കൊവിഡനന്തരകേരളത്തില്‍ നമ്മുടെ കുട്ടികളില്‍ അതിവേഗം പടരുന്ന മാരകമായ ഒരു പകര്‍ച്ചവ്യാധിയായി മയക്കുമരുന്നു മാറിയിരിക്കുന്നു. കുഞ്ഞിക്കൈകളില്‍ മിഠായിപ്പൊതിപ്പോലെ മയക്കുപൊതികള്‍ അവരുടെ രസവിചാരങ്ങളെ നിയന്ത്രിക്കുകയും താലോലിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല എന്നത്രേ വിദഗ്ധരുടെ അഭിപ്രായം.
നമ്മുടെ കുട്ടികളില്‍ മയക്കുമരുന്നാസക്തി എത്രമാത്രം രൂക്ഷമാണെന്ന കാര്യം പലപ്പോഴും മാതാപിതാക്കളോ അധ്യാപകരോ അറിയുന്നില്ല എന്നതാണു ഖേദകരം. കുട്ടികള്‍ അവരുടെ ബാഗുകളില്‍ ഒളിപ്പിച്ചുവച്ചു പരസ്പരം കൈമാറി രസിക്കുന്ന പൊതിക്കൂട്ടുകള്‍ എത്തരത്തിലുള്ളതാണെന്ന് അവര്‍ അറിയുന്നില്ല, അന്വേഷിക്കാറുമില്ല. ഒന്നരവര്‍ഷത്തിനിടെ 21 വയസ്സു തികയാത്ത 3933 വിദ്യാര്‍ത്ഥികളെയാണ് മയക്കുമരുന്നിന് അടിമകളായി സംസ്ഥാനത്തെ വിവിധ ലഹരിവിമുക്തികേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ അമ്പതുശതമാനവും തീരെ ചെറിയ കുട്ടികളാണെന്നോര്‍ക്കണം.
കുട്ടികള്‍ കണ്ണികളായ ഒരു വന്‍ബിസിനസ്സായി ലഹരിവ്യാപാരം കേരളക്കരയിലാകെ പടര്‍ന്നുപിടിച്ചുകഴിഞ്ഞു. പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവുമധികം ലഹരിയിടപാടുകള്‍ നടക്കുന്നത് നമ്മുടെ കൊച്ചുകേരളത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എക്‌സൈസ് വകുപ്പുമാത്രം പിടികൂടിയത് 16,150 കിലോ മയക്കുമരുന്നാണ് എന്നത് ഞെട്ടിക്കുന്ന കണക്കുതന്നെയാണ്. വലിയ മറയൊന്നുമില്ലാത്ത ഒരു ബിസിനസ്സായി മയക്കുമരുന്നുകച്ചവടം കേരളത്തില്‍ ശക്തിപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഏജന്റുമാര്‍, ഉപ ഏജന്റുമാര്‍, ചില്ലറ വില്പനക്കാര്‍ അങ്ങനെ വലിയൊരു ശൃംഖലതന്നെ ഈ ബിസിനസ്സിനു പിന്നിലുണ്ട്. പിടിയിലാകുന്നത് ചെറിയ കണ്ണികള്‍ മാത്രം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ 36,000 ല്‍പ്പരം മയക്കുമരുന്നുകേസുകള്‍ പിടികൂടിയെങ്കിലും ഒരൊറ്റ കേസില്‍പ്പോലും വമ്പന്‍സ്രാവുകള്‍ അകത്തായിട്ടില്ല.
ഗേറ്റ് വേ ഡ്രഗ് അഥവാ ലഹരിയിലേക്കുള്ള പ്രവേശനകവാടം എന്നാണ് കഞ്ചാവ് പൊതുവെ അറിയപ്പെടുന്നത്. കഞ്ചാവ് ഉപയോഗിച്ചുതുടങ്ങുന്നവര്‍ വൈകാതെ മയക്കുമരുന്നുകള്‍ക്കടിമകളാകുന്നു എന്നതാണ് ലഹരിവിമുക്തികേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ നല്ല ഊര്‍ജവും ഉന്മേഷവും കിട്ടുമെന്നും നന്നായി 'പെര്‍ഫോം' ചെയ്യാന്‍ കഴിയുമെന്നും മയക്കുമരുന്നിനെ വെളുപ്പിക്കാന്‍ പല യുവാക്കളുമുയര്‍ത്തുന്ന വാദഗതികളാണ്.
