ഇന്ത്യ എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റഭീഷണിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഭക്ഷ്യോത്പന്നവിലക്കയറ്റം മാര്‍ച്ചുമാസം 7.68 ശതമാനമായിരുന്നത് ഏപ്രില്‍ മാസം 8.38 ശതമാനമായി വര്‍ധിച്ചു. 2021 വര്‍ഷം ഇതേ കാലയളവിലെ നിരക്ക് 1.96 ശതമാനമായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില
യില്‍ അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകാതിരുന്നിട്ടും ഇന്ത്യയില്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പല സാമ്പത്തികവിദഗ്ധരും ഈ നടപടി വിലക്കയറ്റത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാണിച്ചിരുന്നു. ഏപ്രില്‍ മാസത്തിലെ ഉപഭോക്തൃവിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പനിരക്ക് 7.79 ശതമാനമായി.
വിലക്കയറ്റം നിയന്ത്രിക്കാന്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊള്ളാതെ വന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്കു വര്‍ദ്ധിപ്പിക്കുമെന്നാണറിയുന്നത്. ഭവന, വാഹനവായ്പകളുടെ തിരിച്ചടവു കൂടാന്‍ ഇടയാകും. ഗ്രാമീണ കാര്‍ഷികമേഖലയിലെ മഹാഭൂരിപക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്ന വിലക്കയറ്റം കണ്ടില്ലെന്നു നടിക്കരുത്.
മാന്ദ്യത്തെക്കുറിച്ചും, നാണ്യപ്പെരുപ്പത്തെക്കുറിച്ചും പ്രവചിക്കുന്ന സാമ്പത്തികവിദഗ്ധര്‍ ഉപയോഗിക്കുന്ന ചില സൂചകങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് ഇത്തരം മുന്നറിയിപ്പുകളുടെ അടിസ്ഥാനം. സാമ്പത്തികരംഗത്തെ വളര്‍ച്ചയും താഴ്ചയും ഈ സൂചകങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. മൊത്തം ആഭ്യന്തരോത്പാദനം (ജിഡിപി), പണപ്പെരുപ്പനിരക്ക്, ആളോഹരി വരുമാനം, ദേശീയവരുമാനം, ജീവിതനിലവാരസൂചിക, മൊത്തവിലസൂചിക, ഉപഭോക്തൃവിലസൂചിക, വ്യവസായോത്പന്നസൂചിക, തൊഴിലില്ലായ്മാനിരക്ക്, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം, വിദേശനാണയശേഖരം, ധനകമ്മി ഇങ്ങനെയുള്ള സൂചികയിലെ ഘടകങ്ങള്‍ പരിശോധിച്ചാണ് രാജ്യത്തിന്റെ നാണയപ്പെരുപ്പവും വിലക്കയറ്റവും നിര്‍ണയിക്കപ്പെടുന്നത്.
സമ്പദ്ഘടനയുടെ ചലനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന ബാങ്കിങ് മേഖലയുടെ മുന്‍കാലപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ കഴിയും. കിട്ടാക്കടത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഇറ്റലിയെ പിന്തള്ളി ആ പട്ടം ഇന്ത്യ കരസ്ഥമാക്കി. കിട്ടാക്കടത്തിന്റെ സിംഹഭാഗവും വന്‍കിടക്കാര്‍ എടുത്ത വായ്പ്പാക്കുടിശ്ശികമൂലമാണുണ്ടാകുന്നത്. എല്ലാ മേഖലകളിലും ഈ പ്രവണത കാണാം. കേരളത്തിലെ വൈദ്യുതി കുടിശ്ശികയുടെ കാര്യം പരിശോധിക്കുന്നതാണ് ഏറ്റവും നല്ല ഉദാഹരണം. ഏതെങ്കിലും ഭവനത്തിലെ വൈദ്യുതി കുടിശ്ശിക വരുത്തിയാല്‍ യഥാസമയം ഉദ്യോഗസ്ഥര്‍ ഫ്യൂസ് ഊരി മാറ്റും. എന്നാല്‍, വന്‍കിട വൈദ്യുതി ഉപഭോക്താക്കള്‍ കുടിശ്ശിക വരുത്തിയാല്‍ ഫ്യൂസ് ഊരുന്നില്ലെന്നു മാത്രമല്ല തുടര്‍ന്നും അവര്‍ക്കു വൈദ്യുതി ലഭിച്ചുകൊണ്ടേയിരിക്കും.
