മക്കളെയുംകൂട്ടി, ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കു
പോകുമ്പോള്‍ തുണവന്നവരെന്നോടു ചോദിച്ചു:
''വീടില്ലേ?... വീട്ടിലൊരു മുറി കണെ്ടത്താനാവില്ലേ?''
രാവു പകലാക്കി, ചോര നീരാക്കി, ചെലവു ചുരുക്കി
പണിത, ചെറുതെങ്കിലും സുന്ദരമായൊരാ വീട്
മുമ്പില്‍ പുഞ്ചിരിച്ചങ്ങനെ കണ്ടുവെങ്കിലും
കരുതിയദ്ദേഹം രോഗഭീഷണിയില്ലാതിരിക്കട്ടെ.
പിന്നെ, പ്രായമായോരച്ഛനുമമ്മയ്ക്കും മറ്റെല്ലാവര്‍ക്കും
'ടെന്‍ഷനു'ണ്ടാക്കാതിരിക്കാനിവിടെത്തന്നെ നില്‍ക്കാം.
'നമുക്കു വീട്ടില്‍പോകാ'മെന്നോതിയ മക്കളെ ചേര്‍ത്തു
പുണര്‍ന്നുകൊണേ്ടാതി, 'ക്വാറന്റൈന്‍ കഴിയട്ടെ.'
നമുക്കു രോഗമില്ലെങ്കിലും നമ്മള്‍ 'കരുതേണേ്ട'യിവിടം,
മഹാനഗരത്തിലെ കുടുസ്സുമുറിയേക്കാള്‍ ഭേദമല്ലേ?
നാഴികമണിതന്‍ സ്പന്ദനങ്ങളോരോന്നായെണ്ണി-
യിരുട്ടിനെ നോക്കി മിഴിച്ചങ്ങനെ കിടക്കുമ്പോള്‍
ഉറങ്ങാതെ കണ്ട സ്വപ്നത്തിലദ്ദേഹവും ഞാനും
നട്ടുനനച്ചു, സ്‌നേഹത്തെളിനീരാല്‍ പൊന്‍വിത്തുകളോരോന്നായി
കിനാവുകളാല്‍ കൊരുത്തൊരാക്കൊതുകുവലത്തണലി-
ലെപ്പോഴോ നിദ്രതന്‍ കയത്തില്‍ മുങ്ങിപ്പൊങ്ങി.
പ്രവാസമാം വനവാസത്തിന്‍ തുടര്‍ച്ചയായെത്തുമീ
'യജ്ഞാതവാസം' കാലത്തിന്‍ കാവ്യനീതിയോ...
ഭീതിവേണ്ടിനി വെളിച്ചത്തിലേക്കു നീങ്ങിനില്‍ക്കാമെന്നയറി-
വെന്‍ നെഞ്ചിലെ മഞ്ഞിനെയുരുക്കി ചുടുകണ്ണീരാക്കി.
മടക്കയാത്രതന്‍ തേരിലണയാനണഞ്ഞ തനയരെ ദൂരത്തുനിര്‍ത്തി-
യോതിയ'ദ്ദേഹം' ചാരത്തണയാതെ സൂക്ഷിക്കൂ, സാമൂഹികകലം പാലിക്കൂ.
വണ്ടി വഴിമാറിയോടിയപ്പോള്‍ വീണ്ടും... പതിയെപ്പറഞ്ഞു:
''നില്‍ക്കാം നിങ്ങള്‍ക്കു കുറച്ചുനാള്‍ നിന്റെ വീട്ടില്‍, ഒരു ദിനം
ഞാന്‍ വരാം തിരികെ വിളിക്കാന്‍... നോക്കട്ടെ...''
ഞങ്ങളച്ഛന്റെ കൂടെവരുന്നുവെന്നു കൊഞ്ചിപ്പറഞ്ഞ തന്‍
മക്കളെ പാതയോരത്തിറക്കി മിഴിതാഴ്ത്തി വീണ്ടുംപറഞ്ഞു:
''നിങ്ങള്‍ ചെല്ലൂ, പോയിട്ടൊരത്യാവശ്യം വിളിക്കാം ഞാന്‍...''
പൂര്‍ത്തിയാക്കാത്ത വാക്കുമായ് പാഞ്ഞുപോയൊരാ
വാഹനത്തിന്‍ നിഴല്‍നോക്കി മൂകമായ് നോക്കി നില്‍ക്കേ,
കണ്ടു വീണ്ടുമനുനയത്താല്‍ സ്വപത്‌നിയെയും തനയരെയു-
മുപേക്ഷിക്കുമാധുനികനരനെ ഭാവനയ്ക്കുമതീതമായ്.
സ്വഭവനത്തിന്‍ മതിലുകളൊക്കെ ഭീമാകാരംപൂണ്ടു മുന്‍പില്‍
തെല്ലും സ്വാഗതമോതിയില്ലീ താഴിട്ടു പൂട്ടിയ പുമുഖവാതില്‍.
തിരികെ നടക്കുമ്പോള്‍... ദീര്‍ഘമായ് നീളുമീ...
പാതതന്നവസാനമെന്തെന്നറിയാതെ
പകച്ചുനില്പൂ... ഞാനുമെന്‍ മക്കളും....