നമ്മുടെ തലച്ചോറിന്റെ മുന്‍ഭാഗത്ത് ഡോപമിന്‍ എന്ന രാസവസ്തു ഉണ്ട്. നമ്മുടെ ശരീരത്തില്‍ ശ്രദ്ധയും ഏകാഗ്രതയും നിയന്ത്രിക്കുന്ന രാസവസ്തുവാണിത്. ആരോഗ്യകരമായ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഡോപമിന്റെ അളവ് വളരെ സാവധാനമാണ് കൂടുകയും കുറയുകയും ചെയ്യുന്നത്. എന്നാല്‍, ലഹരിവസ്തുക്കള്‍ കഴിക്കുമ്പോള്‍ ഡോപമിന്റെ അളവ് അനിയന്ത്രിതമായാണു കൂടുന്നത്. അതു മിഥ്യാസ്വപ്നങ്ങളിലേക്കും ഭാവനകളിലേക്കും അനാവശ്യഭയത്തിലേക്കും വലിച്ചിഴച്ച് ചിന്താശക്തി നശിപ്പിക്കും. കുത്തനെ കൂടുന്ന ഡോപമിന്‍ കുത്തനെ കുറയുമ്പോള്‍ ഒന്നും ചെയ്യാന്‍ താത്പര്യമില്ലാത്തെ അവസ്ഥയിലേക്കു മനസ്സുമാറും.
നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് ഇത്തരം ലഹരിക്കെണികളില്‍ അകപ്പെടുന്നു എന്നതിന്റെ കാരണമന്വേഷിച്ച് അധികം അലയേണ്ടതില്ല. തെറ്റായ കുടുംബസാഹചര്യം മുതല്‍ ചീത്തക്കൂട്ടുകെട്ടുകള്‍വരെ അതിനു കാരണമായേക്കാം. കൊവിഡ് കാലത്തെ ലോക്ഡൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ കുട്ടികളെ ഒറ്റപ്പെടുത്തി. പുറത്തിറങ്ങാനോ കൂട്ടുകാരുമൊത്തു കളിക്കാനോ ചിരിക്കാനോ ഒന്നും കഴിയാത്ത സാഹചര്യത്തില്‍ അവരില്‍ പലരും മാനസികമായി തളര്‍ന്നു. കുട്ടികള്‍ക്കു മാനസികപിന്തുണ കൊടുക്കാന്‍ പറ്റാത്ത രക്ഷിതാക്കളില്‍നിന്നു തുടങ്ങുന്നു അപകടത്തിന്റെ ആദ്യധ്യായം. ഇങ്ങനെ ഒറ്റപ്പെടുന്ന കുട്ടികള്‍ മയക്കുമരുന്നുകെണികളില്‍ പെടുന്നതു സ്വാഭാവികം. സ്വന്തം മക്കള്‍ ഇത്തരം മോശം വഴികളില്‍പ്പെടില്ലെന്ന വിശ്വാസമാണു പല മാതാപിതാക്കളെയും നയിക്കുന്നത്. അതുകൊണ്ടുതന്നെ, കുട്ടികള്‍ ലഹരിക്കടിമപ്പെട്ടു നാളുകള്‍ കഴിഞ്ഞതിനുശേഷമാണു പലരും അപകടം തിരിച്ചറിയുന്നത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരിക്കും.
നമ്മുടെ കുട്ടികളിലെ പെരുമാറ്റവൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്കു കൈത്താങ്ങാകാന്‍ അധ്യാപകക്കൂട്ടായ്മ തയ്യാറായാല്‍ അതു വലിയ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പലപ്പോഴും അധ്യാപകര്‍ ഇത്തരം കാര്യങ്ങള്‍ കേട്ടാല്‍ ഉദാസീനത പാലിക്കുകയാണു പതിവ്. വിദ്യാലയപരിസരങ്ങളില്‍ തഴച്ചുവളരുന്ന മയക്കുമരുന്നു മാഫിയയ്‌ക്കെതിരേ പ്രവര്‍ത്തിക്കാനോ ബോധവത്കരണം നടത്താനോ കുട്ടികളെ എന്തുകൊണ്ട് പ്രബുദ്ധരാക്കുന്നില്ല? അതിനെതിരെ പ്രതികരിക്കാന്‍ അധ്യാപകസംഘടനകളോ ജനപ്രതിനിധികളോ സാമൂഹികപ്രവര്‍ത്തകരോ എന്തുകൊണ്ടു തയ്യാറാകുന്നില്ല?
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവ്യാപനം തടയാന്‍ ഒട്ടേറെ പദ്ധതികള്‍ കേരളത്തിലുണ്ട്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി), അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് തുടങ്ങിയവ ഉദാഹരണം. സംസ്ഥാനത്തെ 132 പൊലീസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദമാണ്. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണു വിദഗ്ധപരിശീലനം നല്കിയത്. പക്ഷേ, ഈ സൗകര്യങ്ങളൊന്നും വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ആരും തയ്യാറാകുന്നില്ലെന്നുമാത്രം. ഈ പദ്ധിതളെല്ലാം കാര്യക്ഷമമാക്കിയാല്‍ത്തന്നെ നമ്മുടെ വിദ്യാലയങ്ങള്‍ വലിയൊരളവുവരെ ലഹരിവിമുക്തമാക്കാന്‍ സാധിക്കും. വൈറസിനെക്കാള്‍ മാരകമായ മയക്കുമരുന്നിന്റെ പകര്‍ച്ചയെ ചെറുത്തു തോല്പിക്കാന്‍ കൂട്ടുത്തരവാദിത്വത്തോടെ നമുക്കു കൈകോര്‍ക്കാം.