപ്പിക്കാന്‍ മാധ്യമമനഃസാക്ഷിക്ക് അധികാരമില്ല. കാരണം, അതു തികച്ചും ഏകപക്ഷീയവും കോടതിയുടെ ന്യായവിചാരണയുടെ പിന്‍ബലമില്ലാത്തതുമാണ്. പരിഷ്‌കൃതസമൂഹത്തിനും വ്യക്തികള്‍ക്കും അതു സ്വീകാര്യമോ ഭൂഷണമോ അല്ല.
വൈവിധ്യങ്ങളുടെ അഭാവം
ഇന്ത്യയില്‍ എണ്ണൂറ്റിയിരുപതോളം വാര്‍ത്താചാനലുകളും 36,000 ഓളം ആഴ്ചപ്പതിപ്പുകളും ആയിരക്കണക്കിനു വെബ് - പോര്‍ട്ടലുകളുമുണ്ട്. എന്നാല്‍, ഇവയില്‍ പലതും സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. രാഷ്ട്രീയസ്വാധീനങ്ങളും ബാഹ്യസമ്മര്‍ദങ്ങളും ഇവയെ തത്ത്വാധിഷ്ഠിതമാധ്യമപ്രവര്‍ത്തനങ്ങളില്‍നിന്നു തടയുന്നു. അവതരണത്തിലും വാര്‍ത്താവിതരണത്തിലും വൈവിധ്യങ്ങള്‍ സ്വീകരിക്കാന്‍ ഇവയ്ക്കാകുന്നില്ല.
മാധ്യമപ്രവര്‍ത്തനം കോര്‍പറേറ്റ് ബിസിനസ്
ആധുനികകാലഘട്ടത്തില്‍, മാധ്യമപ്രവര്‍ത്തനത്തെ ലാഭനഷ്ടങ്ങളുടെ കണ്ണുകളോടെ സമീപിക്കാനാരംഭിച്ചപ്പോള്‍ത്തന്നെ സര്‍ഗാത്മകമാധ്യമ പ്രവര്‍ത്തനത്തിന്റെ ശക്തി ചോര്‍ന്നുപോയി. വ്യാപാരവ്യവസായസംരംഭങ്ങളുടെ പട്ടികയില്‍ മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് ഇടംപിടിക്കേണ്ടിവന്നപ്പോള്‍ പ്രശസ്തിയുടെയും വ്യൂവര്‍ഷിപ്പിന്റെയും ലാഭത്തിന്റെയും കണക്കുകള്‍കൊണ്ട് മാധ്യമപ്രവര്‍ത്തനവും പ്രവര്‍ത്തകരും ശുഷ്
കിച്ചുപോയി. വാര്‍ത്താവിതരണവും വസ്തുതാപഗ്രഥനവും എല്ലാം കോര്‍പറേറ്റ് കമ്പനികളുടെ പ്രൊഡക്റ്റുകള്‍ മാത്രമായി. സത്യാസത്യങ്ങളുടെ വ്യാപാരമായി മാധ്യമപ്രവര്‍ത്തനം മാറി.
പാര്‍ട്ടിചാനല്‍ സിസ്റ്റം
വിജ്ഞാനമേഖലകളും സമ്പര്‍ക്കമാധ്യമസാധ്യതകളും അധികാധികമായി വളരുകയും വികസിക്കുകയും ചെയ്തപ്പോള്‍ രാഷ്ട്രീയാധിനിവേശത്തിന് മാധ്യമലോകം വേദിയായി. ഓരോ പാര്‍ട്ടിക്കും സ്വന്തം ചാനല്‍, പത്രം, വാരികകള്‍ എല്ലാമായി. സമഗ്രമായ വാര്‍ത്താവതരണശൈലിയില്‍നിന്ന് സ്വന്തം ആശയാദര്‍ശങ്ങളുടെ മാത്രം വിതരണക്കാരായി മാധ്യമങ്ങള്‍ മാറി. രാഷ്ട്രീയാന്ധതയുടെ സ്വാധീനവും ഏകപക്ഷീയമായ റിപ്പോര്‍ട്ടിങ് ശൈലികളും മാധ്യമപ്രവര്‍ത്തനത്തിന്റെ സമഗ്രസ്വഭാവത്തെ ചിതറിച്ചുകളഞ്ഞു. ഇത് സമൂഹമനഃസാക്ഷിയുടെ വിവേചന ശക്തിയെയും നിഷേധാത്മകമായി ബാധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ വെറും രാഷ്ട്രീയ ശിങ്കിടികളായി മാറി. പ്രതിപക്ഷബഹുമാനം, അപരനോടുള്ള ആദരവ് തുടങ്ങിയ ജനാധിപത്യസങ്കല്പങ്ങള്‍ക്കും ഇവിടെ മങ്ങലേറ്റു.
