ജീവിതകാലം മുഴുവന്‍ ആശങ്കകളുടെയും വെല്ലുവിളികളുടെയും നിരന്തരഭീഷണികളുടെയും ലോകത്തു ജീവിക്കാനായി വിധിക്കപ്പെട്ട ഒരു സമൂഹം സാക്ഷര
കേരളത്തിലുണ്ട്. മണ്ണിനെ പൊന്നാക്കി പൊതുസമൂഹത്തിനൊന്നാകെ ഭക്ഷണം വിളമ്പാന്‍ അത്യധ്വാനം ചെയ്യുന്ന മലയോരമക്കള്‍. പ്രതീക്ഷകളും സ്വപ്‌നങ്ങളുമില്ലാത്ത ഈ പച്ചയായ മനുഷ്യരെ കൂച്ചുവിലങ്ങിട്ട് അമ്മാനമാടിക്കളിക്കുകയാണ് അധികാരകേന്ദ്രങ്ങളും ഭരണനേതൃത്വങ്ങളും. സ്വന്തം കൃഷിഭൂമിയില്‍ അന്യനെപ്പോലെ ജീവിക്കുന്ന ഗതികെട്ട അവസ്ഥയുണ്ടെന്നിരിക്കേ, പിറന്നുവീണ മണ്ണില്‍നിന്ന് ഈ ജനസമൂഹത്തെ ആട്ടിപ്പുറത്താക്കാനുള്ള അണിയറ അജണ്ടകള്‍ മെനയുകയാണ് ഭരണസംവിധാനങ്ങള്‍. ജീവിത
കാലം മുഴുവന്‍ അടിമത്തം വിധിച്ചിരിക്കുന്ന ഈ മണ്ണിന്റെ മക്കളുടെമേല്‍ അടിച്ചുകയറ്റിയിരിക്കുന്ന ആധുനിക ആണിയാണ് ബഫര്‍സോണ്‍.
സംരക്ഷണകവചമെന്നും ആവരണമെന്നും ഷോക്ക് അബ്‌സോര്‍ബര്‍ എന്നുമൊക്കെ ബഫര്‍സോണിന് അര്‍ത്ഥങ്ങള്‍ നല്‍കാം. സംരക്ഷണകവചമൊരുക്കുന്നത് മനുഷ്യര്‍ക്കോ അവന്‍ നട്ടുവളര്‍ത്തുന്ന ജീവനോപാധികള്‍ക്കോ അല്ല; മറിച്ച്, വനത്തിനും വന്യമൃഗങ്ങള്‍ക്കും സര്‍ക്കാര്‍ വക ഉദ്യാനങ്ങള്‍ക്കുമാണ്. തീര്‍ന്നില്ല, ഇതിനെന്താണു നടപടിക്രമം? മണ്ണില്‍ പണിയെടുക്കുന്നവന്റെ കൃഷിഭൂമി തട്ടിയെടുത്തു സര്‍ക്കാരിന്റേതാക്കുക. പണംമുടക്കി വാങ്ങിയും തലമുറകളായി കൈമാറ്റം ചെയ്തു ലഭിച്ചതുമായ അവന്റെ കൃഷിഭൂമി വനംവകുപ്പിന്റെ അധികാര അഴിഞ്ഞാട്ടത്തിനായി വിട്ടുകൊടുക്കുക. മനുഷ്യനെ സ്വന്തം മണ്ണില്‍നിന്നു പുറത്താക്കി വന്യമൃഗങ്ങള്‍ക്കു സൈ്വരവിഹാരത്തിനായി കുടുതല്‍ പ്രദേശം കണ്ടെത്തുക.
സുപ്രീം കോടതിവിധിയെന്ത്?
