ഭക്ഷ്യസുരക്ഷാവകുപ്പ് കാര്യക്ഷമമായ പരിശോധന നടത്തിയിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാനാകുമായിരുന്നില്ലേ എന്ന ഹൈക്കോടതിയുടെ ചോദ്യം ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ചുമതലയിലേക്കാണു വിമര്‍ശനാത്മകമായി വിരല്‍ ചൂണ്ടുന്നത്. കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്നുണ്ടായ വിഷബാധയേറ്റ് ദേവനന്ദ എന്ന പെണ്‍കുട്ടി മരിക്കാനിടയായതു നിര്‍ഭാഗ്യകരമായ ഒരൊറ്റപ്പെട്ട സംഭവമായി തള്ളാനാവില്ല. ഭക്ഷണവിതരണകേന്ദ്രങ്ങളും അവയുണ്ടാക്കുന്ന സ്ഥലങ്ങളും പാചകക്കാരുള്‍പ്പെടെ അവിടെ പ്രവര്‍ത്തിക്കുന്നവരും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളില്‍ വീഴ്ച വരുത്തുന്നതാണ് ഇത്തരം മരണങ്ങളിലേക്കും മരണസമാനമായ ദുരനുഭവങ്ങളിലേക്കും മനുഷ്യരെ വലിച്ചിഴയ്ക്കുന്നത്. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചതിനെത്തുടര്‍ന്ന് ആ കടയില്‍നിന്നു ശേഖരിച്ച ഷവര്‍മ സാംപിളുകളില്‍ രോഗകാരികളായ ഷിഗെല്ല, സാല്‍മൊണെല്ല എന്നീ ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ട് ഞെട്ടലോടെയാണു മലയാളിസമൂഹം കേള്‍ക്കാനിടയായത്. ഏതായാലും, ഷവര്‍മ തയ്യാറാക്കുന്നതിനും വില്‍ക്കുന്നതിനം ഭക്ഷ്യസുരക്ഷാവകുപ്പ് മാര്‍ഗനിര്‍ദേശം നല്കുമെന്ന പ്രഖ്യാപനമുണ്ടായത് ചെറുവത്തൂര്‍ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതോടെയാണ്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം രൂപവത്കരിച്ചു പ്രാബല്യത്തിലായിട്ട് പത്തു വര്‍ഷത്തിലേറെയായെങ്കിലും ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നില്‍ സംസ്ഥാന സര്‍ക്കാരും ഭക്ഷ്യസുരക്ഷാവകുപ്പും കാലങ്ങളായി തികഞ്ഞ അലംഭാവമാണു കാണിക്കുന്നത്. രണ്ടായിരം രൂപയിലധികം വിറ്റുവരവുള്ള ഭക്ഷണവില്പനകേന്ദ്രങ്ങള്‍ക്കു ലൈസന്‍സ് വേണമെന്നാണു ചട്ടം. അതില്‍ താഴെയെങ്കില്‍ രജിസ്‌ട്രേഷനും. ഫാസ്റ്റ് ഫുഡും തട്ടുകടയും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തുടനീളം വന്‍തോതിലാണു പെരുകിയത്. പലതിനും ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലതാനും. കോഴിയിറച്ചികൊണ്ടുള്ള വിവിധയിനം വിഭവങ്ങള്‍ക്കാണു ന്യൂജന്‍ഭക്ഷണപ്രേമികള്‍ക്കു കൂടുതല്‍ താത്പര്യമെന്നിരിക്കേ, കോഴിവളര്‍ത്തലും അറുത്തുവില്പനയും ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കി ഭക്ഷ്യസുരക്ഷാഗുണനിലവാരം ഉറപ്പാക്കേണ്ടത് അടിയന്തരാവശ്യമായിരിക്കുന്നു. എന്തെങ്കിലും ഭക്ഷണം കഴിച്ചു ജീവിക്കുക എന്നതല്ല, ഗുണനിലവാരമുള്ള ഭക്ഷണം കഴിക്കുക എന്നത് മനുഷ്യന്റെ അവകാശമാണെന്നു വാദിക്കുന്ന കാലമാണിതെന്ന് സര്‍ക്കാരുദ്യോഗസ്ഥരും ജനപ്രതിനിധികളും തിരിച്ചറിയേണ്ടതാണ്.