മാധ്യമങ്ങളുടെ ധാര്‍മികശൈലികള്‍
കോര്‍പറേറ്റ് സ്‌പോണ്‍സര്‍ഷിപ്പുവഴിയും രാഷ്ട്രീയക്കാരുടെ സ്വാധീനങ്ങള്‍വഴിയും മാധ്യമങ്ങളുടെ ധാര്‍മിക, സന്മാര്‍ഗശൈലികള്‍ അട്ടിമറിക്കപ്പെടുന്നു. അധികാരിപ്രീണനം, രാഷ്ട്രീയ പ്രീണനം, ലാഭക്കൊതി, പക്ഷപാതശൈലികള്‍, സാമ്പത്തികതിരിമറികള്‍ ഇവയെല്ലാം മാധ്യമപ്രവര്‍ത്തനത്തിന്റെ ശൈലീഭാവങ്ങളായി മാറുകയും സമൂഹമനഃസാക്ഷിയെ ശിഥിലമാക്കുകയും ചെയ്യുന്നു.
മാധ്യമങ്ങളുടെ ശീതയുദ്ധം
ഭരണവര്‍ഗത്തോടുള്ള വിധേയത്വവും പക്ഷംചേരലും സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനു സംഭവിച്ച അപചയങ്ങള്‍ തന്നെ. പലപ്പോഴും മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും പരസ്പരം ശീതയുദ്ധത്തിന് ഇരകളായെന്നും വരാം. കച്ചവടതാത്പര്യങ്ങളും രാഷ്ട്രീയ സാമൂഹിക സ്വാധീനങ്ങള്‍ക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹവും അപരനോടുള്ള എതിര്‍പ്പും പലപ്പോഴും മാധ്യമലോകത്തെ കലാപഭൂമിയാക്കാറുമുണ്ട് എന്ന് ആനുകാലിക സംഭവവികാസങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ.
ലക്ഷ്യം TRP (Target Rating Point)
ധനലാഭം മുന്‍നിറുത്തിയുള്ള മാധ്യമപ്രവര്‍ത്തനശൈലിയില്‍ ഠഞജ വര്‍ദ്ധന ഏതു മാധ്യമത്തിന്റെയും സുപ്രധാനമായ ആവശ്യമാണ്. ഈ ലക്ഷ്യം നേടുന്നതിനുവേണ്ടി ഉപയോഗിക്കുന്ന മാര്‍ഗമോ, സെന്‍സേഷണലിസവും. വാര്‍ത്തകളെയും വ്യക്തികളെയും സംഭവങ്ങളെയും സാഹചര്യങ്ങളെയും വൈകാരികതയുടെ മസാല ചേര്‍ത്ത് അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ പലപ്പോഴും അടിസ്ഥാനസത്യങ്ങളില്‍നിന്നും യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും വളരെ അകലെയാണ്. മനുഷ്യമനഃസാക്ഷിയെ വൈകാരികമായി ഉത്തേജിപ്പിക്കുകയും തങ്ങളുടെ നിശ്ചിതവും ഗോപ്യവുമായ അജണ്ടയ്ക്കനുസൃതം അതിനെ ഉപയോഗിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും പ്രവര്‍ത്തകരും നന്മയോ സമൂഹരൂപവത്കരണമോ രാഷ്ട്രനിര്‍മാണമോ നടത്തുന്നുണ്ടോ എന്നു ചിന്തിക്കണം.
മാധ്യമങ്ങളുടെ സെലക്ടിവിസം
ഭാരതത്തിന്റെ, പ്രത്യേകമായി കേരളത്തിന്റെ സാമ്പത്തികഭദ്രതയും സാമൂഹികസമാധാനവും തകര്‍ക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളാണ് ലവ് ജിഹാദും സ്വര്‍ണക്കടത്തും നാര്‍കോ ടെററിസവും.എന്നാല്‍, കേരളത്തിന്റെ മുഖ്യധാരാമാധ്യമങ്ങള്‍ എന്നവകാശപ്പെടുന്ന ഒരു മാധ്യമവും ഫലപ്രദമായി ഇന്നുവരെ ഇവയ്‌ക്കെതിരേ പ്രതികരിച്ചിട്ടില്ല. പണാധിപത്യവും രാഷ്ട്രീയാധിപത്യവും കേരളത്തിലെ മാധ്യമങ്ങളെ കീഴടക്കിയിരിക്കുന്നതിനാല്‍ തീവ്രവാദത്തിനും സ്വര്‍ണക്കടത്തിനും വര്‍ഗീയതയ്ക്കുമെതിരേ അവരുടെ നാവുകള്‍ ഉയരുന്നില്ല. മാത്രമല്ല, ഇതരസമൂഹങ്ങളുടെ ഭാഗത്തുനിന്നുയരുന്ന എതിര്‍പ്പുകളെ അവര്‍ അവഗണിക്കുകയും ചെയ്യുന്നു.