ഇന്ത്യയിലെ വന്യമൃഗസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിദുര്‍ബലപ്രദേശമായി പരിഗണിച്ചു ബഫര്‍സോണായി പ്രഖ്യാപിച്ചു വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്ന വിധിയാണ് 2022 ജൂണ്‍ 3 ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. കേരളത്തില്‍ 16 വന്യജീവിസങ്കേതങ്ങള്‍, അഞ്ചു ദേശീയോദ്യാനങ്ങള്‍, രണ്ടു കടുവാസങ്കേതങ്ങള്‍, ഒരു കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് എന്നീ 24 സംരക്ഷിതവനപ്രദേശമാണുള്ളത്. ഇതില്‍ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന്റെ ബഫര്‍സോണ്‍ അതിര്‍ത്തികള്‍ക്ക് അന്തിമവിജ്ഞാപനം ഇതിനോടകം വന്നിട്ടുണ്ട്. ബാക്കി 23 ഇടങ്ങളിലെ വനത്തോടു ചേര്‍ന്നുകിടക്കുന്ന റവന്യൂഭൂമിയിലെ ജനസമൂഹമാണ് ബഫര്‍ സോണിന്റെ ചതിക്കുഴിയില്‍ വീണു നീറി ജീവിക്കുന്നത്.
കോടതിവിധിയിലെ അവ്യക്തതകള്‍
ആശങ്കകളോടൊപ്പം ഒട്ടേറെ അവ്യക്തതകളും ജൂണ്‍ മൂന്നിലെ സുപ്രീം കോടതിവിധിയിലുണ്ട്. പരിസ്ഥിതിലോലമേഖലയില്‍ നിലവില്‍ അനുമതി കിട്ടി ചെയ്തുവരുന്ന പ്രവൃത്തികള്‍ക്ക് വീണ്ടും അനുമതി വേണ്ടിവരുമോ? ആശുപത്രികള്‍, മറ്റ് അവശ്യകെട്ടിടങ്ങള്‍ എന്നിവ കാലാകാലം പുതുക്കിപ്പണിയാന്‍ കഴിയുമോ? ഹോംസ്റ്റേകള്‍ പ്രകൃതിസൗഹൃദമായി പ്രവര്‍ത്തിക്കാം എന്നു പറയുന്നുവെങ്കിലും ഇവിടുത്തെ മാലിന്യസംസ്‌കരണം എങ്ങനെയായിരിക്കണം? ബഫര്‍സോണില്‍ തോട്ടം, കൃഷിയിടം, തുറസ്സായ സ്ഥലം എന്നിവ വാണിജ്യ, വ്യവസായ, ഭവന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കേ, നിലവില്‍ താമസിക്കുന്നവര്‍ക്ക് ഇതു ബാധകമാണോ? കലക്ടര്‍ ചെയര്‍മാനായ മേല്‍നോട്ടസമിതികള്‍ക്കാണ് പ്രദേശങ്ങളുടെ ചുമതല. അതിനാല്‍, ഏതു ജോലിക്കും അവര്‍ക്ക് അപേക്ഷ നല്‍കേണ്ടതായിട്ടുണ്ട്.
സുപ്രീം കോടതിവിധിയില്‍ത്തന്നെ പറയുന്നത്, പൊതുതാല്‍പര്യത്തിനു വേണ്ടതാണെങ്കില്‍ ദുരപരിധിയില്‍ ഇളവു വരുത്താന്‍ കഴിയുമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി നടപ്പാക്കാനുള്ള പ്രായോഗികബുദ്ധിമുട്ടും നടപ്പാക്കിയാല്‍ സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എംപവര്‍ കമ്മിറ്റിയും വനം പരിസ്ഥിതി മന്ത്രാലയവുംവഴി കോടതിയെ സമീപിക്കേണ്ടതാണ്.
നിയന്ത്രണങ്ങളും നിരോധനങ്ങളും
കര്‍ഷകന്റെ സ്വന്തം കൃഷിഭൂമി സര്‍ക്കാരിന്റെ അഥവാ തെളിച്ചുപറഞ്ഞാല്‍ വനംവകുപ്പിന്റെ, നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും വിധേയമാകും. റവന്യൂഭൂമി വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാകും. മൃഗങ്ങള്‍ ജനവാസമേഖലകളിലേക്കു കടന്നുവരാതെ നിര്‍മ്മിച്ചിരിക്കുന്ന നിലവിലുള്ള വേലികളും അതിര്‍ത്തികളിലുള്ള തടസ്സങ്ങളും മതിലുകളും കിടങ്ങുകളും എടുത്തുമാറ്റപ്പെടും. സാവധാനം കൃഷിയിടങ്ങള്‍ വനമായി മാറും.
