വിചാരണക്കോടതികള്‍ വധശിക്ഷ വിധിക്കുന്നതു പലപ്പോഴും പകവീട്ടുന്നതുപോലെയാണെന്നും പ്രതികളുടെ മാനസികാവസ്ഥയും കുടുംബപശ്ചാത്തലവുമുള്‍പ്പെടെയുള്ള ഘടകങ്ങള്‍കൂടി പരിഗണിച്ചാണു വിധി പറയേണ്ടതെന്നും ഇക്കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ നിരീക്ഷണം രാജ്യം ശ്രദ്ധയോടെ കേട്ടു. വിധിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചു പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറത്തിറക്കി.
2015 ല്‍ മധ്യപ്രദേശിലെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ജസ്റ്റീസ് യു.യു. ലളിത്, എസ്. രവീന്ദ്രഭട്ട്, ബേല എം. ത്രിവേദി എന്നിവരുള്‍പ്പെട്ട ബഞ്ചിന്റെ നിര്‍ദേശം. വിചാരണയ്ക്കിടെ പ്രതികള്‍ക്കു മാനസാന്തരമുണ്ടാകാനുള്ള സാഹചര്യമുണ്ടോയെന്നു കോടതികള്‍ ഒരിക്കല്‍പ്പോലും പരിശോധിക്കുന്നില്ലെന്നുള്ള ബെഞ്ചിന്റെ അതിരൂക്ഷമായ വിമര്‍ശനമാണ് കാര്യഗൗരവമായ വിചിന്തനത്തിനു പ്രസക്തിമായിരിക്കുന്നത്.
മനുഷ്യവ്യക്തിത്വത്തെ ആദരിക്കുകയും തുല്യധാര്‍മികമൂല്യത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും ചെയ്യുന്ന ഇക്കാലഘട്ടത്തില്‍, വധശിക്ഷയ്ക്കു നിയമപരിരക്ഷ നല്കുന്നതു ചോദ്യം ചെയ്യപ്പെടുകയാണ്. ജീവന്റെ അധിപതി ദൈവമാണെന്നും മനുഷ്യജീവനെ നശിപ്പിക്കാനല്ല, പരിരക്ഷിക്കാന്‍ മാത്രമേ മനുഷ്യന് അവകാശമുള്ളൂവെന്നും സാമാന്യവിദ്യാഭ്യാസമുള്ളവര്‍ക്കുകൂടി അറിയാമായിരിക്കേ, വധശിക്ഷയെന്ന പ്രാകൃതകൊലപാതകത്തെ നിയമംമൂലം നിലനിര്‍ത്തിയിരിക്കുന്നതു ക്രൂരവും മനുഷ്യത്വരഹിതവുമാണ്. അത് നമ്മുടെ ധാര്‍മികതയ്ക്കു സംസ്‌കാരത്തിനുമേറ്റ അതിക്രൂരമായ പ്രഹരമാണ്.
2007 മുതല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വധശിക്ഷ നിര്‍ത്തലാക്കാനുള്ള പ്രമേയങ്ങള്‍ കൊണ്ടുവന്നിട്ടും, വികസിതരാജ്യങ്ങളായ അമേരിക്കയിലും ജപ്പാനിലും വധശിക്ഷ നിലനില്ക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ആരാച്ചാരായി ചൈന തുടരുന്നു. ഇറാനും സുഡാനും ഉത്തരകൊറിയയും രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ വധശിക്ഷയെ ശരണം പ്രാപിക്കുന്നുവത്രേ. താരതമ്യേന അപൂര്‍വമാണെങ്കിലും, ഇന്ത്യയിലും വധശിക്ഷ നൈയാമികമായി അംഗീകരിക്കുന്ന രീതിയാണു നിലവിലുള്ളത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരവും പൈശാചികവുമായ കൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷാരീതി എന്ന നിലയിലാണു വധശിക്ഷയെ ന്യായീകരിക്കുന്നവര്‍ വ്യാഖ്യാനിക്കുന്നത്. ഒരു തെറ്റിനെ അതിനെക്കാള്‍ വലിയൊരു തെറ്റുകൊണ്ടു പരിഹരിക്കാമെന്നു പറയുന്നതില്‍ എന്തുനീതിയാണുള്ളത്. ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളൊഴികെ, മറ്റെല്ലാ കുറ്റങ്ങള്‍ക്കും വധശിക്ഷ ഒഴിവാക്കണമെന്നു ലോ കമ്മീഷന്‍ 2015 ഓഗസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അത് എത്രയും വേഗം നിര്‍ത്തലാക്കുന്നത് അഭികാമ്യമെന്നാണ് കമ്മീഷന്റെ അഭിപ്രായം.