ഇപ്പോഴത്തെ മാന്ദ്യത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള പരിശോധനയില്‍ ആഭ്യന്തരപ്രശ്‌നങ്ങളെക്കാള്‍ വിദേശത്തെ സംഭവവികാസങ്ങളാണ് നമ്മുടെ നാട്ടിലെ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് കേന്ദ്രഭരണാഭിമുഖ്യമുള്ള സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. റഷ്യ-യുക്രെയ്ന്‍ യുദ്ധം, അമേരിക്ക - ചൈന വ്യാപാരയുദ്ധം, ശ്രീലങ്കന്‍പ്രശ്‌നം എന്നിവയൊക്കെ നമ്മുടെ സമ്പദ്ഘടനയെയും ബാധിച്ചുവെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തല്‍. എന്നാല്‍, നോട്ടുപിന്‍വലിക്കല്‍, ജിഎസ്റ്റി നടപ്പാക്കിയതിലെ അപാകതകള്‍, പൊതുമേഖലാബാങ്കുകളുടെ ലയനവും പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണമെന്നാണു പ്രതിപക്ഷപാര്‍ട്ടികളുടെ നിലപാട്.ഇനി കേരളത്തിന്റെ സ്ഥിതി പരിശോധിക്കാം. ഒന്നാംതീയതി ശമ്പളം ലഭിച്ചുകൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഈ കുറിപ്പു തയ്യാറാക്കുന്ന മേയ് 16-ാം തീയതിപോലും കഴിഞ്ഞമാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ഈ അവസ്ഥയിലേക്കു കേരളത്തിലെ മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാരും എത്തിച്ചേരുമോ എന്നു ഭയപ്പെടുകയാണ്.
സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തികകാര്യങ്ങളില്‍ സമഗ്രമായ പഠനം നടത്തുന്ന ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ 2020 മേയില്‍ പുറത്തുവിട്ട കണക്കില്‍ പറഞ്ഞിരുന്നത് പ്രസ്തുത വര്‍ഷം വരുമാനം പ്രതീക്ഷിച്ചിരുന്നത്, 1,13,000 കോടി രൂപയാണെന്നും ഇത് 83000 കോടി രൂപയായിത്താഴുമെന്നാണു പ്രതീക്ഷിക്കുന്നതെന്നുമാണ്. 2021 ലും പ്രതീക്ഷിച്ചതിലും 66000 കോടിയുടെ വരുമാനനഷ്ടം ഉണ്ടായി. രണ്ടുവര്‍ഷംകൊണ്ട് ഒരുലക്ഷം കോടിയുടെ വരുമാനനഷ്ടമുണ്ടായ സര്‍ക്കാര്‍ കിട്ടുന്നിടത്തു നിന്നെല്ലാം പണം കടം എടുത്താണ് ഈ കുറവ് നികത്താന്‍ ശ്രമിച്ചത്. കടം എടുക്കുന്നതുകൊണ്ടു കുഴപ്പമില്ല എന്ന തെറ്റായ ചിന്ത ഭരണാധികാരികള്‍ ജനങ്ങള്‍ക്കു കൈമാറുന്നു. ജനങ്ങളില്‍ ചിലര്‍ തെറ്റായ ഈ പാത സ്വീകരിക്കുകയും കടക്കെണിയില്‍പ്പെട്ടു ജപ്തിനടപടികള്‍ക്കു വിധേയരാകുകയും ചെയ്യുന്നു. ഇത്തരത്തില്‍പ്പെട്ട ചിലര്‍ ജീവനൊടുക്കിയതായും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടിവരുന്നു. കൊവിഡ് കാലത്ത് മറ്റ് എല്ലാ സംസ്ഥാനങ്ങളെയും പോലെ കേരളത്തിന്റെയും തനതു വരുമാനം കുത്തനെ ഇടിഞ്ഞു. മഹാമാരിയെ നേരിടാന്‍ സാമൂഹികസുരക്ഷയ്ക്കുവേണ്ടി കൂടുതല്‍ പണം മാറ്റി വയ്‌ക്കേണ്ടിയും വന്നു. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളൊക്കെ ഭരണച്ചെലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ നമ്മള്‍ ഒന്നരശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ശമ്പളപരിഷ്‌കരണം നടത്തുകയാണു ചെയ്തത്. സാമ്പത്തികഭദ്രതയുള്ള കുടുംബങ്ങള്‍ വരവറിയാതെ ചെലവു ചെയ്യാറില്ല. അല്ലാതെ പ്രവര്‍ത്തിച്ചിട്ടുള്ള കുടുംബങ്ങളൊക്കെ തകര്‍ന്നുപോകുകയോ ക്ഷയിക്കുകയോ ആണ് ഉണ്ടാകാറ്. മറ്റൊരു ശ്രീലങ്കയാകാന്‍ കേരളം മത്സരിക്കുകയാണോ എന്നു തോന്നുന്ന നടപടികളാണു നമ്മുടെ ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനവളര്‍ച്ച ആഭ്യന്തരവരുമാനത്തിന്റെ പത്തു ശതമാനത്തിനും പതിമൂന്നു ശതമാനത്തിനും ഇടയ്ക്കാണ്. വികസിതരാജ്യങ്ങളില്‍ ഇത് 25 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലാണ്. ആ നിലവാരത്തിലേക്ക് ഉയരണമെങ്കില്‍ നികുതി, നികുതിയേതരവരുമാനമാര്‍ഗങ്ങള്‍ കാര്യക്ഷമമായി സമാഹരിക്കപ്പെടണം. അത് ഭരണനിര്‍വഹണകഴിവിനെ ആശ്രയിച്ചിരിക്കും. എല്ലാ അഞ്ചുവര്‍ഷം കൂടുന്തോറും ശമ്പളപരിഷ്‌കരണം നടത്തിയാല്‍ പോരാ, വാങ്ങുന്ന ശമ്പളത്തിനനുസരിച്ചു ജനങ്ങളെ സേവിക്കുന്നുണ്ടെന്നു പ്രവര്‍ത്തിച്ചു കാണിക്കണം. അനാവശ്യതസ്തികകള്‍ എല്ലാ മേഖലകളിലേതും ഒഴിവാക്കപ്പെടണം. ആധുനികസാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിച്ചിട്ടും നമ്മുടെ ക്ലറിക്കല്‍ തസ്തികകളില്‍ അതനുസരിച്ചുള്ള കുറവിനു തയ്യാറാകാത്തത് ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദം മൂലമാണ്.
കേന്ദ്രക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പതിനഞ്ചു പേഴ്‌സണല്‍ സ്റ്റാഫിനെക്കൊണ്ട് ഓഫീസ് ജോലികള്‍ നടത്താന്‍ കഴിയുമെങ്കില്‍ മൂന്നേകാല്‍ കോടി ജനങ്ങളെ ഭരിക്കുന്ന നമ്മുടെ സംസ്ഥാനമന്ത്രിമാര്‍ എന്തിനു മുപ്പതുപേരെ സഹായികളായി ശമ്പളംകൊടുത്തു പോറ്റണം? കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മീഷനില്‍ പതിനൊന്ന് അംഗങ്ങള്‍ റിക്രൂട്ട്‌മെന്റ് ജോലികള്‍ ഭംഗിയായി ചെയ്യുമ്പോള്‍ കൊച്ചുകേരളത്തില്‍ അതിനായി 22 പേര്‍ക്കു പ്രതിഫലം നല്‍കി പോറ്റുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കു പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം നടത്തുമ്പോള്‍ ഇവിടെ പണം കടം എടുത്താണെങ്കിലും അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌കരണം നടത്തുന്നു. കേരളത്തില്‍ വരുമാനത്തിന്റെ 80 ശതമാനം ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി നീക്കിവയ്ക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ വരുമാനത്തിന്റെ 60 ശതമാനമാണ് ഇത്തരത്തില്‍ ചെലവഴിക്കുന്നത്. ഇത്തരത്തിലുള്ള ചെലവുകളാണ്. കേരളത്തിന്റെ കടംപെരുകാനുള്ള കാരണം. 2011-12 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ കടംവാങ്ങിയ തുകയുടെ പലിശ 76.54% വളര്‍ന്നു. 2016-17 മുതല്‍ 2020-21 വരെയുള്ള അഞ്ചുവര്‍ഷം പലിശയുടെ വളര്‍ച്ച 73.11 ശതമാനമാണ്. എന്നാല്‍ 2016-17 മുതല്‍ 2022 - 23 വരെയുള്ള പലിശ വളര്‍ച്ച 114.30 ശതമാനമാണ്. ഇതു കൂടാതെ കിഫ്ബി വഴിയും സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ് വഴിയുമുള്ള കടത്തിന്റെ പലിശ 114.30 ശതമാനത്തില്‍പ്പെടുന്നില്ല.