ഭക്ഷ്യസാധനങ്ങള്‍ വില്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പാലിക്കേണ്ട ചട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും ഏതു കുറ്റത്തിനുമുള്ള ശിക്ഷ പിഴയിലൊടുങ്ങുകയാണു പതിവ്. പിഴയിടീല്‍ ചടങ്ങില്‍ 'എല്ലാം ശരിയാക്കു'ന്ന സര്‍ക്കാരിന് വീഴ്ചകള്‍ പരിഹരിച്ചോ എന്ന തുടര്‍പരിശോധനയില്‍ വലിയ തെറ്റു പറ്റിയിരിക്കുന്നു. കര്‍ക്കശമായ പരിശോധനയ്ക്കുശേഷമേ, വീണ്ടും പ്രവര്‍ത്തനാനുമതി നല്കാവൂ എന്നത് വെറും ചടങ്ങാണെന്നു ചുരുക്കം.
സാംപിളുകളുടെ പരിശോധനയ്ക്കു തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ലബോറട്ടറികളുണ്ട്. മൂന്നിടത്തും മൈക്രോബയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം പരിമിതമാണ്. ദേശീയതലത്തിലുള്ള അക്രഡിറ്റേഷനില്ലെന്നും പറയപ്പെടുന്നു. കണ്ണൂരില്‍ തുടങ്ങിയ ജില്ലാലബോറട്ടറിക്ക് കെട്ടിടം പണിയാനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടു വര്‍ഷങ്ങളായെങ്കിലും സാങ്കേതികത്വത്തിന്റെ പേരിലാകാം പണി തുടങ്ങാനാവുന്നില്ലത്രേ.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുജനാരോഗ്യാധികാരിയായി മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി 2021 ല്‍ കൊണ്ടുവന്ന പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് ഫലം കാണുന്നില്ല എന്നതും ആശങ്കയുളവാക്കുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ഉണ്ടായിരുന്ന ചുമതല, നിലവില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയതോടെ ഭക്ഷ്യവില്പനശാലകളിലും നിര്‍മാണയൂണിറ്റുകളിലും പണ്ടുണ്ടായിരുന്നത്ര പരിശോധനകളും നിയമനടപടികളും ഫലത്തില്‍ ഇല്ലാതായിരിക്കുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ജോലിത്തിരക്കുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കടകളിലെ പരിശോധനയ്ക്കുകൂടി സമയം കണ്ടെത്താന്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെന്നു പറയേണ്ടതില്ലല്ലോ. ഭക്ഷ്യവിഷബാധയും സാംക്രമികരോഗപ്പകര്‍ച്ചയും പരക്കെ റിപ്പോര്‍ട്ടു ചെയ്യുമ്പോഴും, അധികാരം നഷ്ടപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കു നടപടി സ്വീകരിക്കാനാവാത്തതിനാലും അധികാരമുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കു കാര്യക്ഷമമായി ഇടപെടാനാവാത്തതിനാലും പ്രശ്‌നം ഗുരുതരമായിത്തുടരുന്നു.
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരിലുള്ള ക്യാംപെയ്‌നിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനകള്‍ നടത്തിവരികയാണ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത ഇരുന്നൂറിലധികം കടകളാണ് ഇതുവരെ അടച്ചുപൂട്ടിയത്. പഴകിയതും വൃത്തിഹീനവുമായ മത്സ്യമാംസാദികള്‍ നശിപ്പിച്ചു. രണ്ടായിരത്തിലധികം ഭക്ഷണശാലകളില്‍ ഈ മാസാദ്യംമുതല്‍ ഇതുവരെ പരിശോധനകള്‍ നടത്തിയെന്നത് സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമായി വിലയിരുത്തുമ്പോഴും ഇതെത്രനാള്‍ തുടരുമെന്ന കാര്യത്തിലേ ആശങ്കയുള്ളൂ. ഹോട്ടലുകളെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിങ് നല്കുമെന്ന് ആരോഗ്യമന്ത്രി പ്രസ്താവിച്ചത് സ്വാഗതാര്‍ഹമാണ്. ഏതെങ്കിലും സംഭവത്തിന്റെ പേരില്‍ റെയ്ഡും കേസും കടയടപ്പിക്കലുമൊക്കെ ഒട്ടനവധി തവണ കണ്ടവരാണ് കേരളീയര്‍. അല്പദിവസം കഴിയുമ്പോള്‍ എല്ലാം പഴയപടിയാകും. അതുണ്ടാകാതിരിക്കട്ടെ എന്നു ഭക്ഷ്യസുരക്ഷാവകുപ്പിനോട് അപേക്ഷിക്കാനാണ് ഇവിടെ താത്പര്യം. ഭക്ഷ്യസുരക്ഷാവകുപ്പ് കാര്യക്ഷമമായി പരിശോധന നടത്തിയിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ എന്ന ഹൈക്കോടതിയുടെ ചോദ്യം ആവര്‍ത്തിച്ചുകൊണ്ട് ഈ പത്രാധിപക്കുറിപ്പ് അവസാനിപ്പിക്കുന്നു.