അടുക്കളകളെ തീപിടിപ്പിക്കുകയാണ് പാചക വാതക വിലവര്‍ദ്ധന. ഗാര്‍ഹികപാചകവാതക സിലിണ്ടര്‍ വില ആയിരം കടന്നത് സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയായിരിക്കുന്നു. 14.2 കി.ഗ്രാം വരുന്ന സിലിണ്ടറിന് ഇക്കഴിഞ്ഞ ദിവസം അമ്പതു രൂപകൂടി വര്‍ദ്ധിപ്പിച്ചതോടെ 956.50 രൂപയായിരുന്ന വില 1006.50 രൂപയിലെത്തിയിരിക്കുന്നു. ഇതാദ്യമാണ് രാജ്യത്ത് ഗാര്‍ഹികസിലിണ്ടര്‍വില നാലക്കം കടക്കുന്നത്. കൊവിഡില്‍ വഴിമുട്ടിയ ജീവിതം തിരിച്ചുപിടിക്കാന്‍ പെടാപ്പാടു പെടുന്ന സാധാരണക്കാര്‍ക്കു കനത്ത പ്രഹരമാണ് അടിക്കടിയുള്ള പെട്രോള്‍ - ഡീസല്‍ വില വര്‍ദ്ധനയ്‌ക്കൊപ്പം നിലവിലെ പാചകവാതക വിലവര്‍ദ്ധനയും. അടുക്കളകളെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനനയത്തിലെ നയമില്ലായ്മ എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു.
വിദേശത്തുനിന്നു വാങ്ങുന്ന ക്രൂഡോയില്‍വിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനയല്ല; മറിച്ച്, എണ്ണവില്പനവഴി ലഭിക്കുന്ന അമിതനികുതി വരുമാനമാണ് ഈ ജനവിരുദ്ധനടപടിക്കു കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നു കരുതേïിയിരിക്കുന്നു. മൂന്നുനാലു വര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷത്തില്‍പ്പരം കോടി രൂപയുടെ അധികവരുമാനം എണ്ണവില്പനയില്‍നിന്നുമാത്രം കേന്ദ്രഖജനാവിലെത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിസ്ഥാനവിലയ്ക്കൊപ്പം കേന്ദ്രനികുതിയും സംസ്ഥാനനികുതിയും ചേരുമ്പോഴാണ് പാചകവാതകവില ആയിരത്തിനു മുകളിലെത്തുന്നത്. സാധാരണക്കാരുടെ കുടുംബബജറ്റ് തകര്‍ക്കുന്ന ഇന്ധനവിലക്കയറ്റം വിപണിയില്‍ സര്‍വസാധനങ്ങളുടെയും വിലക്കയറ്റത്തിലാണ് എത്തിനില്‍ക്കുന്നത്.
വാണിജ്യസിലിണ്ടറുകള്‍ക്കു പലതവണ വില വര്‍ദ്ധിപ്പിച്ചതിനുശേഷമാണ് ഇത്തവണ ഗാര്‍ഹിക സിലിണ്ടറിനു വില ഉയര്‍ത്തിയത്. മാര്‍ച്ച് 22ന് ഗാര്‍ഹികസിലിണ്ടറിന് 50 രൂപയും കഴിഞ്ഞ വാരത്തില്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 103 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ഗാര്‍ഹികസിലിണ്ടര്‍ വിലയില്‍ വര്‍ദ്ധനയുണ്ടായിരുന്നില്ല. കൊച്ചിയില്‍ വാണിജ്യസിലിണ്ടര്‍ വില 2,359 രൂപയാണ്. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യസിലണ്ടറുകള്‍ക്കു കൂടിയത്.പൈപ്പുവഴി വീടുകളിലെത്തുന്ന പ്രകൃതിവാതകത്തിന്റെ വിലയിലും യൂണിറ്റിന് 4.25 രൂപ വര്‍ദ്ധനയുണ്ട്.യുപിഎ ഭരണകാലത്ത്, 2013 ഡിസംബറില്‍ 414 രൂപയായിരുന്ന ഗാര്‍ഹികസിലിണ്ടര്‍ വിലയാണ് ഇന്ന് ആയിരം കടന്നത്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു പൂര്‍ത്തിയായതിനു പിന്നാലെയാണ് കഴിഞ്ഞ മാസം വിലവര്‍ധനയ്ക്കു തുടക്കമിട്ടത്. പാവങ്ങളുടെ ജീവിതപ്രയാസങ്ങളില്‍ മുതലക്കണ്ണീരൊഴുക്കുന്ന ഭരണാധികാരികള്‍ നിരന്തരം അവരെ വിലക്കയറ്റത്തിലേക്കു തള്ളിവിടുകയാണു ചെയ്യുന്നത്.