കൃഷിഭൂമിയില്‍ ഇപ്പോഴുള്ള പല കൃഷികളും നിരോധിക്കപ്പെടും. ബഫര്‍സോണില്‍ എന്തൊക്കെ കൃഷിചെയ്യണമെന്ന് വനംവകുപ്പധികൃതര്‍ തീരുമാനിക്കും. സ്വന്തം മണ്ണില്‍ കര്‍ഷകന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ ഉത്തരവു വേണം. വെള്ളത്തിനായി കിണറുകള്‍ കുഴിച്ചാല്‍ ജയില്‍ജീവിതം ഉറപ്പ്. എല്ലാം വനംവകുപ്പിലെ യജമാനന്മാര്‍ നിശ്ചയിച്ചു പ്രഖ്യാപിക്കും. അഥവാ ഈ ഭൂമിയില്‍ കര്‍ഷകന്‍ എല്ലാം അനുവാദങ്ങളുമായി കുറച്ച് കപ്പയും ചേനയും കാച്ചിലും ഇഞ്ചിയും കൃഷി ചെയ്തുവെന്നിരിക്കട്ടെ. കാട്ടുപന്നി ഉള്‍പ്പെടെ വന്യജീവികളുടെ നശീകരണവും കഴിഞ്ഞ് ബാക്കി കിട്ടുന്ന ഫലം മുഴുവന്‍ കര്‍ഷകനും ഭാര്യയും മക്കളും കഴിച്ചുതീര്‍ത്തുകൊള്ളണം. വില്‍ക്കാന്‍ പാടില്ല. വിപണനം അനുവദിക്കില്ല.
നിരന്തരമായ വന്യജീവിശല്യംമൂലം നിവൃത്തികേടുകൊണ്ട് സ്വന്തം റവന്യൂഭൂമി കൃഷി ചെയ്യാതെയിട്ടാലോ? യാതൊരു നഷ്ടപരിഹാരവുമില്ലാതെ സര്‍ക്കാര്‍ പിടിച്ചെടുത്ത് വനമായി പ്രഖ്യാപിക്കും. ബഫര്‍സോണിലൂടെ റോഡിനും അടിസ്ഥാനസൗകര്യവികസനത്തിനും നിയന്ത്രണമുണ്ട്. താമസത്തിനുള്ള വീട് ഉള്‍പ്പെടെ ഒരു നിര്‍മ്മാണപ്രവര്‍ത്തനവും പാടില്ല. നിലവിലുള്ള വീടിന്റെ ഭാഗമായി ഒരു മുറി പിടിക്കണമെങ്കിലോ വനംവകുപ്പിന്റെ അനുവാദം വാങ്ങിയിരിക്കണം. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ അനുവദിക്കില്ല. ഇപ്പോള്‍ നിലവിലുള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തല്‍ക്കാലം തുടരാമായിരിക്കും. എന്നാല്‍ കച്ചവടവും ജനവാസവുമില്ലാതെ ഭാവിയില്‍ ഇവയെല്ലാം പൂട്ടപ്പെടുമെന്നു മനസ്സിലാക്കാന്‍ ഡോക്ടറേറ്റിന്റെ ആവശ്യമില്ല. അവസാനം ജീവിക്കാന്‍ നിവൃത്തിയില്ലാതെ ജനം തെരുവിലിറങ്ങി പാലായനം ചെയ്യും. എല്ലാം നഷ്ടപ്പെടുന്നവരുടെ ആത്മഹത്യകള്‍ വേറെയും. വനംവകുപ്പിന്റെ അക്കൗണ്ടിലേക്ക് കാര്‍ബണ്‍ ഫണ്ട് ഒഴുകിയെത്തും.
