വെയിലിന്റെ നീരാളിക്കൈകളാവീഥിയില്‍
വലയങ്ങള്‍ തീര്‍ക്കുകയായിരുന്നു.
ഗഗനതലത്തിലെ വെള്ളിമേഘങ്ങള്‍പോല്‍
ഖഗരാജി പാറിപ്പറന്നിരുന്നു.
അവ തെല്ലു ജലധാര തേടി ജലാശയം
അവനിയിലെങ്ങും തിരഞ്ഞിരുന്നു
മണല്‍ചുട്ടുപൊള്ളുന്ന നേരമായ്, സഞ്ചാരം
മനതാരില്‍ വേദന തീര്‍ത്തിരുന്നു
പുലരിമുതല്‍ യാത്രയാകയാലേശുവിന്‍
പദപദ്മയുഗ്മം ചെമന്നിരുന്നു...
വിവശരാം ശിഷ്യരും കൂടെ നടന്നേറെ-
ത്തളരുകയായ്പ്പശി വളരുകയാല്‍...
പശിനീക്കാന്‍ മാര്‍ഗമാ നയനങ്ങള്‍ തേടവേ
പറവകള്‍ കളകളനാദമാര്‍ന്നു
അകലെയാപ്പാതതന്നരികിലായ്ക്കണ്ടുടന്‍
തികവാര്‍ന്നു നില്ക്കുമൊരത്തിവൃക്ഷം...
അതിലേറെയുണ്ടാകാം പഴമെന്ന ചിന്തയാ-
ലരികിലേക്കണയുകയായി നാഥന്‍
ദലജാലമിടതൂര്‍ന്നു നില്ക്കുമാവൃക്ഷത്തില്‍
ഫലമൊന്നുപോലുമേ കണ്ടതില്ല!
തണലിനു മാത്രമേ, ഫലവൃക്ഷമെന്നോര്‍ത്തു
തളരുന്ന ശിഷ്യരും നോക്കിനിന്നു...
കനിയൊന്നുമില്ലെന്നു തീര്‍ച്ചയായേശുവോ
കനിവെല്ലാം ഹൃത്തിലൊതുക്കിനിന്നു
''ഇനിയൊരുനാളും നീ പൂക്കാതിരിക്കട്ടെ,
കനി നിന്നില്‍ കണികാണാതായിടട്ടെ''
അതുകേട്ടു ശിഷ്യന്മാരാകുലഭാവമാര്‍-
ന്നൊരു നോക്കു നോക്കിയാ ശാഖകളില്‍!
കരിയുകയാമോരോ ദലവുമാ ശാപത്തി-
ന്നനലന്‍ പുകഞ്ഞു പിടിച്ചപോലെ!
നിമിഷങ്ങള്‍ക്കുള്ളിലാ വൃക്ഷമെരിഞ്ഞുപോയ്,
സകലരും ഭീതരായ് നോക്കിനിന്നു.
'കരിയുവാന്‍ കാരണ'മെന്തെന്നു ചോദ്യമായ്
പരിമിതബുധരാകും ശിഷ്യരപ്പോള്‍
''പറയുന്നു സത്യമായ് നിങ്ങളില്‍ വിശ്വാസം
നിറയുകില്‍ നിങ്ങള്‍ക്കുമിപ്രകാരം
തരുവോടു മാത്രമല്ലകലെയാമലയോടു
കടലില്‍പ്പതിക്കുവാന്‍ ചൊന്നാലാവും...
അണുപോലും വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്കു
സകലവും നേടിടാം പ്രാര്‍ത്ഥനയാല്‍...''
* * * * *
ഫലമൊന്നും നല്കാത്ത വൃക്ഷങ്ങളൊക്കെയും
എരിതീയില്‍ വീഴുമെന്നോര്‍ക്കണം നാം,
ഒരു വൃക്ഷമാവുക, ഫലമേറെ നല്കുക-
ധരണിയിലിതുതന്നെ ധന്യധന്യം...