മനുഷ്യര്‍ അടിസ്ഥാനപരമായി പരിസ്ഥിതിയോട് അഭേദ്യമായി ബന്ധപ്പെട്ടു കഴിയുന്നവരാണ്. ''പരിസ്ഥിതി'' എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ 'ചുറ്റുപാട്'', ''പരിസരം'' എന്നൊക്കെയാണ്. അങ്ങനെയാകുമ്പോള്‍ നമുക്കു പുറമേയുള്ളതെല്ലാം നാനാവിധത്തില്‍ നമ്മുടെ വളര്‍ച്ചയെയും വ്യക്തിത്വവികസനത്തെയും സ്വഭാവരൂപവത്കരണത്തെയും മനുഷ്യരാശിയുടെതന്നെ നിലനില്പിനെയും സാരമായി സ്വാധീനിക്കുന്നുണ്ട്. പ്രപഞ്ചത്തോടും പ്രകൃതിയോടും മല്ലടിച്ചും മറുതലിച്ചും അധികകാലം മുന്നോട്ടുപോകാന്‍ മനുഷ്യകുലത്തിനു സാധിക്കില്ല. അത്രയ്ക്ക് അവിഭാജ്യമായ ആശ്രയത്വമാണ് അവര്‍ക്കിടയിലുള്ളത്.
ഈയൊരു മൗലികമായ ബോധ്യംകൂടിമനുഷ്യവംശത്തിനു നല്കിക്കൊണ്ടല്ലേ നരരൂപമെടുത്ത നസ്രായനും തികഞ്ഞ പരിസ്ഥിതിസ്‌നേഹിയായി മണ്ണില്‍ കഴിഞ്ഞത്? സര്‍വചരാചരങ്ങളുടെയും പ്രീതിയിലാണ് അവന്‍ വളര്‍ന്നുവന്നത്. പുഴകളും പുഷ്പങ്ങളും കുന്നുകളും കുരുവികളും മലകളും മരങ്ങളും കുളങ്ങളും കടലുകളും പാടങ്ങളും പുല്‍ത്തകിടികളുമൊക്കെ അവന്റെ പ്രസംഗങ്ങളിലും പ്രബോധനങ്ങളിലും നിറഞ്ഞുനിന്നിരുന്നു. വിളഞ്ഞുകിടക്കുന്ന വയലേലകളും നുരഞ്ഞൊഴുകിയ അരുവികളും ഫലനിബിഡമായ അത്തിവൃക്ഷങ്ങളുമൊക്കെ അവന്റെ കണ്ണുകള്‍ക്കു കുളിര്‍മയേകി. അവയെയൊക്കെ തൊട്ടും
തലോടിയും അവന്‍ നടന്നു. അവയ്‌ക്കൊക്കെകരുതലിന്റെ കരസ്പര്‍ശം അവന്‍ സമ്മാനിച്ചു. കാരണം, അവയിലോരോന്നിലും പാതയോരത്തെ പുല്ലിനെപ്പോലും അണിയിച്ചൊരുക്കുന്ന (മത്തായി 6:30) സ്വര്‍ഗസ്ഥനായ സ്വപിതാവിന്റെ കൈവിരല്‍പ്പാടുകള്‍ അവന്‍ കണ്ടിരുന്നു. പൂക്കളിലൊന്നു കൊഴിയുന്നതും, പറവകളിലൊന്നു നിലംപതിക്കുന്നതും കൃത്യമായി അറിയുന്ന, സകലത്തിന്റെയുംമേല്‍ ശ്രദ്ധയുള്ള ഒരു ദൈവത്തെയാണ് അവന്‍ തന്റെ ശ്രോതാക്കള്‍ക്കു പരിചയപ്പെടുത്തിയത്. അക്കാരണത്താല്‍, ചുറ്റുമുണ്ടായിരുന്ന ഒന്നിനെയും ചവിട്ടിമെതിക്കാതെയും മലിനമാക്കാതെയും മണ്ണിലൂടെ അവന്‍ സഞ്ചരിച്ചു. പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും തീര്‍ത്തും നിസാരമായവപോലും അവനു പ്രിയങ്കരവും ബഹുമാന്യവും അമൂല്യവുമായിരുന്നു. തന്നെയുമല്ല, അവയില്‍നിന്നെല്ലാം പലപല പാഠങ്ങള്‍ പഠിക്കാന്‍ അവന്‍ തന്റെ അനുയായികളോടാവശ്യപ്പെടുകയും ചെയ്തു.