വധശിക്ഷയിലൂടെ കുറ്റവാളിയെ നൈയാമികമായി കൊന്നുകളയുന്ന പ്രാകൃതരീതി തിരുത്തപ്പെടേണ്ടതാണെന്നു പറയാന്‍ ഇനി ആരും മടിക്കേണ്ടതില്ല. അത്തരത്തിലുള്ള നിരീക്ഷണമാണ് രാജ്യത്തെ പരമോന്നത നീതിപീഠം ഇപ്പോള്‍ ഉയര്‍ത്തിരിക്കുന്നത്. പ്രതികള്‍ക്കു മാനസാന്തരപ്പെടാനുള്ള സ്വാഭാവികസാധ്യതയെ തള്ളിക്കളയാനുള്ള അധികാരം ഈ ഭൂമിയില്‍ ആര്‍ക്കാണുള്ളത്? അതു പരിശോധിച്ചറിയാനുള്ള സംവിധാനങ്ങള്‍ നിലവിലില്ലെങ്കില്‍ ഉറപ്പുവരുത്തേണ്ട ചുമതല ഉത്തരവാദിത്വപ്പെട്ടവര്‍ക്കുണ്ടാകണം. വിചാരണഘട്ടംമുതല്‍ ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്തണം. പ്രതികളുടെ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, സാമൂഹിക - സാമ്പത്തിക പശ്ചാത്തലം തുടങ്ങിയവയൊക്കെ പരിഗണിക്കണം. ഇതിനായി കോടതിയും സംസ്ഥാനങ്ങളും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണം. 1980 ലെ ബച്ചന്‍സിങ് കേസില്‍ കൊലപാതകസാഹചര്യം വിശദമായി പരിശോധിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പ്രതിയുടെ മാനസികനില, കൊലപാതകം നടത്താനിടയായ സാഹചര്യം, കുടുംബപശ്ചാത്തലം, ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന കാര്യം എന്നിവയൊക്കെ പരിശോധിച്ചു മാത്രമേ വധശിക്ഷയിലേക്കു പോകാവൂ എന്നായിരുന്നു നിര്‍ദേശങ്ങള്‍.
കുറ്റവാളിയായാലും അല്ലെങ്കിലും ജീവിക്കാനുള്ള ഒരാളുടെ അവകാശത്തെ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശധ്വംസനമാണ്. വധശിക്ഷപോലുള്ള മനുഷ്യത്വരഹിതവും അപമാനകരവുമായ ശിക്ഷാരീതികള്‍ പിന്തുടരുന്നത് വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള ഒരു രാജ്യത്തിനോ ജനതയ്‌ക്കോ ഭൂഷണമല്ല. വധശിക്ഷകൊണ്ടു പ്രതിയെ തീര്‍ത്തുകളയാമെന്നല്ലാതെ, കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനെ ഇല്ലാതാക്കാനാവില്ലല്ലോ. കൊലപാതകം, ബലാത്സംഗം പോലുള്ള മാരകമായ കുറ്റകൃത്യങ്ങള്‍ക്കു കാരണം വ്യക്തിത്വവൈകല്യമോ അമിത ലഹരിയുപയോഗമോ ആണെന്നു മനഃശാസ്ത്രപഠനങ്ങള്‍ പറയുന്നു. അതായത്, സുബോധത്തോടെ, ആയിരിക്കുകയില്ല ഇവര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത്. അത്തരക്കാര്‍ക്ക് മാനസാന്തരപ്പെടാനും പുതിയ ജീവിതത്തിലേക്കു വരാനുമുള്ള സാധ്യതയെയാണ് നൈയാമിക കൊലപാതകത്തിലൂടെ നിഷേധിക്കുന്നതെന്നോര്‍ക്കണം. ഇതിനു നമ്മുടെ ഭരണാധികാരികളും നിയമങ്ങളും നീതിപീഠങ്ങളും കൂട്ടുനില്ക്കുന്നുണ്ടെങ്കില്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ മാത്രമല്ല, പൗരസമൂഹം മുഴുവനും തുറന്നു പ്രതികരിച്ചു പ്രതിഷേധിക്കേണ്ട സമയമടുത്തിരിക്കുന്നു.
''വധശിക്ഷ ജുഡീഷ്യല്‍ മര്‍ഡര്‍ ആണെന്നാണ് എന്റെ വിശ്വാസം... ഒരു കുറ്റവാളിയെ നന്നാക്കിയെടുക്കുകയാണ് പരിഷ്‌കൃതസമൂഹത്തിന്റെ ധര്‍മം. വികാരപ്രകടനത്തിലൂടെ ഒരാളെ ഇല്ലാതാക്കുന്ന വധശിക്ഷയില്‍ വന്യമായ ഒരാനന്ദമുണ്ട്. അതു മറികടക്കുമ്പോഴാണ് നാം പരിഷ്‌കൃതസമൂഹമാകുന്നത്. ജസ്റ്റീസ് കെ.ടി. തോമസിന്റെ ഈ നിരീക്ഷണം ആഴമുള്ളതാണ്. വധശിക്ഷ അംഗീകരിക്കാനാവാത്തതും ഇല്ലാതാക്കേണ്ടതുമാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പാ 'എല്ലാവരും സഹോദരര്‍' എന്ന ചാക്രികലേഖനത്തില്‍ അടിവരയിട്ടു പറഞ്ഞതും ഇത്തരുണത്തില്‍ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.