അലോപ്പതി മരുന്നുത്പാദനത്തിനാവശ്യമായ രാസസംയുക്തങ്ങളുണ്ടാക്കുന്ന 115 ഫാര്‍മസി പ്ലാന്റുകള്‍ ഗുജറാത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ ഇന്ത്യയിലെ മരുന്നുത്പാദനം പ്രതിസന്ധിയിലായി. വാക്‌സിന്‍ കയറ്റുമതിയിലടക്കം ഒന്നാംസ്ഥാനത്തുള്ള ഇന്ത്യയെ മരുന്നുത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാവണം ഗുജറാത്തിലും പഞ്ചാബിലും ഹിമാചല്‍പ്രദേശിലുമായി മൂന്നു ബള്‍ക്ക് ഡ്രഗ് ഫാര്‍മ പാര്‍ക്ക് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതും ഫണ്ട് അനുവദിച്ചതും.
മരുന്നുകളുടെ ഏറ്റവും വലിയ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെന്തേ നാളിതുവരെ ഒരു ഫാര്‍മസി പ്ലാന്റുപോലും തുടങ്ങാത്തത് എന്നത് വെറുമൊരു ചോദ്യമായി അവശേഷിക്കാന്‍ പാടില്ല. ഇന്ത്യയില്‍ മരുന്നുകള്‍ ഏറ്റവും കൂടുതലായി വിറ്റഴിക്കാന്‍ മാത്രമല്ല, നിര്‍മിക്കാനും കേരളത്തിന് ആസ്തിയുണ്ടെന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അറിയാമായിരുന്നിട്ടും മൗനം ദീക്ഷിക്കുന്നതെന്തിന്? പ്രതിവര്‍ഷം പതിനായിരം കോടി രൂപയുടെ മരുന്നാണ് സംസ്ഥാനത്തു വിറ്റഴിക്കപ്പെടുന്നത്. ബള്‍ക്ക് ഫാര്‍മസികള്‍ ഇല്ലെന്നു മാത്രമല്ല, സര്‍ക്കാരിന്റേതുള്‍പ്പെടെ നിലവിലുള്ള മരുന്നുനിര്‍മാണയൂണിറ്റുകള്‍ തകര്‍ച്ചയിലുമാണ്.
ഗുജറാത്തിനു പുറമേ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ കൊവിഡനന്തരം കൂടുതല്‍ നിക്ഷേപമിറക്കി ഈ മേഖലയില്‍ വലിയ മുന്നേറ്റമാണു നടത്തുന്നത്. നിലവില്‍ ഗുജറാത്തില്‍ ആകെ 3415 ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണകേന്ദ്രങ്ങളുണ്ട്. രണ്ടുവര്‍ഷത്തിനിടെ ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റ് 288 പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണയൂണിറ്റുകള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. വിറ്റാമിനുകള്‍, ആന്റിബയോട്ടിക്കുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയ്ക്കായുള്ള ബള്‍ക്ക് മരുന്നുകള്‍ ഗുജറാത്തില്‍നിന്നു വരുത്തി മലയാളി കഴിക്കുന്ന കാലമാണു വരാനിരിക്കുന്നത്.
ചൈനയില്‍നിന്നു വരവുകുറഞ്ഞതോടെ 40,000 ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് വന്‍വിലവര്‍ധനയുണ്ടായി. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിലയില്‍ 10.7 ശതമാനം വര്‍ധനയാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അഥോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. അവശ്യമരുന്നുകളുടെ വിലയില്‍ ഒറ്റയടിക്കു പത്തുശതമാനത്തിലധികം വര്‍ധന ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നോടെ നിലവില്‍ വന്നത് ദീര്‍ഘകാലത്തിനിടെ ആദ്യമായാണ്.
ആരോഗ്യപരിപാലനത്തിലും വികസനസംരംഭങ്ങളിലും ഏറ്റവും ശ്രദ്ധാലുക്കളാണു കേരളീയര്‍ എന്നാണല്ലോ പൊതുവെ പറയാറുള്ളത്. കൊവിഡുകാലത്തും പിന്നീടും ആരോഗ്യസുരക്ഷയില്‍ മാതൃകാസംസ്ഥാനമെന്ന ഖ്യാതികേരളത്തിനുണ്ടായി എന്നതും ശ്രദ്ധേയം. കേരളീയര്‍ ജനസംഖ്യയില്‍ മൂന്നു ശതമാനമേയുള്ളൂവെങ്കിലും രാജ്യത്തെ പത്തുശതമാനത്തോളം മരുന്നും വിറ്റഴിക്കുന്നതു കേരളത്തിലായിരിക്കേ, സംസ്ഥാനസര്‍ക്കാര്‍ ഫാര്‍മമേഖലയോടു മുഖം തിരിക്കുന്നതിനെതിരേ രൂക്ഷമായ ആക്ഷേപമുയര്‍ന്നിരിക്കുന്നു. അനുകൂലമായ കാലാവസ്ഥ, അടിസ്ഥാനവികസനസൗകര്യം, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവ ആവശ്യത്തിലധികവും ഉണ്ടായിരുന്നിട്ടും കേരളം മരുന്നുത്പാദന രംഗത്ത് തികഞ്ഞ അലംഭാവം കാണിക്കുന്നതു നീതീകരിക്കാനാവില്ല.
സംസ്ഥാനത്താവശ്യമായ മരുന്നിന്റെ ഒരു ശതമാനംപോലും ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തില്‍ നിലവിലില്ല എന്ന വസ്തുത ലജ്ജാകരമാണ്. സംസ്ഥാനത്ത് ഫാര്‍മസി പാര്‍ക്ക് സ്ഥാപിക്കാനുള്ള സാധ്യതാപഠനറിപ്പോര്‍ട്ട് ഫാര്‍മസി ബിരുദധാരികളുടെ സംഘടനയായ കെ.പി.ജി.എ. സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മാണശാല സ്ഥാപിക്കാനുള്ള സാധ്യതാപരിശോധനയ്ക്കായി 2021 ലെ ബജറ്റില്‍ പത്തുകോടി രൂപ നീക്കിവച്ചെങ്കിലും, അക്കാര്യത്തില്‍ ചലനവേഗമുണ്ടായില്ല. എറണാകുളത്ത് പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കുമെന്ന് ബജറ്റില്‍ നിര്‍ദേശമുണ്ടായതല്ലാതെ പ്രാരംഭനടപടികള്‍പോലുമുണ്ടായില്ല.
സര്‍ക്കാര്‍ ആരോഗ്യരംഗത്തെ പുരോഗതി സവിസ്തരം വീമ്പിളക്കിപ്പറഞ്ഞ് ചാനല്‍ച്ചര്‍ച്ചകളില്‍ അഭിമാനം കൊള്ളുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, മരുന്നുത്പാദനകേന്ദ്രങ്ങളുള്‍പ്പെടെ പൊതുമേഖലയിലും സഹകരണമേഖലയിലും സ്വകാര്യമേഖലയിലും അതിനൂതനാരോഗ്യസംരംഭങ്ങള്‍ തുടങ്ങാനുള്ള ഇച്ഛാശക്തിയും ക്രിയാത്മകതയും കാണിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാവുകയും വേണം.