പരിസ്ഥിതിയെപ്പറ്റിയുള്ള ക്രിസ്തീയമായ കാഴ്ചപ്പാടിനോടു ചേര്‍ന്നുപോകുന്ന പ്രബോധനങ്ങള്‍തന്നെയാണ് ലോകത്തിലെ ഇതര മുഖ്യധാരാമതങ്ങളിലുമുള്ളത്. ഹൈന്ദവവേദങ്ങളിലെ വിശ്വാസപ്രമാണങ്ങളനുസരിച്ച് ഭൂമി മാതൃദേവതയാണ്. ആയതിനാല്‍, അവളെ മനുഷ്യമക്കള്‍ ആദരവോടെ പരിചരിക്കണം. പ്രകൃതിയും പരിസരവും നമ്മുടെ അസ്തിത്വത്തിന്റെയും അതിജീവനത്തിന്റെയും ഒഴിച്ചു
കൂടാനാവാത്ത ഘടകങ്ങളാണ്. പരിസ്ഥിതിസംരക്ഷണമാണ് മനുഷ്യന്റെ മൗലികദൗത്യം. എല്ലാറ്റിലും ദൈവമുണ്ടെന്നും സകലജീവജാലങ്ങളും ഒരു ബൃഹത്തായ അംഗഘടനയുടെ ഭാഗമാണെന്നും മഹാഭാരതത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇസ്ലാംമതത്തിന്റെ ഉദ്‌ബോധനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതിപരിപാലനം. മനുഷ്യര്‍ പാരിന്റെയും പരിസ്ഥിതിയുടെയും കാര്യസ്ഥരാണ്. അതുകൊണ്ടുതന്നെ അവയെ സംരക്ഷിക്കാന്‍ അവര്‍ക്കു കടമയുണ്ട്. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളുമൊക്കെ മനുഷ്യ
രുടെ മാറിമാറി വരുന്ന ജീവിതശൈലിയുടെ പരിണതഫലങ്ങളാണ്.
ബുദ്ധമതപ്രബോധനങ്ങളില്‍ പ്രപഞ്ചത്തിലുള്ള സര്‍വതിന്റെയും പരസ്പരബന്ധത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. അതനുസരിച്ച്, മനുഷ്യര്‍ പരിസ്ഥിതിയെയും പരിസ്ഥിതി മനുഷ്യരെയും ആശ്രയിച്ചാണു കഴിയുന്നത്. പ്രകൃതിയുടെ ഏതെങ്കിലുമൊരു ഭാഗത്തോടു നാം ചെയ്യുന്ന ദ്രോഹം അതിന്റെ സമസ്തത്തോടുതന്നെയാണു ചെയ്യുന്നത്. ആയതിനാല്‍, മനുഷ്യര്‍ പരിസ്ഥിതിയോടു സൗഹൃദത്തിലും ലാളിത്യത്തിലും ജീവിക്കാന്‍ പഠിച്ചാല്‍ പ്രപഞ്ചംമുഴുവനും അതു പ്രയോജനപ്പെടും. സിക്ക് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിലെ പ്രബോധനമനുസരിച്ച്, ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ കാര്യസ്ഥരാണ് മനുഷ്യര്‍. അതുകൊണ്ട്, നാം അതിനോടു ബഹുമാനവും ഉത്തരവാദിത്വവും പ്രദര്‍ശിപ്പിക്കണം. അതോടൊപ്പം, നമ്മുടെയും വരാനിരിക്കുന്ന തലമുറകളുടെയും ആവശ്യങ്ങളെപ്പറ്റി ചിന്തയുള്ളവരുമായിരിക്കണം. ജൈനമതത്തിന്റെ പരിസ്ഥിതിധര്‍മശാസ്ത്രം പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും പരസ്പരബന്ധത്തെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. ഇത്തരമൊരവബോധം സ്വന്തമാക്കിക്കൊണ്ട് ജീവജാലങ്ങള്‍ അന്യോന്യം ആദരിക്കുകയും സംരക്ഷിക്കുകയും വേണം.
ഇങ്ങനെ നോക്കുമ്പോള്‍, മണ്ണിലെ മതങ്ങള്‍ക്കെല്ലാം മതിലുകള്‍ മറന്നും മറികടന്നും പരസ്പരം കൈകോര്‍ത്തു നില്ക്കാവുന്ന ഒരു പൊതുവേദിയും, സ്പര്‍ദ്ധ മറന്നു പ്രവര്‍ത്തിക്കാവുന്ന മേഖലയുമാണ് പരിസ്ഥിതിസംരക്ഷണത്തിന്റേത്. ഇന്നിന്റെ ഭദ്രതയും, ഭാവിയുടെ ഭാസുരതയുമാണ് സര്‍വപ്രധാനം.