കേന്ദ്രഗവണ്‍മെന്റിന്റെ 2003 ലെ ഫിസിക്കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് സംസ്ഥാനങ്ങള്‍ കടക്കെണിയിലേക്കു കൂപ്പുകുത്താതിരിക്കാന്‍ സംസ്ഥാനങ്ങള്‍ എടുക്കുന്ന കടമെടുപ്പിന് നിയന്ത്രണങ്ങളുണ്ട്. ഓരോ വര്‍ഷവും സഞ്ചിതകടം ജി.എസ്.ഡി.പി.(സംസ്ഥാനമൊത്ത ആഭ്യന്തരവരുമാനം)യുടെ 29% ല്‍ നിജപ്പെടുത്തണം. എന്നാല്‍, 2020 - 21 ല്‍ കേരളത്തിന്റെ കടം 37.13 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കിഫ്ബി വഴിയുള്ള കടമായ 70762 കോടിയും സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ഫണ്ട് വഴിയുള്ള 6843 കോടി കടവും ബജറ്റിനകത്തു ചേര്‍ക്കണമെന്നും കേരളം കടക്കെണിയിലേക്കു കുതിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയത്. കേരള ഗവണ്‍മെന്റ് വാദം ഈ രണ്ടു വായ്പകളും സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ വഴിയാണെന്നും ബജറ്റിനു പുറത്താണെന്നുമാണ്. പക്ഷേ, ഈ വാദം എത്രമാത്രം പ്രായോഗികമാണെന്നു നമ്മുടെ വീട്ടിലെ കടമെടുപ്പുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ മതി.
ഓരോ പൗരനും ഏതെങ്കിലും ഒരു ബാങ്കില്‍നിന്നു മാത്രമേ അവന്റെ വരുമാനത്തിന്റെ 29 ശതമാനം പണം കടമെടുക്കാന്‍ പറ്റുകയുള്ളൂ എന്നൊരു നിയമമുള്ളത് കൗതുകം. അല്പം ആര്‍ഭാടജീവിതം നയിക്കുന്ന ഒരു വ്യക്തിക്ക് മാര്‍ക്കറ്റില്‍ ഇറങ്ങിയ മുന്തിയ ഇനം കാറിനോടു വല്ലാത്തൊരു ഭ്രമം. അതു വാങ്ങാനുള്ള പണം കൈയിലില്ല. 29 ശതമാനത്തിന്റെ പരിധിയിലുള്ള കടം ഇപ്പോള്‍ത്തന്നെ വാങ്ങിയിട്ടുണ്ട്. ബാങ്കില്‍നിന്നു വാങ്ങുന്നതല്ലേ നിരോധിച്ചിട്ടുള്ളൂ? സുഹൃത്തിന്റെ കൈയില്‍നിന്നു പണം വാങ്ങി കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. തിരിച്ചടവിന്റെ സമയമായപ്പോള്‍ കൈയില്‍ പണമില്ല. പണം കടം തന്നവര്‍ കാറ് ജപ്തി ചെയ്തുകൊണ്ടുപോയി. ഈ അവസ്ഥ കേരളത്തിന് ഉണ്ടാവരുതെന്നാണു കേന്ദ്രം പറയുന്നത്. കടം വാങ്ങുന്ന പണംകൊണ്ട് ശമ്പളവും പെന്‍ഷനും പലിശയുടെ തിരിച്ചടവും മറ്റു ഭരണപരമായ ചെലവുകളും നടത്തിക്കഴിയുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കാന്‍ പണമില്ലാത്ത അവസ്ഥയായി. ഇതിനായി പണം കണ്ടെത്താന്‍, കഴിഞ്ഞ സര്‍ക്കാര്‍ രൂപം നല്‍കിയ ഏജന്‍സിയാണ് കിഫ്ബി. കിഫ്ബി എടുക്കുന്ന പണത്തിന്റെ ഗ്യാരന്റി സംസ്ഥാനസര്‍ക്കാരാണ്. പൊതുമേഖലാസ്ഥാപനങ്ങളും കിഫ്ബിപോലുള്ള സ്ഥാപനങ്ങളും എടുക്കുന്ന വായ്പ സര്‍ക്കാര്‍ കടമെടുക്കുന്നതായി കണക്കാക്കുമെന്ന കേന്ദ്രഗവണ്‍മെന്റിന്റെ നിലപാടാണ് ഇപ്പോള്‍ കേരളത്തിനു വിനയായിരിക്കുന്നത്. കേരളത്തിന് ഈ വര്‍ഷം കടമെടുക്കാവുന്ന 32435 കോടി രൂപ തുകയില്‍നിന്ന് പൊതുമേഖലാസ്ഥാപനങ്ങള്‍ എടുത്ത തുക കുറച്ചാല്‍ ഇനി ആയിരംകോടി രൂപമാത്രമേ ഈ വര്‍ഷം കടമെടുക്കാന്‍ കഴിയൂ.