ഖനനം, ക്രഷര്‍, ജലവൈദ്യുതി, തടിമില്ല് ഇവയ്ക്കു നിരോധനമുണ്ട്. ഇവയൊന്നും കര്‍ഷകരുടെ സ്ഥാപനങ്ങളല്ല. പാറഖനനത്തിലൂടെ കെട്ടിടങ്ങളുയരുന്നത് നഗരങ്ങളിലും നേട്ടമുണ്ടാക്കുന്നത് ഖനനമാഫിയകളുമാണ്. മലയോരജനതകള്‍ ഇരകള്‍ മാത്രം. ഈ പ്രതിസന്ധിയില്‍ മലയോരജനതയെ തെരുവിലിറക്കി സ്വന്തം താല്‍പര്യം സംരക്ഷിക്കുവാന്‍ ശ്രമിക്കുകയാണ് ഖനനമാഫിയകള്‍. ജലവൈദ്യുതിമൂലം നേട്ടമുണ്ടാക്കുന്നത് നഗരവാസികളാണ്; തദ്ദേശവാസികളല്ലെന്നുള്ളതിന് നേര്‍സാക്ഷ്യമായി ഇടുക്കി ജില്ലയിലെ വോള്‍ട്ടേജില്ലാത്തതും വൈദ്യുതി കണക്ഷനില്ലാത്തതുമായ ഭവനങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്. ഖനനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് നിലവില്‍ നിയമങ്ങള്‍ വേറെയുണ്ട്. ഖനനങ്ങള്‍ നിരോധിക്കാനും നിയന്ത്രിക്കാനും സര്‍ക്കാരിന്റെ കൈവശം നിയമങ്ങളുണ്ട്. പക്ഷേ, ഇവയൊക്കെ വന്‍മാഫിയാസംഘങ്ങളും രാഷ്ട്രീയ ഉദ്യോഗസ്ഥ ഭരണസംവിധാനങ്ങളും വിലയ്ക്കുവാങ്ങിയ നിയമങ്ങളാണെന്നുമാത്രം. ഖനനനിരോധനങ്ങള്‍ക്ക് ബഫര്‍സോണിന്റെപോലും ആവശ്യവുമില്ലന്നുള്ളതാണു വസ്തുത.
മംഗളവനത്തിന്റെ ഭാഗ്യം
കേരളത്തിന്റെ വന്യജീവിസങ്കേതങ്ങള്‍ക്കു ചുറ്റും വരുന്ന ബഫര്‍സോണുകളില്‍ ഏഴാമത്തേതായി എറണാകുളം പട്ടണത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളവനം പക്ഷിസങ്കേതത്തിനു ചുറ്റുമുള്ള ബഫര്‍ സോണിന്റെ കരട് നോട്ടിഫിക്കേഷന്‍ 2020 സെപ്തംബര്‍ 7 ന് പുറത്തുവന്നു. ആറ് ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള പക്ഷി സങ്കേതമായ മംഗളവനത്തിനു ചുറ്റും 131 ഏക്കര്‍ ഭൂമിയിലാണ് ബഫര്‍സോണ്‍ നോട്ടിഫിക്കേഷന്‍ വന്നിരിക്കുന്നത്. മംഗളവനത്തിനു ചുറ്റുമുള്ള വന്‍കിട ഫ്‌ളാറ്റുകളും കെട്ടിടങ്ങളും വീടുകളും കോളനികളും പരിപൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളവനത്തിന്റെ പടിഞ്ഞാറ് വശവും തെക്കുപടിഞ്ഞാറുവശത്തും കേരള ഹൈക്കോടതിയുടെ പഴയ കെട്ടിടവും സെന്‍ട്രല്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടവുമാണ്. ആ ഭാഗത്തു ബഫര്‍ സോണ്‍ ഇല്ല. എറണാകുളം പട്ടണത്തില്‍ വീടുകളും വന്‍കിട ഫ്‌ളാറ്റുകളും ഒഴിവാക്കിക്കൊണ്ട് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരിക്കെ എന്തുകൊണ്ടാണ് മലയോരമേഖലയില്‍ ജീവിക്കുന്ന പാവപ്പെട്ട കൃഷിക്കാരുടെ വീടുകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് ബഫര്‍ സോണ്‍ പ്രഖ്യാപിക്കാന്‍ പറ്റാത്തതെന്ന ചോദ്യം ന്യായമല്ലേ?
