ഒറ്റത്തവണ ഉപയോഗിക്കുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉത്പാദനവും സംഭരണവും വിതരണവും ഉപയോഗവും ജൂണ്‍ മുപ്പതോടെ രാജ്യവ്യാപകമായി സമ്പൂര്‍ണമായി നിരോധിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ഗുരുതരമായ പാരിസ്ഥിതികാരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചു ഘട്ടംഘട്ടമായി ബോധവത്കരണം നടത്തിയിട്ടും, പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ ഭൂരിപക്ഷമാളുകളും തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കി നിരോധനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത്.
രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത് കാല്‍ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്ന് കഴിഞ്ഞവര്‍ഷം കേന്ദ്രപരിസ്ഥിതിമന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. കൃത്യമായി പറഞ്ഞാല്‍, പ്രതിദിനം 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കപ്പെടുന്നു. ദിവസവും 15,384 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കപ്പെടുന്നു. ബാക്കി നാല്പതു ശതമാനം ശേഖരിക്കാനാവാതെ പരിസ്ഥിതിയില്‍ കുമിഞ്ഞുകൂടുകയാണ്. ഇന്ത്യന്‍ നഗരങ്ങള്‍ ദിവസവും 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നുണ്ടെന്നായിരുന്നു കഴിഞ്ഞവര്‍ഷം കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയത്. പഠനത്തിനായി തിരഞ്ഞെടുത്ത നഗരങ്ങളില്‍ നമ്മുടെ കൊച്ചിയുമുണ്ടായിരുന്നു. ദിവസവും 9.43 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൊച്ചി പുറന്തള്ളുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്നു പുറത്തുവിട്ടത്.
ഈ അവസരത്തില്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ സമ്പൂര്‍ണമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി സ്വാഗതാര്‍ഹമാണ്. ശുചിത്വഭാരതത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ 2022 ഓടെ പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം ഇല്ലാതാക്കുമെന്ന് 2019 അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനെത്തുടര്‍ന്നായിരിക്കണം, 2020 ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനനിയമം പ്രാബല്യത്തിലായത്. അന്നത്തെ മന്ത്രിസഭാതീരുമാനം, വേണ്ടത്ര മുന്നൊരുക്കമോ ആലോചനയോ ഇല്ലാതെ ധൃതിപിടിച്ചെടുത്തതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനത്തിനിടയാക്കിയെങ്കിലും, സദുദ്ദേശ്യം മാനിച്ച് കേരളജനത പൊതുവെ സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 5 ന് ലോകപരിസ്ഥിതിദിനത്തില്‍ കേന്ദ്രമലിനീകരണനിയന്ത്രണബോര്‍ഡ് പ്ലാസ്റ്റിക് നിരോധാനാര്‍ത്ഥം സംസ്ഥാനങ്ങള്‍ക്കു മാര്‍ഗരേഖയും നല്കിയിരുന്നു. അതായത്, നിയമം പൊടുന്നനവേ അടിച്ചേല്പിക്കുകയല്ല ചെയ്തത്. ഘട്ടംഘട്ടമായി ബോധവത്കരണം നല്കിയും മുന്നൊരുക്കങ്ങള്‍ക്കുള്ള സാവകാശം കൊടുത്തും മറ്റുമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിയമം സമ്പൂര്‍ണമായി നടപ്പാക്കാന്‍ രണ്ടുംകല്പിച്ചിറങ്ങിയിരിക്കുന്നത്.