ഗാര്‍ഹികപാചകവാതകത്തിനു കേന്ദ്രം സബ്‌സിഡി നല്‍കിയിരുന്നത് ജനത്തിന് ആശ്വാസമായിരുന്നു. സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് വില പൂര്‍ണമായും നല്‍കുകയും സബ്‌സിഡി അവരുടെ അക്കൗണ്ടുകളിലേക്ക് എത്തുകയുമായിരുന്നു ചെയ്തിരുന്നത്.ഗ്യാസ് അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്ന കാലത്ത് വിറകിനെയാണു സാധാരണക്കാര്‍ ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്നു വിറകിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിറകിന്റെ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തതോടെ സാധാരണക്കാര്‍പോലും ഇന്ധനാവശ്യത്തിന് എല്‍പിജിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. സാധാരണക്കാര്‍ വിറകടുപ്പു വിട്ട് എല്‍പിജിയിലേക്കു മാറുന്നതിനു സബ്‌സിഡി സഹായമായിരുന്നു. പിന്നീട് പാചകവാതകസബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കി. രണ്ടു വര്‍ഷത്തിലധികമായി നിര്‍ത്തിവച്ചിരിക്കുന്ന ഗ്യാസ് സബ്സിഡി വീണ്ടും നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കേണ്ടിയിരിക്കുന്നു. നിശ്ചിതവരുമാനപരിധിക്കു താഴെയുള്ള എല്ലാവര്‍ക്കും സബ്സിഡി അനുവദിക്കുന്നതു വിലവര്‍ധനയില്‍ നട്ടംതിരിയുന്ന സാധാരണകുടുംബങ്ങള്‍ക്ക് ആശ്വാസമാകും.
ഒരു വര്‍ഷം മുമ്പത്തെ റിപ്പോര്‍ട്ടുപ്രകാരം 27.76 കോടിയാണ് രാജ്യത്ത് ഗാര്‍ഹികപാചകവാതക ഉപഭോക്താക്കളുടെ എണ്ണം. ആഗോളതലത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്.
റഷ്യ - യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍വില വര്‍ദ്ധിച്ചതാണ് പാചകവാതകവിലവര്‍ദ്ധനയ്ക്കു കാരണമെന്നു കേന്ദ്രം പറയുന്നു. എന്നാല്‍, ലോകരാജ്യങ്ങള്‍ പലതിന്റെയും എതിര്‍പ്പു വകവയ്ക്കാതെ അന്താരാഷ്ട്ര വിപണിയിലേതിനെക്കാളും കുറഞ്ഞ നിരക്കില്‍ റഷ്യയില്‍നിന്നാണ് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് എന്നിരിക്കേ, അന്താരാഷ്ട്രവിപണിവില കണക്കാക്കി പെട്രോള്‍ ഉത്പന്നങ്ങള്‍ക്കു വില നിശ്ചയിക്കുന്നത് ജനത്തിനെതിരായ നടപടിയെന്നേ പറയാനാവൂ. സര്‍ക്കാര്‍നയങ്ങളുടെ ഗുണഭോക്താക്കള്‍ പ്രധാനമായും ജനങ്ങള്‍തന്നെയാവണമെന്ന വസ്തുത പലപ്പോഴും ഭരണത്തിലിരിക്കുന്നവര്‍ മറന്നുപോകുന്നു.