ഇടുക്കിയുടെ കഷ്ടകാലം
കോടതിയുത്തരവ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ജനസാന്ദ്രത കൂടിയ കേരളത്തെയാണ്. പതിറ്റാണ്ടുകളായി വനമേഖലയോടുചേര്‍ന്ന് ജീവിതം കെട്ടിപ്പടുത്ത ജനങ്ങള്‍ തങ്ങളുടെ എല്ലാം ഉപേക്ഷിച്ച് പോകേണ്ടിവരുമോയെന്ന ആധിയിലാണ്. വിധി നടപ്പാക്കേണ്ടിവന്നാല്‍ ഇടുക്കിജില്ലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്ക് കാരണമാകും. 4358 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ജില്ലയില്‍ 3770 ചതുരശ്ര കിലോമീറ്ററും വനമാണ്. സംസ്ഥാനത്തെ അഞ്ച് ദേശീയോദ്യാനങ്ങളില്‍ നാലും ഈ ജില്ലയിലാണ്. കൂടാതെ, നാല് വന്യജീവി സങ്കേതവും ഉണ്ട്. നിയമം നടപ്പായാല്‍ ജനജീവിതത്തിന് വെല്ലുവിളി ഉയരുന്നതിനോടൊപ്പം ജില്ലയുടെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസംമേഖലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയുമുണ്ടാകും. തേക്കടി പോലുള്ള ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍ ഇല്ലാതാകും. പല ടൗണിന്റെയും നിലനില്പുപോലും അസാധ്യമാകും. പെരിയാര്‍ കടുവാസങ്കേതത്തിന്റെ ഭാഗമായ ശബരിമലയിലും പമ്പയിലും നിലയ്ക്കലും വികസനപ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകും.
നിയമനിര്‍മ്മാണം അടിയന്തരം
ബഫര്‍സോണ്‍ എന്ന കൊടുംവാളില്‍നിന്ന് രക്ഷപ്പെടാന്‍ വഴികളുണ്ടോയെന്ന് മലയോരജനത അന്വേഷണത്തിലാണ്. ഉത്തരമെല്ലാം ചെന്നെത്തുന്നത് കോടതിയിലേക്കല്ല, സര്‍ക്കാരിലേക്കാണ്. ജനാധിപത്യസംവിധാനത്തിലെ പൗരസമൂഹം തിരിച്ചറിയാതിരിക്കുന്നത് അഥവാ മറന്നുപോകുന്നത് സര്‍ക്കാരെന്നു പറഞ്ഞാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളും ജനം നികുതിപ്പണത്തിലൂടെ തീറ്റിപ്പോറ്റുന്ന ഉദ്യോഗസ്ഥരുമാണെന്നുള്ളതാണ്. ബ്രിട്ടീഷ് അടിമത്ത്വത്തേക്കാള്‍ ക്രൂരമായ ഇവരുടെ അടിമത്ത്വഭരണമാണ് ഒരുസമൂഹത്തെയൊന്നാകെ ഇന്നു തെരുവിലേക്ക് തള്ളിവിടുന്നത്.
ബഫര്‍സോണ്‍ വിഷയത്തില്‍ നിയമനിര്‍മ്മാണമാണ് ശാശ്വതമായ പോംവഴി. റവന്യൂഭൂമിയുടെ പരിപൂര്‍ണ്ണ അവകാശം അതിന്റെ ഉടമസ്ഥനാകണം. കര്‍ഷകഭൂമിയില്‍ ആരുടെയും കൈയേറ്റം അനുവദിക്കില്ല. കര്‍ഷകന് ഭൂമി ആര്‍ക്കുവേണമെങ്കിലും വില്‍ക്കാം. വനംവകുപ്പിനോ വ്യക്തികള്‍ക്കോ നിശ്ചിതവിലനല്‍കി സര്‍വ്വസമ്മതത്തോടെ ഏറ്റുവാങ്ങാം. ഇവിടെയിപ്പോള്‍ പിടിച്ചുപറിക്കുന്ന അധികാരധാര്‍ഷ്ട്യമാണുള്ളത്. കോടതി വിധിക്കുന്നത് നിയമങ്ങളുടെയും രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ്. നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമസഭയിലും പാര്‍ലമെന്റിലും ജനപ്രതിനിധികളും. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടാപ്പം നിന്ന് വെടിവയ്ക്കുകയും ചെയ്യുന്ന ഇവരാണ് മറഞ്ഞിരുന്നു ദ്രോഹിക്കുന്ന യഥാര്‍ത്ഥ ശത്രുക്കളെന്ന് രാഷ്ട്രീയാന്ധത ബാധിച്ച ജനമിന്നും അറിയുന്നില്ല. ബഫര്‍സോണിന്റെ പിന്നിലും ഈ കള്ളക്കളിയാണ് അരങ്ങുതകര്‍ക്കുന്നത്.
സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടോ?
നിലവിലുള്ള സുപ്രീംകോടതിവിധിയില്‍ സംസ്ഥാനസര്‍ക്കാര്‍ ആത്മാര്‍ത്ഥസമീപനം സ്വീകരിച്ചാല്‍ ഒരു ജനസമൂഹത്തിന് രക്ഷയുടെ വാതില്‍ തുറക്കും. ജൂലൈ 12 ന് റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തതുകൊണ്ടു മാത്രം ഉദ്ദേശിക്കുന്ന ഫലമുണ്ടാവില്ല. ബദല്‍നിര്‍ദ്ദേശങ്ങളുമായി സംസ്ഥാനത്തിന് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനുമാവില്ല. കേന്ദ്ര എംപവര്‍ കമ്മിറ്റി മുഖേന മാത്രമേ കോടതിയിലേക്ക് നീങ്ങാനാവൂ. സുപ്രീംകോടതിക്കല്ലാതെ മറ്റൊരു കോടതിക്കും ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ജൂലൈ മൂന്നില വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രശ്‌നബാധിതമേഖലയിലെ ജനവാസം, നിലവിലുള്ള ഭൂമിയുടെ അവസ്ഥ എന്നിവയെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് മൂന്നുമാസത്തിനുള്ളില്‍ സമര്‍പ്പിക്കുവാന്‍ കോടതിതന്നെ മുഖ്യവനപാലകനും ചീഫ് സെക്രട്ടറിക്കും ഉത്തരവാദിത്വം നല്‍കിയിട്ടുണ്ട്. ഇതിന്റെ കൃത്യതയും വ്യക്തതയും സമീപനവും പോലിരിക്കും ഏതാണ്ട് അഞ്ചു ലക്ഷത്തോളം മലയോരജനതയുടെ ജീവിതവും ഭാവിയും.
ബഫര്‍ സോണ്‍ വനത്തിനുള്ളില്‍
വനത്തിനുള്ളില്‍ അഥവാ വന്യജീവിസങ്കേതത്തിനുള്ളില്‍ ബഫര്‍സോണുകള്‍ നിജപ്പെടുത്തുവാനും മനസ്സുവച്ചാല്‍ സര്‍ക്കാരിനാവും. ശാശ്വതപ്രശ്‌നപരിഹാരത്തിന് ഇതനുസരിച്ചുള്ള നിയമനിര്‍മ്മാണമാണ് വേണ്ടത്. ഇതു സാധിച്ചില്ലെങ്കില്‍ സു്രപീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം മരടില്‍ സംഭവിച്ചതുപോലെ പൊളിച്ചടുക്കുണ്ടാകും. മരടില്‍ സുപ്രീം കോടതിവിധി വന്നപ്പോള്‍ സംരക്ഷകരായി ഓടിക്കൂടിയ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ പൊളിക്കുമ്പോള്‍ ഒളിച്ചോടിയത് നാം കണ്ടതാണ്. നിയമനിര്‍മ്മാണം വന്നാല്‍ വിദേശസാമ്പത്തിക ഏജന്‍സികളില്‍നിന്നു വനംവകുപ്പിനു ലഭിക്കുന്ന കാര്‍ബണ്‍ഫണ്ടില്‍ അല്പം കുറവുണ്ടാകും. ഈ പണസമ്പാദനത്തിനും ഒറ്റുകാശിനുമായി ഒരു സമൂഹത്തെ മുഴുവന്‍ കുരുതികൊടുക്കുന്ന കാട്ടുനീതിക്കു കൂട്ടുനില്‍ക്കണോയെന്ന് മനഃസാക്ഷിയുള്ളവര്‍ ചിന്തിക്കുക.