സ്‌ട്രോ, ചായക്കപ്പ്, സ്പൂണ്‍, പ്ലേറ്റ്, ട്രേ, കനംകുറഞ്ഞ തെര്‍മോക്കോള്‍, മിഠായിക്കോല്‍ തുടങ്ങിയവയൊന്നും ജൂലൈ ഒന്നുമുതല്‍ ഉപയോഗത്തിലുണ്ടാവരുതെന്നാണ് ഉത്തരവ്. പകരം പേപ്പര്‍ ബാഗുകള്‍, കമുകിന്‍ പാളകൊണ്ടുള്ള പ്ലേറ്റുകളും കപ്പുകളും, കൈത്തറി ഉത്പന്നങ്ങള്‍, ജൂട്ട് ഉത്പന്നങ്ങള്‍, തുണിയിലും ചാക്കിലുമുള്ള ബാഗുകള്‍, ഗ്ലാസുകുപ്പികള്‍ തുടങ്ങിയവയൊക്കെ വിപണിയില്‍ സജീവമാകും. നിയമത്തിന്റെ പിന്‍ബലമുള്ളതുകൊണ്ടും മനുഷ്യന് ആവശ്യത്തിലേറെ ബോധവത്കരണം ഇക്കാര്യത്തില്‍ കൊടുത്തിട്ടുള്ളതുകൊണ്ടും നിയമം സര്‍ക്കാരിന് കണ്ണുമടച്ചു നടപ്പാക്കാവുന്നതേയുള്ളൂ.
ഏതായാലും, പ്ലാസ്റ്റിക്‌നിരോധനം നിയമത്തെ കൊഞ്ഞനംകുത്തുന്ന രീതിയില്‍ പരിഹാസ്യമാകരുതെന്നാണ് പൊതുജനാഗ്രഹം. വിനോദസഞ്ചാര, ആരോഗ്യമേഖലകളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം ഉപയോഗിക്കുന്നതു വിലക്കി പകരം ചില്ലുകുപ്പിയില്‍ വെള്ളം വിതരണം ചെയ്യണമെന്ന് 2018 ല്‍ നിര്‍ദേശിച്ചെങ്കിലും നാളിതുവരെയായിട്ടും അതു നടപ്പാക്കാന്‍ കഴിഞ്ഞില്ല. പ്ലാസ്റ്റിക്‌നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തീരുമാനിച്ച ഭീമമായ പിഴയിടീല്‍ നയം പ്രാവര്‍ത്തികമാക്കാനാവാതെ നിയമം ഫയലിലുറങ്ങുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്തു കത്തിച്ചാല്‍ അരലക്ഷംരൂപവരെ പിഴയീടാക്കുമെന്ന തരത്തിലുള്ള യുക്തിരഹിതമായ ഭീഷണിനയങ്ങള്‍ പ്രഹസനമായില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.
പരിസ്ഥിതിസംരക്ഷണനിയമങ്ങള്‍ അതെന്തായാലും അടിച്ചേല്പിക്കല്‍നയത്തിലൂടെയല്ലാതെ ജനങ്ങളെക്കൂടി സഹകരിപ്പിച്ചു സൗഹാര്‍ദപൂര്‍വം നടപ്പാക്കാവുന്ന ജനാധിപത്യസംവിധാനക്രമത്തിലാണല്ലോ നാം ജീവിക്കുന്നത്. പ്ലാസ്റ്റിക് നിരോധനനിയമങ്ങള്‍ പ്രാബല്യത്തിലായിട്ടും അവ നടപ്പാക്കാന്‍ ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയുടെയും ഉദാസീനതയുടെയും ചരിത്രാവലി കണ്ടു ജനം മടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് സാധനങ്ങളുടെ നിരോധനത്തിന്റെ കാര്യത്തില്‍ ഇനി പ്രചാരണമോ ബോധവത്കരണമോ ആവശ്യമില്ല. ഇനി, പ്രതിബദ്ധതയോടെ സര്‍ക്കാര്‍ നിയമം നടപ്പാക്കുക മാത്രമേ ബാക്കിയുള്ളൂ. ധീരമായ വെല്ലുവിളിയോടെ അതേറ്റെടുക്കാന്‍ ഭരണാധികാരികള്‍ പ്രതിജ്ഞാബദ്ധരാകണം. ഉചിതമായ നിയമനടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവുകകൂടി ചെയ്താല്‍ പ്ലാസ്റ്റിക് വിമുക്തമായ ഒരന്തരീക്ഷം കരുപ്പിടിപ്പിക്കാനാകും.