പരിസ്ഥിതി മനുഷ്യനിര്‍മിതമല്ല. അതുകൊണ്ടുതന്നെ അതിനെ മോശമാക്കാനോ നശിപ്പിക്കാനോ മനുഷ്യന് അനുമതിയുമില്ല. പരിസ്ഥിതിയെ നമ്മുടെ ഓരോരുത്തരുടെയും അര്‍ദ്ധസത്തയായി കാണാന്‍ കഴിയണം. അപ്പോള്‍ അതിനെ നാം മലിനമാക്കുകയോ ദുരുപയോഗിക്കുകയോ നിന്ദിക്കുകയോ അപായപ്പെടുത്തുകയോ ഇല്ല. പരിസരത്തെ ഒരു കണ്ണാടിയായി കരുതണം. കണ്ണാടി വെടിപ്പുള്ളതാണെങ്കില്‍ മാത്രമേ അതില്‍ നോക്കുന്ന നമ്മുടെ ഛായയും വൃത്തിയുള്ളതാകൂ. അല്ലെങ്കില്‍ മുഖം എത്ര മിനുക്കിയാലും പ്രയോജനമൊന്നുമുണ്ടാകില്ല. നമ്മുടെ ചുറ്റുപാട് ശുചിത്വമുള്ളതാകുമ്പോഴേ നമ്മുടെ ജീവിതവും ശുദ്ധിയുള്ളതാകൂ. പരിസ്ഥിതിയെ ഒരു പാഠപുസ്തകമായി പരിഗണിക്കാന്‍ പരിശീലിക്കണം. അതിനുള്ളിലെ ഓരോ താളും അമൂല്യമായ അവബോധങ്ങള്‍ നമുക്കു പറഞ്ഞുതരുന്ന അധ്യായങ്ങളാണ്. പ്രകൃതിയില്‍നിന്നല്ലേ അധികം അറിവും നാം സ്വായത്തമാക്കുന്നത്? നാം പരിസ്ഥിതിപ്രേമികളായാല്‍ മാത്രം മതിയാകില്ല; പരിസ്ഥിതിപാലകര്‍കൂടിയാകണം.
വ്യാപകമായിട്ടുള്ള 'വലിച്ചെറിയല്‍വ്യാധി'യില്‍നിന്നു മനുഷ്യവംശം വലിയ തോതില്‍ ഇനിയും വിമുക്തമാകേണ്ടിയിരിക്കുന്നു. അലസമായി നാം വലിച്ചെറിയുന്ന ഒരു മിഠായിപ്പൊതിപോലും പരിസ്ഥിതിയുടെ സുസ്ഥിതിക്കു ഹാനികരമായി ഭവിക്കുന്നുണ്ട്. പുഴയും കിണറും കടലുമൊന്നും കുപ്പത്തൊട്ടികളല്ല എന്ന ഒന്നാം പാഠം മനഃപാഠമാക്കാം. മലിനജലത്തില്‍ ചത്തുപൊങ്ങുന്ന മത്സ്യങ്ങളില്‍ നമ്മുടെ മരണത്തിന്റെ അംശം നാം കണ്ടേ തീരൂ.
അടിയന്തരമായി മാറേണ്ട പലതുമുണ്ട്. ആദ്യമായി, മനസ്സിലെ മാലിന്യങ്ങള്‍ മാറ്റാം. അപ്പോള്‍ ചുറ്റുമുള്ളവയെല്ലാം മനോഹരമാകും. ചിന്തകളും ചെയ്തികളും ചന്തമുള്ളവയാക്കാം. അനാരോഗ്യകരവും ആപത്കരവുമായ ജീവിതശൈലികളും ശീലങ്ങളും മാറ്റാം. നദികളും നടവഴികളും തോടുകളും തണ്ണീര്‍ത്തടങ്ങളുമൊക്കെ മലിനമാകാതെ നോക്കാം. പരിസ്ഥിതിമലിനീകരണം ഒരു 'പാപം' തന്നെയാണ്. കാരണം 'നല്ലത്' ആയി ദൈവം സൃഷ്ടിച്ചവയെ (ഉത്പത്തി 1:25) ഒക്കെയും വികലവും വിരൂപവുമാക്കുന്ന പ്രവൃത്തികളില്‍ ഒന്നാണത്. ആകയാല്‍, പൊറുതി അപേക്ഷിക്കേണ്ട തെറ്റും, പരിഹാരം അനുഷ്ഠിക്കേണ്ട കുറ്റവുമാണത്. പരിസ്ഥിതിയുടെ ആത്മീയതയോടു ചേര്‍ത്തുവയ്ക്കുമ്പോഴേ നമ്മുടെ ആത്മീയതയ്ക്ക് അര്‍ത്ഥപൂര്‍ണതയുണ്ടാകൂ.