വാണിജ്യസിലിണ്ടറിനു തുടര്‍ച്ചയായി വില വര്‍ദ്ധിപ്പിച്ചതു ഹോട്ടല്‍ ഭക്ഷണവിലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കൊവിഡില്‍ നട്ടം തിരിഞ്ഞ മേഖലകളിലൊന്നാണ് ഹോട്ടല്‍വ്യവസായം. ഇതിനിടയാണു പാചകവാതകവില തോന്നുംപോലെ വര്‍ദ്ധിക്കുന്നത്. അടുക്കളകള്‍ക്കൊപ്പം ജനകീയഹോട്ടലുകളുടെയും താളം തെറ്റിക്കുകയാണ് പാചകവാതകവിലവര്‍ദ്ധന. ഇരുപതു രൂപയ്ക്ക് ഊണു നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റിയ ജനകീയഹോട്ടലുകള്‍ പാചകവാതകവിലവര്‍ദ്ധനയില്‍ പിടിച്ചുനില്ക്കാന്‍ ക്ലേശിക്കുക യാണ്. പാചകവാതകവില ഉയരുമ്പോള്‍ ഭക്ഷണവില വര്‍ദ്ധിപ്പിക്കേണ്ടിവരും, ഇത് ഉപഭോക്താക്കളെയാണു ബാധിക്കുക.
ബസ്, ഓട്ടോചാര്‍ജുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിട്ട് അധികദിവസമായില്ല. തൊഴിലും വരുമാനമില്ലായ്മയും വിലക്കയറ്റവും പ്രതിസന്ധിയിലാക്കിയ ജീവിതത്തിനുമേല്‍ ഇന്ധനവിലവര്‍ദ്ധനയും കനത്ത പ്രഹരമാണു നല്‍കുന്നത്. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍, കൂലിപ്പണിക്കാര്‍, ലോട്ടറിത്തൊഴിലാളികള്‍, തയ്യല്‍ത്തൊഴിലാളികള്‍, തൊഴിലുറപ്പുകാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, സ്വകാര്യബസ് ജീവനക്കാര്‍ തുടങ്ങിയവരൊക്കെ ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ്.
നേരത്തേ കേന്ദ്രസര്‍ക്കാറിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരായ പ്രതിഷേധത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇടതുപക്ഷം സംസ്ഥാനത്തു ഭരണത്തിലേറിയതോടെ മൗനത്തിലാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കു വില കൂടുന്നതിനനുസരിച്ച് സംസ്ഥാനത്തിനു നികുതിയിനത്തിലും അധികവരുമാനമുണ്ടാകുമല്ലോ. ഇന്ധനവില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്കു വിട്ടുകൊടുത്ത കോണ്‍ഗ്രസിനും ഈ ഉത്തരവാദിത്വത്തില്‍നിന്നു കൈകഴുകാനാവില്ല.
അന്താരാഷ്ട്രവിപണിയില്‍ വിലയുയരുമ്പോള്‍ എണ്ണക്കമ്പനികള്‍ക്കു തോന്നുംവിധം വില വര്‍ദ്ധിപ്പിക്കുക, കുറയുമ്പോഴാവട്ടെ സര്‍ക്കാരിനുള്ള തീരുവ ഉയര്‍ത്തി വിലക്കുറവിന്റെ ഫലം ജനത്തിനു ലഭിക്കുന്നതു തടസ്സപ്പെടുത്തുക ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്.സബ്സിഡി പുനഃസ്ഥാപിച്ചു സാധാരണക്കാരന് ആശ്വാസമാകാനുള്ള നടപടികള്‍ അടിയന്തരമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരിക്കുന്നു.