20000 കോടി രൂപ കടം എടുക്കാന്‍ കേരളം അനുവാദം ചോദിച്ചിട്ട് 5000 കോടി മാത്രമാണ് അനുവദിച്ചത്. കേന്ദ്രനിലപാടിനെതിരേ വലിയ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ കേരളത്തിന്റെ ഭരണനേതൃത്വം തയ്യാറാകുന്നതിന്റെ സൂചനകളുണ്ട്. വോട്ടുബാങ്കിനെ നിലനിര്‍ത്താന്‍ കഴിഞ്ഞ കാലങ്ങളില്‍ ശമ്പളം മുടങ്ങാതെ നല്‍കാന്‍ വാങ്ങിയ പണത്തിന്റെ പലിശ അടയ്ക്കാന്‍ നെട്ടോട്ടം ഓടുകയാണ്. ഇങ്ങനെ പോയാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ പത്തുശതമാനം മുതലുള്ള കുറവ് ഉണ്ടാകാനും ഇടയുണ്ട്. ഈ സാഹചര്യത്തില്‍ വലിയ സാമ്പത്തികബാധ്യത വരുത്തി വയ്ക്കുന്ന സില്‍വര്‍ലൈന്‍ നിര്‍മാണംപോലെയുള്ള പദ്ധതികള്‍ ഉപേക്ഷിക്കേണ്ടിവരും. നിലവിലുള്ള ലൈനിന്റെ വളവ് കുറച്ചും സ്റ്റോപ്പുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയുമുള്ള ട്രെയിന്‍ സര്‍വീസുകളെക്കുറിച്ചു ചിന്തിക്കേണ്ടിവരും.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്ന കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഇംഗ്ലീഷുകാരായിരുന്നു. നമ്മുടെ വരുമാനംകൊണ്ടാണ് അവര്‍ക്കു ശമ്പളം നല്‍കിയിരുന്നത്. വരുമാന - ശമ്പള അനുപാതത്തിന്റെ കാര്യത്തില്‍ അവര്‍ക്കു ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. ശമ്പളച്ചെലവ് വരുമാനത്തിന്റെ 25 ശതമാനത്തില്‍ക്കൂടാന്‍ പാടില്ലെന്നും ഉത്സവമാസങ്ങളില്‍പ്പോലും ഇത് പരമാവധി 33.33 ശതമാനത്തില്‍ കവിയരുതെന്നും ബ്രിട്ടീഷ് ഭരണാധികാരികള്‍ നിഷ്‌കര്‍ഷിച്ചിരുന്നു. നമുക്ക് സ്വാതന്ത്ര്യവും നമ്മുടേതായ ഭരണവും വന്നപ്പോഴാണ് ശമ്പള-വരുമാന അനുപാതം ക്രമാതീതമായി ഉയര്‍ന്നത്. അപ്പോള്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി നീക്കിവയ്ക്കാന്‍ ഒന്നുമില്ലാതായി. ഒരു പുനര്‍ചിന്തനത്തിനു ഭരണാധികാരികളും അവര്‍ക്ക് അധികാരം കൈമാറിയ ജനങ്ങളും തയ്യാറാകണം.