ചുറ്റുപാടിനോടുമുള്ള കടപ്പാടു വലുതാണ്. നാം നില്ക്കുന്ന ഇടം ശുദ്ധിയുള്ളതാകട്ടെ. നമ്മുടെ പരിസരവും ഒപ്പം അപ്രകാരം ആയിക്കൊള്ളും. തെളിഞ്ഞൊഴുകുന്ന പുഴകളും പച്ചക്കുന്നുകളും മഞ്ഞണിഞ്ഞ മലനിരകളും ശുദ്ധമായ വായുവും നിബിഡമായ ഹരിതവനങ്ങളും ജൈവവൈവിധ്യങ്ങളുമെല്ലാം നമുക്കും പിറക്കാനുള്ള ജന്മങ്ങള്‍ക്കും ഇനിയും വേണം. ഇഹത്തിലെ ഹ്രസ്വായുസ്സിന്റെ അസ്തമയം എത്തുമ്പോള്‍ കാത്തുപാലിക്കാന്‍ കൈക്കുമ്പിളില്‍ കിട്ടിയവയ്‌ക്കൊക്കെ കണിശമായും കണക്കുകൊടുക്കേണ്ട കാര്യസ്ഥരാണ് (ലൂക്കാ 16:2) നാമോരുത്തരും എന്നുള്ള തിരിച്ചറിവ് സ്വന്തമാക്കാം. മേലില്‍ നമ്മുടെ പുഴകള്‍ പുഴുക്കളരികളാകാതിരിക്കട്ടെ. കടലുകള്‍ കലങ്ങാതിരിക്കട്ടെ; കുന്നുകള്‍ കുഴികളാകാതിരിക്കട്ടെ, രൂക്ഷഗന്ധിയാകാതിരിക്കട്ടെ; വഴിയോരങ്ങള്‍ അഴുക്കുകുട്ടകളാകാതിരിക്കട്ടെ; അന്തരീക്ഷം രൂക്ഷഗന്ധിയാകാതിരിക്കട്ടെ. വിദൂരവ്യാപകമായ വിഷക്കെടുതികള്‍ വിളിച്ചുവരുത്തുന്ന പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കള്‍ പാടേ വെടിയാം. ജീവമണ്ഡലത്തെ ആവരണം ചെയ്തുനില്‍ക്കുന്ന ഓസോണ്‍പാളിയെ സംക്ഷിക്കാം.
ഓര്‍ക്കണം, ഒരു തൈ വയ്ക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഒരു കൊമ്പു വെട്ടാന്‍ അവകാശമില്ല. മരമോ മലയോ പുഴയോ ഒന്നും അസ്ഥാനത്തല്ല. വഴിമാറി നടക്കേണ്ടത് ചലിക്കാനും ചിന്തിക്കാനും ശേഷിയുള്ള മനുഷ്യര്‍തന്നെയാണ്. പ്രപഞ്ചത്തിന്റെ പച്ച കെടാതെ കാക്കാം. 'നല്ലത്' ആയി നമുക്കു കിട്ടിയതൊക്കെ 'നല്ലത്' ആയിത്തന്നെ നിലനിര്‍ത്തി നാളേക്കു കൈമാറാം. അതിലും വലിയ പുണ്യമൊന്നും വരുംതലമുറയ്ക്കുവേണ്ടി ചെയ്യാനില്ല. Healthy Mind in a Healthy Body in a Healthy Environment എന്ന അഞ്ചാം ക്ലാസ്സുകാര്‍ക്കുപോലും മനസ്സിലാകുന്ന അടിസ്ഥാനപ്രമാണം ജീവിതത്തിന്റെ അച്ചുതണ്ടാക്കാം. സ്വാര്‍ത്ഥതയുടെ മൂര്‍ച്ചയേറിയ മുനയുള്ള മനുഷ്യമനസ്സുകളുടെ ആക്രമണത്താലുള്ള പ്രകൃതിയുടെ പ്രലപനം ഇനി പ്രതിധ്വനിക്കാതിരിക്കട്ടെ. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും കൂടപ്പിറപ്പുകളെപ്പോലെ കണ്ട വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെയും പരിസ്ഥിതിയുടെ സ്വര്‍ഗീയമദ്ധ്യസ്ഥയായ വിശുദ്ധ കടേരി തെകാക്വിതയുടെയും ജീവിതങ്ങള്‍ ഇക്കാര്യത്തില്‍ നമുക്ക് അനുകരണീയങ്ങളായ മാതൃകകളാകട്ടെ.